Image

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ 40 ഓളം പേര്‍ മാതാവിന്റെ വിമല ഹ്യദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.) Published on 03 September, 2018
ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ  ഫൊറോനായില്‍ 40 ഓളം പേര്‍ മാതാവിന്റെ വിമല ഹ്യദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു
ഷിക്കാഗൊ: ഓഗസ്റ്റ് 15 ബുധനാഴ്ച പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ദിവസം, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റേയും, വുമണ്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ഷീബാ മുത്തോലത്തിന്റേയും നേത്യുത്വത്തില്‍ 40ഓളം പേര്‍ മാതാവിന്റെ വിമല ഹ്യദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറൊനാ പള്ളിയില്‍, ഒറീസ്സായിലെ ബാലസോര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ സൈമണ്‍ കായിപ്പുറം മുഖ്യകാര്‍മികനും, റെവ. ഫാ. എബ്രാഹം മുത്തോലത്ത് സഹകാര്‍മികനുമായി വിശുദ്ധ ബലി അര്‍പ്പിച്ചതിനുശേഷമാണ് ഈ ഫൊറൊനായിലെ ഇഥംപ്രദമായുള്ള ഈ വിമല ഹ്യദയ പ്രതിഷ്ഠ പ്രാര്‍ത്ഥന നടന്നത്.

ഫാ. മൈക്കിള്‍ ഇ. ഗെറ്റ്‌ലിയുടെ "33-days to Morning Glory" എന്ന പുസ്തകത്തിനെ ആസ്പദമാക്കി സെന്‍റ് ലൂയിസ് ഡി മോണ്‍ഫോര്‍ട്ട്, സെന്റ് മാക്‌സിമിലിയന്‍ കോള്‍ബെ, സെന്റ് മദര്‍ തെരേസ ഓഫ് കല്‍ക്കട്ട, സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, എന്നീ വിശുദ്ധന്മാരുടെ ക്രമപ്രകാരമുള്ള 33 ദിവസത്തെ പ്രാര്‍ത്ഥനയിലൂടെയും, ദിനംപ്രതിയുള്ള ധ്യാനത്തിലൂടെയുമാണ് "മാതാവിന്റെ വിമല ഹ്യദയം വഴി ഈശോയിലേക്ക്" എന്ന ആഗ്രഹം അവര്‍ സഫലീകരിച്ചത്. ദിവസേനയുള്ള കൊന്തനമസ്കാരവും, ഉപവാസവും, കുമ്പസാരവും ഇതിന്റെ ഭാഗമായിരുന്നു. യഥാര്‍ത്ഥ മരിയ ഭക്തരാവുന്ന ഇവര്‍ പരി. കന്യാമറിയത്തിന്റെ വിശ്വാസത്തിന്റെ ഭാഗഭാഗിത്വം ആകുന്നതോടൊപ്പം, മറിയത്തിന്റെ ആത്മാവും ചൈതന്യവും, അവരുടെ ആത്മാവുമായി ബന്ധപ്പെടുകയും, അതുവഴി "അവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക" എന്നുപറഞ്ഞ മാതാവിന്റെ ആഗ്രഹം സാധിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.

ഈ വിമല ഹ്യദയ പ്രതിഷ്ഠ വഴി അവര്‍ "Army of Immaculate" ലെ അംഗമാകുകയും മാതാവുവഴി ഈശോയിലേക്ക് ധാരാളം ആത്മാക്കളെ നേടുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി, ഇടവകയില്‍ സജീവമായ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇവര്‍ക്ക് മാര്‍ സൈമണ്‍ കായിപ്പുറം പിതാവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍ക്കുകയും, പൂക്കള്‍ നല്‍കി ഇവരെ അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക