Image

ആകാശത്ത് മുത്തമിടുന്ന സ്വപ്‌നങ്ങള്‍ (മീട്ടു റഹ്മത്ത് കലാം)

(മീട്ടു റഹ്മത്ത് കലാം) Published on 08 September, 2018
ആകാശത്ത് മുത്തമിടുന്ന സ്വപ്‌നങ്ങള്‍  (മീട്ടു റഹ്മത്ത് കലാം)
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പു വരെ 'ഫ്‌ളാറ്റ് , വില്ല' എന്നീ വാക്കുകള്‍ ശരാശരി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമേ ആയിരുന്നില്ല. മെട്രോപൊളിറ്റന്‍ സിറ്റികളില്‍ നിന്ന് ശാന്തസുന്ദരമായ കായല്‍ തീരങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും ശ്രദ്ധതിരിച്ച് ധൈര്യസമേതം ബില്‍ഡര്‍മാര്‍ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയതോടെ കേരളത്തിലെ സ്ഥിതി മാറി. റിയാലിറ്റി ഷോ വിജയികള്‍ക്ക് കോണ്‍ഫിഡന്റ് ഗ്രൂപ്പും അസ്സെറ്റ് ഹോംസും മറ്റും സമ്മാനിക്കുന്ന സ്വപ്നസദൃശമായ താമസസൗകര്യം സാധാരണക്കാരുടെ ഉള്ളിലും കൊതി നിറച്ചു. വീടെന്ന പരമ്പരാഗത സങ്കല്‍പ്പത്തെ തച്ചുടയ്ക്കാതെ വാസ്തുവും സ്ഥാനവും നോക്കി രൂപഘടനയില്‍ ആധുനികത കൊണ്ടുവന്നതോടെ വീടുപണി എന്ന തലവേദന മറന്ന് നിര്‍മാണരംഗത്ത് കയ്യൊപ്പിട്ടവരെ കാര്യങ്ങള്‍ ഏല്പിച്ച് സ്വസ്ഥമായി ഇരിക്കാന്‍ താല്പര്യപ്പെടുന്നവരുടെ എണ്ണം കൂടി. പണി കഴിഞ്ഞ ഫ്‌ളാറ്റുകളും വില്ലകളും തിരഞ്ഞെടുക്കുന്നതുകൊണ്ട് വളരെ അധികം ഗുണങ്ങളുണ്ട്. താമസസ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ മികച്ചതേത്, അവ എങ്ങനെ മനോഹരമാക്കാം എന്നെല്ലാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഫ്‌ളാറ്റോ അതോ വില്ലയോ?

്താമസക്കാരുടെ ആവശ്യാനുസരണമാണ് ഫ്‌ളാറ്റാണോ വില്ലയാണോ എന്ന് തീരുമാനിക്കേണ്ടത്. പൊതുവെ ഫ്‌ളാറ്റുകളെക്കാള്‍ വില കൂടുതലായിരിക്കും വില്ലകള്‍ക്ക് എന്നതുകൊണ്ട് അതിന്റേതായ ചില ഗുണങ്ങളും വില്ലകളില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

സൊസൈറ്റി ലിവിങ്ങിന്റെ എല്ലാ സാധ്യതകളും തുറന്ന് തരുന്നുണ്ട് ഫ്‌ളാറ്റുകളും വില്ലകളും. എന്നാല്‍ ഇവ രണ്ടും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. സ്വാതന്ത്രം കുറച്ചുകൂടി അനുഭവിക്കാന്‍ പറ്റുന്ന സ്ഥലമാണ് വില്ലകള്‍. ചെറിയ മുറ്റമോ പുന്തോട്ടമോ ഉള്ള വില്ലകള്‍ ഉടമസ്ഥന് കൂടുതല്‍ സ്വാതന്ത്രം നല്‍കുമ്പോള്‍ ഫ്‌ളാറ്റുകളില്‍ മുന്‍വാതില്‍ മുതല്‍ അകത്തേക്ക് മാത്രമാണ് ഉടമയ്ക്ക് അവകാശം. രാത്രി വൈകി എത്തുന്ന ജോലിയാണെങ്കിലും വീട്ടിലുള്ളവര്‍ സുരക്ഷിതരാണെന്ന തോന്നലാണ് ഫ്‌ളാറ്റുകളുടെ പ്രധാന സവിശേഷത.

വൈദ്യുതി, വെള്ളം, ഗ്യാസ് തുടങ്ങിയ കാര്യങ്ങള്‍ക്കൊന്നും അധികം ബുദ്ധിമുട്ടേണ്ടി വരില്ല എന്നത് ഫ്‌ളാറ്റുകളുടെ വലിയ ഗുണമാണ്. പ്ലംബിങ് പോലുള്ള അറ്റകുറ്റ പണികള്‍ക്കെല്ലാം ആളുകള്‍ വിളിപ്പുറത്തുണ്ടാവും. സ്ഥലപരിമിതിയാണ് ഫ്‌ളാറ്റുകളുടെ പ്രധാന പോരായ്മയായി പറയാവുന്നത്. കുടുംബത്തില്‍ അംഗസംഖ്യ കൂടുകയാണെങ്കില്‍ ഫ്‌ളാറ്റുകളില്‍ അവരെ കൂടെ ഉള്‍പ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. വില്ലകളിലാണെങ്കില്‍ ബേസിക്ക് ഡിസൈന്‍ നിലനിര്‍ത്തിയിട്ട് വേണ്ട മാറ്റങ്ങള്‍ നമുക്ക് വരുത്താന്‍ സാധിക്കും

ഫ്‌ളാറ്റ് ജീവിതത്തോടുള്ള മലയാളിയുടെ അഭിരുചി

സ്ഥലദൗര്‍ലഭ്യമാണ് ഫ്‌ളാറ്റുകളിലേക്ക് ആളുകളെ ആദ്യം ആകര്‍ഷിച്ചത്. ഏകാന്തത നിറഞ്ഞ ജീവിതമായിരിക്കും ഫ്‌ളാറ്റുകളിലേത് എന്ന കാഴ്ച്ചപ്പാട് ഇന്ന് ഏറെക്കുറെ മാറി. വീടുകളില്‍ ലഭിക്കാത്ത പല സൗകര്യങ്ങളും ഫ്‌ളാറ്റ് ജീവിതം വാഗ്ദാനം ചെയ്യുന്നുണ്ട്.

സെക്യൂരിറ്റി, പാര്‍ക്കിംഗ്, പ്ലേ ഗ്രൗണ്ട്, മുതിര്‍ന്നവര്‍ക്കുള്ള റെക്രിയേഷന്‍ ഏരിയകള്‍, പാര്‍ക്കുകള്‍, സ്വിമ്മിംഗ് പൂള്‍, ജിം തുടങ്ങി ഒരു കുടുംബത്തിലെ എല്ലാവരേയും മുന്നില്‍ കണ്ടാണ് ഫ്‌ളാറ്റുകളിലെ ഭൗതികസൗകര്യങ്ങള്‍ ഒരുക്കുന്നത്. ബുക്കിങ് ഘട്ടത്തില്‍ തന്നെ ഉപഭോക്താക്കളില്‍ നിന്ന് ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞാണ് മനസ്സിലെ സ്വപ്നം യാഥാര്‍ഥ്യമാക്കി നല്‍കുന്നത്. ജോലിസ്ഥലത്തേക്കുള്ള ദൂരവും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും പ്രായമായവരെ ആശുപത്രിയില്‍കൊണ്ടു പോകാനുമുള്ള സൗകര്യങ്ങള്‍ എന്നിവയ്ക്കാണ് പ്രധാന പരിഗണന. ദമ്പതിമാരില്‍ അധികവും ഒന്നിലേറെ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ പലരും രണ്ടു കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം ആവശ്യപ്പെടുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന രീതി. മലയാളികളെപ്പോലെ വെള്ളം ഇത്രമേല്‍ ഉപയോഗിക്കുന്ന മറ്റൊരു ജനവിഭാഗമില്ല. ജലലഭ്യത ഉറപ്പുവരുത്തിയ ശേഷമേ മറ്റുകാര്യങ്ങളെപ്പറ്റി ആളുകള്‍ ചോദിക്കാറുള്ളൂ.

ഫ്‌ളാറ്റ് വാങ്ങണമെന്നുള്ളവര്‍ക്ക് നിലവില്‍ മൊത്തം വിലയുടെ 95 ശതമാനം വരെ ബാങ്കുകള്‍ വായ്പയായി നല്‍കുന്നുണ്ട്. അഡ്വാന്‍സ് വാങ്ങിയ ശേഷം നിര്‍മാണം തീരും മുമ്പാണ് മറ്റ് ഇടപാടുകളും പൂര്‍ത്തിയാക്കുന്നത്. ഇതാണ് ഫ്‌ളാറ്റ് നിര്‍മാണ വില്‍പന രംഗത്ത് പൊതുവേയുള്ള രീതി.

സൂപ്പര്‍ ഏരിയയും കാര്‍പ്പെറ്റ് ഏരിയയും

മിക്കവാറും ഫ്‌ളാറ്റുകള്‍ സ്‌ക്വയര്‍ ഫീറ്റ് കണക്കുകള്‍ പറയുന്നത് സൂപ്പര്‍ ഏരിയയും കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും. താമസിക്കാന്‍ എത്തുമ്പോഴാണ് പറയുന്നത്ര സ്ഥലസൗകര്യം ഇല്ലെന്ന് മനസിലാകുക. സ്‌റ്റെയര്‍കേസ്, ലോബി, ഇടനാഴി തുടങ്ങിയ പൊതുസൗകര്യങ്ങളുടെകൂടി അളവ് ചേര്‍ന്നതാണ് ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ സൂപ്പര്‍ ഏരിയ. അപ്പാര്‍ട്ട്‌മെന്റിന്റെ ഉള്‍വശത്ത് ആകെ ഉപയോഗിക്കുന്ന സ്ഥലമാണ് കാര്‍പ്പെറ്റ് ഏരിയ. കാര്‍പ്പെറ്റ് ഏരിയയാണ് ഉപഭോക്താവിന് ലഭിക്കുന്നത്. അവിടെയാണ് താമസിക്കേണ്ടി വരുന്നത്. അതിനാല്‍ കാര്‍പ്പെറ്റ് ഏരിയ എത്രയെന്ന് വ്യക്തമായി അറിയണം.

ബില്‍ഡര്‍ നേരിടുന്ന പ്രധാന വെല്ലുവിളി

'അപ്പാര്‍ട്ട്‌മെന്റായാലും വില്ലയായാലും ചിലവ് ചുരുക്കി ചെയ്യുക എന്നതാണ് പ്രധാനകാര്യം. നിര്‍മാണത്തിലെ ഗുണമേന്മ കുറയാതെ തന്നെ ചിലവ് ചുരുക്കണമെങ്കില്‍ വ്യക്തമായ ആസൂത്രണവും, മികച്ച സാങ്കേതികവിദ്യയും ആവശ്യമാണ്. ലഭ്യമായ സ്ഥലം പരമാവധി ഉപയോഗിക്കുകയും വേണം. ഡിസൈനിംഗ് ഘട്ടത്തില്‍ തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. മികച്ച ഡിസൈനോടെ നിര്‍മ്മിക്കുകയാണെങ്കില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് ഫ്‌ളാറ്റില്‍ പോലും പരമാവധി സ്ഥലം ഉപയോഗിക്കാന്‍ സാധിക്കും.

മികച്ച സൗകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളും പ്രൗഢിയുള്ള നിര്‍മിതിയും മാത്രമല്ല പ്രൈം ലൊക്കേഷനുകളും, അപ്പാര്‍ട്‌മെന്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ആകര്‍ഷണീയമായ ഘടകമാണ്. കഴിയുന്നതും കൃത്യസമയത്ത് പണി പൂര്‍ത്തിയായ ഭവനങ്ങള്‍ കൈമാറുന്നു എന്നതും ഞങ്ങളുടെ പ്രത്യേകതയാണ്. ഒരു പ്രോജക്ട് പ്ലാന്‍ ചെയ്യുമ്പോള്‍, ആശയങ്ങളില്‍ കഴിയുന്നത്ര പുതുമ കൊണ്ടുവരണം എന്ന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് രൂപകല്‍പ്പന പ്രഗത്ഭരും പരിചയസമ്പന്നരുമായ ആര്‍ക്കിടെക്റ്റുകളെയാണ് ഏല്‍പ്പിക്കുക. ഏതു റെയ്ഞ്ചിലുള്ള ഉപഭോക്താക്കള്‍ക്കും ഇണങ്ങുന്ന ഭവനങ്ങള്‍ നിര്‍മിക്കുന്നുണ്ട്. സൂപ്പര്‍ ലക്ഷ്വറി, അഫോര്‍ഡബിള്‍ ലക്ഷ്വറി വിഭാഗത്തിലുള്ള ഫ്‌ളാറ്റുകള്‍ ഇക്കൂട്ടത്തില്‍പെടുന്നു. ഈ രംഗത്ത് വിജയിക്കാന്‍ മറ്റൊരു ഷോര്‍ട് കട്ടുമില്ല.' വെക്‌സ്‌കോ ഹോംസ് ജനറല്‍ മാനേജര്‍ (സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) നിഖില്‍ ടി. ബഷീര്‍ പറയുന്നു.

ബില്‍ഡര്‍മാരുടെ ഹോട്ട്‌സ്‌പോട്ട്

കേരളത്തില്‍ ഫ്‌ളാറ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള സ്ഥലമാണ് കൊച്ചി. വ്യാവസായിക രംഗത്തുണ്ടായ മുന്നേറ്റവും ഐടി രംഗത്തെ കുതിപ്പും ഫ്‌ളാറ്റുകളുടെ നഗരമായി കൊച്ചിയെ മാറ്റിയിട്ടുണ്ട്. ജോലിസ്ഥലത്തോട് ചേര്‍ന്ന് അനുയോജ്യമായ വാസസ്ഥലം കണ്ടെത്തുക എന്നതാണ് കൊച്ചിയിലേക്ക് കുടിയേറുന്നവര്‍ നേരിടുന്ന ആദ്യത്തെ പ്രശ്‌നം. വാടകയ്ക്ക് വീടോ ഫ്‌ളാറ്റോ ലഭിച്ചാലും വാടക ചിലവും ട്രാഫിക്കുമെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ അനുയോജ്യമായ സ്ഥലത്ത് ഫ്‌ളാറ്റ് ലഭിക്കുമെങ്കില്‍ വാങ്ങാന്‍ ആളുകള്‍ ഏറെയുണ്ട്. നഗരപ്രാന്തപ്രദേശങ്ങളില്‍ ഫ്‌ളാറ്റുകള്‍ക്കൊപ്പം തന്നെ വില്ലകള്‍ വാങ്ങാനും ആളുകള്‍ താല്‍പര്യപ്പെടുന്നു. തിരുവനന്തപുരം, കോട്ടയം,പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലും ഇപ്പോള്‍ ഫ്‌ളാറ്റിനും വില്ലകള്‍ക്കും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്.

പാര്‍പ്പിടരംഗത്ത് കേരളത്തിന്റെ ഭാവി

വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനം എന്ന നിലയില്‍ ബില്‍ഡര്‍മാര്‍ക്ക് മുന്‍പില്‍ കേരളം വലിയ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. ഐടി രംഗത്തെ മുന്നേറ്റം റിയല്‍ എസ്‌റ്റേറ്റ് രംഗത്തെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്‌സിറ്റി, സൈബര്‍ പാര്‍ക്ക് എന്നിവയുടെ വികസനത്തോടെ പാര്‍പ്പിട മേഖലയില്‍ ആവശ്യക്കാര്‍ വര്‍ദ്ധിക്കും.

നഗരങ്ങളിലേക്കാണ് പ്രൊഫഷണലുകള്‍ കുടിയേറുക എന്നതിനാല്‍ ഫ്‌ളാറ്റുകള്‍ക്കാണ് ഇനി കൂടുതല്‍ ആവശ്യക്കാരുണ്ടാവുക. ആഡംബര ഫ്‌ളാറ്റുകളെക്കാളേറെ ഇടത്തരം ഫ്‌ളാറ്റുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്.

അഴകും ആഢംബരവുമുള്ള ഭവനങ്ങളും അതിനുള്ളില്‍ സന്തോഷവും കെട്ടിപ്പടുക്കുന്ന ബില്‍ഡേഴ്‌സിന് കേരളത്തില്‍ വിജയിക്കാനാകും എന്നതില്‍ തര്‍ക്കമില്ല.

അകത്തളം മനോഹരമാക്കാം

ഫ്‌ളാറ്റുകളുടേയും വില്ലകളുടേയും പുറംഭാഗത്ത് കാര്യമായി മാറ്റങ്ങള്‍ നമുക്ക് വരുത്താന്‍ സാധിക്കില്ല. അതുകൊണ്ട് അകത്തളങ്ങളുടെ മോടികൂട്ടുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായോഗികതയും ഉപയോഗക്ഷമതയുമാണ് ഇപ്പോള്‍ ഇന്റീരിയറിന്റെ മുഖമുദ്ര. ഫ്‌ളാറ്റുകളാകുമ്പോള്‍ പൊതുവെ സ്ഥലപരിമിതിയുണ്ട് ,അതുകൊണ്ട് അവയ്ക്കിണങ്ങിയ ഫര്‍ണിച്ചര്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഭംഗിക്കും ഉപയോഗക്ഷമതയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കണം.
കടപ്പാട്: മംഗളം 
ആകാശത്ത് മുത്തമിടുന്ന സ്വപ്‌നങ്ങള്‍  (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക