Image

പേമാരിക്കും പ്രളയത്തിനും പിന്നാലെ വരള്‍ച്ചയെന്ന് (എ.എസ് ശ്രീകുമാര്‍)

Published on 31 August, 2018
പേമാരിക്കും പ്രളയത്തിനും പിന്നാലെ വരള്‍ച്ചയെന്ന് (എ.എസ് ശ്രീകുമാര്‍)
ജീനവുകളെടുത്ത് സര്‍വതും തകര്‍ത്ത് വീടുകളുടെ രണ്ടാം നില വരെ മുക്കിക്കൊണ്ടാണ് ഇക്കഴിഞ്ഞ പ്രളയകാലത്ത് കരയെന്നോ പുഴയെന്നോ വ്യത്യാസമില്ലാതെ പ്രളയജലം ഒഴുകികൊണ്ടിരുന്നത്. കടല്‍ പോലെ എല്ലാം മുക്കി കൊണ്ടുള്ള പരന്ന ഒഴുക്ക്. പുഴകള്‍ ഗതിമാറി ഒഴുകാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയും ചെയ്തു. നൂറ്റാണ്ടുകണ്ട പ്രളയക്കെടുതികള്‍ക്ക് പിന്നാലെ ഇനി വരുന്നത് വരള്‍ച്ചയാണത്രേ. ഇക്കാര്യം കാലാവസ്ഥാ നിരീക്ഷണ വിഭാഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രളയാനന്തര കേരളത്തിലെ ചില കാഴ്ചകള്‍ ആശങ്കയുണ്ടാക്കുന്നെന്നാണ് റിപ്പോര്‍ട്ട്. 

കുത്തിയൊലിച്ച് ഒഴുകിയിരുന്ന പുഴകള്‍ ഒറ്റയടിക്ക് വറ്റി നേര്‍ത്ത ചാലായി മാറുന്നതാണ് ആശങ്ക പരത്തുന്നത്. വേനല്‍ കാലത്ത് പോലും വറ്റാത്ത നദികള്‍ വരെ വറ്റിപ്പോകുന്നുണ്ടെന്നാണ് വിവരം. നിറഞ്ഞൊഴുകിയ ഭാരതപ്പുഴ പ്രളയ സമയത്തെ അദ്ഭുത കാഴ്ചയായിരുന്നു. എന്നാല്‍ ഭാരതപ്പുഴയില്‍ ഇപ്പോള്‍ വെള്ളം വറ്റി മണല്‍ തിട്ടകള്‍ രൂപപ്പെട്ടിരിക്കുകയാണ്. വേനല്‍ക്കാലത്തിന് സമമാണ് ഇവിടുത്തെ കാഴ്ചകള്‍. തൃശ്ശൂരും പാലക്കാടും മുക്കിയ ഗായത്രി പുഴയിലേയും ഭവാനിപ്പുഴയിലേയും അവസ്ഥ സമാനമാണ്. ഗായത്രി പുഴയിലും വെള്ളം താഴ്ന്ന് മണല്‍തിട്ടകള്‍ രൂപപ്പെട്ടിട്ടുണ്ട്. അട്ടപ്പാടി ആദിവാസി ഊരുകളില്‍ വെള്ളപ്പൊക്കമുണ്ടാക്കിയ ഭവാനിപ്പുഴയിലും വെള്ളം കുറഞ്ഞത്രേ.

ചാലക്കുടിപ്പുഴ, മണലിപ്പുഴ, കരുവന്നീര്‍ പുഴള എന്നിവിടങ്ങളിലെല്ലാം ജലനിരപ്പ് തീര്‍ത്തും താഴ്ന്നിട്ടുണ്ട്. ചാലക്കുടി പുഴയില്‍ വെള്ളം നിറഞ്ഞത് കനത്ത നാശനഷ്ടടങ്ങളാണ് തൃശൂരില്‍ വിതച്ചത്. ഇവിടെ തീരം ഇടിഞ്ഞ് പുഴയുടെ വീതി കൂടിയിരുന്നു. ഒരുപക്ഷേ പുഴയുടെ അടിയില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോ ഭൂഗര്‍ഭ ജലത്തിന്റെ ഒഴുക്കിലും വേഗതയിലും വന്ന മാറ്റങ്ങളുമാണോ പുഴ മെലിയാല്‍ കാരണമെന്ന നിഗമനമാണ് അധികൃതര്‍ ഉയര്‍ത്തുന്നത്. ആലുവയെ പ്രളയത്തില്‍ മുക്കിയ പെരിയാറിന്റെ നീരൊഴുക്കിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. കോഴിക്കോട് ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ, കോരപ്പുഴ എന്നിവയിലെ ജലവും താഴ്ന്നിട്ടുണ്ട്. മഴക്കാലത്ത് ഉണ്ടാകുന്ന സാധാരണ ജലനിരപ്പിനേക്കാളും താഴ്ന്ന് തന്നെയാണ് ഇവിടുത്തെ ജലനിരപ്പ്.

കോഴിക്കോട്ടെ പുഴകളിലും നീര്‍ത്തടങ്ങളിലും വന്‍ തോതില്‍ വെള്ളം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചാലിയാറിലും പോഷക നദികളിലും വേനലിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ജല നിരപ്പ് താഴുന്നത്. വേനലില്‍ പോലും വറ്റാത്ത നീര്‍ത്തടങ്ങള്‍ വറ്റുന്നതാണ് ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കുന്നത്. സംസ്ഥാനത്തെ പലയിടങ്ങളിലെയും കിണറുകളിലെ വെള്ളവും ആശങ്ക ഉയര്‍ത്തി താഴ്ന്നിട്ടുണ്ട്. എന്നാല്‍ ജലനിരപ്പ് കുറഞ്ഞതില്‍ ആശങ്കപെടേണ്ടതില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. പ്രളയ ശേഷം ഒഴുക്കിന് തടസ്സങ്ങള്‍ ഇല്ലാതായതോടെ കടലിലേക്ക് കൂടുതല്‍ വെള്ളം ഒഴുകി പോകുന്നതാകാം വെള്ളം കുറയാന്‍ കാരണമെന്നാണ് കണക്കാക്കുന്നത്.
***
കേരളം കൊടിയ വരള്‍ച്ചയെ നേരിട്ട വര്‍ഷങ്ങളാണ് 2016, 2017. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കേരളമുള്‍പ്പെടെ രാജ്യത്തെ എട്ടു സംസ്ഥാനങ്ങളെ കേന്ദ്രം വരള്‍ച്ചാബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചിരുന്നു. കേരളത്തെ കൂടാതെ രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് വരള്‍ച്ചയുടെ പിടിയിലുണ്ടായിരുന്നത്. 2016ല്‍ ഇടവപ്പാതി മഴയില്‍ 34 ശതമാനത്തിന്റെയും തുലാവര്‍ഷത്തില്‍ 69 ശതമാനത്തിന്റെയും കുറവുണ്ടായതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ സമിതി യോഗത്തില്‍ പതിനാല് ജില്ലകളെയും വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യമുരുകയും അപ്രകാരം പ്രഖ്യാപനം നടത്തുകയും ചെയ്തു. 

കഴിഞ്ഞവര്‍ഷത്തെ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ക്ലൗഡ് സീഡിങിലൂടെ കൃത്രിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും പാളിപ്പോയി. പത്തനംതിട്ടയിലെ കക്കി ഡാമിന്റെ പരിസരങ്ങളിലാണ് കൃത്രിമ മഴ പെയ്യിക്കാനുള്ള ആദ്യ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. അനുയോജ്യമായ മഴമേഘങ്ങളെ വി.എസ്.എസ്.സിയുടെ റഡാറുകള്‍ ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വി.എസ്.എസ്.സിയുടെ മുന്‍ ഡയറക്ടറുമായ എം.സി ദത്തന്റെ നേതൃത്വത്തില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസിസ്ഥിതി കൗണ്‍സിലും കെ.എസ്.ഇ.ബിയും സംയുക്തമായാണ് പരീക്ഷണത്തിന് കോപ്പുകൂട്ടിയത്. 

എന്നാല്‍ സര്‍ക്കാരിന്റെ ശ്രമങ്ങളുമായി സഹകരിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതോടെ പണി പാളി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നേരത്തേ കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇവയെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് കേരളത്തിന്റെ ശ്രമങ്ങളുമായി സഹകരിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. കൊടും വരള്‍ച്ച മൂലം കര്‍ണാടകയില്‍ അമേരിക്കയില്‍ നിന്നുള്ള ബിക്യു 100 വിമാനം വഴി രാസപദാര്‍ഥങ്ങള്‍ മേഘങ്ങളില്‍ തളിക്കുകായിരുന്നു. 30 കോടിയോളം രൂപയുടെ ആ പരിപാടിയും പാഴായി.

എന്താണീ ക്ലൗഡ് സീഡിങ്...? വിന്‍സെന്റ് ജോസഫ് ഷെയ്ഫര്‍ എന്ന അമേരിക്കന്‍ രസതന്ത്രശാസ്ത്രജ്ഞനാണ് ക്ലൗഡ് സീഡിങ് പ്രായോഗികവത്കരിച്ചത്. 1946 നവംബര്‍ 13നായിരുന്നു ആ ശ്രമം. ഒന്നരക്കിലോയോളം വരുന്ന െ്രെഡ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ്) മേഘപാളിയില്‍ വിതറി. കേവലം അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ മേഘം ഹിമച്ചില്ലുകളായി രൂപാന്തരപ്പെട്ടു. ഗംഭീരമായ ഈ നേട്ടം കാലാവസ്ഥാ നിയന്ത്രണം എന്ന മനുഷ്യന്റെ കാതങ്ങള്‍ നീണ്ട ആഗ്രഹം സാധ്യമാക്കി.

അതേസമയം ഇത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്തന്നെ വേഗ്‌നറെ പോലുള്ള യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ കൃത്രിമ മഴയ്ക്കായുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. 1932ല്‍ സോവിയറ്റ് യൂണിയന്‍ കാലാവസ്ഥയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ 'ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ആര്‍ട്ടിഫിഷ്യല്‍ റൈയ്ന്‍' എന്ന ഒരു സ്ഥാപനം തന്നെ തുടങ്ങിയിരുന്നു. െ്രെഡ ഐസിന് പകരം സില്‍വര്‍ അയോഡൈഡിനെ ഐസ് ന്യൂക്ലിയന്റ് (തണുത്ത മേഘത്തെ ഐസ് പരലുകള്‍ ആക്കുന്ന രാസപദാര്‍ത്ഥം) ആയി ഉപയോഗിക്കാം എന്ന് കണ്ടുപിടിച്ചതോടെ ചരിത്രം വഴിമാറുകയായിരുന്നു.

മറ്റൊരു കൗതുകമെന്തെന്നു വച്ചാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിലെ യു.എ.ഇ ഏതാണ് കേരളം പോലെ ആയിരുന്നു. ഇടക്കിടെ മഴ, ചിലപ്പോള്‍ കടുത്ത തണുപ്പ്...അങ്ങനെ അങ്ങനെ. യു.എ.ഇയില്‍ ആ സമയത്തെ ചില ദിവസങ്ങളില്‍ അതി ശക്തമായ മഴയായിരുന്നു. റോഡുകളില്‍ പലയിടത്തും വെള്ളം കെട്ടി. കേരളത്തിലെ കര്‍ക്കിടകക്കാലം പോലെ മൂടിക്കെട്ടിയ അന്തരീക്ഷം. യു.എ.ഇയില്‍ മഴപെയ്യുന്നത് അത്രയ്ക്ക് അത്യപൂര്‍വ്വ സംഭവം ഒന്നും അല്ല. എന്നാല്‍ ഇങ്ങനെയുള്ള മഴ അത്രപതിവില്ല. എന്താണ് ഈ മഴയ്ക്ക് കാരണം..?  ഗള്‍ഫ് രാജ്യങ്ങളുടെ ഭൂപ്രകൃതി നോക്കിയാല്‍ ഭൂരിഭാഗവും മരുപ്രദേശങ്ങളാണ്. ശുദ്ധജലത്തിന്റെ ലഭ്യത കുറവാണ്. മഴയും വളരെ കുറവ്. എന്നാല്‍ അവര്‍ ഉണ്ടാക്കിയ വികസന മാതൃക ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. 

കേരളത്തിലെ പോലെ മഴയില്ലെങ്കിലും ശുദ്ധ ജലത്തിന്റെ കാര്യത്തില്‍ വലിയ മുട്ടൊന്നും ഇല്ല ഗള്‍ഫ് രാജ്യങ്ങളില്‍. കടല്‍ ജലം ശുദ്ധീകരിച്ച് അവര്‍ ആവശ്യത്തിന് ശുദ്ധ ജലം ഉത്പാദിപ്പിക്കുന്നുണ്ട്. ഇക്കണക്കിന് പോയാല്‍ യു.എ.ഇയില്‍ ശുദ്ധ ജലം കിട്ടാന്‍ കടല്‍ ജലം ശുദ്ധീകരിക്കേണ്ടിവരില്ല. ഇങ്ങനെ മഴയായിപ്പെയ്യുന്ന വെള്ളം സംഭരിച്ച് വച്ചാല്‍ മാത്രം മതിയാകും. എന്നാല്‍ യു.എ.ഇയിലെ 2017ലെ മഴ തികച്ചും പ്രകൃതിദത്തമാണെന്ന് പറയാന്‍ പറ്റില്ല. കൃത്യമായി തയ്യാറാക്കിയ പദ്ധതിയും അത് കൃത്യമായി നടപ്പിലാക്കിയതിന്റെ ഫലവും ആണ് അന്നത്തെ യു.എ.ഇ മഴ. രണ്ട് മാസത്തിനിടെ അമ്പതിലേറെ തവണയാണ് യു.എ.ഇയില്‍ ക്ലൗഡ് സീഡിങ് നടത്തിയത്. അതിന്റെ പ്രിഫലനമാണ് 2017 ഫെബ്രുവരി മാസത്തില്‍ ലഭിച്ച കനത്ത മഴ. യു.എ.ഇയില്‍ മഴ കൂടി വരികയാണ്. മഴയുടെ അളവില്‍ 10 മുതല്‍ 30 വരെയാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നത്. 
***
ബീഹാറില്‍ നിന്ന് 2016 ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയിങ്ങനെ...കടുത്ത ചൂടില്‍ തീ പടര്‍ന്ന് പിടിക്കുന്നതിനാല്‍ ബീഹാറില്‍ പകല്‍ പാചകം ചെയ്യുന്നത് സര്‍ക്കാര്‍ വിലക്കി. രാവിലെ 9 മണി മുതല്‍ 6 മണി വരെയാണ് വിലക്ക്. ചൂടില്‍ തീ പടര്‍ന്ന് പിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ബീഹാറില്‍ വര്‍ധിച്ച് വരുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ 66 പേരാണ് ബീഹാറില്‍ മരിച്ചത്. 1200 മൃഗങ്ങളും ചത്തൊടുങ്ങി. പകല്‍ പാചകം ചെയ്യുരുതെന്ന നിയമം ലംഘിക്കുന്നവര്‍ 2 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. കടുത്ത ചൂടും ശക്തമായ കാറ്റും രൂപപ്പെടുന്ന മേഖലകളില്‍ തീ പടര്‍ന്ന് പിടിച്ച് കുടിലുകള്‍ കത്തി നശിച്ചതാണ് ഈ തീരുമാനത്തിന് കാരണമായത്. ബെഗുസരെയില്‍ 300 കുടിലുകളാണ് തീയിലമര്‍ന്നത്. കടുത്ത ചൂടും വരള്‍ച്ചയും നേരിടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ബീഹാര്‍.

പേമാരിക്കും പ്രളയത്തിനും പിന്നാലെ വരള്‍ച്ചയെന്ന് (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക