Image

കേരളത്തിന്റെ പുനരുദ്ധാരണത്തിന്‌ നാവിക സേന; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സേനയുടെ 8.9 കോടി

Published on 30 August, 2018
കേരളത്തിന്റെ പുനരുദ്ധാരണത്തിന്‌ നാവിക സേന; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സേനയുടെ 8.9 കോടി
കൊച്ചി: കടമക്കുടി പഞ്ചായത്തിലെ ചെറിയ കടമക്കുടി, വരാപ്പുഴ പഞ്ചായത്തിലെ മുട്ടിനകം  ഗ്രാമങ്ങള്‍ നാവിക സേന ദത്തെടുത്തു. നാവിക സേനാ മേധാവി സുനില്‍ ലാന്‍ബ ആണ്‌ മുട്ടിനകത്ത്‌ പ്രഖ്യാപനം നടത്തിയത്‌. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന്റെ പുനസൃഷ്ടിക്ക്‌ നാവിക സേനയുടെ പങ്കാളിത്തം ഉറപ്പു വരുത്തും.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ദക്ഷിണ നാവിക സേന മേധാവി എ.കെ. ചൗളയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നാവിക സേന ഉദ്യോഗസ്ഥരുടെ ശമ്‌ബളത്തില്‍ നിന്നും സംഭാവന ചെയ്‌ത 8.9 കോടി രൂപയുടെ ചെക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറും.

പ്രളയം ഏറെ ദുരിതം വിതച്ച പ്രദേശങ്ങളിലൊന്നാണ്‌ ചെറിയ കടമക്കുടി. പൂര്‍ണ്ണമായും നാശം സംഭവിച്ച മൂന്ന്‌ വീടുകള്‍ നാവിക സേന നിര്‍മ്മിക്കും. മേല്‍ക്കൂര തകര്‍ന്ന അഞ്ച്‌ വീടുകളുടെ മേല്‍ക്കൂരയും നന്നാക്കും. ഗ്രാമത്തില്‍ തകര്‍ന്ന അംഗന്‍വാടിയുടെ നിര്‍മ്മാണവും നാവിക സേന നിര്‍വ്വഹിക്കും. ശുദ്ധമായ കുടിവെള്ളമില്ലാത്തതാണ്‌ ഇവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

ഇതിന്‌ പരിഹാരമായി നാവിക സേന റീവേഴ്‌സ്‌ ഓസ്‌മോസിസ്‌ പ്ലാന്റും സ്ഥാപിച്ചു. കൂടാതെ പിഴല ചെറിയ കടമക്കുടി പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്‌ ഒന്നര കോടി മുതല്‍ രണ്ട്‌ കോടി രൂപ കോര്‍പറേഷന്‍ ഫണ്ട്‌ വഴി കണ്ടെത്തും. നിലം പൊത്താറായതിനാല്‍ പാലത്തിലൂടെ സഞ്ചരിക്കാന്‍ സാധിക്കില്ല. അതിനാല്‍ പലര്‍ക്കും സ്വന്തം വീടുകളിലേക്ക്‌ എത്താന്‍ സാധിച്ചിട്ടില്ല.

വരാപ്പുഴ പഞ്ചായത്തിലെ മുട്ടിനകം ഗ്രാമത്തില്‍ ഒരു സബ്‌ െ്രെപമറി ഹെല്‍ത്ത്‌ സെന്ററും അംഗന്‍വാടിയും പുനരുദ്ധാരണം ചെയ്യും. ഫര്‍ണിച്ചറും , ആവശ്യ വസ്‌തുക്കളും മറ്റ്‌ ഉപകരണങ്ങളും ലഭ്യമാക്കും. കൂടാതെ പുഴക്കരയില്‍ പൂര്‍ണ്ണമായി തകര്‍ന്ന ഒരു വീടിന്റെ പണിയും നാവിക സേന ഏറ്റെടുത്തു. പ്രളയത്തില്‍ തകര്‍ന്ന വീടും നാവിക സേന സംഘം സന്ദര്‍ശിച്ചു. വിശദമായ സര്‍വ്വേക്കും പഠനത്തിനും ശേഷമാണ്‌ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചെറിയ കടമക്കുടിയും മുട്ടിനകവും തിരഞ്ഞെടുത്തത്‌ .

പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവശ്യ വസ്‌തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഇരുപത്തിയഞ്ച്‌ ലക്ഷം രൂപയുടെ കിറ്റുകളും വിതരണം ചെയ്‌തു. മുട്ടിനകത്ത്‌ എണ്ണൂറും ചെറിയ കടമക്കുടിയില്‍ അഞ്ഞൂറും കിറ്റുകളാണ്‌ വിതരണം ചെയ്‌തത്‌. നാവിക സേന ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ സംഘടനയായ നേവി വൈവ്‌സ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ നാവിക സേനാ മേധാവിയുടെ ഭാര്യ റീന ലാന്‍ബയുടെ നേതൃത്വത്തിലാണ്‌ കിറ്റുകള്‍ വിതരണം ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക