Image

പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published on 09 September, 2018
പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പത്തനാപുരം: പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യുവിനെയാണ് (54) മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ്. (കല്ലട സ്വദേശി സൂസമ്മ പി ഇ)

കോണ്‍വെന്റിനോട് ചേര്‍ന്ന കിണറിന് സമീപത്ത് രക്തപ്പാടുകള്‍ കണ്ട ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്.

ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചു. പോലീസും ഫയര്‍ഫോഴ്സും എത്തി പരിശോധിച്ചപ്പോളാണ് മൃതദേഹം സിസ്റ്റര്‍ സൂസന്റേതാണെന്ന് മനസിലായത്. കിണറിന്റെ തൂണിലും സമീപത്തും രക്തപ്പാടുകളും കണ്ടെത്തി.

സിസ്റ്ററിന്റെ മുറിയില്‍ നിന്ന് കിണറ്റിലേക്കുള്ള വഴിയിലും രക്തപ്പാടുകളും വലിച്ചിഴച്ച പാടുകളുമുണ്ട്. മൃതദേഹത്തിന്റെ മുടി മുറിച്ച നിലയിലാണ്. മുടിയുടെ മുറിച്ച ഭാഗം മുറിയിലും കണ്ടെത്തിയിട്ടുണ്ട്. മുറിയില്‍ ഒറ്റയ്ക്കാണ് കന്യാസ്ത്രീ താമസിച്ചിരുന്നത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് . മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

രാവിലെ പള്ളിയിലേക്ക് പ്രാര്‍ഥനക്ക് പോകാനായി മറ്റ് കന്യാസ്ത്രീകള്‍ ഇവരെ വിളിച്ചിരുന്നു. എന്നാല്‍ ഇന്ന് താന്‍ പ്രാര്‍ഥനയ്ക്ക് ഇല്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കന്യാസ്ത്രീ ഇവരോട് വ്യക്തമാക്കുകയായിരുന്നു.

തുടര്‍ന്നുള്ള സമയങ്ങളില്‍ മഠത്തില്‍ കന്യാസ്തീ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കന്യാസ്ത്രീയെ കാണാതായതോടെ നടത്തിയ തിരച്ചിലിനൊടുവില്‍ മഠത്തിലെ ജീവനക്കാരാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 12 വര്‍ഷമായി ഈ സ്‌കൂളില്‍ ജോലി ചെയ്തുവരികയായിരുന്നു സൂസന്‍. അന്‍പതോളം കന്യാസ്ത്രീകളാണ് ഈ മഠത്തിലുള്ളത്.

കിണറ്റില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ടാഴ്ചയായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ വെള്ളിയാഴ്ചയാണ് തിരികെയെത്തിയത്. എന്നാല്‍ ശാരീരികാസാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉച്ചയോടെ സ്‌കൂളില്‍ നിന്ന് മടങ്ങി.

കഴിഞ്ഞ കുറെക്കാലമായി കന്യാസ്ത്രീയെ രോഗം അലട്ടിയിരുന്നതിനാല്‍ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി കോണ്‍വെന്റ് അധികൃതര്‍ പൊലീസിന് മൊഴി നല്‍കി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോകും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക