Image

ബില്‍ ക്ലിന്റനെതിരെ പഴയ അന്വേഷകന്റെ പുസ്തകം: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 07 September, 2018
ബില്‍ ക്ലിന്റനെതിരെ പഴയ അന്വേഷകന്റെ പുസ്തകം: ഏബ്രഹാം തോമസ്
 പ്രസിഡന്റ് ബില്‍ ക്ലിന്റണെതിരെ ഉണ്ടായ വൈറ്റ് ഹൗസ് ഇന്റേണ്‍ മൊണിക്ക ലെവിന്‍ സ്‌കിയുടെ ലൈംഗികാരോപണം അന്വേഷിച്ച മുന്‍ ഇന്‍ഡിപെന്‍ഡന്റ് കൗണ്‍സല്‍ കെന്‍ സ്റ്റാറിന്റെ പുസ്തകം പുറത്ത് വരികയാണ്. കണ്ടെംപ്റ്റ് : എ മെമ്മോയിര്‍ ഓഫ് ദ ക്ലിന്റണ്‍ ഇന്‍വെസ്റ്റിഗേഷന്‍ എന്നാണ് പുസ്തകത്തിന്റെ പേര്. യുഎസ് ജനപ്രതിനിധി സഭ ക്ലിന്റണെ ഇംപീച്ച് ചെയ്യുന്നത് വരെ എത്താന്‍ കാരണമായത് സ്റ്റാറിന്റെ നിഗമനങ്ങളാണ്. പ്രമേയം സെനറ്റില്‍ പാസായില്ല. ക്ലിന്റണ്‍ അധികാരത്തില്‍ തുടരുകയും ചെയ്തു.

ലെവിന്‍സ്‌കി തന്റെ അന്വേഷണവുമായി ആദ്യം മുതല്‍ സഹകരിച്ചിരുന്നുവെങ്കില്‍ എട്ടുമാസം നീണ്ട ഒരു അഗ്‌നി പരീക്ഷയിലേയ്ക്ക് രാജ്യം വലിച്ചിഴയ്ക്കപ്പെടുകയില്ലായിരുന്നു എന്ന് സ്റ്റാര്‍ പറയുന്നു.

പ്രസിഡന്റുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്ന മുന്‍ ഇന്റേണ്‍ തീവ്രമായ, തെറ്റായി നയിക്കപ്പെട്ട (പ്രസിഡന്റിനോടുള്ള) കൂറ് മൂലം ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കയുടെ ദുരന്ത വ്യക്തിത്വമായി മാറുവാന്‍ സ്വയം അനുവദിച്ചു. ക്ലിന്റണുകളുടെ ഇരകളാല്‍ നിറഞ്ഞ പാതയിലൂടെയുള്ള അധികാരയാത്രയിലെ ഏറ്റവും വ്യക്തമായ, ദൃശ്യമായ ഇരയാണെന്ന യാഥാര്‍ത്ഥ്യം അവര്‍ എക്കാലവും ഓര്‍മ്മപ്പെടുത്തും. സ്റ്റാര്‍ എഴുതുന്നു.

വൈറ്റ് വാട്ടര്‍ അന്വേഷണത്തില്‍ ഒരു സ്വതന്ത്ര കൗണ്‍സലാകാന്‍ താന്‍ ആദ്യം വിസമ്മതിച്ചു. പിന്നീട് കര്‍ത്തവ്യബോധം ജോലി ഏറ്റെടുക്കുവാന്‍ പ്രേരിപ്പിച്ചു. സത്യവാങ്മൂലം നല്‍കിയതിനുശേഷം കളവ് പറയുകയും നീതി ന്യായം നടപ്പാക്കുന്നതിന് വിഘ്‌നം സൃഷ്ടിക്കുകയും ചെയ്തു എന്നായിരുന്നു സ്റ്റാറിന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ ഉണ്ടായത്. ഇതു മുന്‍ സോളിസിറ്റര്‍ ജനറലും അപ്പലേറ്റ് അറ്റേണിയുമായ സ്റ്റാറിനെ ക്ലിന്റണ്‍ വൈറ്റ് ഹൗസിന്റെ ബദ്ധ വൈരിയാക്കി.

കോണ്‍ഗ്രസിന് മുമ്പാകെ സ്റ്റാര്‍ തന്റെ റിപ്പാര്‍ട്ട് സമര്‍പ്പിച്ചതിന് രണ്ട് ദശകങ്ങള്‍ക്കു ശേഷമാണ് പുസ്തകം പുറത്ത് വരുന്നത്. അന്വേഷണം അമേരിക്കയാകെ താല്‍പര്യത്തോടെ വീക്ഷിച്ചിരുന്നു. ബില്‍, ഹിലറി ക്ലിന്റണ്‍ ദമ്പതിമാരെ നിശിതമായി വിമര്‍ശിക്കുന്ന സ്റ്റാര്‍ മുന്‍ പ്രസിഡന്റിനെക്കുറിച്ച് പറയുന്നത് താന്‍ നിയമത്തിന് മുകളിലാണ് എന്ന് അദ്ദേഹം വിശ്വസിച്ചു എന്നാണ്.

അമേരിക്കന്‍ പൗരന്മാര്‍ ഇതിലും മെച്ചമായത് അര്‍ഹിച്ചിരുന്നു. ക്ലിന്റണുകള്‍ പ്രതിഭാശാലികളാണ്. ആഴത്തില്‍ വൈകല്യമുള്ളവരും അടിസ്ഥാനപരമായി സത്യസന്ധതയില്ലാത്തവരും നിയമത്തെയും നടപടികളെയും കുറിച്ച് പുച്ഛമുള്ളവരും ആണ്. ഇത് വ്യക്തിപരമായ ദുരന്തമാണ്. അതിലുപരി നമ്മുടെ രാജ്യത്തിന്റെ ദുരന്തമാണ്. പുസ്തകം തുടരുന്നു.

ക്ലിന്റന്റെ പിന്നാലെ ഒരു അഭിനിവേശം പോലെ സ്റ്റാര്‍ പാഞ്ഞത് അമേരിക്കന്‍ ജനത കണ്ടതാണ്. സ്വയം ന്യായീകരിക്കുവാനും മോശമായ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുവാനും ചരിത്രം തിരുത്തിയെഴുതാന്‍ സ്റ്റാര്‍ നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും, ബില്‍ ക്ലിന്റന്റെ അറ്റേണി ഡേവിഡ് കെന്‍ഡാള്‍ പ്രതികരിച്ചു.

ലെവിന്‍സ്‌കിയുടെ വക്താവ് പ്രതികരിക്കുവാന്‍ തയാറായില്ല.

പ്രസിഡന്റ് ട്രംപിനെതിരെയുള്ള പ്രതിഷേധങ്ങളും ഇംപീച്ച്‌മെന്റ് വിവാദങ്ങളുമാണ് ഒരു പുസ്തകം എഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് സ്റ്റാര്‍ പറയുന്നത്.

അധികാരത്തിലെത്തുന്ന ചിലര്‍ സ്വയം സര്‍വാധിപതികളായി മാറുന്നതും എല്ലാ നിയമത്തിനും മുകളില്‍ തങ്ങളെ പ്രതിഷ്ഠിക്കുന്നതും നാം കാണാറുണ്ട്. 2017 ജനുവരി മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് എതിരെയുള്ള പ്രധാന ആരോപണവും ഇതു തന്നെയാണ്. പൊതുമാപ്പ് നല്‍കാനുള്ള അധികാരം ഉപയോഗിച്ച് ട്രംപ് റഷ്യന്‍ ഇടപെടലിനെതിരെയുള്ള അന്വേഷണം നടത്തുന്ന കമ്മീഷന്റെ നിഗമനത്തില്‍ തനിക്കെതിരെ കുറ്റാരോപണം ഉണ്ടായാല്‍ സ്വയം മാപ്പ് നല്‍കുമോ എന്ന ചോദ്യം സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നു. 
ബില്‍ ക്ലിന്റനെതിരെ പഴയ അന്വേഷകന്റെ പുസ്തകം: ഏബ്രഹാം തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക