Image

അവതാരമഹിമയുണര്‍ത്തിയ അഷ്ടമി രോഹിണി ആരാധന

സുരേന്ദ്രന്‍ നായര്‍ Published on 08 September, 2018
അവതാരമഹിമയുണര്‍ത്തിയ അഷ്ടമി രോഹിണി ആരാധന
കെ എച് എന്‍ എ. മിഷിഗന്റെ ആഭിമുഖ്യത്തില്‍ ശ്രാവണമാസത്തിലെ കൃഷ്ണാഷ്ടമിയും രോഹിണി നക്ഷത്രവും ഒത്തുചേര്‍ന്ന അസുലഭ മുഹൂര്‍ത്തത്തില്‍ ഭൂജാതനായ ശ്രീകൃഷ്ണന്റെ, അപാദാനങ്ങളയവിറക്കി പ്രത്യേക അഷ്ടമി രോഹിണി ആരാധന നടത്തി.

ഫാര്‍മിംഗ്ടണ്‍ഹില്‍സ് ക്ലബ് ഹൗസില്‍ അണിയിച്ചൊരുക്കിയ പൂജാമണ്ഡപത്തിലെ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ യജുര്‍വേദ വിധിപ്രകാരം ഗൗതം ത്യാഗരാജന്റെ കാര്‍മികത്വത്തില്‍ നടന്ന പഞ്ചാമൃത അഭിഷേകത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. വനിതാവേദിയും ബാലസംഘവും സംയുക്തമായി ശങ്കരവിരചിതമായ വിഷ്ണു സഹസ്രനാമ ആലാപനം നടത്തി.

പൃഥുവില്‍ അധര്‍മ്മവും അനീതിയും അസഹ്യമായപ്പോള്‍ ഭൂമിമാതാവിന്റെ പ്രാര്‍ത്ഥന പ്രകാരം ദ്വാപര യുഗത്തില്‍ മഹാവിഷ്ണു യാദവനായ വസുദേവരുടെയും കംസരാജാവിന്റെ മാതൃപുത്രിയായ ദേവകിയുടെയും എട്ടാമത്തെ പുത്രനായി അഷ്ടമി രോഹിണി നാളില്‍ അവതരിച്ചുവെന്നാണ് ഐതിഹ്യം. മനുഷ്യ ജീവിതത്തിലെ കഠിനമായ യാഥാര്‍ഥ്യങ്ങളെ അനായാസേന അഭിമുഖീകരിച്ചു മാതൃകയാകുന്ന കൃഷ്ണന്‍ മാനവരാശിക്ക് പകര്‍ന്നുനല്‍കുന്ന സന്ദേശങ്ങള്‍ വേദവ്യാസന്‍ ഭഗവത് ഗീതയിലൂടെയും ഉദ്ധവ ഗീതയിലൂടെയും അനാവ്രതമാക്കുന്നു. അമേരിക്കയിലുള്‍പ്പെടെ അനേകം സര്‍വ്വകലാശാലകള്‍ ഗീതയുടെ ശാസ്ത്രീയരഹസ്യങ്ങള്‍ മതാതീതമായി ഇന്ന് പഠന വിഷയങ്ങളായി പരിഗണിച്ചു കഴിഞ്ഞിരിക്കുന്നു.

ഭജഗോവിന്ദവും കൃഷ്ണഗാഥയും നാരായണീയവും ജ്ഞാനപ്പാനയും കോര്‍ത്തിണക്കിയ ഭക്തിസാന്ദ്രമായ സംഗീതവിരുന്ന് ജയമുരളി നായര്‍, ബിനി പണിക്കര്‍, ദിനേശ് ലക്ഷ്മണന്‍, രാജേഷ് നായര്‍, നവ്യ പൈന്‍ഗോള്‍, ബിന്ദു പണിക്കര്‍, ഗീതനായര്‍ തുടങ്ങിയവര്‍ ശ്രവണ സുന്ദരമാക്കി.

സാങ്കേതികവിദ്യയുടെ കടന്നുകയറ്റം അന്യമാക്കിക്കൊണ്ടിരിക്കുന്ന ബന്ധങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്ന നിസ്വാര്‍ഥ സ്‌നേഹത്തിന്റെ നിതാന്ത ദര്‍ശനമായ കൃഷ്ണ കുചേല ബന്ധത്തിന്റെ ഊഷ്മളത സദസ്സില്‍ ചര്‍ച്ചചെയ്തു.

വിജ്ഞാനവും വിനോദവും ഒത്തുചേര്‍ന്ന ആഘോഷപരിപാടികള്‍ക്ക് പ്രസിഡന്റ് രാധാകൃഷ്ണന്‍ സെക്രട്ടറി മനോജ് വാരിയര്‍, പ്രസന്ന മോഹന്‍, ആശ മനോഹര്‍, സുനില്‍ പൈന്‍ഗോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക