Image

മൂര്‍ഖന്‍ പറമ്പിലെ കണ്ണൂര്‍ എയര്‍പോര്‍ട്ടും പറക്കലിന് റെഡിയാവുന്നു

എ.എസ് ശ്രീകുമാര്‍ Published on 03 September, 2018
മൂര്‍ഖന്‍ പറമ്പിലെ കണ്ണൂര്‍ എയര്‍പോര്‍ട്ടും പറക്കലിന് റെഡിയാവുന്നു
ഉത്തര മലബാറിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹുങ്കാരത്തോടെ വിമാനങ്ങള്‍ അധികം താമസിയാതെ പറന്നുയരും. വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാലിബറേഷന്‍ പരിശോധന ഇക്കഴിഞ്ഞ ദിവസം പൂര്‍ത്തിയായിട്ടുണ്ട്. ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം അഥവാ ഐ.എല്‍.എസിന്റെ കൃത്യതയാണ് ചെറുവിമാനം ഉപയോഗിച്ച് പരിശോധിച്ചത്. വിമാനത്താവാളത്തിന് മുകളിലൂടെ വട്ടം കറങ്ങിയും റണ്‍വേയ്ക്ക് മുകളിലൂടെ ഉയര്‍ന്നും താഴ്ന്നും പറന്നാണ് പരിശോധന നടന്നത്. രണ്ടു മണിക്കൂര്‍ ഇടവിട്ട് പറന്നിറങ്ങി ഇന്ധനവും നിറക്കുകയുണ്ടായി. റണ്‍വേയില്‍ സ്ഥാപിച്ച ലൈറ്റുകളുടെ പരിശോധയും പൂര്‍ത്തിയായി. എയര്‍പോര്‍ട്ട് അതോറിറ്റി നല്‍കുന്ന അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ ഇനി വിമാനത്താവളത്തില്‍ പരിശോധന നടത്തും. തുടര്‍ന്ന് വലിയ യാത്രാ വിമാനമിറക്കി റണ്‍വേ പരിശോധിച്ചശേഷം അന്തിമ അനുമതി നല്‍കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് കണ്ണൂര്‍. (കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്-കിയാല്‍). 2010 ഡിസംബറില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്ചുതാന്ദനാണ് കണ്ണൂര്‍ വിമാനത്താവളത്തിന് തറക്കല്ലിട്ടത്. മട്ടന്നൂരിനടുത്തുള്ള മൂര്‍ഖന്‍ പറമ്പിലാണ് ഉത്തരമലബാറിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കുന്ന കണ്ണൂര്‍ വിമാനത്താവളം. കണ്ണൂര്‍, തലശ്ശേരി പട്ടണത്തില്‍നിന്ന് 25 കിലോമീറ്റര്‍ കിഴക്കായും ഇരിട്ടി, പേരാവൂര്‍ പട്ടണത്തില്‍ നിന്ന് 17 കിലോമീറ്റര്‍ പടിഞ്ഞാറായുമാണ് ഈ വിമാനത്താവളം. ഏറ്റവും അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ കണ്ണൂരും തലശ്ശേരിയുമാണ്. സംസ്ഥാന പാതകളായ കണ്ണൂര്‍-മട്ടന്നൂര്‍, തലശ്ശേരി-സംസ്ഥാന അതിര്‍ത്തിയിലെ വളവുപാറ എന്നിവ വിമാനത്താവളത്തിന്റെ ഓരംചേര്‍ന്ന് കടന്നു പോകുന്നു. 

മറ്റു വിമാനത്താവളങ്ങളില്‍ നിന്നു വ്യത്യസ്തമായി കണ്ണൂര്‍ വിമാനത്താവളം പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് എന്ന നിലയിലാണ് കണ്ണൂര്‍ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്. മലനിരകളും കൊച്ചു വനപ്രദേശവുമായിരുന്ന മൂര്‍ഖന്‍ പറമ്പിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതിനാല്‍ പരിസ്ഥിതിക്കു കോട്ടം തട്ടാതിരിക്കാന്‍ സമീപ പ്രദേശങ്ങളില്‍ മൂന്നു ലക്ഷത്തോളം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയുണ്ടായി. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയെ പിന്തള്ളി കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ഇത് മാറും. ഗോവ, നവി മുംബൈ എന്നിവയാണ് നിര്‍മ്മാണത്തിലുള്ള മറ്റു രണ്ടു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍.

ഒരുകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കേരളത്തിന്റെ തനത് ഉത്പന്നങ്ങളും പ്രകൃതി വിഭവങ്ങളുമെല്ലാം കടന്നുപോയത് ഉത്തര മലബാറിലെ തുറമുഖങ്ങളിലൂടെയായിരുന്നു. കണ്ണൂരിലെ കൈത്തറിയും വളപട്ടണത്തെ മരത്തടികളും ഏറെക്കാലം കടല്‍ കടന്നു. പക്ഷേ, കാലക്രമേണ മലബാറിന്റെ വികസനങ്ങള്‍ക്ക് കോട്ടം തട്ടാന്‍ തുടങ്ങി. ഉപജീവനത്തിന് പുതിയ അവസരങ്ങള്‍ തേടി മലബാറിലെ യുവാക്കളില്‍ നല്ലൊരു ശതമാനം ഗള്‍ഫിലേക്ക് കടല്‍ കടന്നതോടെ മലബാറിന്റെ പ്രതാപത്തിന് വീണ്ടും ചിറക് മുളച്ചു. കണ്ണൂരില്‍ ആദ്യ വിമാനമിറങ്ങുമ്പോള്‍ മലബാറില്‍ പുതിയൊരു ചരിത്രാധ്യായത്തിന് തുടക്കമിടും. ഉത്തര മലബാറില്‍നിന്നുള്ള പ്രവാസികള്‍ വളരെയേറെ പ്രതീക്ഷയോടെയാണ് കണ്ണൂര്‍ വിമാനത്താവളമെന്ന സ്വപ്‌ന സാക്ഷാത്കാരത്തിനെ മനസില്‍ പേറുന്നത്. 

വിദേശ വിമാനക്കമ്പനികള്‍ വളരെ താത്പര്യപൂര്‍വമാണ് കണ്ണൂരിനെ കാണുന്നത്. ഗള്‍ഫ് വിമാനക്കമ്പനികളായ ഇത്തിഹാദ് എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ്, ഒമാന്‍ എയര്‍വേയ്‌സ്, എയര്‍ അറേബ്യ, സഊദി അറേബ്യന്‍ എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍വേയ്‌സ് തുടങ്ങിയ എയര്‍ലൈനുകള്‍ കണ്ണൂരിലേക്ക് പുതിയ സര്‍വീസ് നടത്തുന്നതിന് വ്യോമയാന മന്ത്രാലയത്തെ സമീപിക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. ഇന്ത്യന്‍ എയര്‍ ലൈന്‍സ്, ജെറ്റ് എയര്‍വേയ്‌സ്, ബജറ്റ് എയര്‍ലൈനുകളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നിവയും കണ്ണൂരിലേക്കുള്ള സര്‍വീസ് മെച്ചപ്പെട്ടതാക്കി മാറ്റാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്.

കണ്ണൂരില്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകും. പ്രധാനമായും ഗള്‍ഫ്‌നാടുകളില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രവാസികളില്‍ നല്ലൊരു ശതമാനം ഇപ്പോള്‍ മംഗലാപുരം വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങളുടെയും വിമാന സര്‍വീസുകളുടെയും എണ്ണം വര്‍ധിക്കുന്നതോടെ വിമാന നിരക്കില്‍ കുറവുണ്ടാകുമെന്നാണ് പ്രവാസികള്‍ കരുതുന്നത്. ഏഴിമല നാവിക അക്കാദമിയും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വിദേശ മലയാളികളുടെ സാന്നിധ്യം തുടങ്ങിയവ പരിഗണിക്കുമ്പോള്‍ കണ്ണൂര്‍ വിമാനത്താവളം ഉത്തരമലബാറിന്റെ വികസന രംഗത്ത് നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളം, കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെയും കര്‍ണാടകയിലെ കുടക് ജില്ലയിലുള്ള പ്രവാസികളുടെയും യാത്ര സുഗമമാകും.

വിമാനത്താവളത്തില്‍ 700 കാറുകള്‍ക്കും 200 ടാക്‌സികളും 25 ബസ്സുകളും ഒരേ സമയം പാര്‍ക്കിങ് സൗകര്യമുണ്ടാകും. റണ്‍വേയുടെ വലുപ്പം നോക്കിയാല്‍ രാജ്യത്തെ നാലാമത്തെ വിമാനത്താവളമായിരിക്കുമിത്. പാസഞ്ചര്‍ ടെര്‍മിനലിന്റെ വലുപ്പത്തില്‍ രാജ്യത്ത് എട്ടാം സ്ഥാനമാണ് കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിനുണ്ടാവുക. 95,000 ചതുരശ്രമീറ്റര്‍ ആണ് പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ വലുപ്പം. 48 ചെക്കിങ് കൗണ്ടര്‍, 16 എമിഗ്രേഷന്‍ കൗണ്ടര്‍, 16 കസ്റ്റംസ് കൗണ്ടര്‍, 12 എസ്‌കലേറ്റര്‍, 15 എലിവേറ്റര്‍ എന്നിവയും ഉണ്ടാകും. ഒരേസമയം 20 വിമാനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയും. 1996 ജനുവരി 19ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം ഇബ്രാഹിമാണ് കണ്ണൂര്‍ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിക്കുന്നത്. ഒടുവില്‍ 2013 ജൂലൈയിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് പരിസ്ഥിതി അനുമതിയും ലഭിച്ചത്. 2014 ഫെബ്രുവരി രണ്ടിന് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണിയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, 2016 ഫെബ്രുവരി 29നാണ് ആദ്യ വിമാനം പരീക്ഷണാര്‍ത്ഥം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. 

ഇവിടെ നിന്ന് ആദ്യ ഘട്ടത്തില്‍ 12 ആഭ്യന്തര റൂട്ടുകളിലായി 26 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ആഭ്യന്തര വിമാനയാത്രാ സൗകര്യവും കണക്ടിവിറ്റിയും മെച്ചപ്പെടുത്താനുദ്ദേശിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ (ഉഡെ ദേശ് കാ ആം നാഗ്രിക്) പദ്ധതി പ്രകാരമാണിത്. വ്യോമയാന മന്ത്രാലയം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയവയുമായി ഒപ്പുവച്ച ധാരണാപത്രമനുസരിച്ച് ഇന്‍ഡിഗോ എല്ലാ ദിവസവും ഹുബ്ലി, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നടത്തും. ഇതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വയബിളിറ്റി ഗ്യാപ് ഫണ്ടിംഗ് (വി.ജി.എഫ്) നടത്തും. വി.ജി.എഫ് ഇല്ലാതെ ഇന്‍ഡിഗോ ചെന്നൈ, ബംഗളൂരു, ഹിന്‍ഡണ്‍ (യു.പിയിലെ ഗാസിയാബാദിനടുത്ത്) എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേയ്ക്കും സ്‌പൈസ് ജെറ്റ് ചെന്നൈ ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേയ്ക്കും തിരിച്ചും സര്‍വീസ് നടത്തും.

അബുദാബിയിലേയ്ക്ക് ജെറ്റ് എയര്‍വേയ്‌സും സൗദി അറേബ്യയിലെ ദമാമിലേയ്ക്ക് ഗോ എയറും (ഇന്‍ഡിഗോയുടെ അന്താരാഷ്ട്ര സര്‍വീസ്) എല്ലാ ദിവസവും സര്‍വീസ് നടത്തും. ഈ എയര്‍ലൈനുകല്‍ ട്രാഫിക് റൈറ്റ്‌സ് വാങ്ങിക്കഴിഞ്ഞു. ദോഹ, കുവൈറ്റ്, റിയാദ്, മസ്‌കറ്റ്, അബു ദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേയ്ക്ക് സര്‍വീസ് നടത്താന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, എതിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ്, ഗള്‍ഫ് എയര്‍, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഒമാന്‍ എയര്‍, എയര്‍ അറേബ്യ തുടങ്ങിയവയെല്ലാം കണ്ണൂരിലേയ്ക്ക് സര്‍വീസ് നടത്താന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഹജ്ജ് യാത്രയ്ക്കുളള കേന്ദ്രങ്ങമായി കണ്ണൂര്‍ വിമാനത്താവളത്തെ അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മൂര്‍ഖന്‍ പറമ്പിലെ കണ്ണൂര്‍ എയര്‍പോര്‍ട്ടും പറക്കലിന് റെഡിയാവുന്നുമൂര്‍ഖന്‍ പറമ്പിലെ കണ്ണൂര്‍ എയര്‍പോര്‍ട്ടും പറക്കലിന് റെഡിയാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക