Image

ബിഷപ്പിനെതിരായ പീഡനക്കേസ്: അന്വേഷണ സംഘം വിപുലീകരിക്കുന്നു

Published on 09 September, 2018
ബിഷപ്പിനെതിരായ പീഡനക്കേസ്: അന്വേഷണ സംഘം വിപുലീകരിക്കുന്നു
തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കന്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കാന്‍ തീരുമാനം. രണ്ട് സി.ഐമാരെയും എസ്.ഐയും പുതുതായി ഉള്‍കൊള്ളിച്ചാണ് സംഘം വിപുലീകരിക്കുന്നത്. ചൊവ്വാഴ്ച അന്വേഷണ സംഘത്തിന്റെ യോഗം ഐ.ജി വിളിച്ചുചേര്‍ക്കുന്നുമുണ്ട്.

കേസില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ശക്തമായ വിമര്‍ശനമാണ് പോലീസിനെതിരെ ഉയര്‍ന്നത്. ഇതിന് പുറമെ കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചതും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി. ഇതാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിച്ചത്.

നേരത്തെ വൈക്കം ഡി.വൈ.എസ്.പിക്ക് മാത്രമാണ് കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇത് അന്വഷണ സംഘമായി വിപുലീകരിച്ചിരിക്കുകയാണ്. കടുത്തുരുത്തി, വാകത്താനം സി.ഐമാരെയും ഒരു എസ്.ഐയെയുമാണ് സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ മൊഴി എടുക്കലും മറ്റും ആവശ്യമായതിനാല്‍ കാലതാമസം വരാതിരിക്കാനാണ് സംഘം വിപുലീകരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. കോട്ടയത്തുവച്ച് ഐ.ജിയുടെ നേതൃത്വത്തില്‍ കേസിന്റെ അവലോകന യോഗം ചേരാനും തീരുമാനമായിട്ടുണ്ട്. ഈ യോഗത്തില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. കേസില്‍ അന്വേഷണം ഇഴയുന്നു എന്ന ആക്ഷേപം മറികടക്കാനുള്ള തീവ്ര ശ്രമങ്ങളിലേക്ക് നീങ്ങുകയാണ് കേരള പോലീസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക