Image

കൃത്യമായ മുന്നറിയിപ്പ് നല്‍കിയാണ് ഡാം തുറന്നത്; ജലകമ്മീഷന്റെ റിപ്പോര്‍ട്ടിന് ശേഷവും തെറ്റായ പ്രചരണം സംസ്ഥാനത്ത് നടക്കുന്നു: മാത്യു ടി തോമസ്

Published on 07 September, 2018
കൃത്യമായ മുന്നറിയിപ്പ് നല്‍കിയാണ് ഡാം തുറന്നത്; ജലകമ്മീഷന്റെ റിപ്പോര്‍ട്ടിന് ശേഷവും തെറ്റായ പ്രചരണം സംസ്ഥാനത്ത് നടക്കുന്നു: മാത്യു ടി തോമസ്
മഴയുടേയും സംഭരണ ശേഷിയുടേയും അടിസ്ഥാനത്തില്‍ വ്യത്യസ്ത സമയങ്ങളിലാണ് വിവിധ ഡാമുകള്‍ തുറന്നതെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസ്. ജൂണ്‍ മാസത്തില്‍ തന്നെ പല ഡാമുകളും തുറന്നു. ജലസേചനവകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും കീഴിലുള്ള ഓരോ ഡാമുകളും എന്നൊക്കെ തുറന്നു എന്നത് സംബന്ധിച്ച പട്ടിക മാധ്യമങ്ങള്‍ക്ക് നല്‍കും. ജൂണ്‍ മുതല്‍ തന്നെ ഡാമുകള്‍ തുറന്നുവച്ചിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അണക്കെട്ടുകള്‍ എല്ലാം ഒന്നിച്ചല്ല തുറന്നത്.ഓരോ ഡാമിന്റെ ശേഷിയുമായി ബന്ധപ്പെട്ട് അധികമായി ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവ് പരിശോധിച്ചാണ് ഡാമുകള്‍ തുറക്കുന്നത്. മലമ്ബുഴ, പീച്ചി, ചിമ്മിനി, കല്ലട; വൈദ്യുതി വകുപ്പിന്റെ ഇടമലയാര്‍, പമ്പ, കക്കി, ആനത്തോട് എന്നി ഡാമുകളെല്ലാം വളരെ കൃത്യമായ ജാഗ്രത നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പോടെ മാത്രമാണ് തുറന്നിട്ടുള്ളത്. സ്ഥിരമായി തുറക്കുന്ന ചെറിയ ഡാമുകളുണ്ട്. അവിടെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കാറില്ല. വളരെ കുറഞ്ഞ അളവില്‍ വെള്ളമുള്ളവയാണത്.

വലുതും ചെറുതുമായ മുഴുവന്‍ ഡാമുകളും ജില്ലാ ഭരണകൂടത്തെയും ജനങ്ങളെയും അറിയിച്ച് ആവശ്യമായ മുന്നറിയിപ്പോടെ മാത്രമാണ് തുറന്നത്. വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നത് മുന്നറിയിപ്പില്ലാതെയായിരുന്നു എന്നുപറയുന്നതിലും വസ്തുത ഇല്ല. ബാണാസുര സാഗര്‍ ഡാം ആദ്യം തുറന്നത് ജൂലൈ മാസം 14 ാം തീയതിയാണ്.

ഓഗസ്റ്റ് മാസം അഞ്ച് വരെ അവിടെ നിന്നും വെള്ളം തുറന്നുവിട്ടു. ഡാമിലേക്കുള്ള നീരൊഴുക്ക് അവസാനിച്ച സമയത്ത് ഓഗസ്റ്റ് ആറാം തീയതിയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് അവസാനിപ്പിച്ചത്. ഈ ദിവസം തന്നെ വൈകുന്നേരം വൃഷ്ടിപ്രദേശത്ത് വലിയ തോതില്‍ മഴ പെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴാം തീയതി വീണ്ടും തുറന്നിരുന്നു. 

ബാണാസുര സാഗര്‍ ഡാം മണ്ണുകൊണ്ട് നിര്‍മ്മിച്ചതാണ്. അതിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവലും മാക്‌സിമം റിസര്‍വോയര്‍ ലെവലും ഒന്നുതന്നെയാണ്. 775. 6 മീറ്ററാണത്. അതിനാല്‍ മറ്റു ഡാമുകളെ പോലെ പരമാവധി ശേഷിക്കുമുകളില്‍ (ഫുള്‍ റിയര്‍വോയര്‍ ലെവല്‍ (എഫ്ആര്‍എല്‍) വെള്ളം ഉയരുന്നത് അനുവദിക്കാന്‍ ആകില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു.

കേന്ദ്ര ജലകമ്മീഷന്റെ റിപ്പോര്‍ട്ട് വന്ന ശേഷവും തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം സംസ്ഥാനത്ത് നടക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക