Image

മത വിശ്വാസത്തിന്റെ ഭാഗമായി 40 ദിവസം ഉപവാസം; മകന്‍ മരിച്ചു, മാതാപിതാക്കള്‍ അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 06 September, 2018
മത വിശ്വാസത്തിന്റെ ഭാഗമായി 40 ദിവസം ഉപവാസം; മകന്‍ മരിച്ചു, മാതാപിതാക്കള്‍ അറസ്റ്റില്‍
റീഡ്‌സ്ബര്‍ഗ് (വിസ്‌കോണ്‍സില്‍): മത വിശ്വാസത്തിന്റെ ഭാഗമായി മാതാപിതാക്കളും 15, 11 വയസ്സുള്ള രണ്ടു കുട്ടികളും നാല്പതു ദിവസത്തിലധികം ഉപവാസം അനുഷ്ഠിച്ചതിനെ തുടര്‍ന്ന് പതിനഞ്ചു വയസ്സുകാരന്‍ മരിക്കാനിടയായ സംഭവത്തില്‍ മാതാപിതാക്കളെ അറസ്റ്റു ചെയ്തു കേസ്സെടുത്തതായി റീഡ്ബര്‍ഗ് പൊലീസ് ചീഫ് തിമൊത്തി ബക്കര്‍ അറിയിച്ചു. 

ജൂലൈ 19 മുതലാണ് ഭക്ഷണവും പാനീയവും ഉപേക്ഷിച്ചു ഉപവാസം ആരംഭിച്ചതെന്ന് പിതാവ് കെഹിന്‍ഡി ഒമോസ്ബി (49) പറഞ്ഞു.

സെപ്റ്റംബര്‍ രണ്ട് ഞായറാഴ്ച പിതാവ് റീഡ്ബര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി മകന്‍ മരിച്ച വിവരം അറിയിച്ചു. പൊലീസ് ഉടനെ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ അവശനിലയിലായ ഭാര്യ റ്റിറ്റിലായ ഒമോസ്ബിയേയും പതിനൊന്ന് വയസ്സുള്ള കുട്ടിയേയും മലിനമായ ചുറ്റുപാടില്‍ കണ്ടെത്തി. ഉടനെ മാതാവിനേയും കുട്ടിയേയും മാഡിസനിലെ ചില്‍ഡ്രന്‍ ആശുപത്രിയിലേക്ക് മാറ്റി. 

മാതാപിതാക്കളോടൊപ്പം കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം ഉപവാസം അനുഷ്ഠിക്കുന്നതിന് പ്രേരിപ്പിച്ചതാണോ എന്ന് അന്വേഷിച്ചുവരുന്നു. എന്നെ സഹായിക്കണം ഭക്ഷണമില്ലാതെ എനിക്ക് ജീവിക്കാനാവില്ല എന്ന് എഴുതിയ പതിനഞ്ചുകാരന്റെ കത്ത് പൊലീസ് കണ്ടെടുത്തു. ദൈവീക അനുഗ്രഹം പ്രാപിക്കുന്നതിനുവേണ്ടിയാണ് ഞങ്ങള്‍ ഉപവസിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

മത വിശ്വാസത്തിന്റെ ഭാഗമായി 40 ദിവസം ഉപവാസം; മകന്‍ മരിച്ചു, മാതാപിതാക്കള്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക