സ്റ്റീവനേജ്: യുകെയിലെ ജിസിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ മികച്ച നേട്ടവുമായി മലയാളിയായ സ്റ്റീവനേജിലെ റോഷ് ബെന്നിയും. മുഴുവന്‍ വിഷയങ്ങളിലും എ സ്റ്റാര്‍ നേടിയ റോഷ്, നാല് ഡബിള്‍ എ സ്റ്റാറും ചേര്‍ത്താണ് തന്റെ പഠന മികവ് പുറത്തെടുത്തത്.
സ്റ്റീവനേജ് ക്രിക്കറ്റ് ക്ലബിന്റെ ഓള് റൗണ്ടറും ജോണ്‍ ഹെന്രി ന്യുമാന് സ്കൂള്‍ ഫുട്ബോള്‍ ടീമംഗവുമായ റോഷ്, കായിക മികവിനൊപ്പം ഠനത്തിലും കേമനാണെന്നു തെളിയിച്ചു. കലാ സാഹിത്യ രംഗത്തും നിറ സാന്നിദ്ധ്യമാണ് റോഷ്. വിവിധ സ്കൂളുകളിലെ കഴിവുള്ള കുട്ടികളുടെ കൃതികള്‍ തെരഞ്ഞെടുത്ത് തയാറാക്കുന്ന പ്രശസ്തമായ യംഗ് റൈറ്റേഴ്സ് ബുക്കില്‍ റോഷിന്റെ കവിതയും ചെറുകഥയും ഇടം നേടിയിട്ടുണ്ട്.
ജോണ്‍ ഹെന്‍ട്രി കത്തോലിക്കാ സ്കൂളില്‍ നിന്നും ഉയര്‍ന്ന വിജയം നേടി സ്കൂളിലെയും സ്റ്റീവനേജിലെയും താരമായി മാറിയ റോഷ് യു കെ യില്‍ തന്നെ ഏറ്റവും വലിയ വിജയങ്ങള്‍ നേടിയവര്‍ക്കൊപ്പം തന്നെ സ്ഥാനം നിലനിറുത്തുകയും ചെയ്തിരിക്കുകയാണ്.
ദൈവാനുഗ്രഹം ഒന്ന് മാത്രമാണ് തന്റെ വിജയത്തിനു നിദാനം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഈ കൊച്ചു മിടുക്കന് തന്റെ ഭവനം പള്ളിയുടെ മുന്നില്‍ തന്നെ ആയതിനാല്‍ പരമാവധി വിശുദ്ധ കുര്‍ബാനകളും ശുശ്രുഷകളും മുടക്കാറില്ല. പ്രാര്‍ഥനയും കഠിനാദ്ധ്വാനവും അതോടൊപ്പം മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനങ്ങളും വിജയത്തിനു കാരണമായതായി റോഷ് പറഞ്ഞു.
സയന്‍സ് വിഷയങ്ങള്‍ എടുത്തു എ ലെവലിലും ഇതുപോലെ മികച്ച വിജയം നേടി നല്ല യുണിവേഴ്സിറ്റികളില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യസം പൂര്‍ത്തിയാക്കി ആതുര സേവന രംഗത്തു പ്രവര്‍ത്തിക്കുകയാണ് റോഷിന്റെ ഭാവി പദ്ധതി.
സ്റ്റീവനേജിലെ ബെഡ്വെല്‍ പ്രദേശത്തു താമസിക്കുന്ന അങ്കമാലി ഗോപുരത്തിങ്കല്‍ ബെന്നി ജോസഫിന്റേയും നിഷയുടെയും മൂത്ത മകനാണ് റോഷ്. പീസാ ഹട്ടില്‍ ജീവനക്കാരനായ ബെന്നി ഗോപുരത്തിങ്കല്‍ അങ്കമാലി കരയാമ്പറമ്പ് സ്വദേശിയാണ്. മാതാവ് നിഷാ സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സാണ്. ആറാം ക്ലാസ് വിദ്യാര്‍ഥിയായ ജോഷും നാലാം ക്ലാസ് വിദ്യാര്‍ഥിനി ഹന്നയുമാണ് സഹോദരങ്ങള്‍.
റിപ്പോര്‍ട്ട് :അപ്പച്ചന് കണ്ണഞ്ചിറ