Image

പ്രളയ ദുരിതാശ്വാസത്തിന്‌ പ്രത്യേക മാനദണ്ഡം വേണമെന്നു ഹൈക്കോടതി

Published on 04 September, 2018
പ്രളയ ദുരിതാശ്വാസത്തിന്‌ പ്രത്യേക മാനദണ്ഡം വേണമെന്നു ഹൈക്കോടതി
കൊച്ചി: പ്രളയദുരന്തത്തില്‍പെട്ട്‌ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക്‌ നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്ന്‌ ഹൈക്കോടതി. ദുരിതാശ്വസമായി നല്‍കുന്ന തുകയ്‌ക്കായി പ്രത്യേക അക്കൗണ്ട്‌ തുടങ്ങണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ശേഷം സര്‍ക്കാരിനോട്‌ ഇക്കാര്യം നിര്‌ദേശിക്കുകയായിരുന്നു കോടതി.

നഷ്ടപരിഹാരത്തിനു അര്‍ഹതയുള്ളവരെ മുന്‌ഗണനക്രമത്തില്‍ തരംതിരിക്കണം. നഷ്ടത്തിന്‌ അനുസരിച്ച്‌ മാത്രമെ നഷ്ടപരിഹാരം നല്‍കാവൂ. നഷ്ടപരിഹാരം നിര്‍ണയിക്കുമ്‌ബോള്‍ മുന്‍ഗണനാക്രമവും നാശനഷ്ടത്തിന്റെ തോതും കണക്കിലെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

എന്തടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ നാല്‌ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്‌ കോടതി ചോദിച്ചു. എന്തൊക്കെ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌ നഷ്ടപരിഹാരം സ്വീകരിച്ചതെന്ന്‌ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കണം.

ശരിയായ നഷ്ടം കണക്കാക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക്‌ സാധിക്കാതെ വന്നാല്‍ അത്‌ വ്യാപക അഴിമതിക്ക്‌ ഇടയാക്കും. സര്‍ക്കാരിന്റെ നടപടികള്‍ സുതാര്യവും ജനങ്ങള്‍ക്ക്‌ വിശ്വസനീയവുമായിരിക്കണം. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക