Image

ഐറിഷ് സന്ദര്‍ശനം അവസാനിപ്പിച്ച് മാര്‍പാപ്പാ മടങ്ങി

Published on 29 August, 2018
ഐറിഷ് സന്ദര്‍ശനം അവസാനിപ്പിച്ച് മാര്‍പാപ്പാ മടങ്ങി

ഡബ്ലിന്‍: ചരിത്രത്തില്‍ സ്ഥാനംപിടിച്ച അയര്‍ലന്‍ഡ് സന്ദര്‍ശനം അവസാനിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലേക്ക് മടങ്ങി. കത്തോലിക്കാ വൈദികര്‍ ബാല പീഡനം നടത്തിയ സംഭവം മറച്ചു വച്ച സഭാ അധികൃതരുടെ നടപടിയില്‍ അദ്ദേഹം മാപ്പപേക്ഷയും നടത്തി.

രണ്ടു ദിവസം നീണ്ട സന്ദര്‍ശനത്തില്‍ ഡബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കില്‍ വിശുദ്ധ കുര്‍ബാനയായിരുന്നു അവസാന പരിപാടി. ഇതിനിടെയാണ് അയര്‍ലന്‍ഡിലെ അതിക്രമങ്ങള്‍ മറച്ചു വച്ചതിനെക്കുറിച്ചുള്ള മാപ്പപേക്ഷ നടത്തിയത്. ഒന്‍പതാമത് ലോക കുടുംബ സമ്മേളനത്തില്‍ (’ഫെസ്റ്റിവെല്‍ ഓഫ് ഫാമിലീസ്) പങ്കെടുക്കാനാണ് രണ്ടു ദിന സന്ദര്‍ശനത്തിനായി പാപ്പാ അയര്‍ലന്‍ഡില്‍ എത്തിയത്. കൂടുതല്‍ സമയം കുടുംബത്തോടൊത്തു ചെലവഴിക്കാന്‍ സമ്മേളനത്തില്‍ പാപ്പാ ആഹ്വാനം ചെയ്തു. കിഴക്കന്‍ അയര്‍ലന്‍ഡിലെ നോക്കിലുള്ള മാതാവിന്റെ പേരിലുള്ള തീര്‍ഥാടന കേന്ദ്രവും പാപ്പാ സന്ദര്‍ശിച്ചു. 

ഡബ്ലിന്‍ ആര്‍ച്ച് ബിഷപ് ഡയര്‍മുയിഡ് മാര്‍ട്ടിനാണ് ലോക കുടുംബ സംഗമം ഉദ്ഘാടനം ചെയ്തത്. രണ്ടുദിന പരിപാടികളില്‍ വോളണ്ടിയര്‍മാരായി നൂറുകണക്കിന് മലയാളികളും സേവനം അനുഷ്ടിച്ചു.

39 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു മാര്‍പാപ്പ അയര്‍ലന്‍ഡില്‍ സന്ദര്‍ശനം നടത്തുന്നത്. അദ്ദേഹത്തെ യാത്രയാക്കാന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ അടക്കമുള്ള പ്രമുഖര്‍ എത്തിയിരുന്നു. 1979 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അയര്‍ലന്‍ഡ് സന്ദര്‍ശിച്ചപ്പോള്‍ 79 തടവുകാരെ മോചിപ്പിച്ചിരുന്നു.

2021 ല്‍ റോമില്‍ കാണാമെന്ന വാഗ്ദാനത്തോടെ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ലോക കുടുംബസംഗമത്തിന് സമാപനമായി. ഇതു മൂന്നാം തവണയാണ് റോം വേദിയാകുന്നത്. 

റിപ്പോര്‍ട്ട് ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക