Image

കര്‍ദിനാള്‍ മാര്‍ വിതയത്തിലിനു സഭയുടെ സ്മരണാഞ്ജലി

Published on 01 April, 2012
കര്‍ദിനാള്‍ മാര്‍ വിതയത്തിലിനു സഭയുടെ സ്മരണാഞ്ജലി
കൊച്ചി: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിനു കേരളസഭയുടെ സ്മരണാഞ്ജലി. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായിരുന്ന മാര്‍ വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷികാചരണം അദ്ദേഹത്തെ കബറടക്കിയിരിക്കുന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ നടന്നു. 

ഇന്നലെ രാവിലെ 11ന് അനുസ്മരണ ദിവ്യബലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. അതിരൂപത സഹായമെത്രാന്മാരായ മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, ബിഷപ് മാര്‍ ജയിംസ് പഴയാറ്റില്‍, ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, അതിരൂപത പ്രോ വികാരി ജനറാള്‍ റവ.ഡോ. ജോസ് പുത്തന്‍വീട്ടില്‍, സിഎസ്ടി സുപ്പീരിയര്‍ ജനറല്‍ റവ.ഡോ. മാത്യു കൂമ്പുങ്കല്‍ എന്നിവര്‍ക്കൊപ്പം വൈദികസമിതി അംഗങ്ങളും സന്യസ്ത സഭാ പ്രൊവിന്‍ഷ്യല്‍മാരും മുഖ്യസഹകാര്‍മികരായി. 

ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ സുവിശേഷ സന്ദേശം നല്‍കി. അള്‍ത്താരയിലെ കബറിടത്തിനു മുമ്പില്‍ പ്രത്യേക പ്രാര്‍ഥനാശുശ്രൂഷയും ഉണ്ടായിരുന്നു. അതിരൂപതയിലെ വൈദികര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിന്നുള്ള വൈദികര്‍, സന്യാസിനികള്‍, കര്‍ദിനാള്‍ വിതയത്തിലിന്റെ കുടുംബാംഗങ്ങള്‍, ഇടവക, സന്യസ്ത സമൂഹ പ്രതിനിധികള്‍ തുട ങ്ങിയവര്‍ പങ്കെടുത്തു. ദിവ്യബലിയെത്തുടര്‍ന്ന് മാര്‍ വിതയത്തിലിന്റെ കബറിടത്തിങ്കല്‍ പ്രാര്‍ഥിക്കാന്‍ നിരവധിപേരെത്തി. 2011 ഏപ്രില്‍ ഒന്നിനാണ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക