Image

രാജ്യം ഭയാനകതയുടെ നിഴലില്‍: അരുന്ധതി റോയ്‌

Published on 31 August, 2018
  രാജ്യം ഭയാനകതയുടെ നിഴലില്‍: അരുന്ധതി റോയ്‌


ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയേക്കാള്‍ വ്യാപ്‌തിയുള്ള ഭയാനകതയാണ്‌ രാജ്യം ഇന്ന്‌ നേരിടുന്നതെന്ന്‌ പ്രശസ്‌ത എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ്‌.ക്രമസമാധാനം മെച്ചപ്പെടുത്താനെന്ന പേരിലാണ്‌ അടിയന്തരാവസ്ഥ കൊണ്ടുവന്നത്‌. ഭരണഘടന അട്ടിമറിച്ച്‌ ഇന്ത്യയെ സവര്‍ണ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാണ്‌ ഇപ്പോഴത്തെ സര്‍ക്കാറിന്റെ ശ്രമമെന്ന്‌ അരുന്ധതി റോയ്‌ പറഞ്ഞു.


അഞ്ചു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി. ആദിവാസി ഗോത്രവിഭാഗങ്ങളെ നക്‌സലുകളായി ചിത്രീകരിക്കുന്നതായിരുന്നു ഇതുവരെ രീതിയെങ്കില്‍, നക്‌സല്‍ വേട്ടയുടെ പേരില്‍ ദലിത്‌ മുന്നേറ്റത്തിന്‌ തടയിടുകയാണ്‌ മോദിസര്‍ക്കാര്‍ ചെയ്യുന്നതെന്ന്‌ അവര്‍ പറഞ്ഞു. സര്‍ക്കാറിന്റെ ചിന്താധാര പിന്‍പറ്റാത്ത നഗരവാസികളെ `പട്ടണ നക്‌സലുകള്‍' ആയി മുദ്രകുത്തുന്നു. സവര്‍ണ ഹിന്ദുരാഷ്ട്ര നിര്‍മിതിക്ക്‌ വിഘാതം നില്‍ക്കുന്നവരെ ഭയപ്പെടുത്തുകയും ക്രിമിനല്‍ ചെയ്‌തികള്‍ക്ക്‌ ഇരയാക്കുകയുമാണ്‌.


ദലിത്‌ സമൂഹത്തിന്റെ അഭിലാഷങ്ങളെ അവമതിക്കുകയും ഭിന്നിപ്പിച്ചു ഭരിക്കുന്നതിന്റെ പുതിയ രീതി നടപ്പാക്കുകയുമാണ്‌. ന്യൂനപക്ഷമായിരിക്കുന്നത്‌ കുറ്റമാണ്‌. കൊല്ലുന്നതല്ല, കൊല്ലപ്പെടുന്നതാണ്‌ കുറ്റം. വ്യാപക പ്രതിഷേധം ഉണ്ടാകുമെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്‌. എന്നിട്ടും എന്തുകൊണ്ട്‌ അതു ചെയ്‌തു എന്നതാണ്‌ പ്രധാനം. പൊതുതെരഞ്ഞെടുപ്പിലേക്ക്‌ നടക്കുന്ന മോദിസര്‍ക്കാറിനെതിരെ ജനരോഷം ശക്തിപ്പെട്ടുവെന്ന തിരിച്ചറിവാണ്‌ കാരണം. അതു മറികടക്കാന്‍ സര്‍ക്കാര്‍ ഉപായങ്ങള്‍ കണ്ടെത്തുന്ന അപകട ഘട്ടത്തിലൂടെയാണ്‌ രാജ്യം നീങ്ങുന്നത്‌. ഭിന്നിപ്പിച്ചു ഭരിക്കുന്നത്‌ ബ്രിട്ടീഷുകാരുടെ തന്ത്രമായിരുന്നെങ്കില്‍, ശ്രദ്ധതിരിച്ചുവിട്ട്‌ ഭരിക്കുകയാണ്‌ മോദിസര്‍ക്കാറിന്റെ തന്ത്രം.


നോട്ട്‌ അസാധുവാക്കിയതു വഴി ബി.ജെ.പിക്കാരുടെ ആസ്‌തി പല മടങ്ങായി. അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തിയവര്‍ റഫാല്‍ പോര്‍വിമാന ഇടപാടില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടിയാണ്‌ ഇന്ന്‌ ബി.ജെ.പി. പണവും വോട്ടുയന്ത്രവും ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പു ജയിക്കാമെന്ന സ്ഥിതിയാണ്‌ ഉണ്ടാക്കുന്നത്‌. പോരാത്തതിന്‌ അയോധ്യയും കശ്‌മീരുമൊക്കെ തരംപോലെ ഉപയോഗപ്പെടുത്തുകയും ചെയ്യും അരുന്ധതി റോയ്‌ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക