Image

പി കെ ശശിക്കെതിരായ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്‌

Published on 09 September, 2018
പി കെ ശശിക്കെതിരായ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്‌


പാലക്കാട്‌: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ്‌ നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്‌. പി കെ ശശി തന്നെ മൂന്ന്‌ തവണ നേരിട്ട്‌ അപമാനിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

ഓഗസ്റ്റ്‌ പതിനാലാം തീയതിയാണ്‌ യുവതി പികെ ശശിക്കെതിരെ സിപിഎം സംസ്ഥാന നേതൃത്വത്തിന്‌ പരാതി നല്‍കുന്നത്‌. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ തന്നെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു.

മണ്ണാര്‍ക്കാട്ട്‌  സിപിഎം പാലക്കാട്‌ ജില്ലാ സമ്മേളനത്തില്‍ വനിതാ വോളണ്ടിയറുടെ ചുമതലയായിരുന്നു യുവതിക്കുണ്ടായിരുന്നത്‌. അവിടെ വെച്ചാണ്‌ ആദ്യമായി   ശശി  മോശമായി പെരുമാറിയെന്ന്‌ യുവതി പരാതിയില്‍ പറയുന്നു.

സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തിയ പികെ ശശി ഒരു കെട്ട്‌ പണം നല്‍കി വഴങ്ങാന്‍ ആവശ്യപ്പെട്ടു.

പണം സ്വീകരിക്കാന്‍ തയാറാകാതെ ഇരുന്നപ്പോള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന റെഡ്‌ വോളണ്ടിയര്‍മാര്‍ക്കുള്ള വസ്‌ത്രം വാങ്ങാനുള്ള പണമായിരുന്നുവെന്നായിരുന്നു എംഎല്‍ എയുടെ വിശദീകരണം. അന്നു തന്നെ ഏരീയ സെക്രട്ടറിയെ പരാതി അറിയിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

ഈ സംഭവത്തിന്‌ ശേഷം മണ്ണാര്‍ക്കാട്ടെ ഓഫീസിലെത്തിയപ്പോഴാണ്‌ എംഎല്‍എ കടന്നു പിടിച്ചത്‌. പിന്നീട്‌ തനിക്ക്‌ വഴങ്ങണമെന്ന്‌ ആവശ്യപ്പെട്ട്‌ നിരവധി തവണ ഫോണില്‍ സന്ദേശം അയച്ചു. സഹകരിച്ചാല്‍ യുവതിക്ക്‌ ഗുണമുണ്ടാകുമെന്നും എംഎല്‍എ പറഞ്ഞിരുന്നതായി പരാതിയില്‍ പറയുന്നു.

എംഎല്‍എ അപമാനിക്കാന്‍ ശ്രമിക്കുന്ന വിവരം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്നാല്‍ ആരും തന്നെ പിന്തുണയ്‌ക്കാന്‍ തയാറായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.

പികെ ശശി ഫോണില്‍ വിളിച്ചതിന്റെ രേഖകളും യുവതി പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്‌. ഓഡിയോ സന്ദേശങ്ങളും കൈവശമുണ്ടെന്നാണ്‌ യുവതി അറിയിച്ചിരുന്നത്‌. മറ്റു തെളിവുകള്‍ ആവശ്യമില്ലെന്നാണ്‌ സംസ്ഥാന നേതാക്കളുടെ തീരുമാനം.

പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. ഒരു ഡിവൈഎഫ്‌ഐ നേതാവ്‌ ഇടനിലക്കാരാനായാണ്‌ ഒത്തുതീര്‍പ്പ്‌ ശ്രമങ്ങള്‍ നടന്നത്‌. സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിന്റെ പിന്തുണയോടെയാണ്‌ യുവതി സംസ്ഥാനം നേതൃത്വത്തെ പരാതി അറിയിച്ചത്‌.

ശശിക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ്‌ നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറി നില്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക