Image

നണ്‍ റണ്ണിങിന് അര നൂറ്റാണ്ട്: യൂറോപ്പിലേക്ക് മലയാളി പെണ്‍കുട്ടികളുടെ കൂട്ടപലായനം കേരളത്തിന്റെ മുഖശ്ചായ മാറ്റി (കുര്യന്‍ പാമ്പാടി)

Published on 31 August, 2018
നണ്‍ റണ്ണിങിന് അര നൂറ്റാണ്ട്: യൂറോപ്പിലേക്ക് മലയാളി പെണ്‍കുട്ടികളുടെ കൂട്ടപലായനം കേരളത്തിന്റെ മുഖശ്ചായ മാറ്റി (കുര്യന്‍ പാമ്പാടി)
അറുപതുകള്‍ മുതല്‍ എഴുപതുകള്‍ വരെ ജര്‍മ്മനിയിലേക്കും ഇറ്റലിയിലേക്കും മലയാളി പെണ്‍കുട്ടികളുടെ കൂട്ടപലായനം നടന്നിട്ടു അരനൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. അവിടെ നിന്ന് അമേരിക്കയിലേക്കും കാനഡയിലേക്കും നടന്ന 'ട്രാന്‍സ് മൈഗ്രെഷ'നും പിന്നീട് വന്ന ഗള്‍ഫ് കുടിയേറ്റത്തിനും ബീജാവാപം ചെയ്തത് ആദ്യ പലായനമാണ്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജര്‍മ്മനിയും ഇറ്റലിയും പുനര്‍നിര്‍മ്മാണം നടത്തുന്ന വേളയിലാണ് ആദ്യ കുടിയേറ്റം നടന്നത്. അതിനു ശേഷം അവിടങ്ങളിലെ കന്യാസ്ത്രീ മഠങ്ങളില്‍ പ്രേഷിതവൃത്തിക്കും ആതുര സേവനത്തിനും ആളില്ലാതെയായപ്പോള്‍ അവര്‍ വീണ്ടും കേരളത്തിലേക്ക് തിരിഞ്ഞു. പതിനഞ്ചും ഇരുപതും വയസുള്ള നിഷ്‌കളങ്കരായ പാവപ്പെട്ട പെണ്‍കുട്ടികള്‍ അങ്ങിനെ കേരളത്തില്‍ നിന്ന് യൂറോപ്പിലേക്ക് പറിച്ചു നടപ്പെട്ടു.

ലോകമൊട്ടാകെയുള്ള നൂറു കണക്കിന് കന്യാസ്ത്രീ മഠങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തിട്ടുള്ള ഒരേ ഒരു മേഖല കേരളമാണ്. കേരളം. ആ അര്‍ത്ഥത്തില്‍ ഒരു റോമായോ മെക്കയോ ആണ്. അതില്‍ ഏറ്റര്‍വും കൂടുതല്‍ കന്യാസ്ത്രീകളെയും വൈദികരെയും ലോകത്തിനു നല്‍കിയതു പാലാ കത്തോലിക്കാ രൂപതയാണെന്നും കണക്കുകള്‍ തെളിയിക്കുന്നു.

കേരളത്തിലെ കത്തോലിക്കാ സമൂഹത്തില്‍ നിന്ന് 1960 മുതല്‍ പത്തു വര്‍ഷത്തിനുള്ളില്‍ രണ്ടായിരത്തോളം പേര്‍ ജര്‍മനിയിലും ഇറ്റലിയിലും ചെറിയ തോതില്‍ ഫ്രാന്‍സിലും സ്വിറ്റ്‌സര്‍ലന്‍ഡിലും എത്തിപ്പെടാനായതു ഈ കൂട്ടപലായനം മൂലമാണ്. അങ്ങിനെ അവിടത്തെ മഠങ്ങള്‍ രക്ഷപെട്ടു, കറങ്ങിത്തിരിഞ്ഞു കേരളത്തിലെ ഒരുപാട് കുടുംബങ്ങളും.

''മൂന്നു ജോഡി വസ്ത്രങ്ങളും വാച്ചും ഷൂസും സോക്സുമായി റോമിലും ടൂറിനിലും ജെനോവയിലും ബോണിലും കൊളോണിലും മ്യൂണിക്കിലും എത്തിയവര്‍ ആദ്യം അമ്പരന്നു. ഭാഷ അറിഞ്ഞു കൂടാ, കൊടും ശൈത്യം. റൈന്‍ നദി പോലും മഞ്ഞുറഞ്ഞു കിടക്കുന്നു,'' ഇറ്റലിയില്‍ കാല്‍ നൂറ്റാണ്ടു ചെലവഴിച്ച ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ സിസ്റ്റര്‍ റെജിന പൗലോസ് പറയുന്നു. ഇപ്പോള്‍ കോട്ടയത്ത് ഒരു മഠത്തില്‍ മദര്‍ ആണ്.

എസ്എസ്എല്‍സി പാസ്സായി നഴ്സിങ്ങിന് പോകണമെന്ന് മോഹിച്ച് നാട്ടില്‍ നില്‍ക്കുമ്പോഴാണ് ചങ്ങനാശ്ശേരിയിലെ ഒരു കൂട്ടുകാരി പറയുന്നത്ഏറ്റുമാനൂരില്‍ ഒരു വൈദികന്റെ നേതൃത്വത്തില്‍ യൂറോപ്പിലെ മഠങ്ങളിലേക്ക് റിക്രൂട്ടിങ്ങ് നടത്തുന്നതായി. ഞാനും രണ്ടു കൂട്ടുകാരികളുടെ കൂടെ പോയി ഫാ. സിറിയക് പുത്തന്‍ പുരയെ കണ്ടു. അദ്ദേഹത്തിന് സന്തോഷമായി.

ആദ്യം പാസ്പോര്‍ട്റ്റ് എടുക്കണം. കേരളത്തില്‍ അന്നതിനു സൗകര്യം ഇല്ല. മദ്രാസിലെ റീജണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് അതെത്താന്‍ മൂന്ന് മാസം എടുത്തു. കൊച്ചിയില്‍ നിന്ന് അന്ന് വിമാനം ഇല്ല. ഞങ്ങള്‍ ട്രെയിനില്‍ ബോംബെയില്‍ എത്തി. കുറേപ്പേര്‍ കപ്പലിലും ഞങ്ങള്‍ കുറേപ്പേര്‍ വിമാനത്തിലും അക്കരെ എത്തി. തുറമുഖ പട്ടണമായ ജെനോവയില്‍ നിന്ന് ട്രെയിനില്‍ റോമിലേക്ക് കൊണ്ടുപോകാന്‍ സിസ്റ്റര്‍മാര്‍ എത്തിയിരുന്നു.

ഇറ്റലിയിലെ സാര്‍ഡീനിയയില്‍ മദര്‍ ഹൗസും റോമില്‍ ജനറലേറ്റുമുള്ള സിസ്റ്റേഴ്സ് ഓഫ് റിഡെമ്പ്ഷനിലേ ക്കായിരുന്നു ചിലരുടെ ഊഴം. മറ്റു ചിലര്‍ ഫ്രാന്‍സിസിസ്‌ക്കന്‍ മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് എന്ന സമൂഹത്തിലേക്കും. ജര്‍മനിയില്‍ എത്തിയവരും ഇതേരീതീയില്‍ പല കോണ്‍ഗ്രിഗേഷനുകളിലേക്കു പോയി. ആദ്യം ഭാഷാ പഠനം. പിന്നീട് മത പഠനം. അത് കഴിഞ്ഞു തൊഴില്‍ പരിശീലനം. ഭൂരിഭാഗവും യൂണിവേഴ്സിറ്റികളിലെ നഴ്സിംഗ് കോഴ്സുകള്‍ പഠിച്ച് മഠങ്ങള്‍ നടത്തുന്ന ആതുരാലയങ്ങളില്‍ ജോലിചെയ്തു.

''ശമ്പളം മഠങ്ങള്‍ക്കു തന്നെ. സുഖം പ്രാപിച്ചു പോകുന്നവര്‍ മിക്കവാറും നല്‍കാറുള്ള പാരിതോഷികങ്ങള്‍ ഞ ങ്ങള്‍ക്കു എടുക്കാം. ഒരിക്കല്‍ ബാംഗളൂരില്‍ പഠിക്കുന്ന എന്റെ സഹോദരന് കുറച്ച് പൈസ അയക്കണമെന്ന് സൂചിപ്പിച്ചപ്പോള്‍ ഞങ്ങളുടെ 'ഇക്കോണ' (അകൗണ്ടന്റ്) ആയ സീനിയര്‍ കന്യാസ്ത്രീ 150 ഡോളര്‍ ആണ് അയച്ചു കൊടുത്തത് ഡോളറിനു മുപ്പതു രൂപ വച്ച് എന്നത് വലിയ ഒരു തുക ആയിരുന്നു.'' സിസ്റ്റര്‍ പറഞ്ഞു.

''യൂറോപ്പിലെ കന്യാസ്ത്രീ മഠങ്ങളിലേക്ക് കേരളത്തില്‍ നിന്ന് പാവപ്പെട്ട പെണ്‍കുട്ടികളെ കൂട്ടമായി കയറ്റി അയക്കുന്നു, ഒരാള്‍ക്കു 150 പൗണ്ട് കൊടുക്കുന്നു, ഈ പെണ്‍കുട്ടികള്‍ അവിടെ വിടുപണി ചെയ്യുന്നു'' എന്നൊക്കെ അന്ന് ലണ്ടനിലെ സണ്‍ഡേ ടൈംസിലും ദി ഗാര്‍ഡിയനിലും ബിബിസിയിലും ന്യൂ യോര്‍ക്ക് ടൈംസിലും റിപ്പോര്‍ട് വന്നു. ഇന്ത്യന്‍ പാര്‍ലമെന്റിലും വിഷയം എത്തി. ഗവര്‍മെന്റും വത്തിക്കാനും അനേഷണങ്ങള്‍ നടത്തി. ആരോപണങ്ങള്‍ തെറ്റെന്നു കണ്ടെത്തി.

എഡ്വേഡ് ഹെസ്റ്റന്‍ എന്ന അമേരിക്കന്‍ വൈദികന്റെ നേതൃത്വത്തിലായിരുന്നു വത്തിക്കാനില്‍ നിന്നുള്ള അന്വേഷണം. 1960 നും 70 നും ഇടയില്‍ കേരളത്തില്‍ നിന്ന് യൂറോപ്പിലേക്ക് പോയ 1595 പെണ്‍കുട്ടികളില്‍ 438 പേര്‍ ഫാ. പുത്തന്‍പുര മുഖേന പോയവരാണെന്നു അന്വേഷണത്തില്‍ കണ്ടെത്തി. ഇവരില്‍ 154 പേര്‍ പലകാരണങ്ങള്‍ കൊണ്ട് തിരികെപോന്നു.

ഫാ. പുത്തന്‍ന്‍പുരക്ക് നാല്പതോ അമ്പതോ യൂറോപ്യന്‍ കോണ്‍വെന്റുകളില്‍ നിന്നായി ആകെ 31000 പൗണ്ട് (ഏകദേശം 30 ലക്ഷം രൂപ) ലഭിച്ചു. അത് പെണ്‍കുട്ടികളെ തെരെഞ്ഞെടുത്തു പരിശീലിലിപ്പിക്കുന്നത്തിനു ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായാണ് ചെലവഴിച്ചതെന്നും അന്വേഷകര്‍ കണ്ടെത്തി.
.
ഏറ്റുമാനൂരടുത്ത് ചെറുവാണ്ടൂരില്‍ താന്‍ വികാരി ആയിരുന്ന സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്കടുത്ത് അച്ചന്‍ വാങ്ങിയ നാലേക്കറില്‍ നിര്‍മലാ ഭവന്‍സെക്കുലര്‍ ഇന്സ്ടിട്യൂട്ടിനു വേണ്ടി ഒരു കെട്ടിട സമുച്ചയം പണിയിച്ചു എന്നത് ശരിയാണ്. പക്ഷെ അവിടെ വിവിധ മെഡിക്കല്‍, പാരാ മെഡിക്കല്‍കോഴ്സുകള്‍ നടത്താന്‍ തൊട്ടടുത്ത മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിക്ക് വാടകക്ക് കൊടുക്കുകയാണ് ചെയ്തത്. ഒടുവില്‍ യൂണിവേഴ്സിറ്റി അത് വിലക്കു വാങ്ങാന്‍ കരാറായി. 3.59 ഏക്കര്‍ 1..10 കോടിക്ക്. അമ്പത് ലക്ഷം മുന്‍കൂര്‍ ആയും കൊടുത്തു.

പക്ഷെ ആധാരം നന്നില്ല. അവകാശ തര്‍ക്കത്തിന്റെ പേരില്‍ ബാക്കി പണം കൊടുക്കാനാവാതെ കിടന്നു. സ്ഥലവും കെട്ടിടവും ഇപ്പോള്‍ യൂണിവേഴ്സിറ്റിയുടെ കൈവശത്തിലാണ്. അവിടെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ ക്ലാസുകള്‍ നടക്കുന്നു.

ആരോപണ വിധേയനായെങ്കിലും അതില്‍ നിന്നെല്ലാം മോചിതനായി നിര്‍ധനനനായാണ് ഫാ. പുത്തന്‍പുര കടന്നു പോയത്. വൈദികരുടെ ഒരു വൃദ്ധഭവനത്തില്‍ കഴിയവേ 2004 ഡിസംബര്‍ 24 നു 82 ആം വയസില്‍ അദ്ദേഹം നിര്യാതനായി. അതിരമ്പുഴ സെന്റ് മേരീസ് പള്ളി ഇടവകക്കാരനായ അദ്ദേഹത്തെ അവിടെത്തന്നെ കബറടക്കി.

''മനുഷ്യന്‍ മണ്ണില്‍ നിന്ന് ജനിച്ചു. മണ്ണിലേക്ക് തന്നെ മടങ്ങിപോകുന്നു,'' മുടിയൂര്‍ക്കര ഹോളി ഫാമിലി പള്ളിയോടു ചേര്‍ന്നുള്ള കരുണാലയത്തില്‍ കഴിയുമ്പോള്‍ അച്ഛന്‍ ഈ ലേഖകനോട് പറഞ്ഞു. 'പത്രമേനി'യായി (വൈദിക വൃത്തി സ്വീകരിക്കുന്നവര്‍ക്കു കിട്ടുന്ന കുടുംബ സ്വത്തു) ലഭിച്ച ഒരേക്കര്‍ സ്ഥലം പാവങ്ങള്‍ക്ക് ദാനം ചെയ്ത ആളാണ് അദ്ദേഹം. ചങ്ങനാശ്ശേരി രൂപതയുടെ ആദ്യ മോണ്‍സിഞ്ഞോര്‍ തോമസ് പുത്തന്‍പുരയുടെ പിതൃ അഹോദര പുത്രനാണ്. ''സമൂഹത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ദൈവ കരം കാണിച്ച് കൊടുക്കുകയായിരുന്നു എന്റെ ലക്ഷ്യം. അത് ഒട്ടൊക്കെ സാധിച്ചു'' അദ്ദേഹം പറഞ്ഞു.

ഒരാള്‍ കന്യാസ്ത്രീയായി മറുനാട്ടില്‍ പോയാല്‍ സ്വന്തം വീടിനു എന്തു ഗുണം? വീട്ടിലേക്കു പണം അയക്കാന്‍ കഴിയില്ല. പക്ഷെ ചിലതൊക്കെ ചെയ്യാന്‍ കഴിയും. തന്റെ നാട്ടിലെ സഹോദരനെയോ സഹോദരിയെയോ കൂട്ടുകാരിയായ കന്യാസ്ത്രീയുടെ സഹോദരനെക്കൊണ്ടോ സഹോദരിയെക്കൊണ്ടോ വിവാഹം ചെയ്യിക്കാം.. അവരെ യൂറോപ്പില്‍ കൊണ്ടുവന്നു പഠിപ്പിക്കാനോ ജോലിക്കു കയറ്റാനോ സഹായിക്കാം.. ജര്‍മനിയിലും ഇറ്റലിയിലും ഒരുപാട് മലയാളികള്‍ ചേക്കേറിയതിന്റെ ഒരു രഹസ്യം അതാണ്.

ബോംബെ സാന്താക്രൂസ് എയര്‍പോര്‍ട്ടിന്റെ പരിസരത്ത് ''നണ്‍ റണ്ണിങ്ങ്: അതുമായി ഞങ്ങള്‍ക്കു ബന്ധമില്ല'' എന്ന് എഴുതിയ വമ്പന്‍ ഹോര്‍ഡിങ്ങ് പറന്നുയരുന്ന ഒരു വിമാനത്തിന്റെ ചിത്രം സഹിതം എയര്‍ ഇന്ത്യ ആ കാലത്ത് ഉയര്‍ത്തിയത് ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീട് ആ പരസ്യം പത്രങ്ങളിലും വന്നു. (അന്ന് ഇന്ത്യയില്‍ ടെലി വിഷന്‍ വന്നിട്ടില്ല). ഒടുവില്‍ കന്യാസ്ത്രീകളുടെ കുത്തൊഴുക്ക് എന്ന അര്‍ഥത്തില്‍ നണ്‍ റണ്ണിങ്ങ് ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയിലും സ്ഥാനം പിടിച്ചു.

ദേശിയ പുരസ്‌കാരം നേടിയ ഷൈനി ജേക്കബ് ബെഞ്ചമിന്‍ ജര്‍മനിയിലെ ആദ്യകാല നഴ്സുമാരെപ്പറ്റി 2013ല്‍ എടുത്ത ഡോകുമെന്ററി 'ട്രാന്‍സ്ലേറ്റഡ് ലൈവ്സ്' ഓര്‍മ്മവരുന്നു. ജര്‍മനിയിലും കേരളത്തിലും സഞ്ചരിച്ച് ചിത്രീകരിച്ച മനോഹരമായ ഒരു ചിത്രം. സക്കറിയയുടെ തിരക്കഥ. ''ഞങ്ങള്‍ ജീവിതത്തിന്റെ സിംഹഭാഗവും ഇവിടെ ജീവിച്ചു. ഇവിടെ തന്നെ അടക്കും. ഒരു മടങ്ങിവരവില്ല'' എന്ന് പലരും ഷൈനിയോട് പറയുന്നു.

അതിനു ശേഷം ആദ്യമായി 2018 ല്‍ മാധ്യമ പ്രവര്‍ത്തകനായ രാജു റഫേലും കെ. രാജഗോപാലും ചേര്‍ന്നു ജര്‍മനിയിലും കേരളത്തിലും ചിത്രീകരിച്ച 'അറിയപ്പെടാത്ത ജീവിതങ്ങള്‍' എന്ന മനോഹരമായ ഡോക്കുമെന്ററി ജര്‍മനിയിലെ കന്യാസ്ത്രീ മഠങ്ങളിലേക്കു കാമറ തിരിക്കുന്നു..196070 കാലഘട്ടത്തില്‍ കൗമാര പ്രായത്തില്‍ അവിടെ എത്തി ജീവിതത്തിന്റെ സായന്തനങ്ങളില്‍ എത്തി നില്‍ക്കുന്ന പല മലയാളി കന്യാസ്ത്രീകളെയും ചിത്രത്തില്‍ കാണാം. ഒരു വ്യത്യാസമുണ്ട്., പലര്‍ക്കും ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ മഠങ്ങള്‍ ഉണ്ട്. പലരും മടങ്ങി വന്നു നിഷ്‌കാമ സേവനം തുടരുന്നു.

യൂറോപ്പില്‍ ആദ്യമൊക്കെ കഠിനമായി ജോലി ചെയ്യേണ്ടി വന്നു എന്നത് ശരിയാണ്. പക്ഷെ ഭാഷയും വേഷവും മാറ്റി കാലാവസ്ഥയോട് ഇണങ്ങി ചേര്‍ന്നപ്പോള്‍ സ്ഥിതി മാറി. സമര്‍ഥരായ പലരും കോണ്‍ഗ്രിഗേഷനുകളുടെ തലപ്പത്തു തന്നെ എത്തി. ഉദാഹരണത്തിന് പ്രേമ പാക്കുമല സെന്റ് അഗസ്റ്റിന്‍ സിസ്റ്റേഴ്സിന്റെയും വീണ പുന്നക്കാപ്പള്ളില്‍ യോഹന്നസ് സിസ്റ്റേഴ്സിന്റെയും മദര്‍ ജനറല്‍മാരായി. ആല്‍ഫി ഇലഞ്ഞിക്കല്‍ ആണ് കോബല്‍സ് ആസ്ഥാനമായ സിസ്റ്റേഴ്സ് ഓഫ് ദി ഹോളി സ്പിരിറ്റിന്റെ സുപ്പീരിയര്‍ ജനറല്‍.

കേരളത്തില്‍ വേരുള്ള കോണ്‍ഗ്രിഗേഷനുകളും മറുനാട്ടിലെത്തി. ചങ്ങനാശ്ശേരി മെത്രാന്‍ മാര്‍ തോമസ് കുര്യാളശ്ശേരി സ്ഥാപിച്ച എസ്എബിഎസിന് (സിസ്റ്റേഴ്സ് ഓഫ് ദി അഡോറേഷന്‍ ഓഫ് ദി ബ്ലെസ്സഡ് സാക്രമെന്റ്ആരാധനാ മഠം) കേരളം, കര്‍ണാടകം, ആന്ധ്ര പ്രദേശ്, എന്നിവിടങ്ങള്‍ക്കു പുറമെ ജര്‍മനി, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളില്‍ മഠങ്ങള്‍ ഉണ്ട്.

കാലം മാറി. കോലവും. ഇന്ന് മലയാളി കന്യാസ്ത്രീകള്‍ യൂറോപ്പില്‍ നിന്നും ആഫ്രിക്കയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. യൂറോപ്പിലെ മഠങ്ങളില്‍ ആളില്ലാത്ത അവസ്ഥ കേരളത്തിലും ഇന്നുണ്ട്.

റോയിട്ടര്‍ ഫെലോഷിപ് കിട്ടി ലണ്ടനിലും പിന്നീട് ഹോളണ്ടിലും മീഡിയ സ്റ്റഡീസ് ചെയ്ത ആളാണ് രാജു ഇ. റാഫേല്‍. ഫുള്‍ബറൈറ് സ്‌കോളര്‍ഷിപ്പ് നേടിയ കെ. രാജഗോപാലും ഹോളണ്ടില്‍ കൂടെ പഠിച്ചു. ജര്‍മനിയില്‍ ഡോക്യൂമെന്ററിക്ക് വേണ്ട ഡേറ്റ നല്‍കിയവരില്‍ ഒരാള്‍ അര നൂറ്റാണ്ടായി ബോണിനടുത്തോട് ഉങ്കലില്‍ കഴിയുന്ന മാളക്കാരന്‍ ജോസ് പുന്നാംപറമ്പില്‍ ആണ്. മലയാളത്തിലും ജര്‍മനിലും മൈനാ വെല്‍ററ് (എന്റെ ലോകം) എന്ന മാസിക എഡിറ്റ് ചെയ്തിരുന്ന ആള്‍. സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ്. ഇപ്പോള്‍ മകള്‍ നിസാ ജോസ് ആണ് 'എന്റെ ലോകം' എഡിറ്റര്‍.

ദിനേശ് കല്ലറക്കല്‍ ആണ് ഡോക്കുമെന്ററിയുടെ പ്രൊഡ്യൂസര്‍. കെ.ബി വേണുവിന്റെ ശബ്ദം ചിത്രത്തിന് മാറ്റ് കൂട്ടുന്നു. 

സിസ്റ്റര്‍ അല്‌ഫോന്‍സ പുന്നേലിപറമ്പിലിന്റെ വിശദീകരണ കുറിപ്പ്

Dear Mr. Kurian, 

I read your article.

I came in Germany 1967.

I do not know, who is Fr. Cyriak Puthenpura.

We came to Germany in the responsibility of Fr. Januarius C M I 

I have not brought relatives to Germany. Somebody had this chance.

Our habit has red cross. Name of our Congregation is Daughters of 

S. Camillus.

Last year Mr. Raju and Rajagopal with Jose Punnamparambil were here

in Asbach/Westerwald in our place.

Mr. Kurian, I do not know English well. 

All the Best

Sr. Alphonsa Punneliparambil

നണ്‍ റണ്ണിങിന് അര നൂറ്റാണ്ട്: യൂറോപ്പിലേക്ക് മലയാളി പെണ്‍കുട്ടികളുടെ കൂട്ടപലായനം കേരളത്തിന്റെ മുഖശ്ചായ മാറ്റി (കുര്യന്‍ പാമ്പാടി)നണ്‍ റണ്ണിങിന് അര നൂറ്റാണ്ട്: യൂറോപ്പിലേക്ക് മലയാളി പെണ്‍കുട്ടികളുടെ കൂട്ടപലായനം കേരളത്തിന്റെ മുഖശ്ചായ മാറ്റി (കുര്യന്‍ പാമ്പാടി)നണ്‍ റണ്ണിങിന് അര നൂറ്റാണ്ട്: യൂറോപ്പിലേക്ക് മലയാളി പെണ്‍കുട്ടികളുടെ കൂട്ടപലായനം കേരളത്തിന്റെ മുഖശ്ചായ മാറ്റി (കുര്യന്‍ പാമ്പാടി)നണ്‍ റണ്ണിങിന് അര നൂറ്റാണ്ട്: യൂറോപ്പിലേക്ക് മലയാളി പെണ്‍കുട്ടികളുടെ കൂട്ടപലായനം കേരളത്തിന്റെ മുഖശ്ചായ മാറ്റി (കുര്യന്‍ പാമ്പാടി)നണ്‍ റണ്ണിങിന് അര നൂറ്റാണ്ട്: യൂറോപ്പിലേക്ക് മലയാളി പെണ്‍കുട്ടികളുടെ കൂട്ടപലായനം കേരളത്തിന്റെ മുഖശ്ചായ മാറ്റി (കുര്യന്‍ പാമ്പാടി)നണ്‍ റണ്ണിങിന് അര നൂറ്റാണ്ട്: യൂറോപ്പിലേക്ക് മലയാളി പെണ്‍കുട്ടികളുടെ കൂട്ടപലായനം കേരളത്തിന്റെ മുഖശ്ചായ മാറ്റി (കുര്യന്‍ പാമ്പാടി)നണ്‍ റണ്ണിങിന് അര നൂറ്റാണ്ട്: യൂറോപ്പിലേക്ക് മലയാളി പെണ്‍കുട്ടികളുടെ കൂട്ടപലായനം കേരളത്തിന്റെ മുഖശ്ചായ മാറ്റി (കുര്യന്‍ പാമ്പാടി)നണ്‍ റണ്ണിങിന് അര നൂറ്റാണ്ട്: യൂറോപ്പിലേക്ക് മലയാളി പെണ്‍കുട്ടികളുടെ കൂട്ടപലായനം കേരളത്തിന്റെ മുഖശ്ചായ മാറ്റി (കുര്യന്‍ പാമ്പാടി)നണ്‍ റണ്ണിങിന് അര നൂറ്റാണ്ട്: യൂറോപ്പിലേക്ക് മലയാളി പെണ്‍കുട്ടികളുടെ കൂട്ടപലായനം കേരളത്തിന്റെ മുഖശ്ചായ മാറ്റി (കുര്യന്‍ പാമ്പാടി)നണ്‍ റണ്ണിങിന് അര നൂറ്റാണ്ട്: യൂറോപ്പിലേക്ക് മലയാളി പെണ്‍കുട്ടികളുടെ കൂട്ടപലായനം കേരളത്തിന്റെ മുഖശ്ചായ മാറ്റി (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക