Image

കേരളമെത്ര ഹരിതം! മനോഹരം! (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 03 September, 2018
കേരളമെത്ര ഹരിതം! മനോഹരം! (തൊടുപുഴ കെ ശങ്കര്‍, മുംബൈ)
മാനവ ഭാവനയ്ക്കാകുമോ വര്‍ണ്ണിക്കാന്‍
മലയാള നാടിന്റെ സൗകുമാര്യം?
കേരങ്ങളെങ്ങും തഴച്ചു വളരുന്ന
കേരളമാണെന്റെ ജന്മ ദേശം!

ആഴിയില്‍ പണ്ടു പരശുരാമന്‍ തന്റെ
മഴുവെറിഞ്ഞുണ്ടായ കേരളത്തില്‍,
നമ്മുടെ പൂര്‍വ്വജര്‍ ചെയ്ത സുകൃതത്താല്‍
നമ്മള്‍ക്കും ജന്മം ലഭിച്ചുവല്ലോ!

അത്തം തുടങ്ങിയാല്‍ പത്തു ദിവസങ്ങള്‍
ആര്‍ത്തു വിളികളായ്, പൂതേടലായ്!
തിരതല്ലുമാനന്ദത്തോടെ വരവേല്‍പ്പു
തിരുവോണ നാള്‍ ബലിത്തമ്പുരാനെ!

മേടം പിറന്നെന്നാല്‍ പിന്നെ വിഷുക്കണി
മോടിയാക്കീടാനൊരുക്കമായി!
പൂക്കള്‍ പറിക്കുവാന്‍, ചേതോഹരമാകും
പൂക്കളം തീര്‍ക്കുവാന്‍ മോഹമായി!

കണ്ണുകള്‍ക്കാനന്ദ മേകും വസ്തുക്കളില്‍
കര്‍ണ്ണികാരപ്പൂക്കള്‍ സുപ്രധാനം!
നിര്‍വൃതിയോടെ കണി കണ്ടു നേടും നാം
നല്ലൊരു വര്‍ഷത്തിന്‍ സുപ്രഭാതം!

പിന്നെ,കഥകളി,ഓട്ടം തുള്ളല്‍ നൃത്ത
മെന്നിങ്ങനെത്ര കലോത്സവങ്ങള്‍!
വിശ്വ വിഖ്യാതമാം, ആറന്മുളയിലെ
വള്ളം കളി പോല്‍ വിനോദമേറെ!

കേരളീയര്‍ വിദ്യാ സമ്പന്നരെന്ന പോ
ലേറെ പരിശ്രമ ശാലികളും!
എന്തു ക്ലേശങ്ങള്‍ സഹിക്കാനും സന്നദ്ധര്‍
ഐക്യത്തില്‍ ലോകത്തില്‍ അദ്‌വിതീയര്‍!

ഗുളു ഗുളു ചൊല്ലിയൊഴുകുമരുവികള്‍
കള കളം പാടുന്ന പൈങ്കിളികള്‍,
ആഴിയെ നോക്കിയൊഴുകും സരിത്തുകള്‍
അഴകോലും കുന്നുകള്‍, മാമലകള്‍!

സൗന്ദര്യം തുള്ളിത്തുളുമ്പുമൊരായിരം
കൗതുകം ചോരുന്ന ദൃശ്യങ്ങളും,
വാസര സ്വപ്‌നങ്ങള്‍ തൊട്ടുണര്‍ത്തും,സുഖ
വാസസ്ഥലങ്ങളും,തീരങ്ങളും!

സംഗീത വിദ്വാന്മാര്‍, നൃത്ത പ്രതിഭകള്‍,
വാഗ്മികള്‍, ചിത്രകാരന്മാരേറെ!
സ്വര്‍ഗ്ഗവും നാണിച്ചു പോകുമതു കൊണ്ടോ
കാര്‍വര്‍ണ്ണന്‍ കേരളം സ്വന്തമാക്കി?

കേരളമെത്ര ഹരിതം! മനോഹരം
കേരങ്ങള്‍, നെല്‍പ്പാട ശേഖരങ്ങള്‍ !
“ദൈവത്തിന്‍ സ്വന്തം നാടെന്നു”ചൊല്ലുന്നതില്‍
കൈതവമില്ലതു നിത്യ സത്യം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക