Image

മത്സ്യത്തൊഴിലാളികള്‍ (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 06 September, 2018
മത്സ്യത്തൊഴിലാളികള്‍ (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
ഘോരമാരിയിന്‍ പ്രളയക്കെടുതിയില്‍ കേരളം മുങ്ങിത്താണപ്പോള്‍
കേരളമക്കളെ ദുരിതക്കടലില്‍ കരത്തിലേന്തി രക്ഷിച്ചോര്‍
ജീവന്‍ പണയം വച്ചൊരു പടയായ് കരുത്തരായിട്ടിറങ്ങിയോരേ
ജീവിത സമ്പാദ്യംപോല്‍ കരുതിയ ബോട്ടുകളേന്തി വന്നോരേ
മത്സ്യത്തൊഴിലാളികളേ നിങ്ങള്‍ ദൈവദൂതന്മാരല്ലോ !
വത്സലരായിട്ടേശുനാഥന്‍ തെരഞ്ഞെടുത്തോര്‍ മുക്കുവരല്ലോ !
കണ്ണീരൊപ്പിയ കരങ്ങളേ നമിപ്പൂ നിങ്ങളെ ഞങ്ങള്‍ !
മണ്ണില്‍പ്പിറന്ന മാലാഖകളേ നമിപ്പൂ നിങ്ങളെ ഞങ്ങള്‍!
കുത്സിത മാനസര്‍ ‘മുക്കുവരെ’ന്നങ്ങാക്ഷേപിച്ചോര്‍ രക്ഷകരായ്
ഉത്സുകരായവര്‍ കോരിയെടുത്തതു നൂറു നൂറു ജീവിതങ്ങള്‍ !
പൊങ്ങിയുയര്‍ന്നാ പ്രളയക്കടലിന്‍ കരാളവക്ത്രത്തില്‍
മുങ്ങിത്താഴും മര്‍ത്യരെ വീണ്ട ‘നോഹ’കളായവര്‍ മാറി !.

മണ്ണില്‍ കുമിഞ്ഞു കൂടിയ നമ്മുടെ മലയാളത്തിന്‍ മാലിന്യം
വിണ്ണില്‍ നിന്നും പൊട്ടിയൊഴുക്കിയ പ്രളയക്കെടുതിയതും
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടലുകള്‍ മര്‍ത്യജീവിതം കവര്‍ന്നപ്പോള്‍
മണ്ണിനെ മര്‍ത്യര്‍ അഴിമതിക്കടലില്‍ മുക്കിക്കൊല്ലുമ്പോള്‍
ഈശ്വരചിന്ത വെടിഞ്ഞു നമ്മള്‍ ഭൗതികരായപ്പോള്‍
ഈശ്വരനാമം മുഴങ്ങിയ സന്ധ്യകള്‍ മറന്നു നമ്മള്‍ മാറുമ്പോള്‍
ഈശ്വര ശിക്ഷയതാണോ ഈയൊരു പ്രളയക്കെടുതിയതോ?
ഈശ്വരചിന്തയില്‍ മുഴുകീ നമ്മള്‍ നന്മയില്‍ വരുവാനോ?
ഹിന്ദു മുസ്ലീം ക്രസ്തീയതയിന്‍ മതിലുകള്‍ വെട്ടി നിരത്താനോ?
ഹൈമ്പവ, രിസ്ലാം, ക്രൈസ്തവരെല്ലാം ഒരുമയിലാര്‍ന്നീ പ്രളയാഗ്നീല്‍,
ബൈബിള്‍, രാമായണം, ഖുറാനും മറന്നുമര്‍ത്യര്‍ നീങ്ങുമ്പോള്‍
ജീവിതമൊരു നീര്‍പ്പോളയിലമരാന്‍ മാത്രമേയെന്നറിയുമ്പോള്‍
സത്യം, ധര്‍മ്മം, നീതി തുടങ്ങിയ നന്മകള്‍ നമ്മള്‍ മറക്കുമ്പോള്‍
സത്യസ്വരൂപന്‍ തന്‍വിധിന്യായം വെളിവാക്കിയതോ, യീ പ്രളയം?
ഹൃത്തില്‍ കുമിഞ്ഞുകൂടുമഹന്തകള്‍ പാടേ ദൂരെയെറിഞ്ഞീടാം
സ്വത്തും പണവും സര്‍വ്വവുമെന്നു നിനയ്ക്കും മാനവരേ നമ്മള്‍
ഇറ്റുവെള്ളം വറ്റിന്‍മണികള്‍ കിട്ടാന്‍ സഹജര്‍ കേഴുമ്പോള്‍
പൊക്കിക്കെട്ടിയ വന്‍മാളികകള്‍ നിമിഷം കൊണ്‍ടു തകരുമ്പോള്‍
മര്‍ത്യജീവിതമെത്ര നൈമിഷ്യമെന്നു മര്‍ത്യരെ ഓര്‍പ്പിപ്പൂ !
കേഴും മാനവ മിഴിനീരൊപ്പാന്‍ കരങ്ങള്‍ നീട്ടാന്‍ തുനിയാം
നീറും മനസ്സിനിത്തിരി സാന്ത്വന മേകാനായി കനിയാം
കരങ്ങള്‍ കോര്‍ക്കാം തകര്‍ന്ന ജീവിതവീഥി ക്കാശ്വാസത്തിരിയാകാം
ആര്‍ഭാടങ്ങ, ളഹന്ത, യനീതിയകറ്റി താഴ്മയിലാഴ്ന്നീടാം
സൗഭഗരാകാന്‍ സര്‍വ്വേശ്വരനില്‍ കൂടുതലഭയം തേടാം !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക