Image

എരിഞ്ഞടങ്ങുന്ന പെണ്‍കുരുന്നുകള്‍

ടി. ജാഫര്‍ Published on 02 April, 2012
എരിഞ്ഞടങ്ങുന്ന പെണ്‍കുരുന്നുകള്‍
രണ്ടുമാസം വേദനയില്‍ പിടഞ്ഞ്‌ ഫലക്‌ എന്ന പിഞ്ചു കുഞ്ഞ്‌ ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ടിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ആഴ്‌ച മരണത്തിന്‌ കീഴടങ്ങിയത്‌ ഏതാനും ദിവസം നമ്മുടെ മാധ്യമങ്ങളില്‍ ഇടം പിടിച്ചു. ശരീരമാസകലം അടിയും കടിയുമേറ്റ പരിക്കുകളോടെ അമ്മയെന്ന്‌ അവകാശപ്പെടുന്ന 15 കാരിയാണ്‌ രണ്ട്‌ വയസുള്ള കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്‌. അവളെ ജീവിക്കാന്‍ അനുവദിക്കാതിരുന്ന ലോകത്തോട്‌ ഒരുപാട്‌ വലിയ ചോദ്യങ്ങള്‍ എറിഞ്ഞുതന്നാണ്‌ ആ കുഞ്ഞു ജീവന്‍ മാഞ്ഞുപോയത്‌.

ലോക ശക്തിയായി അതിവേഗം വളരുന്നുവെന്ന്‌ നാം അഭിമാനിക്കുന്ന നമ്മുടെ രാജ്യത്ത്‌ പെണ്‍ ജീവിതങ്ങള്‍ക്ക്‌ പുഴുവിന്‍െറ വില മാത്രമേയുള്ളൂവെന്നതിന്‍െറ നടക്കുന്ന ഓര്‍മപ്പെടുത്തലാണ്‌ ആ പിഞ്ചു കുഞ്ഞിന്‍െറ മരണം. നമ്മുടെ രാജ്യത്ത്‌ നടക്കുന്ന മനുഷ്യകടത്തിന്‍െറയും മനുഷ്യ വാണിഭത്തിന്‍േറയും ഭീകരമായ ഇരയായിരുന്നു കുഞ്ഞു ഫലക്‌. ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മോശമല്ലാത്ത എണ്ണം കയറിപ്പറ്റിയ നമ്മുടെ രാജ്യത്ത്‌ അതജീവനത്തിന്‌ കരുത്തില്ലാതെ പതിനായിരക്കണക്കകിന്‌ പാവം സ്‌ത്രീകളും കുട്ടികളും മനുഷ്യ വാണിഭത്തിന്‍െറ അറവുമാടുകളാണെന്ന്‌ നാം തിരിച്ചറിയുക. നമ്മുടെ മധ്യ വര്‍ഗ ബോധത്തിലും കാഴ്‌ചയിലും അവര്‍ക്ക്‌ വര്‍ണപൊലിമയുണ്ടാവില്ല. എങ്കിലും നമ്മുടെ ബോധങ്ങളെ അലോസരപ്പെടുത്തേണ്ടതാണ്‌ ഫലക്‌ എന്ന കുഞ്ഞിന്‍െറ ഓമനത്തം നിറഞ്ഞ മുഖം.

ഫലകിന്‍െറ കഥ

കടിയും അടിയും ഏറ്റ്‌ എല്ലുകള്‍ പൊട്ടി ഗുരുതരാവസ്ഥയിലാണ്‌ ഫലകിനെ കഴിഞ്ഞ ജനുവരി 18ന്‌ ആശുപത്രിയിലെത്തിച്ചത്‌. കൂടെ വന്ന 15 വയസുകാരി കുട്ടിയുടെ അമ്മയല്ലെന്ന്‌ പിന്നീട്‌ വ്യക്തമായി. മറിച്ച്‌ ഇവളും വലിയൊരു ച്യൂഷണത്തിലെ ഇര മാത്രമായിരുന്നു.അവളെ രാജ്‌കുമാര്‍ എന്നയാള്‍ കൂടെ താമസിപ്പിച്ച്‌ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. അവനാണ്‌ ഫലകിനെ നോക്കാന്‍ സംഭവത്തിന്‌ ഏതാനും നാള്‍ മുമ്പ്‌ പെണ്‍കുട്ടിയെ ഏല്‍പിച്ചത്‌.

ഫലകിന്‍െറ യഥാര്‍ഥ മാതാവ്‌ മുന്നിയെന്ന 22കാരിയാണ്‌. ഈ സ്‌ത്രീയും മനുഷ്യ വാണിഭത്തിലെ മറ്റൊരു ഇരയാണ്‌. ബീഹാറില്‍ നിന്ന്‌ ദല്‍ഹിയിലേക്ക്‌ കടത്തപ്പെടുന്ന നിരവധി സ്‌ത്രീകളില്‍ ഒന്ന്‌ മാത്രം. ദല്‍ഹിയില്‍ നിന്ന്‌ രാജസ്ഥാനിലേക്ക്‌ ഈ സ്‌ത്രീ കൈമാറ്റപ്പെട്ടു. ഈ സമയത്ത്‌ അവളുടെ മൂന്നു കുഞ്ഞുങ്ങളെ നിര്‍ബന്ധിതമായി ഉപേക്ഷിക്കേണ്ടി വന്നു. അതിലെ ഇളയ കുഞ്ഞാണ്‌ ഫലക്‌. കുട്ടികളെ നോക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ ,കന്യകയെന്ന്‌ വിശ്വസിപ്പിച്ച്‌ ,ഇവളെ മറ്റൊരാള്‍ക്ക്‌ വിവാഹമാര്‍ക്കറ്റില്‍ ഇടനിലക്കാര്‍ കച്ചവടമുറപ്പിക്കുകയായിരുന്നു. നോക്കാമെന്നേറ്റവരാകട്ടെ വാണിഭത്തിന്‍െറ ഇടനിലക്കാരായിരുന്നു. ഇവര്‍ക്ക്‌ കുഞ്ഞുങ്ങളും മനുഷ്യ വാണിഭത്തിന്‍െറ ഇരകളായിരുന്നു. മുന്നിയുടെ ആദ്യ ഭര്‍ത്താവ്‌ ബീഹാര്‍ സ്വദേശി ഷാ ഹുസൈനാണ്‌ ആദ്യം ഇവളെ സന്ദീപ്‌ പാണ്ഡെ എന്നയാള്‍ക്ക്‌ വിറ്റത്‌.

15 കാരിയുടെ `ഭര്‍ത്താവ്‌' രാജ്‌കുമാര്‍ എന്ന ടാക്‌സി െ്രെഡവറാണ്‌. ദല്‍ഹി നഗര ഹൃദയത്തിലെ സംഗാം വിഹാര്‍ ചേരി നിവാസിയാണ്‌ ഈ പെണ്‍കുട്ടി. അമ്മ നേരത്തേ മരിച്ചു. അചഛന്‍െറ നിരന്തര പീഡനത്തെ തുടര്‍ന്ന്‌ രക്ഷ തേടി ഓടിയ അവളെത്തിയതാകട്ടെ കൂട്ടിക്കൊടുപ്പുകാരുടേയും മനുഷ്യ വാണിഭ സംഘത്തിന്‍െറയും കയ്യില്‍. ഫലകിന്‍െറ മരണവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ പാറ്റ്‌നയില നിന്നുള്ള മനോജും ഭാര്യയുമാണ്‌ ഫലകിനെ രാജ്‌കുമാറിന്‌ കൈമാറിയതെന്ന്‌ പൊലീസ്‌ പറയുന്നു.

വില്‍ക്കപ്പെടുന്ന സ്‌ത്രീകളും കുട്ടികളും

പെണ്‍കുഞ്ഞുങ്ങളൂടെ ജനനം ഇപ്പോഴും നമ്മുടെ രാജ്യത്ത്‌ തീരാ ശാപമാണ്‌. ആധുനിക ശാസ്‌ത്ര വളര്‍ച്ചയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന്‌ മുമ്പെ തന്നെ കൊലചെയ്യപ്പെടുന്നു. ഇതോടെ പല സംസ്ഥാനങ്ങളിലും ആണ്‍ പെണ്‍ അനുപാതം കുറഞ്ഞു കൊണ്ടേയിരിക്കുകയാണ്‌. ആറു വയസു വരെയുള്ള കുട്ടികളൂടെ അനുപാതം 1991ല്‍ 924 പെണ്‍കുട്ടികള്‍ക്ക്‌ 1000 ആണ്‍ ആയിരുന്നത്‌ 2001 ആകുമ്പോഴേക്ക്‌ പെണ്‍കുട്ടികളുടെ എണ്ണം 914 ആയി കുറഞ്ഞു. ഹരിയാനയിലാണ്‌ സ്‌ത്രീ പുരുഷ അനുപാതം ഏറ്റവും കുറവ്‌. 10 പുരുഷന്‍മാര്‍ക്ക്‌ ഇവിടെ ഏഴ്‌ സ്‌ത്രീകള്‍ മാത്രമേയുള്ളൂ. പെണ്‍കുഞ്ഞുങ്ങളൂടെ ഈ എണ്ണക്കുറവാകട്ടെ സ്‌ത്രീകളുടെ വാണിഭത്തിന്‌ വഴിതുറക്കുന്നു.

ഇന്ത്യയൊരു വലിയ മാര്‍ക്കറ്റാണെന്നാണ്‌ രാജ്യാന്തര തലത്തില്‍ കണക്കാക്കപ്പെടുന്നത്‌. ഈ രാജ്യത്ത്‌ സ്‌ത്രീകളും കുട്ടികളും വിപണിയില്‍ വില പേശി വില്‍ക്കപ്പെടുന്ന ചരക്കുകള്‍ മാത്രമാണ്‌. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍ പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളാണ്‌ മനുഷ്യക്കടത്തില്‍ മുന്നില്‍. സ്‌ത്രീ പുരുഷ അനുപാതം കുറഞ്ഞുവരുന്നതിനാല്‍ വിവാഹ മാര്‍ക്കറ്റില്‍ സ്‌ത്രീകള്‍ വിലപേശി വില്‍ക്കപ്പെടുന്ന ചരക്കുകകളായി. പലപ്പോഴും ഭര്‍ത്താക്കന്‍മാരും രക്ഷിതാക്കളും ഇവരെ വിലപേശി വില്‍ക്കുന്നു. പല സംസ്ഥാനങ്ങളിലുമുള്ള അതിന്‍െറ ദയനീയ ഇരയായിരുന്നു ഫലക്‌ സംഭവവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന പെണ്‍പേരുകളത്രയും. ദാരിദ്ര്യം മൂലം മനുഷ്യക്കടത്തിന്‌ ഇരയാവേണ്ടിവരുന്നവരാണ്‌ സ്‌ത്രീകളിലേറെയും.

മനുഷ്യക്കടത്ത്‌ ഇന്ത്യയില്‍ പല തരത്തിലുണ്ട്‌. തൊഴില്‍ ആവശ്യത്തിന്‌, ലൈംഗിക ച്യുഷണത്തിന്‌ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ്‌ കൂടുതലും മനുഷ്യ വാണിഭം നടക്കുന്നത്‌. ഇതിന്‍െറ ഏറ്റവും വലിയ ഇരകള്‍ സ്‌ത്രീകളും കുട്ടികളുമാണെന്ന്‌ മാത്രം. നാഷനല്‍ െ്രെകം റിക്കാര്‍ഡ്‌സ്‌ ബ്യൂറോയുടെ കണക്ക്‌ പ്രകാരം 2010ല്‍ മാത്രം 3422 മനുക്ഷ്യ കടത്ത്‌ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. 2000ല്‍ ഇത്‌ 2848 ആയിരുന്നു. 20.2 ശതമാനം വര്‍ധനവാണുണ്ടായത്‌. 2011ലെ യു.എസ്‌ സ്‌റ്റേറ്റ്‌ ഡിപാര്‍ട്‌മെന്‍റിന്‍െറ കണക്ക്‌ പ്രകാരം ഇന്ത്യ മനുഷ്യക്കടത്തില്‍ രണ്ടാം സ്ഥാനത്താണ്‌. 2003ലെ നാഷനല്‍ ഹ്യൂമന്‍റൈറ്റ്‌ കമീഷന്‍ ഓഫ്‌ ഇന്ത്യ (എന്‍.എച്ച്‌.ആര്‍.സി)യുടെ കണക്ക്‌ പ്രകാരം പ്രതിവര്‍ഷം 11മുതല്‍ 14 വയസുവരെയുള്ള 40,000 കുട്ടികളെ രാജ്യത്ത്‌ കാണാതാകുന്നു. ഇതില്‍ 11,000പേരെ കുറിച്ച്‌ ഒരു വിവരവുമുണ്ടാകുന്നില്ല.

15 വയസുവരെ യുള്ള പെണ്‍കുട്ടികളില്‍ 16 ശതമാനം പേര്‍ രക്ഷിതാക്കളില്‍ നിന്നോ സഹോദരങ്ങളില്‍ നിന്നോ അധ്യാപകരില്‍ നിന്നേ പീഡനത്തിനിരയവകുന്നു. പലപ്പോഴും കുടുംബത്തില്‍ നിന്ന്‌ തന്നെ നേരിടണ്ടി വരുന്ന പീഡനങ്ങള്‍ കുട്ടികളെ തെരുവിലേക്ക്‌ എത്തിക്കുന്നു. അവര്‍ എത്തിപ്പെടുന്നതാകട്ടെ വന്‍ മാഫിയകളുടെ കൈകളിലും.

ഇന്ത്യയില്‍ 15മുതല്‍ 45 വരെ പ്രായമുള്ള സ്‌ത്രീകളില്‍ മൂന്നിലൊന്നും ശാരീരിക പീഡനത്തിനിരയാകുന്നതയാണ്‌ കണക്ക്‌. പത്തിലൊന്ന്‌ പേര്‍ ലൈംഗികാതിക്രമത്തിനും ഇരയാകുന്നു. വിവാഹിതരായ അഞ്ചില്‍ രണ്ട്‌ സ്‌ത്രീകളും ഭര്‍ത്താക്കന്‍മാരുടെ ശാരീരിക പീഡനത്തിനിരയാകുന്നു. രാജ്യം പുരോഗതിയുടെ പാതയിലാണെന്ന്‌ നാം സ്വയം അഭിമാനിക്കുമ്പോഴും ഇവിടെ സ്‌ത്രീകളൂം കുട്ടികളും അനുഭവിക്കുന്ന ജീവിത ദുരിതം നാമറിയാതെ പോകുന്നു. അല്ലെങ്കില്‍ അറിയേണ്ടതല്ലെന്ന്‌ നാം തീരുമാനിക്കുന്നു.

(കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക