Image

സിനിമ എന്റെ രക്തത്തിലുണ്ട്: കല്യാണി

മീട്ടു റഹ്മത്ത് കലാം Published on 03 September, 2018
സിനിമ എന്റെ രക്തത്തിലുണ്ട്:  കല്യാണി
മൂന്ന് പതിറ്റാണ്ടുകള്‍ മുന്‍പ് റിലീസായി, നാനൂറ്റി അഞ്ച് ദിവസം തീയറ്ററില്‍ ഓടിയ പ്രിയദര്‍ശന്‍ സിനിമയാണ് ചിത്രം. അതിലെ നായികകഥാപാത്രത്തെ ഇന്നും മലയാളി സ്‌നേഹത്തോടെ ഓര്‍ക്കും കല്യാണി. തന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായികയുടെ പേര് മകള്‍ക്ക് നല്‍കുമ്പോള്‍ ഒരുപക്ഷേ സിനിമയായിരിക്കും അവളുടെ വഴിയെന്ന് ആ അച്ഛന്‍ കരുതിയിരിക്കില്ല. ടോളിവുഡിലൂടെ അരങ്ങേറിയ കന്നിച്ചിത്രത്തിന് ഫിലിംഫെയര്‍ അവാര്‍ഡ് സ്വന്തമാക്കിയതിലൂടെ സിനിമ തന്റെ രക്തത്തില്‍ അലിഞ്ഞിരിക്കുന്നെന്ന് തെളിയിച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍.

അഭിനയം: ഒരു ട്വിസ്റ്റ്

പ്രിയപ്പെട്ടവര്‍ക്ക് കല്യാണി അമ്മുവാണ്. അധികം സംസാരിക്കാത്ത, പുസ്തകങ്ങള്‍ വായിച്ചും സിനിമകണ്ടും ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്ന കുട്ടിയില്‍ സിനിമാമോഹം ഉറങ്ങിക്കിടന്നത് ആരും അറിഞ്ഞിരുന്നില്ല. എങ്കിലും സിംഗപ്പൂരില്‍ നിന്ന് ബി.ആര്‍ക് ബിരുദം നേടിയെത്തിയ മകള്‍, കലാസംവിധായകന്‍ സാബു സിറിളിന്റെ സഹായിയായി പ്രവര്‍ത്തിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രിയദര്‍ശനെ തെല്ലും അമ്പരപ്പിച്ചില്ല. കുടുംബ സുഹൃത്തും ദേശീയ അവാര്‍ഡ് ജേതാവുമായ സാബു സിറിളിനൊപ്പം ക്രിഷ്3 പോലൊരു പ്രോജക്ടിന്റെ ഭാഗമാകുന്നതിലൂടെ ലഭിക്കുന്ന അനുഭവ സമ്പത്തിനെക്കുറിച്ച് അമ്മ ലിസിയും ബോധവതി ആയിരുന്നു. 'ഇരുമുഖന്‍' എന്ന വിക്രം ചിത്രത്തിന്റെ പിന്നണിയിലും കല്യാണി പ്രവര്‍ത്തിച്ചു. എന്നാല്‍, പൊതുവെ ഉള്‍വലിഞ്ഞ് പെരുമാറുന്ന മകള്‍, അഭിനയത്തിലേക്ക് കടക്കുന്നു എന്നത് ഇരുവരെയും ഞെട്ടിച്ചു. നിര്‍ബന്ധിക്കാതെ തന്നെ മകള്‍, അവരുടെ വഴി തിരഞ്ഞെടുത്തതില്‍ സന്തോഷമായിരുന്നു മാതാപിതാക്കള്‍ക്ക്.

സെലിബ്രിറ്റി കിഡ് എന്ന സമ്മര്‍ദ്ദം

സിനിമാപാരമ്പര്യം ഇല്ലാത്തൊരു വ്യക്തിക്ക് ചലച്ചിത്രലോകത്ത് എന്‍ട്രി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരിക്കും എന്നത് സത്യമാണ്. അത്രത്തോളം തന്നെ സമ്മര്‍ദ്ദം സെലിബ്രിറ്റി കിഡ് ആയതിന്റെ പേരിലും ഉണ്ടാകും. ചെയ്യുന്നത് മോശമാകുമോ, അച്ഛനമ്മമാരുടെ പേര് ചീത്തയാകുമോ, താരതമ്യം ചെയ്യപ്പെടുമോ എന്നീ ആശങ്കകളും കാണും. അച്ഛന്റെ സിനിമയിലൂടെ കല്യാണി സിനിമയിലേക്ക് അരങ്ങേറാതിരുന്നതും അതുകൊണ്ടാണ്. എന്നാല്‍, അമലനാഗാര്‍ജുന എന്നീ താരങ്ങളുടെ മകന്‍ അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രം ആകുമ്പോള്‍, ആ ഭാരം തുല്യമായി ഇരുവരുടെ ചുമലിലും വന്നതോടെ ബാലന്‍സ്ഡായി. ഹലോ എന്ന ആ ചിത്രം മികച്ച തുടക്കം തന്നെയാണ് കല്യാണിക്ക് സമ്മാനിച്ചത്. രണ്ട് തെലുങ്ക് ചിത്രങ്ങള്‍കൂടി ഇതിനോടകം കരാറായിക്കഴിഞ്ഞു.

പ്രണവുമായുള്ള സൗഹൃദം

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ സൗഹൃദത്തിന്റെ എക്‌സ്‌ടെന്‍ഷന്‍ ആണ് പ്രണവ്കല്യാണി സൗഹൃദം. ഇരുവരും പ്രണയത്തിലാണെന്ന പേരില്‍ പ്രചരിച്ച , ഒരുമിച്ചുളള ഫോട്ടോ പ്രണവിന്റെ സഹോദരി വിസ്മയയാണ് കല്യാണിക്ക് അയച്ചുകൊടുത്തത്. ആദ്യം സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുകയും 2017ല്‍ ലീഡ് റോളില്‍ അരങ്ങേറി തകര്‍പ്പന്‍ വിജയം നേടിയവരുമാണ് ഇരുവരും എന്നതും ഈ സുഹൃത്തുക്കളുടെ യാദൃച്ഛികമായി സംഭവിച്ച പ്രത്യേകതയാണ്. ജിത്തുജോസഫിന്റെ സംവിധാനസഹായിയായി സിനിമാജീവിതം ആരംഭിച്ച പ്രണവ് ജിത്തുവിന്റെ തന്നെ ആദി എന്ന ചിത്രത്തിലുടെ നായകനായി അരങ്ങേറി മെഗാവിജയം കൊയ്തതും കല്യാണിയുടെ നേട്ടത്തിന് സമാനമായ ഒന്നാണ്.

ഞങ്ങളുടെ സന്തോഷങ്ങളില്‍ അവരിപ്പോഴും ഒന്നിച്ച്

വിവാഹബന്ധം വേര്‍പെടുത്തിയ ശേഷവും, മക്കളായ കല്യാണിയുടെയും സിദ്ധാര്‍ഥിന്റെയും ഏതു കാര്യങ്ങള്‍ക്കും താങ്ങും തണലുമായി അച്ഛനമ്മമാര്‍ ഒപ്പം തന്നെയുണ്ട്. ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ്, അമ്മ ലിസിയുടെ കയ്യില്‍ നിന്നാണ് കല്യാണി സ്വീകരിച്ചത്. ആ വിവരം അച്ഛനെ വിളിച്ച് പറഞ്ഞയുടന്‍ സന്തോഷംകൊണ്ട് ശബ്ദം ഇടറി. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അച്ഛന്, മകളെന്ന നിലയില്‍ നല്‍കാവുന്ന വിലപ്പെട്ട സമ്മാനമായിരുന്നു അത്.
എന്നാല്‍ ഐ.വി.ശശിയുടെ മകനും പ്രിയദര്‍ശന്റെ സംവിധാനസഹായിയുമായ അനിയുടെ സംവിധാനത്തില്‍ പ്രണവ്കല്യാണി ടീം ഒന്നിക്കുന്ന ഒരു മലയാളസിനിമ ഉണ്ടാകുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയും പ്രചാരത്തിലുണ്ട്. ഇരുവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അത് നിഷേധിച്ചിട്ടില്ലെന്നത് വാര്‍ത്തയ്ക്ക് ശക്തി പകരുന്നു.

തയ്യാറാക്കിയത്

മീട്ടു റഹ്മത്ത് കലാം


കടപ്പാട് മംഗളം

സിനിമ എന്റെ രക്തത്തിലുണ്ട്:  കല്യാണിസിനിമ എന്റെ രക്തത്തിലുണ്ട്:  കല്യാണിസിനിമ എന്റെ രക്തത്തിലുണ്ട്:  കല്യാണിസിനിമ എന്റെ രക്തത്തിലുണ്ട്:  കല്യാണിസിനിമ എന്റെ രക്തത്തിലുണ്ട്:  കല്യാണിസിനിമ എന്റെ രക്തത്തിലുണ്ട്:  കല്യാണിസിനിമ എന്റെ രക്തത്തിലുണ്ട്:  കല്യാണിസിനിമ എന്റെ രക്തത്തിലുണ്ട്:  കല്യാണിസിനിമ എന്റെ രക്തത്തിലുണ്ട്:  കല്യാണിസിനിമ എന്റെ രക്തത്തിലുണ്ട്:  കല്യാണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക