Image

കാസര്‍ഗോഡുള്ള കേരളാ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷനെതിരെ പ്രതിഷേധം

Published on 08 September, 2018
കാസര്‍ഗോഡുള്ള കേരളാ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷനെതിരെ പ്രതിഷേധം
Jithin Gopalakrishnan-FB
കാസര്‍ഗോഡുള്ള കേരളാ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഫേസ്ബുക്കില്‍ പ്രതികരിച്ചതിന് ഒരധ്യാപകനെയും വിദ്യാര്‍ത്ഥിയെയുമാണ് കഴിഞ്ഞദിവസം സര്‍വ്വകലാശാല സസ്പെന്‍ഡ് ചെയ്തത്. ജി ഗോപകുമാര്‍ വൈസ് ചാന്‍സലര്‍ ആയതുമുതല്‍ കേന്ദ്ര ഭരണസ്വാധീനമുപയോഗിച്ച് ക്യാമ്പസ്സിനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമത്തിലാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍.

വൈസ് ചാന്‍സലര്‍ പ്രൊഫ.ജി ഗോപകുമാറും സ്ഥലം MP പി കരുണാകരനും കാലങ്ങളായി തുറന്ന പോരിലാണ്. യൂണിവേഴ്‌സിറ്റിക്കകത്ത് സംഘപരിവാര്‍ അനുകൂലിയായ വൈസ് ചാന്‍സലറും കൂട്ടാളികളും തുടര്‍ന്നുപോരുന്ന വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളാണ് ഇതിന് കാരണം. അങ്ങേയറ്റത്തെ അടിച്ചമര്‍ത്തല്‍ മനോഭാവമാണ് യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ കൈക്കൊള്ളുന്നത്. ക്യാമ്പസിലെ ഒരു പൊതുചടങ്ങില്‍ എംപിയും പ്രോ വിസിയും വാക്കേറ്റത്തിലേര്‍പ്പെട്ടത് വാര്‍ത്തയായിരുന്നു. ഈയിടെ എംപിയുടെ നിരന്തരമായ ഇടപെടല്‍ മൂലം HRD വകുപ്പ് വീസിയെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി ശാസിക്കേണ്ടുന്ന സ്ഥിതിവരെയുണ്ടായി. ബിജെപി ഭരിക്കുന്ന വകുപ്പ് ബിജെപി നോമിനിയായ വിസിയെ ശാസിക്കണമെങ്കില്‍ അയാളുടെ സര്‍വ്വകലാശാലാ ഭരണത്തിന്റെ അവസ്ഥ ആലോചിച്ചു നോക്കാവുന്നതേയുള്ളൂ.

പ്രോ വൈസ് ചാന്‍സലറായ ഡോ.കെ. ജയപ്രസാദാണ് കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ സംഘപരിവാറിന്റെ ഓപ്പറേഷനുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കെ ജയപ്രസാദ് കേരളത്തിലെ RSS ന്റെ മുന്തിയ ബുദ്ധിജീവിയാണ്. 'RSS and Hindu Nationalism: Inroads in a Leftist Stronghold' എന്ന കേരളത്തിലെ RSS ന്റെ ചരിത്രത്തെക്കുറിച്ചുള്ള ജയപ്രസാദിന്റെ പുസ്തകം വായിച്ചവര്‍ക്കറിയാം അയാളുടെ സംഘപരിവാര്‍ വിധേയത്വം. ഫാക്കല്‍റ്റി റിക്രൂട്ട്‌മെന്റിലും മറ്റും ജയപ്രസാദാണ് അവസാനവാക്ക്. വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്നതും ഭാരതീയ വിചാര കേന്ദ്രം വൈസ് പ്രസിഡന്റ് കൂടെയായിട്ടുള്ള ജയപ്രസാദ് തന്നെയാണ്. സര്‍വ്വകലാശാലയെ സംഘപരിവാര്‍ കേന്ദ്രമാക്കാനുള്ള ദൗത്യമാണ് RSS ജയപ്രസാദിന് നല്‍കിയിട്ടുള്ളത്.

ഇനിയും അച്ചടക്കത്തിന്റെ വാള്‍മുനകള്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മീതെ പതിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്ര സര്‍വ്വകലാശാലയെ സംഘപരിവാറിന് വിട്ടുകൊടുത്തുകൂടാ, ഏതുവിധേനയും ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്.
Jithin Gopalakrishnan
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക