Image

ന്യൂയോര്‍ക്കിലെ ലത്തീന്‍ കത്തോലിക്കരുടെ കൂട്ടായ്മ കാല്‍നൂറ്റാണ്ടിലേക്ക്

പോള്‍ ഡി പനയ്ക്കല്‍ Published on 01 September, 2018
ന്യൂയോര്‍ക്കിലെ ലത്തീന്‍ കത്തോലിക്കരുടെ കൂട്ടായ്മ കാല്‍നൂറ്റാണ്ടിലേക്ക്
ന്യൂയോര്‍ക്ക്: മലയാളി ലത്തീന്‍ കത്തോലിക്കരുടെ കൂട്ടായ്മ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. മലയാളി സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാതെ അങ്ങുമിങ്ങുമായി ചിതറികിടന്ന ഒരു കൊച്ചു സമൂഹം ഒരുമിക്കുന്നതിനും വളരുന്നതിനുമായി മുന്‍കൈ എടുത്തതിന്‍റെ അനുസ്മരണം സെപ്റ്റംബര്‍ എട്ടിന് (ശനി) ന്യൂയോര്‍ക്ക് ക്യൂന്‍സിലെ ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയില്‍ ചേരുന്നു.

ഇന്ത്യന്‍ ലാറ്റിന്‍ റൈറ്റ് മിനിസ്ട്രി എന്ന പേരില്‍ ന്യൂയോര്‍ക്ക് ബ്രൂക്‌ളിന്‍ രൂപതയുടെ മാര്‍ഗിനിര്‍ദേശത്തിലാണ് മലയാളി ലത്തീന്‍ കത്തോലിക്കര്‍ ആത്മീയവും സമൂഹികവുമായി പ്രവര്‍ത്തിക്കുന്നത്. വംശീയതയിലും ഭാഷാപരമായും ലോകത്തില്‍ ഏറ്റവുമധികം വൈവിധ്യതയുള്ള രൂപതയാണ് ബ്രൂക്‌ളിന്‍. ഇവിടെ മലയാളി സമൂഹം മാസത്തില്‍ ഒരു ശനിയാഴ്ച ഔവര്‍ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയില്‍ ഒരുമിച്ചു ചേര്‍ന്ന് മലയാളത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും കമ്യൂണിറ്റി ഹാളില്‍ സ്‌നേഹ സമ്മേളനം നടത്തി അത്താഴം പങ്കുവയ്ക്കുകയും ചെയ്യുന്നു. എറണാകുളം സ്വദേശിയായ ഫാ. റോബര്‍ട്ട് അന്പലത്തിങ്കല്‍ ആണ് സമൂഹത്തിന്‍റെ ആത്മീയ ഉപദേഷ്ടാവ്.

ആദ്യകാലങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് സംഗമിച്ചിരുന്ന ലത്തീന്‍ കത്തോലിക്കാ സമൂഹം പിന്നീട് ഒരു ലൂതെറന്‍ പള്ളിയുടെ ഹാളിലേക്ക് മാറി. അമേരിക്കന്‍ മലയാളി സമൂഹത്തിലെ വലിയൊരു വിഭാഗമായ സീറോ മലബാര്‍ റീത്തില്‍ പെട്ടവര്‍ക്ക് തനതായ രൂപത ഉണ്ടാകുകയും സീറോ മലങ്കര, ക്‌നാനായ സമൂഹങ്ങള്‍ക്ക് അവരുടേതായ ആരാധന ചട്ടക്കൂടുകള്‍ രൂപപ്പെടുത്തുകയും ചെയ്തപ്പോള്‍ അമേരിക്കന്‍ കത്തോലിക്കാ സഭ മലയാളി ലത്തീന്‍ കത്തോലിക്കര്‍ക്ക് മുഖ്യധാരയുടെ ഭാഗമാകുന്നതിനുള്ള അവസരം ഒരുക്കുകയും ഭാഷാസാംസ്കാരിക ദേശീയ വിശിഷ്ടതകളെ അമേരിക്കന്‍ ജീവിതത്തില്‍ നിലനിര്‍ത്തുന്നതിനും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനുള്ള വേദി നല്‍കുകയും ചെയ്തു.
ന്യൂയോര്‍ക്കിലെ ലത്തീന്‍ കത്തോലിക്കരുടെ കൂട്ടായ്മ കാല്‍നൂറ്റാണ്ടിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക