Image

സുധീര്‍ പണിക്കവീട്ടലിന്റെ അമേരിക്കന്‍ സാഹിത്യ നിരൂപണങ്ങള്‍ - (വീക്ഷണം-1: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 04 September, 2018
സുധീര്‍ പണിക്കവീട്ടലിന്റെ അമേരിക്കന്‍ സാഹിത്യ നിരൂപണങ്ങള്‍ - (വീക്ഷണം-1: ജോണ്‍ വേറ്റം)
വിപുലമായ വായനയിലൂടെ വിജ്ഞാനം നേടുന്നവരാണ് വായനക്കാര്‍. ലോകമെമ്പാടുമുള്ള മലയാളികളിലധികവും മലയാള ഭാഷ സംസാരിക്കുന്നവരെന്നു കരുതാം. കാലാനുസൃതമായി പുരോഗമിക്കുന്ന മാദ്ധ്യമങ്ങളാണ് അതിന്റെ കാരണം. മലയാളം പ്രസിദ്ധീകരണങ്ങളുടെ വായനക്കാരാണ് ഇപ്പോഴും മുന്നില്‍. എന്നാലും, മലയാളികല്‍, ടി.വി., സാറ്റലൈറ്റ്, ഐപാഡുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ബ്ലോഗുകള്‍, കേബിള്‍ എന്നിവയിലേക്കു മാറുന്നു. അറിവിനെ ശുദ്ധീകരിക്കുകയും ജനങ്ങളെ യോജിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രചോദനശക്തിയാണ് വായനയെന്ന വാസ്തവം പഴമക്കാരെക്കാള്‍ കൂടുതലായി യുവതലമുറ മനസ്സിലാക്കുന്നു. അതുകൊണ്ട്, ഭാവി നമ്മുക്കുപരിക്കുന്ന ഒരു അന്തര്‍ദേശീയ ഭാഷ തിരഞ്ഞെടുക്കുവാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. എങ്കിലും, അമേരിയ്ക്കയിലെ സാഹിത്യമണ്ഡലം മുന്നേറ്റത്തിന്റെ വഴിയിലാണ്. 

അങ്ങനെയാണെങ്കിലും, ഇവിടെ പ്രസിദ്ധീകരിക്കുന്ന മലയാളസാഹിത്യസൃഷ്ടികളെ ആധികാരികമായി വിശകലനം ചെയ്യുന്ന നിരൂപണശാഖ ഇല്ല എന്ന പരാതി പൊന്തിവന്നിട്ടുണ്ട്. ഇത് ഒരു വ്യാജനടപടിയാണ്. തുടര്‍ച്ചയാണ്. അനവധി പ്രസാധകരും, അനേകായിരം വായനശാലകളും, നിരവധി മാധ്യമങ്ങളും, ലക്ഷക്കണക്കിനു പുസ്തകങ്ങളും, കൂടെക്കൂടെ ഒരുക്കപ്പെടുന്ന സാഹിത്യസമ്മേളനങ്ങളും, പുസ്തകങ്ങള്‍ കേന്ദ്രീകരിച്ചുള്ള  വലിയ മേളകളുമൊക്കെയുള്ള കേരളത്തിലെ സമ്പന്നമായ സാഹിത്യമണ്ഡലത്തോട് പരിമിതികള്‍ക്കുള്ളില്‍ വളരുന്ന അമേരിയ്ക്കന്‍ സാഹിത്യത്തെ താരതമ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് യുക്തിഭംഗമാണ്. 

വിയോജനാഭിപ്രായങ്ങള്‍ ആവാമെങ്കിലും വേണ്ടത്ര ജനകീയ പങ്കാളിത്തമുള്ള എഴുത്തുകാരുടെ മഹത്തായൊരു സാഹിത്യപ്രസ്ഥാനം ഇവിടെ വളരുന്നു വളര്‍ത്തപ്പെടുന്നുവെന്ന വാസ്തവം വിസ്മരിക്കാവുന്നതോ മറച്ചുപിടിക്കാവുന്നതോ അല്ല. യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുന്ന വലിയ വായനാലോകവും, എഴുത്തുകാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുപ്രസിദ്ധ മാധ്യമങ്ങളും, സാഹിത്യ സംഘടനകളും, അഭിമാനഭരിതമായ പുരോഗതിയിലേക്കുയരുന്ന നിരൂപകരും ഇവിടെയുണ്ട്.

സുപ്രസിദ്ധ സാഹിത്യകാരനായ ശ്രീ.സുധീര്‍ പണിക്കവീട്ടിലിന്റെ പുതിയ പുസ്തകമാണ് അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍'. നോര്‍ത്തമേരിക്കയിലെ മലയാളസാഹിത്യചരിത്രത്തിന്റെ പ്രാരംഭം കുറിച്ച പയേറിയയിലെ പനിനീര്‍പ്പൂക്കള്‍ എന്ന പ്രഥമ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗം. ഇതിലും, അനുകാലിക സാഹിത്യചരിത്രം സംബന്ധിച്ച പ്രൗഢമായ പ്രബന്ധം ചേര്‍ത്തിട്ടുണ്ട്. ആരേയും അനുകരിക്കാതെ മാധ്യമങ്ങളില്‍ നിരന്തരം എഴുതുന്ന സുധീറിന്റെ പുതിയനിരൂപണങ്ങളുടെ സാരാംശം എന്തെന്നു നോക്കാം.

ഡോ. ഏ.കെ.ബി.പിള്ള. അതുല്യ ധിഷണാവിലാസവിസ്മയം
സാമൂഹികമായ ഉത്തരവാദിത്വത്തെ തന്റെ കൃതികളിലൂടെ ഓര്‍മ്മപ്പെടുത്തുന്ന ഡോ.എ.കെ.ബി.പിള്ളയെ, സര്‍ഗ്ഗാത്മസൃഷ്ടികളിലൂടെ സാമൂഹ്യനന്മയെ ലക്ഷ്യമിടുകയും മനുഷ്യരാശിക്ക് നന്മകള്‍ നല്‍കുവാന്‍ അനുസ്യൂതം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആ നല്ല മനസ്സിന്റെ ഉടമയെ, ആഴമേറിയ നന്ദിയോടെ പരിചയപ്പെടുത്തുന്നു.
ഈ ലോകത്തിനൊരു കത്ത്/സാധാരണമായതിനെ ഉത്കൃഷ്ടമാക്കുന്ന ആഖ്യാനം
പ്രൊഫ.ജോസഫ് ചെറുവേലിയുടെ 'എ പാസ്സേജ് ടു അമേരിക്ക' എന്ന ഗ്രന്ഥം ആത്മകഥയല്ല. പിന്നയോ, രണ്ട് ഭൂഖണ്ഡങ്ങളില്‍ ജീവിച്ച ഒരു കുടിയേറ്റക്കാരന്റെ ജീവിതാനുഭവങ്ങളുടെ വിസ്താരവിവരണങ്ങളാണ്. അത് വായിക്കുന്തോറും അറിവുകള്‍ പകരുന്നു. നര്‍മ്മബോധവും നല്ല ഭാഷയും ഭാവനയും രചനാതന്ത്രവും വശമുള്ള എഴുത്തുകാരനാണ് ഗ്രന്ഥകര്‍ത്താവ്.

പ്രൊഫസര്‍ എം.ടി.ആന്റണിയുടെ അമ്മിണികവിതകള്‍.
അമ്മിണി കവിതകള്‍ ഒരു ഏകീകൃത ശൈലിയില്‍ ബന്ധിച്ചവയല്ല, വരികളുടെ എണ്ണമോ, വൃത്തമോ, ശില്പ ഘടനയിലെ നിര്‍ബന്ധങ്ങളോ അത് അനുശാസിക്കുന്നില്ല. വിവരണാത്മകമായ കവിതകളല്ല. തത്ത്വചിന്താപരമായ വിഷയങ്ങള്‍ക്ക് തന്റേതായൊരു വ്യാഖ്യാനം കൊടുക്കുന്ന രീതിയാണ് അമ്മിണിക്കവിതകള്‍ക്കുള്ളത്.

ചൈനീസ് കവിത മലയാളത്തില്‍
എ.ഡി.618 മുതല്‍ 904 വരെ ചൈനയില്‍ നിലനിന്ന ടാങ്ങ് വംശകാലത്ത് ജീവിച്ചിരുന്ന 12 കവികള്‍ രചിച്ച 24 കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയില്‍ നിന്നും മലയാളത്തിലേക്ക് ഡോക്ടര്‍ പി.സി.നായര്‍ തര്‍ജ്ജമ ചെയ്തിട്ടുള്ള 'മരതക വീണ' എന്ന കവിതാസമാഹാരം. കാവ്യസൗകുമാര്യവും കാല്പനികതയും കൈ കോര്‍ത്തു നില്‍ക്കുന്ന കവിതകള്‍. വിരഹത്തിന്റെ, പ്രകൃതിദൃശ്യങ്ങളുടെ, പ്രണയാമുഗ്ധഭാവങ്ങളുടെ കവിതകള്‍. ദുരൂഹതകള്‍ സൃഷ്ടിക്കാത്ത രചനാതന്ത്രം. പരിഭാഷകന്റെ അഭിജ്ഞത്വം പരിഗണിക്കേണ്ടതാണ്.

സര്‍ഗാത്മഗത ചാര്‍ത്തിനില്‍ക്കുന്ന മുഖക്കുറികള്‍
സുപ്രസിദ്ധ അമേരിക്കന്‍ മാസിക ജനനിയില്‍ പ്രസിദ്ധീകരിച്ച അമ്പത്തിരണ്ട് പത്രാധിപക്കുറിപ്പുകളുടെ സമാഹാരമാണ് ശ്രീ. ജെ. മാത്യൂസിന്റെ 'ദര്‍പ്പണം' എന്ന പുസ്തകം. ഒരു എഴുത്തുകാരന്റെ സത്യസന്ധതയും പത്രക്കാരന്റെ ധര്‍മ്മവും ഒത്തുചേരുന്ന ഒരു അനുഭവമാണ് ഈ കുറിപ്പുകള്‍ നല്‍കുന്നത്. വാണിജ്യസ്വഭാവമുള്ള പത്രാധിപക്കുറിപ്പുകളില്‍നിന്നും ഇവ വേറിട്ടുനില്‍ക്കുന്നു. രചനയില്‍, ഘടനയില്‍, നിരീക്ഷണങ്ങളില്‍, നിഗമനങ്ങളില്‍, വിശകലനങ്ങളില്‍ വിശിഷ്ടസ്ഥാനം അലങ്കരിക്കുന്നു. ചിന്തിക്കാന്‍ വക നല്‍കുന്ന വിഷയങ്ങളുടെ ഉല്‍കൃഷ്ടമായ അവതരണമാണീ പുസ്തകം. അസമത്വങ്ങളും അരുതായ്മകളും മുന്നില്‍ കാണുമ്പോള്‍ രോഷം കൊള്ളുന്ന ക്രാന്തദര്‍ശിയായ പത്രാധിപര്‍.

മാനുഷിക ഭാവങ്ങളുടെ മലര്‍ച്ചെണ്ട്
ശ്രീ.അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിതന്റെ ഇംഗ്ലീഷ്‌കവിതകളുടെ സമാഹാരമാണ് Bouquet of Emotions എന്ന പുസ്തകം. ഇതിലെ കവിതകള്‍ പൊതുവായി പ്രവാസമെന്ന വിഷയത്തില്‍ ഒതുങ്ങിനില്‍ക്കുന്നു. അതിനോടനുബന്ധിച്ചുവരുന്ന വികാരങ്ങളാണ് കവിതികളിലെ പ്രമേയം. ദുരൂഹതകള്‍ കലര്‍ത്താതെ മനോഹരവും താത്വികവുമായ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന കവിതകള്‍ നൈസര്‍ഗ്ഗികവും ജന്മനാ ഉള്ളതും സ്വച്ഛന്ദമായി ഒഴുകിവരുന്നതുമാണ്.

ലോകസഞ്ചാരിയുടെ വിശേഷങ്ങള്‍
സുപ്രസിദ്ധനായ മാര്‍ക്കോപോളയുടെ സഞ്ചാരങ്ങള്‍ അല്ലെങ്കില്‍ ലോകചരിത്രം എന്ന നോവലിനെ ആസ്പദമാക്കി ജോണ്‍ ഇളമത രചിച്ച പുസ്തകമാണ് മാര്‍ക്കോപോളോ. ഇത് നോവലാണോ, ചരിത്ര നോവലാണോ, സഞ്ചാരസാഹിത്യ നോവലാണോ, അതോ സ്വതന്ത്ര പരിഭാഷയാണോ എന്ന് നിര്‍ണ്ണയിക്കുക ദുഷ്‌കരമാണ്. എങ്കിലും, ഐതിഹാസികമായ ഒരു ഭൂതകാലത്തേക്ക് ഈ പുസ്തകം നമ്മെ കൊണ്ടു പോകുന്നു. വിവരണങ്ങള്‍ ഒരു സഞ്ചാരി കാണുന്നപോലെത്തന്നെ വായനക്കാര്‍ക്ക് അനുഭവപ്പെടും. യാത്രകള്‍ ഇഷ്ടപ്പെടുന്നവരും സാഹസിക കഥകള്‍ ഇഷ്ടപ്പെടുന്നവരും പഴയകാലഘട്ടങ്ങളിലെ മനുഷ്യരുടെ ജീവിതരീതിയും നാഗരീകതയും സംസ്‌ക്കാരവും അറിയാന്‍ ആഗ്രഹിക്കുന്നവരും ഈ പുസ്തകം വായിക്കാന്‍ താത്പര്യമുള്ളവരാകും.

കാഴ്ചപ്പാടുകള്‍-അരികെ, അകലെ

കവിയിത്രി ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ മലയാളത്തില്‍ എഴുതിയ ലേഖനങ്ങളുടെ ഇംഗ്ലീഷ്പരിഭാഷയാണ് 'ട്രൂ പേഴ്‌സ്‌പെക്ടീവ്' എന്ന പുസ്തകം. എല്ലാ വിഷയങ്ങളെക്കുറിച്ചും മുഖവുരപോലെ എഴുതികൊണ്ട് അതേക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ജിജ്ഞാസ മലയാളത്തില്‍ അല്പം സംസാരിക്കുന്നവര്‍ക്ക് ഉണ്ടാകും. അവരെ മലയാളനാടിനോട് അടുപ്പിക്കുന്ന കണ്ണിയായി പുസ്തകം അതിന്റെ ഉദ്ദേശ്യം നിര്‍വ്വഹിക്കും. ഉപദേശങ്ങള്‍ ഉദാഹരണങ്ങളിലൂടെ കൊടുക്കുക എന്ന രീതിയാണ് എഴുത്തുകാരി ഇഷ്ടപ്പെടുന്നത്. എല്ലാ രചനകളിലും നന്മയുടെയും സ്‌നേഹത്തിന്റെയും മുഗ്ധഭാവങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നു.

ആദാമിന്റെ ആദ്യഭാര്യ
ശ്രീമതി ലൈല അലെക്‌സിന്റെ കഥാസമാഹാരമാണ് 'ലിലിത്' എന്ന പേരുള്ള പുസ്തകം. ഓരോ കഥയിലും പ്രകടമാകുന്നത് ചെറുകഥാ പ്രസ്ഥാനത്തിലെ മൂല അംശങ്ങളെ എഴുത്തുകാരി പിന്തുടരുന്നതായിട്ടല്ല മറിച്ച് തന്റേതായ ഒരു രീതി സ്വീകരിക്കുന്നതായിട്ടാണ്. ആധുനികതക്കും യാഥാസ്ഥിതികതയ്ക്കും അതിര്‍വരമ്പുകളിടാതെ സൂക്ഷ്മതയോടെയുള്ള അത്തരം അവതരണങ്ങള്‍ക്ക് ഒരു നൂതനഭംഗി കൈവരുന്നുണ്ട്. വളരെ ആഹ്ലാദകരമായ വായനാനുഭവം തരുന്ന 17 കഥകള്‍. ജിജ്ഞാസ നിലനിര്‍ത്തിക്കൊണ്ട് വായിപ്പിക്കുന്ന എഴുത്തുകാരിയുടെ കഥാശില്പനിപുണത പ്രശംസാര്‍ഹമാണ്.

തുടരും

സുധീര്‍ പണിക്കവീട്ടലിന്റെ അമേരിക്കന്‍ സാഹിത്യ നിരൂപണങ്ങള്‍ - (വീക്ഷണം-1: ജോണ്‍ വേറ്റം)
Join WhatsApp News
Babu Parackel 2018-09-04 18:11:15
A very good work. Lot of effort and time spent. Readers get the benefit to know the Malayalam writers in America. A book well written. Congratulations to Sudheer and thanks to Vettam for introducing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക