Image

അവസാനത്തെ പ്രണയലേഖനം (കവിത: ഗീത തോട്ടം)

Published on 06 September, 2018
അവസാനത്തെ പ്രണയലേഖനം (കവിത: ഗീത തോട്ടം)
സങ്കടം നെഞ്ചില്‍ വിലങ്ങി
കരയാനാകാതെ
ചങ്കു കഴച്ച്
ശ്വാസം കഴിക്കാനാവാതെ വിമ്മിട്ടപ്പെട്ട്
എന്റെ കുടുസ്സുമുറിയിലെ കിടക്കയില്‍ ഞാന്‍ ചിന്നിച്ചിതറിക്കിടക്കുന്നു.


കുപ്പായത്തിന്റെ ബന്ധനം ഭേദിച്ച്
ഏതു നിമിഷവും പുറത്തുചാടിയേക്കാവുന്ന
ഹൃദയത്തിന്റെ മിടിപ്പ്
കൂടം തല്ലുമ്പോലെ കാതില്‍ മുഴങ്ങുന്നുണ്ട്.
ലോകം സുഖനിദ്രയിലാണ്.
നീയും സുന്ദര സ്വപ്നങ്ങള്‍ കണ്ടുറങ്ങുകയാവും.

വിഷാദത്തിന്റെ കനത്ത മഞ്ഞുവീഴ്ചയില്‍ ഉറഞ്ഞു പോയതാണ് ഞാന്‍.
ഉറക്കത്തിനും മരണത്തിനുമിടയ്ക്കുള്ള
ആ പഴയ ഒറ്റത്തടിപ്പാലം വല്ലാതെ പൂതലിച്ചു തുടങ്ങിയിട്ടുണ്ട്.
ഇനിയൊരു തിരിച്ചുനടപ്പ്
സാധ്യമാവാന്‍ അത് ശേഷിക്കുമോ എന്ന് സംശയമാണ്.

നിന്നെ സ്‌നേഹിച്ചതു പോലെ
ഞാനാരെയും സ്‌നേഹിച്ചിട്ടില്ല
നീ കരയിച്ചതു പോലെ മറ്റാരും എന്നെക്കരയിച്ചിട്ടുമില്ല.

നിനക്കായി ഞാന്‍ തപിച്ചതു പോലെ
ഒരു സൂര്യനും ഉരുകിയിട്ടുണ്ടാവില്ല.
എന്റെ കണ്ണുനീര്‍ പോലൊരു
പ്രളയവും ഇനിയുണ്ടാവാനുമില്ല

എന്തിനായിരുന്നു എല്ലാം!
ശവം പോലെ ഇങ്ങനെ ജീവിക്കാനോ !
ജീവിതാനന്ദങ്ങളൊന്നും,
ഒരിറ്റു മനസ്സുഖം പോലും
അനുഭവിക്കാന്‍ ഹൃദയം സജ്ജമല്ല,
അത് ലാവ പോലെ ഉരുകി ഓളം വെട്ടുകയാണ്.

നീയോ !
നിന്റെ ഉദ്യാനങ്ങളില്‍
നവസുഗന്ധങ്ങള്‍.
അവയില്‍ ആകൃഷ്ടരായി പുതിയ പുതിയ കിളികുലങ്ങള്‍,
ശലഭജാലങ്ങള്‍,

നിന്റെ മാനത്ത്
പ്രണയത്തിന്റെ മായാത്ത മഴവില്ല്,

നിന്റെ നിദ്രകള്‍ക്ക് നിലാവിന്റെ നേര്‍ത്ത കമ്പളം,

ഗന്ധര്‍വ്വസംഗീതം പോലെ ലോലമായ പ്രിയവചസ്സുകള്‍,

മന്ദമാരുതന്റെ സുഖദസ്പര്‍ശം പോലെ നേര്‍ത്ത പട്ടുടയാടയില്‍ പതുങ്ങുന്ന പാദസരക്കിലുക്കം,

നിശ്വാസത്തിലുലയുന്ന സ്ഫടികവളകളുടെ കലമ്പലില്‍ അവ്യക്തമാകന്ന രതികൂജനങ്ങള്‍,

സുഖദമായ നോവുകളുടെ ഞരക്കങ്ങള്‍ ...

അതിലൊന്നും ഒരപാകതയുമില്ല.
നീ സന്തോഷിക്കുന്നതാണ്
എന്റെയും ആനന്ദം.
നീ സുഖമായിരിക്കാനാണ്
എന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും.
നീ ശാന്തിയറിയാനാണ് ഞാന്‍ കൊടുങ്കാറ്റുകളെ മനോബലത്തിന്റെ ചരടുകളില്‍ കുരുക്കിയിരിക്കുന്നത്.

അദ്ഭുതം
അതൊന്നുമല്ല ,
ഞാനെന്താണ്,
എന്തിനാണ്
ഇനിയും ജീവനോടിരിക്കുന്നത്
എന്നു മാത്രമാണ്.

ഒന്നു പോയി ചത്തൂടേ എന്ന് തോന്നുമ്പോഴാണ് ജീവനുണ്ടോ എന്ന് സംശയിക്കുന്നത്.
നിലക്കണ്ണാടി നോക്കുമ്പോള്‍
കാണുന്നത്
എന്നെത്തന്നെ നോക്കി നില്‍ക്കുന്ന
പ്രേതരൂപത്തെയാണ് .

ഇതൊക്കെയാണെങ്കിലും...

ഒരുപക്ഷെ
ഒരോര്‍മ്മത്തെറ്റുപോലെ
നീ എന്നെങ്കിലും അന്വേഷിച്ചുവന്നെങ്കിലോ, കണ്ടില്ലെങ്കില്‍ ഒരു മാത്രയെങ്കിലും
വിഷമിച്ചെങ്കിലോ, എന്നോര്‍ത്താണ്.
മരണത്തോട് 'കുറച്ചു നില്‍ക്കൂ' എന്ന് പറയുന്നത് .
മറ്റൊരു കാര്യവുമില്ല;
ഒന്നു പോലും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക