Image

മറക്കാനാവാത്ത ഓര്‍മ്മച്ചിത്രം

Published on 02 July, 2011
മറക്കാനാവാത്ത ഓര്‍മ്മച്ചിത്രം
ലോഹിതദാസ്‌. മലയാള സിനിമ പ്രേക്ഷകരിലെ സാധാരണക്കാരോടൊപ്പം നിന്ന്‌ സാധാരണയില്‍ സാധരണയായ കഥകള്‍ പറയാന്‍ ആഗ്രഹിച്ച, എഴുതിയ കഥകളോരൊന്നും മലയാള സിനിമയുടെ ഏടുകളാക്കി മാറ്റിയ ലോഹിതദാസ്‌. പറയാന്‍ ഏറെ കഥകള്‍ ബാക്കിവെച്ച്‌ ലോഹി പെട്ടൊന്നൊരുനാള്‍ (29 - ജൂണ്‍ -2009) വിടവാങ്ങിയപ്പോള്‍ ചലച്ചിത്രലോകം മാത്രമല്ല മലയാളം അറിയുന്ന ഏതൊരാളും വിതുമ്പി നിന്ന കാഴ്‌ച ഇപ്പോഴും മറന്നിട്ടില്ല. എ.കെ ലോഹിതദാസ്‌ എന്ന മലയാളിയുടെ പ്രീയപ്പെട്ട ലോഹി വിടവാങ്ങിയിട്ട്‌ രണ്ടുവര്‍ഷം തികയുന്നു.

``എന്തൊരു പ്രതിഭയായിരുന്നു അയാളുടേത്‌. ഇതുപോലെ കരുത്തനായ എഴുത്തുകാരനെ നഷ്‌ടപ്പെട്ടത്‌ സഹിക്കാന്‍ കഴിയുന്നതല്ല. അതിനേക്കാള്‍ വേദനിപ്പിക്കുന്നതാണ്‌ ലോഹിയെന്ന കൂട്ടുകാരന്റെ വിടവാങ്ങല്‍''. രണ്ടുവര്‍ഷം മുമ്പ്‌ ലോഹിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ കണ്ണുനിറഞ്ഞുകൊണ്ട്‌ മമ്മൂട്ടി പറഞ്ഞത്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്‌.

ലോഹിക്ക്‌ മരണമില്ലാതാവുന്നതും ഇവിടെയാണ്‌. കിരീടം, ഭരതം, അമരം, പാഥേയം, ഭൂതക്കണ്ണാടി, ജോക്കര്‍, കസ്‌തൂരിമാന്‍ തുടങ്ങി എഴുതിയതും സംവിധാനം ചെയ്‌തതുമായ 44 സിനിമകള്‍. ആ സിനിമകളത്രയും ലോഹിയെ എന്നെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.

മനുഷ്യന്റെ വികാര-വിചാരങ്ങള്‍, അവന്റെ വ്യഥകള്‍, ബന്ധങ്ങളുടെ ആഴങ്ങള്‍ ഇതെല്ലാമായിരുന്നു ലോഹിതദാസിന്റെ സിനിമകളില്‍ കണ്ടത്‌. അത്‌ നൂറുശതമാനവും കേരളീയ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടുള്ള ജീവിതത്തിന്റെ നേര്‍ക്കാഴ്‌ച്ചകളായിരുന്നു. അപ്പോഴും മെയിന്‍സ്‌ട്രീം സിനിമയുടെ ഫോര്‍മുലകള്‍ ഉപയോഗിച്ചാണ്‌ അദ്ദേഹം കഥകള്‍ പറഞ്ഞത്‌. അതുകൊണ്ടു തന്നെ സാധാരണക്കാര്‍ മുതല്‍ ബുദ്ധിജീവികള്‍ വരെ എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്നതായിരുന്നു ആ സിനിമകള്‍. ലോഹിതദാസിന്റെ സിനിമാജീവിതം രണ്ടു ഘട്ടങ്ങളിലൂടെയാണ്‌ കടന്നുപോയതെന്നു പറയാം. ആദ്യം തിരക്കഥാകൃത്തായും പിന്നീട്‌ സംവിധായകനായും. ആദ്യമായി സംവിധാനം ചെയ്‌ത ?ഭൂതക്കണ്ണാടി മികച്ച സിനിമയ്‌ക്കുള്ള ദേശീയ അവാര്‍ഡ്‌ നേടി. എങ്കിലും തിരക്കഥാകൃത്ത്‌ എന്ന നിലയിലുള്ള ആദ്യകാല കരിയറിലാണ്‌ ലോഹിയുടെ ഏറ്റവും മികച്ച സൃഷ്‌ടികള്‍ പിറവിയെടുത്തത്‌.?87 മുതല്‍ 98 വരെയുള്ള കാലം എല്ലാ അര്‍ഥത്തിലും ലോഹിയുടെ ജീവിതഗന്ധിയായ കഥകളുടെ സൗന്ദര്യം മലയാളി കണ്ടുറിഞ്ഞു.

സിബിമലയില്‍ സംവിധാനം ചെയ്‌ത തനിയാവര്‍ത്തനത്തിലൂടെയായിരുന്നു തിരക്കഥാകൃത്ത്‌ എന്ന നിലയിലുള്ള അരങ്ങേറ്റം. ഇന്നും ഒരു വിങ്ങലായി അതിലെ ദൃശ്യങ്ങള്‍ പ്രേക്ഷകമനസിലുണ്ട്‌. അത്രയ്‌ക്കും ജീവിതവുമായി അടുത്തു നിന്ന ഒരു സിനിമയായിരുന്നു അത്‌. എം.ടി വാസുദേവന്‍നായരുടെ തിരക്കഥകളില്‍ കാണുന്നതുപോലെ മനുഷ്യാവസ്ഥയുടെ ഉള്ളടക്കം അനുഭവിപ്പിക്കുകയായിരുന്നു തനിയാവര്‍ത്തനത്തിലൂടെ ലോഹി. തുടര്‍ന്ന്‌ കുറെയധികം സിനിമകളുടെ തിരക്കഥാകാരനായി ലോഹി തിളങ്ങി. ?ഭരതം, ഹിസ്‌ഹൈനസ്‌ അബ്‌ദുള്ള, എഴുതാപ്പുറങ്ങള്‍, കിരീടം, ജാതകം, മുദ്ര, സസ്‌നേഹം, അമരം, കമലദളം, ആധാരം, വെങ്കലം, ദശരഥം, വാല്‍സല്യം, ചെങ്കോല്‍, തൂവല്‍ കൊട്ടാരം, ഉദ്യാനപാലകന്‍, സല്ലാപം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങി 44 സിനിമകള്‍ക്കുവേണ്ടു അദ്ദേഹം തിരക്കഥ രചിച്ചു. ഇന്നത്തെ സൂപ്പര്‍താരങ്ങളടക്കം പ്രമുഖ നടീനടന്മാര്‍ക്കൊക്കെ അവരുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളായി ചൂണ്ടിക്കാണിക്കാനുള്ളത്‌ ലോഹിതദാസിന്റെ ചിത്രങ്ങളാണ്‌. ലോഹിതദാസ്‌ എന്ന തിരക്കഥാകൃത്ത്‌ ഇല്ലായിരുന്നുവെങ്കില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊക്കെ ഏറ്റവും മികച്ച സിനിമകള്‍ പിറവിയെടുക്കില്ലായിരുന്നു എന്ന്‌ നിസംശയം പറയാം. കീരീടവും അമരവുമൊക്കെ അതിനും തെളിവുകളായി ഇന്നും പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നു. മമ്മൂട്ടിയെ സംബന്ധിച്ച്‌ കരിയറില്‍ ഒരു പ്രതിസന്ധി നില നിന്ന സമയത്താണ്‌ തനിയാവര്‍ത്തനം എത്തിയത്‌. തുടര്‍ന്ന്‌ അമരം അദ്ദേഹത്തിന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായി. ഭൂതക്കണ്ണാടി, വാല്‍സല്യം തുടങ്ങി മമ്മൂട്ടി എന്ന അഭിനേതാവിനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്ന കഥാപാത്രങ്ങളെല്ലാം ലോഹിതദാസിന്റെയായിരുന്നു. മോഹന്‍ലാലിനെ സംബന്ധിച്ച്‌ ?ഭരതവും കിരീടവും ഹിസ്‌ഹൈനസ്‌ അബ്‌ദുള്ളയും കമലദളവുമൊക്കെ നല്‍കിയ ഇമേജ്‌, ഇന്നു കാണുന്ന ലാലിനെ ജനപ്രീതിക്കും സൂപ്പര്‍താര പദവിക്കും എല്ലാം വളമിട്ടത്‌ ലോഹിയുടെ സിനിമകളായിരുന്നു. ജയറാമിനെ സംബന്ധിച്ച്‌ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ തൂവല്‍ കൊട്ടാരം ലോഹിയുടെ സംഭാവനയാണ്‌. ലോഹിയുടെ സല്ലാപത്തിലൂടെയാണ്‌ ദിലീപിനെ ഒരു നായകനെന്ന നിലയില്‍ പ്രേക്ഷകര്‍ അംഗീകരിച്ചത്‌. ആധാരത്തിലൂടെ മുരളിക്കും അതിശക്തമായ ഒരു കഥാപാത്രത്തെ അദ്ദേഹം ന ല്‍കി.നായികമാരുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. മലയാളത്തിലെ മികച്ച രണ്ടു നായികമാരെ അവതരിപ്പിച്ചത്‌ ലോഹിതദാസാണ്‌. സല്ലാപത്തിലൂടെ മഞ്‌ജുവാര്യരേയും സൂത്രധാരനിലൂടെ മീരാജാസ്‌മി നേയും അദ്ദേഹം പരിചയപ്പെടുത്തി. നായകന്മാര്‍ക്കൊപ്പം താരപരിവേഷം നേടാന്‍ ഈ രണ്ടു നായികമാര്‍ക്കും കഴിഞ്ഞു.

വ്യക്തിബന്ധങ്ങളുടെ ഇഴപിരിക്കുന്ന, അതിന്റെ അതിലോല?ഭാവങ്ങളിലൂടെ കടന്നുപോകുമ്പോഴും കൊമേഴ്‌സ്യല്‍ സിനിമയുടെ ഫോര്‍മുലകള്‍ മനസില്‍ സൂക്ഷിക്കുന്ന എഴുത്തുകാരന്‍, അതായിരുന്നു ലോഹിതദാസ്‌. തനിക്ക്‌ അറിയാവുന്ന മനുഷ്യരും ജീവിതപശ്ചാത്തലവുമൊക്കെയാണ്‌ ലോഹിയുടെ കഥകളില്‍ വന്നുപോയത്‌. ഗ്രാമീണപശ്ചാത്തലത്തിലുള്ള പച്ചയായ മനുഷ്യരുടെ കഥകളായിരുന്നു അത്‌. നഗരജീവിതവും അതിന്റെ പ്രശ്‌നങ്ങളുമൊന്നും പലപ്പോഴും തന്റെ കഥാചിന്തകളില്‍ കടന്നുവരാറില്ലെന്ന്‌ ലോഹി ഒരിക്കല്‍ പറഞ്ഞു. കാരണം അത്‌ തനിക്ക്‌ പരിചിതമായ മേഖലയല്ല എന്നതു തന്നെ. അതേസമയം തന്നെ പ്രമയങ്ങളിലെ വൈവിധ്യവും ഏറെ ശ്രദ്ധേയമാണ്‌.1989-ല്‍ പുറത്തു വന്ന ദശരഥം എന്ന ചിത്രം അന്നത്തെ കാലഘട്ടത്തില്‍ ഒരു ശരാശരി മലയാളിപ്രേക്ഷകന്‌ പുതുമ നിറഞ്ഞ പ്രമേയമായിരുന്നു. വാടകയ്‌ക്ക്‌ ഗര്‍ഭം ധരിക്കുന്ന ഒരമ്മയുടെ കഥ, അന്നത്തെ സാഹചര്യത്തില്‍ അതിന്‌ പല മാനങ്ങളുമുണ്ടായിരുന്നു.നിവേദ്യത്തിന്‌ ശേഷം മലയാളസിനിമയുടെ ചുറ്റുവട്ടത്ത്‌ ലോഹിതദാസിനെ കാണാറില്ലായിരുന്നു. നല്ല സിനിമകള്‍ക്ക്‌ ഇവിടെ വളക്കൂറില്ലാതായി മാറിയതും സൂപ്പര്‍താരങ്ങളുടെ പക്കാ കൊമേഴ്‌സ്യല്‍ സിനിമകള്‍ മാത്രം ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന ഒരു സമയത്ത്‌ ലോഹിയേപ്പോലൊരു സംവിധായകന്‍ അല്‍പം മാറി നിന്നില്ലെങ്കിലേ അദ്‌ഭുതപ്പെടാനുള്ളൂ.

എങ്കിലും വിടപറഞ്ഞു പോയപ്പോഴും ലോഹിയില്‍ ഇനിയും കഥകള്‍ ബാക്കിയായിരുന്നുവെന്ന്‌ സുഹൃത്തുക്കള്‍ക്കറിയാമായിരുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ഒരു കഥയുടെ പണിപ്പുരയിലുമായിരുന്നു അദ്ദേഹം.

ലോഹി വിടപറഞ്ഞിട്ട്‌ രണ്ടു വര്‍ഷം പിന്നിടുന്നു. മലയാള സിനിമ വീണ്ടും മുമ്പോട്ടു പൊയ്‌ക്കൊണ്ടേയിരിക്കുന്നു. പക്ഷെ ലോഹിതദാസിനെപ്പോലെയൊരു പ്രതിഭക്ക്‌ പകരം വെക്കാന്‍ മലയാളത്തില്‍ ഇപ്പോഴും ആരുമില്ല. ലോഹിതദാസ്‌ പറഞ്ഞു വെച്ച കഥകളുടെ ബാക്കി തുടരാന്‍ മറ്റൊരു കഥാകാരനില്ല. ലോഹിക്കൊപ്പം അദ്ദേഹം പറഞ്ഞു തന്നെ കഥകളുടെ തുടര്‍ച്ചയും അവസാനിച്ചു എന്ന്‌ തന്നെ കരുതേണ്ടിയിരിക്കുന്നു. ഇനിയും ബാക്കിയാവുന്നത്‌ ലോഹി നമുക്ക്‌ സമ്മാനിച്ച കഥകളും സിനിമകളുമാണ്‌.

ലക്കിഡിയിലെ അമരാവതി വിട്ടില്‍ ലോഹിതദാസിന്റെ ഭാര്യ സിന്ധുവും മക്കളുമുണ്ട്‌. എന്നും ലോഹിതദാസിന്റെ ഓര്‍മ്മകളുമായി ഒരുപാട്‌ ആരാധകരും സുഹൃത്തുക്കളും ലക്കിഡിയിലേക്ക്‌ എത്തുന്നു. അവര്‍ക്കൊപ്പം സംസാരിച്ച്‌ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ സിന്ധുവും. ചലച്ചിത്രലോകം ഈ കുടുംബത്തെ മറന്നു പോയാല്‍ പോലും ലോഹിയെ സ്‌നേഹിച്ച ഒരുവലിയ മലയാളി സമൂഹം ഈ വിടിനെ മറക്കില്ല. ലോഹിയുടെ കഥകള്‍ക്ക്‌ പശ്ചാത്തലമായ ഗ്രാമത്തെ മറക്കില്ല. കാരണം ഒരു പാട്‌ ചിരികള്‍ക്കിടയിലും അയാളുടെ കഥകളാണല്ലോ നമ്മെ കരയാന്‍ പഠിപ്പിച്ചത്‌.
മറക്കാനാവാത്ത ഓര്‍മ്മച്ചിത്രം
Join WhatsApp News
OMANA KURIAN 2016-05-02 08:28:23
BABYCHAYA  MY AND MY FAMILY,S  HEART FELT CONDOLENCES 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക