Image

ബിജെപിക്ക് അടുത്ത തിരിച്ചടി; ഒരു മന്ത്രികൂടി മറുകണ്ടം ചാടിയേക്കും! പ്രതിപക്ഷം ജയിക്കുമെന്ന് മന്ത്രി

Published on 09 September, 2018
ബിജെപിക്ക് അടുത്ത തിരിച്ചടി; ഒരു മന്ത്രികൂടി മറുകണ്ടം ചാടിയേക്കും! പ്രതിപക്ഷം ജയിക്കുമെന്ന് മന്ത്രി
എന്‍ഡിഎ സര്‍ക്കാരില്‍ സഖ്യകക്ഷിയായ ആര്‍എല്‍എസ്പി പ്രതിപക്ഷ മുന്നണിയില്‍ ചേരുമെന്നായിരുന്നു ആഴ്ചകള്‍ക്ക് മുമ്പുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ വരുന്നത് മറ്റൊരു സൂചനയാണ്. ബിജെപി സര്‍ക്കാരിലെ മന്ത്രി പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തില്‍ ചേര്‍ന്നേക്കുമെന്നാണ് വാര്‍ത്ത.
മന്ത്രിയുടെ ചില ബിജെപി വിരുദ്ധ പരാമര്‍ശങ്ങളാണ് ഈ വാര്‍ത്തകള്‍ക്ക് ആധാരം. എന്നാല്‍ സഖ്യം വിടുന്നത് സംബന്ധിച്ച് മന്ത്രി നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷത്തിന്റെ മുന്നൊരുക്കങ്ങള്‍ കണ്ടാണ് ബിജെപി പരാജയപ്പെടുമെന്നും പ്രതിപക്ഷത്തിനാണ് വിജയസാധ്യതയെന്നും മന്ത്രി തുറന്നടിച്ചത്. ബിജെപി തിരഞ്ഞെടുപ്പിന് ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തവെയാണ് അവര്‍ക്ക് ആശങ്കപരത്തുന്ന റിപ്പോര്‍ട്ടുകള്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത ഏപ്രില്‍മെയ് മാസങ്ങളിലാണ് നടക്കുക. അതിന് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. എല്ലാം ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് സഖ്യകക്ഷി നേതാവ് തന്നെ പ്രതിപക്ഷത്തെ പുകഴ്ത്തിയത്.

ഉത്തര്‍ പ്രദേശ് സര്‍ക്കാരില്‍ മന്ത്രിയായ ഒപി രാജ്ബാര്‍ ആണ് പ്രതിപക്ഷത്തിനാണ് ജയസാധ്യതയെന്ന് പറഞ്ഞത്. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) നേതാവാണ് ഇദ്ദേഹം. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ പിന്നാക്ക ക്ഷേമ മന്ത്രിയാണ് രാജ്ബാര്‍.

ബിജെപി കടുത്ത പ്രതിസന്ധിയാണിപ്പോള്‍ നേരിടുന്നതെന്ന് രാജ്ബാര്‍ പറയുന്നു. പ്രതിപക്ഷത്തിന്റെ ഐക്യശ്രമങ്ങള്‍ വിജയിച്ചാല്‍ ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് രാജ്ബാര്‍ ബിജെപി നേരിടുന്ന വെല്ലുവിളി സംബന്ധിച്ച് മനസ് തുറന്നത്.

ഉത്തര്‍ പ്രദേശില്‍ ബിജെപിക്കെതിരെ ശക്തമായ ഒരുക്കങ്ങളാണ് നടക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, കോണ്‍ഗ്രസ്, ആര്‍എല്‍ഡി തുടങ്ങിയ കക്ഷികള്‍ ഒരുമിക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഈ സഖ്യം നിലവില്‍ വന്നാല്‍ ബിജെപി പരാജയപ്പെടുമെന്ന് മന്ത്രി രാജ്ബാര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക