Image

ബസേലിയസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. പി.സി. ഏലിയാസ് നിര്യാതനായി

Published on 30 August, 2018
ബസേലിയസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. പി.സി. ഏലിയാസ് നിര്യാതനായി
കോട്ടയം: ബസേലിയസ് കോളജ് മുന്‍ പ്രിന്‍സിപ്പലും തെങ്ങണ ഗുഡ്‌ഷെപ്പേഡ് സ്‌കൂള്‍ സ്ഥാപക ട്രസ്റ്റിയുംഓര്‍ത്തഡോക്‌സ് സഭ പിആര്‍ഒയുമായ ദേവലോകം പുതുശ്ശേരി പ്രഫ. പി.സി ഏലിയാസ് (73) നിര്യാതനായി. 2008 മുതല്‍ സഭയുടെ പി.ആര്‍.ഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഭൗതികശരീരം വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നു മുതല്‍ നാലു വരെ ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം ശനിയാഴ്ച്ച 2.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 3.30ന് കോട്ടയം സെന്റ് ലാസറസ് പള്ളിയില്‍.

ഭാര്യ: അന്നമ്മ ഏലിയാസ് (കെഎസ്ഇബി മുന്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍). മക്കള്‍: അനില്‍ ഏലിയാസ് (ഐബിഎം, ബെംഗളൂരു), അനില ഏലിയാസ് (ഐബിഎസ്, തിരുവനന്തപുരം). മരുമക്കള്‍: പ്രദീപ് ജോസഫ് (യുഎസ്ടി ഗ്ലോബല്‍), ലിസ്ബത്ത് ഏബ്രഹാം (ഗുഡ്‌ഷെപ്പേഡ് ആന്‍ഡ് ഇറ്റാലിയന്‍ മോണ്ടിസോറി, ബെംഗളൂരു).

1968-69 വരെ കോതമംഗലം മാര്‍ അത്താനാസിയോസ് കോളജ് ഓഫ് എഞ്ചിനിയറിംഗിലും, 1969-77, 1987-95 കോട്ടയം ബസേലിയസ് കോളേജ്, 1977- 87 വരെ നൈജീരിയ, മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്‍ & ജോസ് യൂണിവേഴ്‌സിറ്റിയിലും അദ്ധ്യാപകനായി സേവനുഷ്ഠിച്ചു. 1995- 98 പഴഞ്ഞി എം.ഡി കോളേജ്, 1998-2000 കോട്ടയം ബസേലിയസ് കോളേജ്, 2000-05 ഗുഡ് ഷെപ്പേര്‍ഡ് ജൂണിയര്‍ കോളേജ്, എന്നീ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പലായി.2006- 17 വരെ ഗുഡ് ഷെപ്പേര്‍ഡ് സ്‌ക്കൂള്‍ മാനേജരായും പ്രവര്‍ത്തിച്ചു.

1999ല്‍ ന്യൂഡെല്‍ഹി ഓള്‍ ഇന്‍ഡ്യ അസോസിയേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എഡ്യൂക്കേഷന്റെ മികച്ച പ്രിന്‍സിപ്പലിനുളള അവാര്‍ഡ് ലഭിച്ചു. നാമ്പുകള്‍, പ്രഭ, മനുഷ്യദര്‍ശനം എന്നീ ഗ്രന്ഥങ്ങള്‍ കൂടാതെ ഇക്കണോമിക്‌സില്‍ അഞ്ച് പുസ്തകങ്ങളും അനവധി പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

കേരള ഇക്കണോമിക്‌സ് ഫോറം കോട്ടയം സെക്രട്ടറിയായും, എനര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, എം.ജി.ഓ.സി.എസ്.എം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും, പോസ്റ്റ് എസ്.എസ്.എല്‍.സി എഡ്യൂക്കേഷന്‍ പ്രോഗ്രാം ഫൗണ്ടര്‍ ഡയറക്ടര്‍, നൈജീരിയ ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഫൗണ്ടര്‍ സെക്രട്ടറി, കോട്ടയം റെഡ് ക്രോസ് സൊസൈറ്റി, വൈ.എം.സി.എ ലൈഫ് മെമ്പര്‍ സഭാ മാനേജിംഗ് കമ്മിറ്റി മെമ്പര്‍, ഓള്‍ കേരള കോളേജ് പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്‌ 
Join WhatsApp News
Korason 2018-08-30 09:11:28
പ്രൊഫ . പി സി എലിയാസ് മലങ്കര ഓർത്തഡോൿസ് സഭയുടെ മധുരമായ ശബ്ദമായിരുന്നു. കലുഷിതമായ കാലപ്പകർച്ചയിൽ, വേദനിക്കുന്ന സത്യങ്ങളെ മാറോടു ചേർത്ത് വച്ചു മധുരമായി നുകരുന്ന ആ ശബ്ദം നിലച്ചു. വിജയത്തിന്റെ അഹങ്കാരമില്ലാത്ത വിനയമായ മധുഭാഷണം ഒരു പക്ഷേ, തണുപ്പൻ പ്രതികരണമാണെന്നു ചിലർ തെറ്റിദ്ധരിച്ചു. നേട്ടങ്ങളെ നിയതിത്രിതമായ വാക്കുകളിൽ പക്വമായി പ്രതികരിക്കാൻ ഒരു പാഠപുസ്തകമായി മാറി അദ്ദേഹത്തിന്റെ വാക്കുകൾ. അമേരിക്കൻ ഭദ്രാസനത്തിലെ വാർഷീക കുടുംബ മേളയിൽ മുഖ്യ പ്രഭാഷകനായി വരുന്നതുവരെ അദ്ദേഹത്തെ അറിയില്ലായിരുന്നു. തുടക്ക വാക്കുകളിൽതന്നെ അനുവാചകരുടെ മനം കവരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അമേരിക്കയിൽ അന്ന് 'ഈസി പാസ് ' എന്ന ഇലക്രോണിക് സ്പീഡ് ടോൾ സംവിധാനം വന്നു തുടങ്ങിയതേയുള്ളൂ. കോൺഫെറെൻസിൽ എത്തുന്നതിനു മുൻപ് കുറെ 'ഈസി പാസ് ' കടന്നു എന്നും എല്ലാം ഈസി ആയി തിരഞ്ഞെടുക്കാനുള്ള അമേരിക്കക്കാരുടെ ജീവിത വീക്ഷണത്തെപ്പറ്റി പരാമർശിച്ചു കൊണ്ടുള്ള ആ പ്രസംഗം കാലമേറെ ആയിട്ടും മനസ്സിൽ മുഴങ്ങി നിൽക്കുന്നു. ഒരു കാരണവരെ പ്പോലെ ദേവലോക പൂമുഖത്തു തുടിച്ചുനിന്ന പ്രകാശം വിസ്മൃതിയിലായി. കാലത്തിനു പകരം വയ്ക്കാനാവാത്ത ചില ജനുസ്സുകളിൽ ഒന്ന് വിടവാങ്ങി. നനുത്ത ഓർമ്മ അവശേഷിപ്പിച്ചുകൊണ്ടു..വിട .-  കോരസൺ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക