Image

യുകെയിലെ മലയാളി നഴ്‌സുമാര്‍ വേറിട്ടൊരു രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനരംഗത്ത്

Published on 30 August, 2018
യുകെയിലെ മലയാളി നഴ്‌സുമാര്‍ വേറിട്ടൊരു രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനരംഗത്ത്
ലണ്ടന്‍: പ്രളയക്കെടുതിയിലായ കേരളത്തിന് യുകെയിലെ ഒരു കൂട്ടം മലയാളി നഴ്‌സുമാര്‍ ചേര്‍ന്നു വേറിട്ടൊരു രീതിയില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനം ഏറെ ശ്രദ്ധപിടിച്ചുപറ്റി. ജോലിസ്ഥലത്ത് രുചികരമായ കേരളവിഭവങ്ങള്‍ തയാറാക്കി എത്തിച്ചു വിതരണം ചെയ്താണ് ഇവര്‍ ദുരിതാശ്വാസത്തിന് പണം സമാഹരിച്ചത്. 516.11 പൗണ്ടാണ് ഇത്തരത്തില്‍ ശേഖരിക്കാനായത്. ഇതിനൊപ്പം സ്വന്തം വിഹിതം കൂടി ചേര്‍ത്ത് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കും. 

ലണ്ടന്‍ വാറ്റ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയിലെ സ്‌പെഷല്‍ കെയര്‍ ബേബി യൂണിറ്റിലുള്ള മലയാളി നഴ്‌സുമാരുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. മോളി, മരിയ, റാണി, പ്രീതി, ആഷ് ലിന്‍, ഷാരോണ്‍, രഞ്ജിത, മെറിന്‍ എന്നീ മലയാളി നഴ്‌സുമാരാണ് ഇതിനു നേതൃത്വം നല്‍കിയത്. കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച് ബിബിസി ഉള്‍പ്പെടെയുള്ള ലോക മാധ്യമങ്ങളിലൂടെ എല്ലാ വിദേശികളും തന്നെ അറിഞ്ഞിട്ടുള്ളതിനാല്‍ മലയാളി നഴ്‌സുമാരുടെ ഈ ഉദ്യമത്തിന് സഹപ്രവര്‍ത്തകരുടെ സഹകരണം ഏറെയായിരുന്നു. 

സിറിയന്‍ യുദ്ധത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുവേണ്ടി 'കുക്ക് ഫോര്‍ സിറിയ' എന്ന പേരില്‍ യൂറോപ്പു മുഴുവന്‍ പ്രചരിച്ച ആശയം അടിസ്ഥാനമാക്കിയാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിച്ചത്. ബിബിസി മാസ്റ്റര്‍ ഷെഫ് പരിപാടിയിലൂടെ പ്രശസ്തനായ കൊല്ലം റാവീസ് ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിലാണ് ലോകമെന്പാടുമുള്ള മലയാളി ഷെഫുമാര്‍ ഈ കാന്പയിന്‍ നടത്തുന്നത്.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക