Image

രോമപുരാണം: പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു

(പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.) Published on 31 March, 2012
രോമപുരാണം: പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു
രോമപരിണാമ വര്‍ണ്ണസത്യങ്ങളില്‍
വികസിച്ചു കൊഴിയും ജീവിതമൂല്യം -
ശൈശവം തൊട്ടേ മുടി മുറിച്ച മുറിപ്പാട്
പഴനിയാണ്ടവന്റെ തിരുപ്പതി കാണിക്ക;
ദീര്‍ഘചതുരമായ് നീളും ബാല്യദിനങ്ങളില്‍
ആകാംക്ഷ തന്നടിവേരില്‍ തളിര്‍ക്കും ഗുഹ്യരോമം;
അത്ഭുതനേത്ര നക്ഷത്രദീപക്കാഴ്ച്ചയില്‍
പകല്‍ക്കിനാവില്‍ ചരിക്കും സ്വപ്നസുന്ദരി;
കക്ഷത്തും മുഖത്തും വിരിഞ്ഞ നെഞ്ചിലും പുറങ്കോണിലും
യൗവ്വനത്തിമിര്‍പ്പിന്‍ത്തുടിപ്പിന്‍ കരിങ്കാടുകള്‍;
പ്രണയനദിക്കരയില്‍ അരയന്നപ്പിടയൊത്ത്
ഇണചേര്‍ന്നു പെരുമ്പാമ്പിന്‍ വികാരബാഷ്പം.
ഇടവേളയില്‍, ശിരോചക്രവാളസ്സീമയില്‍
ഇലപൊഴിക്കും പതനത്തിന്‍ കൊഴിഞ്ഞ ശിഖിരങ്ങള്‍!
പെണ്ണുകെട്ടും പുരകെട്ടും വേലികെട്ടും യഥാകാലം
വര്‍ത്തിക്കും കാലദാസരജതരേഖ ശിരോതലത്തില്‍;
ജീവിതപാരാവാര നഗ്നസത്യയുച്ചകോടിയില്‍
കര്‍ണ്ണപുടങ്ങളില്‍ വെളുത്ത മുള്ളന്‍പന്നികള്‍;
വളര്‍ച്ചതന്‍ ദശാചക്രം കൊഴുപ്പുമുട്ടിക്കരയുമ്പോള്‍
വിളര്‍ച്ചയാല്‍ കുരുടിക്കും ധര്‍മ്മരഹസ്യങ്ങള്‍;
മുടിമുറിക്കാന്‍ മഴുവെടുക്കും തലതിരിഞ്ഞ സൂക്തങ്ങള്‍
മുക്തിക്കായ് രോമക്കാടില്‍ പെണ്‍പേനിനെ പോറ്റുന്നു -
വിരുദ്ധഭാവംപേറും രോമേതിഹാസപ്പരപ്പില്‍
ധര്‍മ്മക്ഷേത്രക്കുരുക്ഷേത്രങ്ങള്‍ ചതുരംഗം കളിക്കുന്നു!
രോമപുരാണം: പ്രൊഫ. ജോയ് ടി. കുഞ്ഞാപ്പു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക