Image

പ്രവാസം പ്രവാസി പ്രവാസസാഹിത്യം - ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 02 April, 2012
പ്രവാസം പ്രവാസി പ്രവാസസാഹിത്യം - ജോസഫ് നമ്പിമഠം
"Give me your tired, your poor,
Your huddled masses,yearing to breathe free,
The wretched refuse of your teaming shore,
Send these the homeless,tempest tossed tome,
I lift my lamp beside the golden door!"

ന്യൂയോര്‍ക്ക് തുറമുഖത്ത്, വലതുകരത്തിലേന്തിയ പ്രകാശദീപവുമായി കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന സ്വാതന്ത്ര്യപ്രതിമയുടെ പീഠത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ഗീതക(Sonnet)ത്തിലെ ഏതാനും ചില വരികളാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്.
പോര്‍ച്ചുഗലില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ ഒരു ജൂത കുടുംബത്തിലാണ് ഇതിന്റെ രചയിതാവായ എമ്മ ലാസറസ് പിറന്നത്.The New Colosuss എന്ന പേരില്‍ 1883 ല്‍ എഴുതിയ ആ ഗീതകത്തിലൂടെ പതിനാലുവരി കവിതയിലൂടെ 38-ാം വയസില്‍ മരണമടഞ്ഞ ആ പ്രവാസ കവി (കവയിത്രി) അനശ്വരയായി.

ബി.സി 280 ല്‍ ഗ്രീസിന്റെ മാന്‍ഡ്രാകി തുറമുഖത്ത് ഇരുകരകളിലുമായി കാലുകുത്തിനിന്നരുന്ന കൊളോസസ് പ്രതിമയെപ്പോലെ കീഴടക്കലിന്റെ പുരുഷപ്രതീകമല്ല ഈ പുതിയ ശില്പം എന്ന് കവി ഓര്‍മ്മിപ്പിക്കുന്നു. കാരുണ്യം ചൊരിയുന്ന കണ്ണുകളും, പ്രകാശം പൊഴിക്കുന്ന ദീപവുമായി തിരസ്‌കൃതനെ സ്വീകരിക്കാന്‍ സ്വര്‍ണ്ണകവാടത്തില്‍ കാത്തുനില്‍ക്കുന്ന തിരസ്‌കൃതന്റെ അഭയമില്ലാത്തവന്റെ അമ്മ(Mother of exiles) എന്നാണ് ഈ ശില്പത്തെ കവി വിശേഷിപ്പിക്കുന്നത്.

എത്ര മനോഹരമായ കവി സങ്കല്പം! തോമസ് മൂറിന്റെ ഉട്ടോപ്യയും, നമ്മുടെ കൊച്ചുകേരളത്തിന്റെ മാവേലിലോകവും ഒക്കെ മഹത്തായ കവി സങ്കല്‍പ്പങ്ങള്‍ തന്നെ. കയ്യില്‍ കാലണ ഇല്ലാതെ അദ്ധ്വാനിക്കാനുള്ള മനസ്സും പറന്നു നടക്കാന്‍ ഒരു സ്വതന്ത്രവിഹായസും തേടി, ചേക്കറാനിടം തേടി, മാതൃരാജ്യമുപേക്ഷിച്ച്, മെച്ചപ്പെട്ട ജീവിതം തേടി കുടിയേറിയവരാണ് അമേരിക്കന്‍ ജനതയില്‍ ഭൂരിഭാഗവും.

1607 ല്‍ വെര്‍ജീനിയയിലെ ജെയിംസ് ടൗണിലാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ആദ്യകോളനി സ്ഥാപിതമായത്. അതായത് നാനൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ആ കുടിയേറ്റം ഇന്നു അനുസ്യൂതം തുടരുന്നു. ജൂതനും മുസ്‌ളീമും, ഇന്‍ഡ്യനും പാക്കിസ്ഥാനിയും, ഈജിപ്തുകാരനും, ഇസ്രേലിയും, കറുത്തവനും വെളുത്തവനും, ഗേയും ലെസ്ബിയനും, വറന്‍ ബഫേയും ബില്‍ഗേറ്റ്‌സും, വീടില്ലാത്തവനും തെരുവുതെണ്ടിയുമടങ്ങിയ അടങ്ങിയ അമേരിക്കന്‍ സമൂഹത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നത് നോഹയുടെ പെട്ടകവും, ഉട്ടോപ്യന്‍ ലോകവും, മാവേലിയന്‍ ലോകവും ഒക്കെയാണ്.

ഏതു മതത്തില്‍ പെട്ടവനും, ഏതു രാഷ്ട്രത്തില്‍ പിറന്നവനും അവന്റെ മതവിശ്വാസം സംരക്ഷിക്കാനും സാംസ്‌ക്കാരിക പൈതൃകം നിലനിര്‍ത്താനും, ജോലി ചെയ്യാനും സ്വത്തുസമ്പാദിക്കാനും സ്വതന്ത്രമായി ജീവിക്കാനും അമേരിക്കന്‍ ഭരണഘടന തടസമായി നില്‍ക്കുന്നില്ല. അതുകൊണ്ടാണല്ലോ അവസരങ്ങളുടെ നാട്(Land of opportunity) എന്ന് അതിനെ വിളിക്കുന്നത്. വിവിധ സംസ്‌ക്കാരങ്ങള്‍, നിറങ്ങള്‍, ഭാഷകള്‍, സാഹിത്യം എല്ലാം അമേരിക്കയെന്ന് മെല്‍റ്റിംഗ് പോട്ടില്‍ ഉരുകിച്ചേര്‍ന്ന് പുതിയ രൂപഭാവങ്ങള്‍ ആര്‍ജ്ജിക്കുന്നു. അങ്ങിനെ രൂപം കൊണ്ട സാഹിത്യത്തെ അമേരിക്കന്‍ സാഹിത്യം എന്നും വിളിക്കുന്നു.
കുടിയേറുന്ന സമൂഹം പിന്നിട്ടു പോന്ന രാജ്യത്തിന്റെ ഓര്‍മ്മകളും ഗുഹാതുരത്വവും, ഭാഷയും സാഹിത്യവുമൊക്കെ വളരെ നാള്‍ നെഞ്ചിലേറ്റി നടക്കുന്നത് തികച്ചും സ്വാഭാവികം. വിങ്ങുന്ന ഒരു നോവുപോലെ ഗൃഹാതുരത്വം പ്രവാസിയില്‍ തങ്ങി നില്‍ക്കുന്നു. കുടിയേറ്റക്കാരന്റെ പിന്‍മുറക്കാരിലൂടെയാണ് മാറ്റങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്.

ഇംഗ്ലണ്ടില്‍ നിന്ന് അമേരിക്കയിലേക്കു കുടിയേറിയ സമൂഹത്തിന്റെ ആദ്യകാല സാഹിത്യത്തിനു ഇംഗ്ലണ്ടിലെ ഭാഷയോടും സാഹിത്യത്തോടുമായിരുന്നു അടുപ്പം. അമേരിക്കന്‍ സാഹിത്യചരിത്രമെന്നത് പ്യൂരിറ്റനിസം മുതല്‍ പോസ്റ്റുമോഡേണിസം വരെയുള്ളതാണ് പ്യൂരിട്ടനിസത്തിന്റെ സ്വാധീനത്തില്‍ തുടങ്ങി സ്വന്തമായി ഒരു സാഹിത്യശാഖയായി അമേരിക്കയിലെ സാഹിത്യം വളര്‍ന്നത് Walt Whitman ന്റെ കാലത്തോടെയാണ്.(
Walt Whitman ന്റെ Leaves of Grass Published in1855). ബ്രീട്ടീഷ് പാരമ്പര്യങ്ങളിലധിഷ്ഠിതമായി കവിതാ രചനയില്‍ മുഴുകിയിരുന്നവരെ അലോസരപ്പെടുത്തിക്കൊണ്ടും അവരുടെ രചനാരീതികളെ അട്ടിമറിച്ചുകൊണ്ടും ഒരു പുതിയ കവിതാശൈലിയുമായി രംഗത്തു വന്ന  Whitman‍, ബ്രിട്ടന്‍ ഷേക്‌സ്പിയറെന്ന പോലെ, ഇന്‍ഡ്യക്ക് രവീന്ദ്രനാഥ ടാഗോറെന്നപോലെ, ഗ്രീസിന് ഹോമറെന്നപോലെ അമേരിക്കയുടെ ദേശീയ കവിയായി ആദരിക്കപ്പെട്ടു(Walt Whitman-ഇവര്‍ക്ക് സമശീര്‍ഷന്‍ എന്ന് അര്‍ത്ഥമാക്കേണ്ടതില്ല).

അമേ
രിക്കയിലേക്കുള്ള ഇന്‍ഡ്യക്കാരുടെ കുടിയേറ്റ ചരിത്രം ആരംഭിച്ചത് 1950 കളിലാണെങ്കിലും എണ്‍പതുകളിലാണ് അതു ശക്തി പ്രാപിച്ചത്. അമേരിക്കന്‍ മലയാളികളുടെ സാഹിത്യ, പത്രപ്രവര്‍ത്തന മണ്ഡലങ്ങള്‍ ശക്തിയാര്‍ജ്ജിച്ചു തുടങ്ങിയത് 90 കളിലാണ്(25 വര്‍ഷം പിന്നിട്ട ന്യൂയോര്‍ക്കിലെ കൈരളി പത്രത്തെ വിസ്മരിക്കുന്നില്ല.)ചുരുക്കി പറഞ്ഞാല്‍ അമേരിക്കയിലെ മലയാള സാഹിത്യചരിത്രത്തിന് 18ല്‍ താഴെ വര്‍ഷങ്ങളുടെ പഴക്കമേയുള്ളൂ. കുടിയേറ്റക്കാരുടെ രാജ്യമായ അമേരിക്കയില്‍ സ്വന്തമായി ഒരു സാഹിത്യശാഖ രൂപമെടുക്കാന്‍ ഇരുന്നൂറിലധികം വര്‍ഷമെടുത്തെങ്കില്‍ 18 വര്‍ഷം ഒരു കാലയളവേ അല്ല.

ഒരു പ്രവാസിക്ക് പ്രവാസത്തിന്റെ ആദ്യഘട്ടം സാഹിത്യചിന്തയുടെ കാലമല്ല. പറിച്ചു നടപ്പെട്ട ഒരു വൃക്ഷത്തിന്റെ സ്ഥിതി ഓര്‍ത്തു നോക്കുക. വേരോടിയിട്ടു വേണ്ടേ ഫലം പുറപ്പെടുവിക്കാന്‍. ആദ്യഘട്ടം ചുവടുറപ്പിക്കല്‍ പ്രക്രിയയാണ്. മലയാള പ്രസിദ്ധീകണങ്ങള്‍ ഒന്നുമില്ലാതിരുന്ന ഘട്ടത്തില്‍ നാട്ടില്‍ നിന്ന് തപാലില്‍ എത്തുന്ന പത്രമാസികളായിരുന്നു ജന്മനാടുമായുള്ള ഭാഷാസാഹിത്യ പുക്കിള്‍ക്കൊടി ബന്ധം. പിന്നീട് കൈയ്യെഴുത്തു മാസികകള്‍, മലയാളം ടൈപ്പ്‌റൈട്ടറില്‍ തയ്യാറാക്കിയ പ്രസിദ്ധീകരണങ്ങള്‍, നാട്ടിലെ പത്രങ്ങളില്‍ നിന്ന് വെട്ടി ഒട്ടിച്ച് രൂപപ്പെടുത്തിയ പ്രസിദ്ധീകരണങ്ങള്‍, കേരളത്തില്‍ സെറ്റപ്പ് ചെയ്ത് ഇവിടെ പ്രസിദ്ധീകരിക്കുന്ന പത്രമാസികകള്‍…അങ്ങിനെ പോകുന്നു അമേരിക്കന്‍ പത്രസാഹിത്യ വളര്‍ച്ചാ പുരാണം.

ഇന്റര്‍നെറ്റ് സര്‍വ്വവ്യാപാകമായതോടെ കേരളത്തിലെ ദിനപത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രവാസിക്ക് സുലഭമായി. ഇന്റര്‍നെറ്റ് പത്രങ്ങളും മാസികകളും വളര്‍ന്നതോടെ സ്വന്തം കൃതികള്‍ പ്രസിദ്ധീകരിക്കാനും മറുനാടുകളിലെ എഴുത്തുകാരുടെ രചനകള്‍ പരിചയപ്പെടാനും സംവദിക്കാനും പരിചയപ്പെടാനുമുള്ള അവസരങ്ങള്‍ വളര്‍ന്നു. എസ്.എം.എസ് കവിതകള്‍, ബ്‌ളോഗ് രചനകള്‍ ഒക്കെ പുതിയ കാലത്തിന്റെ സാഹിത്യ രൂപങ്ങളാണ്.

(തുടരും..)
പ്രവാസം പ്രവാസി പ്രവാസസാഹിത്യം - ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക