Image

സത്യാഗ്രഹ സമരവുമായി കന്യാസ്ത്രീകള്‍

Published on 08 September, 2018
സത്യാഗ്രഹ സമരവുമായി കന്യാസ്ത്രീകള്‍
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹ സമരവുമായി കന്യാസ്ത്രീകള്‍. ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രീ പരാതിപ്പെട്ടിട്ട് 74 ദിവസം പിന്നിട്ടിട്ടും കേസില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഒപ്പമുള്ള കന്യാസ്ത്രീകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്.

എറണാകുളം ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നടന്ന സത്യാഗ്രഹസമരത്തില്‍ പരാതിക്കാരിയായ കന്യാസ്ത്രീ പ്രവര്‍ത്തിക്കുന്ന കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോണ്‍വെന്റിലെ അഞ്ചു കന്യാസ്ത്രീകള്‍ പങ്കെടുത്തു. പരാതിക്കാരിയുടെ ബന്ധുക്കളും ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും മനുഷ്യാവകാശ പ്രവര്‍ത്തകരും പിന്തുണയുമായി എത്തി.

'ഞങ്ങളുടെ ജീവന്‍ അപകടത്തില്‍' ,'സ്ത്രീപീഡകനായ ബിഷപ്പിനെ അറസ്റ്റുചെയ്യുക', 'കര്‍ത്താവിന്റെ മണവാട്ടികളുടെ മാനത്തിന് വില പത്തേക്കര്‍' തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് കന്യാസ്ത്രീകളായ അനുപമ, ആല്‍ഫി, നീന റോസ്, ആന്‍സിറ്റ, ജോസഫൈന്‍ എന്നിവര്‍ സമരത്തിനെത്തിയത്.

2014 മുതല്‍ 2016 വരെയായി 13 തവണ കുറവിലങ്ങാടിനടുത്തുള്ള മഠത്തില്‍വെച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ പരാതിപ്പെട്ടത്. പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം മഠത്തിലെ ഭൂരിപക്ഷം കന്യാസ്ത്രീകളുമുണ്ട്.

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഭാരവാഹികളായ ജോസ് ജോസഫ്, സ്റ്റീഫന്‍ മാത്യു, സി.വി. സെബാസ്റ്റ്യന്‍ എന്നിവര്‍ നിരഹാരസമരവും തുടങ്ങി. ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിച്ച സമരത്തില്‍ സിസ്റ്റര്‍ ആനി ഗ്രേസ്, സിസ്റ്റര്‍ ടീന ജോസ്, ഇന്ദുലേഖ ജോസഫ് തുടങ്ങിയവരും വിവിധ സംഘടനാ ഭാരവാഹികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രസംഗിച്ചു. രാവിലെ പത്തരയോടെ തുടങ്ങിയ സമരം ഒന്നരയോടെ അവസാനിപ്പിച്ച് കന്യാസ്ത്രീകള്‍ കുറവിലങ്ങാട്ടെ മഠത്തിലേക്ക് മടങ്ങി. ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സമരം തുടരുകയാണ്. ബിഷപ്പിന്റെ അറസ്റ്റുണ്ടാകുന്നതുവരെ റിലേ നിരാഹാരസമരം തുടരും.

കന്യാസ്ത്രീ മാധ്യമങ്ങളെ കണ്ടേക്കും

പീഡനത്തിന് ഇരയായ കന്യാസ്ത്രീ കുറവിലങ്ങാടിനടുത്തുള്ള മഠത്തില്‍വെച്ച് വൈകാതെ മാധ്യമങ്ങളെ കണ്ടേക്കും. നീതി കിട്ടാത്ത സാഹചര്യത്തിലാണിത്. പോലീസ് നടപടികള്‍ വൈകുന്നതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.

ബിഷപ്പിനെ കൈയാമം വെക്കുംവരെ ധര്‍മസമരം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൈയാമം വെച്ച് നിയമത്തിനുമുന്നില്‍ ഹാജരാക്കുന്നതുവരെ ധര്‍മസമരം തുടരും. അധികാരികളില്‍നിന്നുള്ള പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണ് കന്യാസ്ത്രീകള്‍ എന്ന മിഥ്യാധാരണ അടിച്ചേല്പിക്കാന്‍ ബിഷപ്പ് ഫ്രാങ്കോയെപ്പോലുള്ളവര്‍ ശ്രമിക്കുകയാണ്. മൗനത്തിലൂടെ അതിനെ ശരിവയ്ക്കുന്ന ഇതര സഭാ പിതാക്കന്മാരും കുറ്റവാളികളുടെ ഗണത്തിലാണ്. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

-സിസ്റ്റര്‍ അനുപമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക