Image

ഇട്ടീര (കഥ: ജോസഫ് ഏബ്രഹാം)

Published on 09 September, 2018
ഇട്ടീര (കഥ: ജോസഫ് ഏബ്രഹാം)
ജീവിക്കാന്‍ ഒരു രക്ഷയുമില്ലാതെ വരുമ്പോഴാണ് പോയി ചത്തേക്കാന്ന് വിചാരിക്കുന്നത് . പക്ഷെ ചാവാന്‍ ചെന്നപ്പോള്‍ അതിലും രക്ഷപ്പെടാത്തകണ്ടകശ്ശനിക്കാരും ഏഴരശനിക്കാരുമായ കഷ്ട്ടകാലന്മാക്കാര്‍ക്കെതിരെ കേസും കൂടി എടുക്കുമെന്നമഹാപരാധംനിലനിന്ന കാലത്താണ് ഇട്ടീര ആത്മഹത്യ ചെയ്യാന്‍ പോയതും കേസില്‍പ്പെട്ട്‌കോടതികയറുന്നതും.കോടതിമുറിയില്‍ നില്‍ക്കാനിടമില്ലാത്തതിനാല്‍ വരാന്തയിലുംകോണിപ്പടികളിലുമൊക്കെയായി തിങ്ങിക്കൂടി നില്‍ക്കുന്ന ജനാവലിയില്‍ ഒരാളായി ഇട്ടീരയും ചേര്‍ന്നു. മീനച്ചൂടില്‍! ചൂടുപിടിച്ച കോടതി മുറിക്കുള്ളില്‍ വിയര്‍ത്തു വിങ്ങുന്ന ദേഹവുമായി വക്കീലന്മാര്‍ കേസ് വിളിക്കുന്നതും കാത്തിരിക്കുന്നു.ഹര്‍ജികള്‍ ധൃതിയില്‍ എഴുതുകയും ഇടയ്ക്കിടെ നാവ് പുറത്തേക്ക് നീട്ടി അതില്‍ വെച്ച് പശിമവരുത്തിയ സ്റ്റാമ്പുകള്‍ ഹരജികളില്‍ അമര്‍ത്തിയൊട്ടിക്കുകയും ചെയ്യുന്ന തിരക്കിട്ട ജോലികളില്‍ഏര്‍പ്പെട്ടിരിക്കുകയാണ് വക്കീല്‍ ഗുമസ്ഥന്മാര്‍.
മജിസ്‌ട്രേറ്റിന്റെ തലക്ക് മുകളിലായി ഒരു പഴയ ഫാന്‍ ഇടയ്ക്കിടെ വലിയ ശബ്ദം ഉണ്ടാക്കികൊണ്ട് സങ്കീര്‍ണ്ണമായ കോടതി നടപടികളുടെ വേഗതയെ സൂചിപ്പിക്കും വിധം വളരെ പതിയെ കറങ്ങുന്നുണ്ട്. എന്നോ ചലനം നിലച്ചു പോയ ഒരു ഘടികാരവും രാഷ്ട്രപിതാവിന്റെ പൊടിപിടിച്ച ഒരു ചിത്രവും ഇരതേടാന്‍ ഇറങ്ങിയ ഒരു ഗൌളിയും കോടതി നടപടികളുടെ സാക്ഷികളായി ചുവരില്‍ പറ്റിപ്പിടിച്ചിരിപ്പുണ്ട്. കോടതിമുറിക്കു പുറത്ത് നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന്റെ കണ്ണും കാതും കോടതി മുറിയുടെ ജനലിലൂടെ അകത്തേക്ക് നീണ്ടുചെന്നു ബഞ്ച് ക്ലാര്‍ക്കില്‍ സൂക്ഷമായി നട്ടിരിക്കുകയാണ്.ബെഞ്ച് ക്ലാര്‍ക്ക് കേസ് നമ്പറും പേരും വിളിച്ചു പറയുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ഒരു തിരയിളക്കമുണ്ടാകും. തിരക്കിലൂടെ നൂണ്ട് വഴിയുണ്ടാക്കി പ്രതികളും വാദികളും കോടതി മുന്‍പാകെ ചെന്നു നില്‍ക്കും. കേസ് നടപടി കഴിയുമ്പോള്‍ പ്രതികളും വാദികളും കേസിന്റെ അടുത്ത അവധിപേനകൊണ്ട് ഉള്ളം കയ്യില്‍ എഴുതി തിരക്കിനിടയിലൂടെ നൂണ്ടിറങ്ങി പുറത്തേക്ക് വരും.
ബെഞ്ച് ക്ലാര്‍ക്ക് അടുത്ത കേസ് നമ്പര്‍ വിളിച്ചു. ‘എസ്. ടി 1126 / 80പ്രതി ഇട്ടീര’.ക്ലാര്‍ക്ക് വിളിച്ചു പറഞ്ഞത് മറ്റൊലിപോലെ കോടതി ശിപായിയും ഏറ്റു വിളിച്ചു.‘പ്രതി ഇട്ടീര ഹാജരുണ്ടോ’. കോടതിയില്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി വഴിയുണ്ടാക്കി ഇട്ടീര പ്രതിക്കൂട്ടില്‍ കയറി കോടതിയെ വണങ്ങി. ഇട്ടീര പ്രതിക്കൂട്ടില്‍ കയറി നിന്നപ്പോള്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ എഴുന്നേറ്റു നിന്ന് കോടതിയില്‍ ബോധിപ്പിച്ചു.
“യുവര്‍ ഓണര്‍, ഈ കേസില്‍ ഒളിവിലായിരുന്നപിടികിട്ടാ പുള്ളിയായ പ്രതിയെ അറസ്റ്റുചെയ്തു ഹാജരാക്കിയിട്ടുണ്ട്”.
പ്രതിയെ അറസ്റ്റുചെയ്തു ഹാജരാക്കിയ കൊമ്പന്‍ മീശക്കാരന്‍ ഏഡ്തന്‍റെ ‘തീക്കുറ്റി’ തൊപ്പി നേരെ പിടിച്ചു തലയില്‍ ഉറപ്പിച്ചു. കാക്കികമ്പിളിശീല ചുറ്റിയ കാലിലെ ബാറ്റാ വള്ളിചെരുപ്പ് തറയില്‍ അമര്‍ത്തിചവിട്ടിശബ്ദമുണ്ടാക്കി കോടതിയെ സല്യൂട്ട് ചെയ്തു. പിടികിട്ടാപുള്ളിയായിരുന്നനിയമനിഷേധി ഇട്ടീരയെ തറപ്പിച്ചുൊന്നു നോക്കിയശേഷം മജിസ്‌ട്രേറ്റ് ചോദിച്ചു .
‘നിങ്ങള്‍ക്ക് വക്കീല്‍ ഉണ്ടോ ?’ ഇല്ലായെന്ന അര്‍ത്ഥത്തില്‍ ഇട്ടീര തലയാട്ടി
‘കോടതിയില്‍ നിന്ന് വക്കീലിനെ വച്ച് തരണമെന്ന് അപേക്ഷയുണ്ടോ?’
“ഇല്ല” ഇട്ടീര ഭവ്യമായി മറുപടി പറഞ്ഞു.
പ്രതിയെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റു കല്പനയായി. ബെഞ്ച് ക്ലാര്‍ക്ക് കേസ് ഫയല്‍ എടുത്തു നിവര്‍ത്തി കുറ്റപത്രം വായിക്കാന്‍ തുടങ്ങി.“10/06/79തിയതി പകല്‍ സുമാര്‍ പതിനൊന്നു മണി സമയത്ത് പ്രതിയായ ശിമയോന്‍ മകന്‍ ഇട്ടീര,46 വയസ്, പുളിക്കമല അംശം ദേശത്ത് ടിയാന്റെ കൈവശത്തിലും ഉടമസ്ഥതയിലുമുള്ള ഢകക /36 നമ്പര്‍ വീട്ടില്‍ വച്ച് സ്വയം ജീവന്‍ ഒടുക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി ടി വീടിന്റെ മോന്തായത്തില്‍ കെട്ടിയുറപ്പിച്ച ഒരു കയറില്‍ തീര്‍ത്ത മാരകമായ കുരുക്ക് കഴുത്തില്‍ മുറുക്കി,കെട്ടിഞാന്നു സ്വന്തം ജീവന്‍ ഒടുക്കാന്‍ ശ്രെമിച്ചതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 309 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്തിരിക്കുന്നു.”കുറ്റപത്രം വായിച്ച് കഴിഞ്ഞപ്പോള്‍ മജിസ്‌ട്രേറ്റ് ഇട്ടീരയോട് ചോദിച്ചു
‘ വായിച്ച് കേട്ടത് മനസ്സിലായോ ?’
“ഉവ്വ് ” ഇട്ടീര പറഞ്ഞു
‘അപ്രകാരം കുറ്റം ചെയ്തിട്ടുണ്ടോ’
“ഉവ്വ്”
മജിസ്‌ട്രേറ്റ് വീണ്ടും ചോദിച്ചു.‘ശിക്ഷയെക്കുറിച്ച് ബോധ്യമുണ്ടോ’?
“ഉവ്വ്”
‘എന്തെങ്കിലും കൂടുതലായി പറയാനുണ്ടോ’
“ഉവ്വ് സാറെ”. എങ്കില്‍ പറഞ്ഞോളുവെന്നായി മജിസ്‌ട്രേറ്റ്.
“ഭയങ്കര മനോവെഷമം വന്നപ്പോഴാണ് സാറെ ചത്തേക്കാന്നു നീരിച്ചത് .അന്നേരം അവമ്മാര് കയറു ചെത്തി താഴെയിട്ടു. ആശുത്രീലുംകൊണ്ടോയി.ആശുത്രീന്ന് വന്നപ്പോള്‍ പിന്നെ എപ്പകണ്ടാലും എന്നെ അതുംപറഞ്ഞു കളിയാക്കും. എല്ലാം ഒന്ന് പൊത്തുവരുത്തപ്പെട്ടു വന്നപ്പോഴേക്കും ദാ ഇപ്പോള്‍ കേസുമായി. എന്നെ ജീവിക്കാനും സമ്മതിക്കൂല്ല, ചാവാനും സമ്മതിക്കൂല്ല. ഞാന്‍ മടുത്തു സാറെ എന്നെ അങ്ങ് തൂക്കിക്കൊന്നേക്ക്‌സാറെ”.
**************
“കാലത്താറുമണി നേരത്ത് ചില
രണ്ടന്‍ വിസിലടി കേള്‍ക്കുന്നു.
രണ്ടന്‍ വിസിലടി കേള്‍ക്കുന്നു –
പിന്നെ സായിപ്പിന്‍ മാലോകര്‍ ചായകുടിക്കുന്നു.
ചായ കുടിക്കട്ടെ , ചായ കുടിക്കട്ടെ
വമ്പന്മാരുങ്കൊന്നു കാണട്ടെ.
സായിപ്പിന്‍ മാലോരെ, കളിക്കൂട്ടം ആയോരെ”ഇട്ടീര പാടുകയാണ്.

ഈ പാട്ട് എന്താണെന്നോ ഇതിന്‍റെ അര്‍ത്ഥം എന്താണെന്നോ അറിയില്ല. ആരും അതൊട്ട് ഇട്ടീരയോടു ചോദിക്കാന്‍ മിനക്കെട്ടിട്ടുമില്ല പക്ഷെ അയാളുടെ ഇതുപോലുള്ള പാട്ടുകള്‍ എല്ലാവരും നന്നായി ആസ്വദിക്കുമായിരുന്നു. തിളയ്ക്കുന്ന സൂര്യന്റെ വെയിലേറ്റു മണ്ണില്‍ കിളയ്ക്കുമ്പോള്‍ ഇട്ടീരയുടെ പാട്ടുകള്‍ കൂടെ പണിയെടുക്കുന്നവര്‍ക്ക് ക്ഷീണമകറ്റാനുള്ള ഔഷധവും മനസുതുറന്നു ചിരിക്കാനുള്ള വകയുമായിരുന്നു.

മണ്ണൊലിപ്പ് തടയല്‍ പദ്ധതി പ്രകാരം നാട്ടിലെമ്പാടും കയ്യാല കെട്ടുന്ന കാലത്താണ് ഒരു കയ്യാലകെട്ടുകാരനായി ഇട്ടീര ഗ്രാമത്തില്‍ എത്തുന്നത്. പോലീസുകാരെപ്പോലെ കാക്കി നിക്കറും ഉടുപ്പുമിട്ട് റോഡരികിലെ കാടു വെട്ടുകയും കാന കോരുകയും പൊതു സ്ഥലങ്ങള്‍ പരിപാലിക്കുകയും ചെയ്യുന്ന ‘എന്‍. എം .ആര്‍’ പണിക്കാരന്‍ കുട്ടപ്പായി ചേട്ടനാണ് ഒരു ദിവസം ഇട്ടീരയെയും കൂട്ടി പുളിക്കമല എന്ന ചെറിയ ഗ്രാമത്തില്‍ എത്തുന്നത്.ഇട്ടീരയുടെ ചെറുപ്പകാലത്തെക്കുറിച്ചോ എവിടെ നിന്നാണ് അയാള്‍ ഞങ്ങളുടെ നാട്ടില്‍ എത്തിയതെന്നോ ആരൊക്കെ അയാള്‍ക്കുണ്ടെന്നോ ആര്‍ക്കും വലിയ പിടിപാടില്ല. അക്കാര്യങ്ങള്‍ ചോദിച്ചാല്‍ അയാള്‍ അതില്‍ നിന്ന് കൌശലപൂര്‍വ്വം വഴുതി മാറിയിരുന്നു.

നാട്ടിലെ പറമ്പുകളിലെ കയ്യാലകള്‍ ഒട്ടുമിക്കതും പണിതത് ഇട്ടീരയാണ്. കയ്യാലപ്പണി മാത്രമല്ല,അതുവരെ റബര്‍ മരങ്ങള്‍ ഒന്നും അധിനിവേശിക്കാത്ത കുന്നിന്‍ പുറങ്ങള്‍ കൊത്തികിളച്ചു നിലമൊരുക്കി കരനെല്ല് വിതയ്ക്കാനും, നെല്ല് കൊയെതെടുത്താല്‍ പിന്നെ അവിടെഎള്ള്, വരക് എന്നിവ വിതയ്ക്കൂന്നതിലുംമൊക്കെ ഇട്ടീരയുണ്ടാകും. അയല്‍ക്കാര്‍ എല്ലാവരും ഒരുമിച്ചു ചേര്‍ന്ന് നടത്തുന്ന കപ്പ പറിച്ചുണങ്ങല്‍ സജീവമാക്കുന്നതും ഇട്ടീരയാണ്. രാവിലെ തുടങ്ങി രാത്രി ഏറിയുംചിലപ്പോള്‍ വെളുക്കുവോളം വരേയ്ക്കും നീണ്ടുനില്‍ക്കുന്ന ഈ വേലയില്‍ കപ്പ പറിക്കുന്നതുമുതല്‍തൊലി ചുരണ്ടി അരിഞ്ഞുവാട്ടി പാറപ്പുറത്ത് കൊണ്ടുപോയിഉണങ്ങാനിടുന്നതുവരെഉച്ചത്തില്‍ വര്‍ത്താനം പറഞ്ഞും,പാട്ടുകള്‍ പാടിയും അയാള്‍ കൂടെ ഉണ്ടാകും.“കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരി”അതുപോലെ“കണ്ടംബെച്ചൊരു കോട്ടാണെ പണ്ടേ കിട്ടിയ കോട്ടാണെ....” എന്ന പാട്ടുമൊക്കെ ആദ്യമായി കേള്‍ക്കുന്നത് ഇട്ടീരയുടെ ഈണത്തിലാണ്. പില്‍ക്കാലത്ത് വീട്ടില്‍ ഒരു റേഡിയോ വാങ്ങിച്ചപ്പോഴാണ് ഇട്ടീര പാടിയിരുന്ന പല പാട്ടുകളുംആദ്യമായി റേഡിയോവിലൂടെ കേട്ടത്.
കയ്യാല കെട്ടുബോള്‍ ഇട്ടീരയെ സഹായിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍പറമ്പില്‍ കിടക്കുന്ന ചെറിയ കല്ലുകള്‍ ചൂരല്‍ കൊട്ടകളില്‍ പെറുക്കി ഇട്ടീരക്ക് നല്‍കും.ഞങ്ങള്‍ കൊണ്ടിടുന്ന കല്ലുകളെടുത്തു കയ്യാല പണിതുകൊണ്ട് ഇട്ടീര പാടാന്‍ തുടങ്ങും.
“മക്രോണി പായസം അല്‍പ്പം കുടിച്ചിട്ട് ‘മാക്കിറി’ പോലൊരു ചാട്ടം ....”
മക്രോണിയെന്നത് എന്താണെന്നു അന്ന് അറിയില്ലായിരുന്നെങ്കിലും മക്രോണി പായസത്തെക്കുറിച്ചു ഹാസ്യാത്മകമായി ഇട്ടീര പാടുന്നത് കേട്ട് ഒത്തിരി ചിരിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ അടുത്തകൊട്ട കല്ല് പെറുക്കിഎത്തിക്കുമ്പോഴേക്കും ഇട്ടീര മറ്റൊരു പാട്ടിനു തുടക്കം കുറിച്ചിട്ടുണ്ടായിരിക്കും.
“പ്രഷ്യ എന്നൊരു നാടങ്ങ് വടക്കുണ്ടേ,
സ്വര്‍ഗ്ഗം പോലും നാണിക്കുന്നൊരു നാടാണേ.
ആണും പെണ്ണുംമെന്നൊരു ഭേദമില്ലവിടെ
ഒരു മിക്ചറാണാ ദേശം.....”എന്നൊക്കെ പോകും കിഴക്കന്‍ ജെര്‍മനിയിലെ സോഷ്യലിസ്റ്റ് പ്രവശ്യയായിരുന്ന പ്രഷ്യയെക്കുറിച്ചുള്ള ഇട്ടീരയുടെ പാട്ട്.

“അപ്പായിമാര്‍ മുതല്‍ ശിപ്പായിമാര്‍ വരെ
കൈക്കൂലിക്കായി കരം നീട്ടീടുന്നു,
കൈക്കൂലിക്കായ് കരം നീട്ടീടുന്നു” എന്നുള്ള പാട്ട് ഇട്ടീര പാടുന്നത് കേട്ട് ഒരു മുദ്രാവാക്യം പോലെ ഞങ്ങള്‍ ഏറ്റു പാടി നടക്കുമായിരുന്നു.പില്‍ക്കാലത്ത് ഈ പാട്ട് മനസ്സില്‍ വരുമ്പോഴൊക്കെ ഞാന്‍ വെറുതെ ചിന്തിക്കുമായിരുന്നു ഏതോ പോരാട്ട മുഖത്തുനിന്നും പലായനം ചെയ്തുവന്നൊളിവില്‍ പാര്‍ത്ത ഒരു വിപ്ലവകാരി ആയിരുന്നിരിക്കാം ഇട്ടീരയെന്ന്.

ഇട്ടീര നല്ലൊരു കഥ പറച്ചില്‍ക്കാരനുമായിരുന്നു.മലമുകളിലേക്ക് ഉരുട്ടികയറ്റിയ കല്ലുകള്‍ താഴേക്കു തള്ളിവിട്ടതുനോക്കി കൈകൊട്ടി ചിരിച്ചുകൊണ്ട് ജീവിത വ്യഗ്രതയുടെ അന്തസാരശൂന്യതയെ പരിഹസിക്കുന്ന ദാര്‍ശനികനായ നാറാണത്തിനെയും,ദൈവങ്ങളുടെ നിസഹായതയെയും നിസാരതയെയും പരിഹസിച്ചുംവരുംകാലമലയാളജനായത്തവാഴ്ചയെ ദീര്‍ഘദര്‍ശനംചെയ്തുകൊണ്ടും ഒരു കാലിലെ മന്ത് മറുകാലിലേക്ക് മാറ്റിത്തന്നാല്‍ മതിയെന്ന ഭ്രാന്തന്‍ വരം ചോദിച്ചു വാങ്ങിയ ആക്ഷേപഹാസ്യക്കാരന്‍ നാറാണത്തിനെയും ആദ്യമായി പരിചയപ്പെടുത്തിയത് ഇട്ടീരയാണ്.
ഇട്ടീര പറഞ്ഞ മറ്റൊരു കഥയിതാണ്.പണ്ട് മനുഷ്യര്‍ക്കെല്ലാവര്‍ക്കും പ്രകൃതിക്കും സര്‍വചരാചരങ്ങള്‍ക്കുമെല്ലാം ഒരേ ഭാഷയായിരുന്നുവെത്രേ. ഭൂമിയില്‍ മനുഷ്യന്‍റെ തിന്മകള്‍ വര്‍ദ്ധിച്ചുവന്നപ്പോള്‍ മനുഷ്യനെ സൃഷ്ടിച്ചതില്‍ ദൈവം പരിതപിക്കാനിടയായി. ദൈവം പറഞ്ഞു മനുഷ്യര്‍ക്ക് ഇപ്പോള്‍ ഒരു ഭാഷയാണ്. അവര്‍ ഒരു ജനമാണ് അവര്‍ ഇങ്ങനെ ഒരുമിച്ചു നിന്നാല്‍ അവര്‍ക്ക് അസാധ്യമായ ഒരു കാര്യവും ഈ ലോകത്തില്‍ ഉണ്ടാകില്ല. അതുകൊണ്ട്‌ദൈവം മനുഷ്യരുടെ ഭാഷയെയും മനുഷ്യരെയും ഛിന്നിച്ചു പലതാക്കി ഭൂഗോളത്തിന്‍റെ പലഭാഗത്താക്കി. എന്നാല്‍ അന്ന് മനുഷ്യരുടെ മാത്രം ഭാഷയാണ് ഛിന്നിച്ചു പോയത്. ബാക്കി സര്‍വചരാചരങ്ങള്‍ക്കും അനാദിയിലെ അതേ ഭാഷ തന്നെയാണിപ്പോഴും. പക്ഷെ മനുഷ്യനന്നുമുതല്‍ മറ്റു മനുഷ്യരുടെയും പ്രികൃതിയുടെയും ബാക്കി ജീവജാലങ്ങളുടെയും ഭാഷ മനസ്സിലാകാതെ പോകുവാന്‍ തുടങ്ങി അതോടെ അവര്‍ പരസ്പരം ശത്രുക്കളായി തീരുകയും ചെയ്തു.
കയ്യാലപ്പണിക്ക് വേണ്ടിയാണു ഇട്ടീരാ വന്നതെങ്കിലും പിന്നെ അയാള്‍ അവിടം വിട്ടില്ല. ഞങ്ങളുടെ നാട്ടില്‍ സ്ഥിരമായങ്ങു കൂടി. ഒരു കുന്നിന്റെ മുകളില്‍ ഒരു വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങി അതില്‍ ഒരു കൂര ചമച്ചു താമസമാക്കി. ഇട്ടീര വീട്ടില്‍ ഉള്ളപ്പോഴും പറമ്പില്‍ പണിയെടുക്കുമ്പോഴും ഇട്ടീരയുടെ ഉച്ചത്തിലുള്ള വര്‍ത്തമാനവും പാട്ടുകളും ഏറെ ദൂരെ നിന്നെ കാതുകളില്‍ എത്തുമായിരുന്നു. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍എപ്പോഴും ഉച്ചത്തില്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ടായിരുന്ന ഇട്ടീരയുടെ പാട്ടും ഉറക്കെയുള്ള വര്‍ത്താനങ്ങളും പതിയെ ഇല്ലാതാകാന്‍ തുടങ്ങി. ധാരാളമായി സംസാരിച്ചിരുന്ന ഇട്ടീര വല്ലതും ചോദിച്ചാല്‍ മാത്രം മറുപടിപറയും.
ഇട്ടീരയുടെ മൌനം കണ്ട എന്‍റെ വല്യമ്മിച്ചി ഇട്ടീരയോടു ചോദിച്ചു. “ എടാ ഇട്ടീരെ നിനക്ക് എന്നാ പിണഞ്ഞാതാടാ. നീഇങ്ങനെ മിണ്ടാ മുനിയായി നടക്കാന്‍?”
‘ഒന്നൂല്ല വല്യമ്പിളെ’ എന്ന ഒറ്റ വാക്കില്‍ മറുപടി പറഞ്ഞു ഇട്ടീര നടന്നകന്നു.
“ആര്‍ക്കറിയാം നട്ടുച്ചയ്ക്ക് പോലും പടുവന്‍ വെട്ടണ മലേമ്മേലല്ലേ അവന്‍റെ കെടപ്പ്. വല്ലതും കണ്ടു പേടിച്ചു കാണും ” നടന്നകന്നു പോകുന്ന ഇട്ടീരയില്‍ നിന്ന് കണ്ണെടുക്കാതെ വല്യമ്മിച്ചി പറഞ്ഞു.
കുറച്ചു നാളുകള്‍ക്ക് മുന്നെ ഇട്ടീര താമസിക്കുന്ന മലയില്‍ തീറ്റാന്‍ കെട്ടിയിരുന്ന പശുക്കിടാവിനെ അഴിക്കാന്‍ ചെന്നു നോക്കിയ വല്യമ്മച്ചി കണ്ടത് അന്നേരം വരെ ഓടിച്ചാടി നടന്നിരുന്ന പശുക്കിടാവ് ചത്തു കിടക്കുന്ന കാഴ്ചയാണ് . വല്യമ്മച്ചി കയ്യില്‍ ഇരുന്ന അരുവായുടെ വായ്ത്തലകൊണ്ട് ചത്തു കിടക്കുന്ന പശുക്കിടാവിന്റെ ചെവി മുറിച്ചു നോക്കി. പക്ഷെ ഒരു തുള്ളി ചോര പോലും മുറിവായില്‍ നിന്ന് പൊടിയുന്നില്ല. ചോര പൊടിയാതെ വിളറിയിരിക്കുന്ന മുറിപ്പാടു കണ്ട വല്യമ്മച്ചി പറഞ്ഞു പശുക്കിടാവിനെ‘പടുവന്‍’ വെട്ടി ചോരയെല്ലാം ഈമ്പി എടുത്തതാന്ന്.അന്നൊക്കെ ഒറ്റയ്ക്ക് പോകുന്നവരെ, വിശേഷിച്ചു നട്ടുച്ചക്കും രാത്രിയിലും തനിയെ പോകുന്നവരെ കണ്ണു തെറ്റിച്ചു കൊണ്ടുപോയി ചോരകുടിക്കുന്ന പ്രേതങ്ങളും പിശാചുക്കളും ധാരാളം ഉണ്ടായിരുന്നു.
ഒരിക്കല്‍ വല്യമ്മിച്ചി ഇച്ചിരെ അകലെ എവിടെയോ പോയിട്ട് തനിയെ വീട്ടിലേക്കു വരികയായിരുന്നു. കാളവണ്ടിയൊക്കെ പോകുന്ന നാട്ടുവഴി കഴിഞ്ഞു കാടു പിടിച്ചു കിടക്കുന്ന കുന്നിന്‍ പുറത്തുള്ള ഇടവഴിയിലൂടെ ഒരു രണ്ടു മൈല്‍ കൂടി നടന്നാലേ വീട്ടില്‍ എത്തുകയുള്ളൂ. സന്ധ്യ മയക്കത്തിന്റെ മൂടല്‍ വല്യമ്മച്ചിയുടെ കണ്ണില്‍ വീണു തുടങ്ങി. വല്യമ്മച്ചി കാടു പിടിച്ച വഴിയിലൂടെ തനിയെ നടക്കാന്‍ തുടങ്ങി. ത്രിസന്ധ്യ അല്ലെ പോരാത്തതിന് അതൊരു വെള്ളിയാഴ്ചയും ആയിരുന്നു അങ്ങനെയൊരു സമയത്ത് ഒറ്റയ്ക്ക് നടക്കുന്നതില്‍ മനസ്സില്‍ ഇച്ചിരെ ആധിയുണ്ട് വല്യമ്മച്ചിക്ക്. അപ്പോഴാണ് ഒരാള്‍ അല്പം മുന്നിലായി നടന്നു പോകുന്നുത് കാണുന്നത്. എന്തായാലും വല്യമ്മച്ചിക്ക്അതൊരു ആശ്വാസമായി. ആരായാലും വീടെത്തുന്നതുവരെ വല്ലതും മിണ്ടീം പറഞ്ഞു പോകാല്ലോന്ന് വിചാരിച്ചവല്യമ്മച്ചി അയാള്‍ക്കൊപ്പം എത്താനായി നടപ്പിനു വേഗത കൂട്ടി. പക്ഷെ വല്യമ്മച്ചിഎത്ര വേഗത്തില്‍ നടന്നിട്ടും അയാള്‍ക്കടുത്തെത്താന്‍ പറ്റുന്നില്ല.
“അതേ,ആബ്രന്നോരെ ഒന്ന് നിക്കണേ ഞാനുമുണ്ടേ”വല്യമ്മച്ചി വിളിച്ചു പറഞ്ഞു.
പക്ഷെ അയാള്‍ കേള്‍ക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്തില്ല. ഇനി വല്ല പൊട്ടനും ആയിരിക്കും ചെവി കേക്കൂല്ലായിരിക്കും എന്നായാലും ഒരു മനുഷ്യജീവി മുന്നേ പോകുന്നുണ്ടല്ലേ എന്ന് വിചാരിച്ചു സമാധാനിച്ചു വല്യമ്മച്ചിയും മുന്നോട്ടു നടന്നു. പക്ഷെ പിന്നെ നടന്നതെന്നതാ? വല്യമ്മച്ചിയുടെ വാക്കില്‍ പറഞ്ഞാല്‍“ദാണ്ടെ കെടക്കണ്, വല്ലാത്തൊരു മെനകൃതി. മുന്നില്‍ പോയ ആളെ ശടേന്നു നിന്നനിപ്പില്‍ കാണാണ്ടായി”!.
വല്യമ്മച്ചിക്കു കാര്യം മനസ്സിലായി. അത് അവനാണ് സാക്ഷാല്‍ ഒടിയന്‍. അവന്‍റെ വേലയാണീ കണ്ടതൊക്കെ. വല്യമ്മച്ചി തലയിലെ ചാക്കുകെട്ട് താഴെ ഇറക്കി വച്ചിട്ടതിന്മേല്‍ കയറി ഉറച്ചിരുന്നു. മടിയില്‍ നിന്ന് മുറുക്കാന്‍ പൊതിയെടുത്തഴിച്ചു നാലു കൂട്ടവും വായിലിട്ടു ചവച്ചു. ഒറ്റയ്ക്ക് എവിടെയെങ്കിലും പോകുമ്പോള്‍ ഒരു ചെറു കരുതലിനായി എളിയില്‍ തിരുകാറുള്ള മടക്കു പിച്ചാത്തി എടുത്തു നിവര്‍ത്തിപ്പിടിച്ചു. വായിലിട്ട മുറുക്കാന്‍ ചവച്ചരച്ച് നല്ല ചോര നിറത്തില്‍ ആയപ്പോള്‍ നിലത്തേക്കു ആഞ്ഞു തുപ്പി. എന്നിട്ടാതുപ്പലിനെ നോക്കി ഉറക്കെ ഒരു പച്ചത്തെറിയും പറഞ്ഞുകൊണ്ട്ഭ കട്ടചോര പോലെയുള്ള മുറുക്കാന്‍ തുപ്പലിലൂടെ പിടിവരെ പിച്ചാത്തി മണ്ണില്‍ കുത്തിയിറക്കി. പിന്നെ പിച്ചാത്തി അവിടെ ഉപേക്ഷിച്ചിട്ട് ചാക്കുകെട്ടെടുത്തു തലയില്‍ വച്ച് പുറകിലേക്ക് തിരിഞ്ഞു നോക്കാതെ വീട്ടിലേക്കു വേഗം നടന്നു. ഒടിയന്‍റെ മുന്നില്‍ പെട്ടാല്‍ വല്യമ്മച്ചി ചെയ്തപോലെ അങ്ങിനെ മുറുക്കിത്തുപ്പി തെറിയുംപറഞ്ഞു ഇരുബായുധം കുത്തിയിറക്കിയാല്‍മതിയാകും പോലും. ഒടിയന്റെ ആപ്പീസ് പൂട്ടിപ്പോകും പിന്നെ അവന്‍ അനങ്ങില്ല.കഥ അവിടം കൊണ്ടൊന്നും തീര്‍ന്നില്ല.പിറ്റേന്ന് നേരം വെളുത്തപ്പോള്‍ വല്യമ്മച്ചി പറഞ്ഞ പ്രകാരം പിച്ചാത്തി തിരിച്ചെടുക്കാന്‍ ചെന്ന വല്യപ്പച്ചന്‍ കാണുന്നത് ഭയങ്കരമായ ഒരു കാഴ്ചയാണ്. പിച്ചാത്തിക്ക് ചുറ്റും ഉണങ്ങിപ്പിടിച്ച മുറുക്കിത്തുപ്പലിനു പകരം ഒരു വട്ടയില വട്ടത്തില്‍ അസല്‍ കട്ടച്ചോര.!!
ഇത്തരം ഒത്തിരി സംഗതികള്‍ വല്യമ്മച്ചി പറഞ്ഞിട്ടുണ്ട് അതില്‍ ഒന്നാണ് ‘മറുത’. കാളയുടെ രൂപത്തില്‍ മറുത തൊഴുത്തിനരികിലൂടെ നടക്കുന്നത് വല്യമ്മച്ചി പലപ്രാവശ്യം കണ്ടിട്ടുണ്ടുപോലും. ഏതോ കാള രാത്രിയില്‍ എവിടെ നിന്നോ കയറും പൊട്ടിച്ചു വന്നേക്കുവാണെന്നാണ് വല്യമ്മച്ചി ആദ്യം വിചാരിച്ചത്. ‘അയ്യോ ഈ കാള ഇങ്ങനെ നടന്നാല്‍ പറമ്പിലെ ദേഹണണമെല്ലാം മുടിക്കുമല്ലോ’ എന്ന് പറഞ്ഞു കയ്യില്‍ കിട്ടിയമടലുമായി ‘പോ കാളെ നിന്‍റെ പാട്ടിനു പോ’ എന്ന് പറഞ്ഞു വല്യമ്മച്ചി കാളയെ ആട്ടി. വല്യമ്മച്ചിമടലുമായി ചെല്ലുന്നതു കണ്ട കാള നടന്നകലാന്‍ തുടങ്ങി പക്ഷെ ഓരോ ചുവടുവപ്പിലും കാള വലുതാകാന്‍ തുടങ്ങി കാള വളര്‍ന്നു ഒരു കുട്ടിയാനയുടെ അത്രേം വലിപ്പം വെച്ചു. പേടിച്ചു പോയ വല്യമ്മച്ചി മടലും വലിച്ചെറിഞ്ഞു ‘ഹെന്റെ മാതാവേ’ എന്ന് വിളിച്ചോണ്ട്ഓടി പെരയ്ക്കാത്ത് കയറി വാതില്‍ അടച്ചു.
അതീപ്പിന്നെ മറുത വന്നാല്‍ വല്യമ്മച്ചി പുറത്ത് ഇറങ്ങില്ല പക്ഷെ മറുതയെ അകറ്റാന്‍ ചില പൊടിക്കയ്കള്‍ ചെയ്യും. ഒരു ചട്ടിയില്‍ കാളയുടെയോ പോത്തിന്റെയോ കൊമ്പിന്റെ കഷണവും അഥവാ അത് കിട്ടിയില്ലെങ്കില്‍ അന്നൊക്കെ സുലഭമായിരുന്ന കൊമ്പില്‍ തീര്‍ത്ത പേന്‍ ചീപ്പായാലും മതി. അതിന്‍റെ കൂടെ തലമുടിയും, പാണലിന്റെ ചപ്പും, ഉണങ്ങിയ പത്തലമുളകും ഉപ്പും ചേര്‍ത്ത് പുകച്ച് തൊഴുത്തിനരികില്‍ വച്ചാല്‍ മതി മറുത സ്ഥലം വിട്ടു പൊക്കോളും.
ഇതൊന്നും കൂടാതെ ആളുകളെ കണ്ണു ചുറ്റിച്ചു കൊണ്ടുപോയി അപായപ്പെടുത്തുന്ന പിശാചുക്കളും മുന്‍പ് അവിടെ ധാരാളം ഉണ്ടായിരുന്നു. ഒരിക്കല്‍ കശുമാവിന്‍ തോട്ടത്തിലൂടെ നടന്നു വരുമ്പോള്‍ ഞങ്ങളുടെ വല്യപ്പച്ചനെ കണ്ണു ചുറ്റിച്ചോണ്ട് പിശാചുക്കള്‍ വലിയ തോടിന്റെ കര വരെ കൊണ്ടു പോയി. വെഞ്ചിരിച്ച വെന്തിഞ്ഞ കഴുത്തില്‍ ഉണ്ടായിരുന്നത് കൊണ്ടു മാത്രമാണ് വല്യപ്പച്ചന്‍ രക്ഷപ്പെട്ടത് അല്ലെങ്കില്‍ വല്യപ്പച്ചനെ ആഴമുള്ള വല്യതോട്ടിന്‍റെ കയത്തില്‍ തള്ളിയിട്ട് കൊല്ലുമായിരുന്നേനെ.പിന്നീടു കാടൊക്കെ തെളിഞ്ഞു എല്ലായിടത്തും വീടുകള്‍ ആയതുകൊണ്ട് ആ വക ശല്യങ്ങള്‍ അധികമായിട്ടില്ലെന്നാണ് വല്യമ്മച്ചിയുടെ നിരീക്ഷണം.
വല്യമ്മച്ചി ഇങ്ങിനെ ഇട്ടീരയുടെ കാര്യവും പഴയ ഓരോ കാര്യങ്ങളുമൊക്കെ പറഞ്ഞുകൊണ്ടിരിക്കെയാണ് അടുത്തുള്ള കാളിമറിയഎന്ന വൃദ്ധ അതിലെ വന്നത്. അവരുടെ ആദ്യത്തെ പേര് കാളി എന്നായിരുന്നു. കാളിയുടെ അപ്പനും കുടുംബവും മാര്‍ഗ്ഗം കൂടിയവരാണ് അങ്ങിനെയാണ് കാളിക്ക് മറിയ എന്ന പേര്‍കൂടി കിട്ടിയത്. നാട്ടുകാര്‍ രണ്ടു പേരുകളുംകൂട്ടിച്ചേര്‍ത്തു കാളിമറിയ എന്ന് വിളിക്കാന്‍ തുടങ്ങിയതോടെ കാളിമറിയ നാട്ടിലെ ഒരു ‘സെക്കുലര്‍ സിംബലായി’മാറി.കാളിമറിയ പണ്ടേ ഒരു ലിബറല്‍ ചിന്താഗതിക്കാരിയായിരുന്നു. കുറച്ചു കാലം ഉപദേശിമാരുടെ കൂടെ യോഗം കൂടാന്‍ ഒക്കെ പോയെങ്കിലും കാളിമറിയക്കു അതൊന്നും അത്ര പിടിച്ചില്ല. കാളിമറിയ അതൊക്കെ അങ്ങ് നിര്‍ത്തി സ്വയം ‘ഘര്‍ വാപ്പസി’ നടത്തി തന്‍റെ ചാത്തന്‍ ദൈവങ്ങളുടെ അരികിലേക്കുതന്നെ തിരികെ പോന്നു.
കൈലി മുണ്ടും കളര്‍ തുണിയില്‍ തയ്ച്ച ചട്ടപോലുള്ള ഒരു ഉടുപ്പുമാണ് കാളിമറിയുടെ സ്ഥിരം വേഷം. കയ്യില്‍ ചെമ്പില്‍ തീര്‍ത്ത വീതിയുള്ള വളയും കഴുത്തില്‍ കല്ലുമാലയും കാതില്‍ ചുവന്ന കല്ലുകള്‍ വച്ച വലിയൊരിനംകമ്മലുകളുമുണ്ട്. മാര്‍ഗ്ഗം കൂടിയതിന്റെ തിരുശേഷിപ്പായി പച്ചകുത്തിയ കുരിശടയാളം കൈത്തണ്ടയില്‍ അവശേഷിക്കുന്നുണ്ട്. കാളിമറിയ ബീഡി വലിക്കും. ഞങ്ങളുടെ വീട്ടില്‍ വരുമ്പോഴൊക്കെ അപ്പന്‍റെ കയ്യില്‍ നിന്ന് ബീഡി ചോദിച്ചു വാങ്ങി വീടിന്റെ ഇറമ്പില്‍ കുത്തിയിരുന്ന് നാട്ടുവര്‍ത്താനവും പറഞ്ഞു പുകവിടും കൂടാതെ പുകലയും തിന്നും.
ഇടയ്ക്കിടയ്ക്ക് ഞങ്ങളുടെ വീട്ടില്‍ വല്യമ്മച്ചിയുമായി വര്‍ത്തമാനം പറയാന്‍ വന്നു കൂടുന്ന കാളിമറിയക്ക് ചില ചാത്തന്‍ ദൈവങ്ങളുടെ സേവയും വെച്ചു പൂജയുമൊക്കെയുണ്ട്. ദൈവങ്ങളാണെങ്കിലും ചാത്തന്മാര്‍ കാളിമറിയയ്ക്ക് സ്വന്തം കുഞ്ഞുങ്ങളെപ്പോലെയാണ്.വീട്ടില്‍ എന്തുണ്ടാക്കിയാലും ആദ്യം കാളിമറിയ അത് ചാത്തന്മാര്‍ക്ക് കൊടുക്കും അതിനു ശേഷമാണു ഉപ്പു പോലും നോക്കുകയുള്ളൂ. അതിനു വേറെ ചില കാരണങ്ങളുമുണ്ട് . ഈ ചാത്തന്മാര്‍ ദൈവങ്ങള്‍ ആണെങ്കിലും നല്ല വികൃതികളുമാണ് ആദ്യം അവര്‍ക്ക് കൊടുത്തില്ലെങ്കില്‍ അവര്‍ കെറുവിച്ച് ചില കുറുമ്പുകള്‍ കാണിക്കും കഞ്ഞിയില്‍ മണ്ണ് വാരിയിടുക, കറിച്ചട്ടിയില്‍ അമേദ്യം കൊണ്ടിടുക അതുപോലെയുള്ള കൊച്ചു കൊച്ചു കുസൃതികള്‍. കാളിമറിയയുടെ ചാത്തന്മാര്‍ ഇട്ടീരയെക്കുറിച്ചുള്ള വിവരങ്ങള്‍ കാളിമറിയയോട് പറഞ്ഞിട്ടുണ്ടുപോലും. ഇട്ടീരയുടെ അപ്പനും കുറച്ചുകാലം ഇതുപോലെ മിണ്ടാട്ടമില്ലാതെ നടന്നുവെന്നും ഒടുവില്‍ കെട്ടിതൂങ്ങി ചത്തുവെന്നുമാണ് ചാത്തന്മാര്‍ കാളിമറിയക്കു വെളിപ്പെടുത്തികൊടുത്തത്.
കാളിമറിയയുടെ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതോടു കൂടി ഇട്ടീരയില്‍ ദുര്‍മരണപ്പെട്ട അപ്പന്റെ പ്രേതം കൂടിട്ടൊണ്ട് അതോണ്ടാ ഇങ്ങനെമിണ്ടാട്ടം മുട്ടിപോയതെന്നൊക്കെ ആളുകള്‍ പറയാന്‍ തുടങ്ങി. ആള്‍ക്കാര്‍ പറയുന്നതില്‍ കാര്യമുണ്ടെന്നതുപോലെ നാള്‍ക്കുനാള്‍ഇട്ടീരകൂടുതല്‍ മൌനിയായി വന്നു.അയാളുടെ ദൃഷ്ടികള്‍ എപ്പോഴും അകലെ എന്തോ ആഴത്തില്‍ തിരയുംപോലെ തറഞ്ഞുനിന്നിരുന്നു. മനസ്സ് മഹാമൌനത്തിന്റെ മലമുകളിലേക്ക് കുടിയേറികഴിഞ്ഞിരുന്നു.മനുഷ്യരുടെ ഭാഷകള്‍ പതിയെ പതിയെ മറന്ന ഇട്ടീരപകരം അഞ്ജാതമായ ഏതോ ഭാഷയില്‍ സംസാരിക്കാന്‍തുടങ്ങി. മനുഷ്യര്‍ക്ക് തന്‍റെ ഭാഷ മനസ്സിലാകാത്തതില്‍ ഖിന്നനായ അയാള്‍മലമുകളിലുള്ള തന്‍റെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതായി. അവിടെ മലമുകളില്‍ അയാള്‍ തന്‍റെ പുതിയ ഭാഷയില്‍ പുലര്‍കാലങ്ങളില്‍ കുന്നിനെ ഉണര്‍ത്തുന്ന കുളിര്‍ കാറ്റിനോടും,മരങ്ങളോടും പക്ഷികളോടും, മൃഗങ്ങളോടുംമൊക്കെഉറക്കെ സംസാരിക്കുവാനും പൊട്ടിച്ചിരിക്കുവാനും തുടങ്ങി. അവറ്റകള്‍ക്കെല്ലാം അയാളുടെ ഭാഷ നല്ല വശമായിരുന്നു.കാക്കകളും കിളികളും അയാളോട് കുശലം അന്വോഷിച്ചു അടുത്ത് ചെല്ലും അണ്ണാറകണ്ണന്മാര്‍ ‘ചില്‍ ചില്‍’ എന്ന് ചിലച്ചു അയാളുടെ അടുത്ത് വന്നിരിക്കും.
ഒരു നാള്‍ ഒരു സന്ധ്യാ സമയത്ത് ഇട്ടീര ഓടി വന്ന് ഞങ്ങളുടെ വീട്ടിലെ അടുക്കളയോട് ചേര്‍ന്നുള്ള വിത്തും ചാരവുംമൊക്കെ സൂക്ഷിക്കുന്ന ഇരുട്ട് മുറിയില്‍ കയറി ഇരിപ്പായി. അയാളുടെ മുഖം വല്ലാണ്ട് ഭയന്നതു പോലെയായിരുന്നു. അകത്തു നിന്നും സാക്ഷയില്ലാത്ത മുറിയുടെ വാതില്‍ ബലമായി തള്ളിപ്പിടിച്ചു കൊണ്ടാണിരുപ്പ്.
“ഇന്ത്രാചെറുക്കാ, ഇട്ടീരെ നിനക്ക് എന്നാ പിണഞ്ഞെ ? വാതില്‍ തൊറ”
എന്നൊക്കെ വല്യമ്മച്ചി വിളിച്ചു ചോദിച്ചിട്ടും പറഞ്ഞിട്ടും ഇട്ടീര ഒന്നും മിണ്ടുകയോ പുറത്ത് വരികയോ ചെയ്തില്ല.ഞങ്ങള്‍ എല്ലാവരും വളരെ പരിഭ്രാന്തരായി. മുറിയില്‍ കയറി യിരിക്കുന്നത് ഞങ്ങള്‍ക്ക് പരിചയമുള്ള ഇട്ടീരയല്ല.മനുഷ്യരുടെ ഭാഷപോലും മറന്നുപോയ മറ്റൊരു ഇട്ടീരയാണ്. വിവരമറിഞ്ഞ സമീപ വാസികള്‍ ഞങ്ങളുടെ മുറ്റത്ത് ഒത്തുകൂടിയെന്തു ചെയ്യണമെന്നു ആലോചിച്ചു. അവസാനം എല്ലാരും ചേര്‍ന്ന് വാതില്‍ തള്ളിത്തുറന്നു ഇട്ടീരയെ ബലമായി പിടിച്ചുകെട്ടി കുറച്ചകലെയുള്ള ഒരു വൈദ്യരുടെ അടുക്കല്‍ ‘തടീലിടാന്‍’ കൊണ്ടുപോയി.
കുറച്ചുകാലം കഴിഞ്ഞു ഇട്ടീര വീണ്ടും തിരികെ പുളിക്കമല ഗ്രാമത്തില്‍ എത്തി. അപ്പോഴേക്കും കുന്നിന്‍ മുകളിലുള്ള അയാളുടെ ചെറിയ വീട് ആകപ്പാടെ ചിതല്‍ കേറി ദ്രവിക്കാനും ചോര്‍ന്നൊലിക്കാനും തുടങ്ങിയിരുന്നു. ഞങ്ങളുടെ പറമ്പില്‍ ഉണ്ടായിരുന്ന കുടപ്പനയുടെ ഓല വെട്ടി കൊണ്ടുപോയ്‌ക്കൊള്ളന്‍ വല്യമ്മച്ചി പറഞ്ഞു. കുടപ്പനയുടെ ഓലയും ആരോ കൊടുത്ത കുറച്ചു കച്ചിയുംമൊക്കെ ഉപയോഗിച്ചു ഇട്ടീര വീട് നല്ല മെനയാക്കിയെടുത്തു.
ആരെങ്കിലും പണിക്കു വിളിച്ചാല്‍ ഇട്ടീര പോകും. എന്തെങ്കിലും ചോദിച്ചാല്‍ അതിനുള്ള മറുപടിയും പറയും. മുന്‍പൊക്കെ സന്ധ്യാസമയത്ത് ഇട്ടീരയുടെ പാട്ടുകള്‍ കുന്നിന്‍ മുകളിലെ വീട്ടില്‍ നിന്ന് കേള്‍ക്കുക പതിവായിരുന്നു ഇപ്പോള്‍ അതൊന്നും കേള്‍ക്കാനില്ല. അങ്ങാടിയില്‍ ചെന്നാല്‍ ഇട്ടീര അപ്പോള്‍ തന്നെ തിരികെ പോരും ആളുകള്‍ ഇട്ടീരയെ സംശയത്തോടെയാണ് നോക്കുന്നത്. ചിലര്‍ ‘വട്ടന്‍ ഇട്ടീര’ യെന്ന വട്ടപ്പേരുവിളിച്ചു കളിയാക്കി ചിരിക്കും. ആളുകളുടെ പരിഹാസനോട്ടം ഇട്ടീരയെ കൂടുതല്‍ വിഷാദവാനും അന്തര്‍മുഖനുമാക്കി.
ജീവിതത്തോടുള്ള അയാളുടെ ആസക്തിക്ക് വിരാമമായി. മരണം ഒരു മോഹിനിവേഷം പൂണ്ട് അയാളെ മത്തുപിടിപ്പിക്കാന്‍ തുടങ്ങി.ആ മോഹിനിയുമായി രമിക്കുവാനുള്ള കൊതി അയാളില്‍ നാള്‍ക്കുനാള്‍ ഏറിവന്നു. കൊതിയേറിയപ്പോള്‍ വീടിന്റെ മോന്തായത്തില്‍ കെട്ടി ഉറപ്പിച്ച കുരുക്ക് അവള്‍ നല്‍കിയ വരണമാല്യംപോല്‍ അയാള്‍ അണിഞ്ഞു.കയ്യെത്തും അകലത്തുനിന്ന് വശ്യമായി ചിരിച്ചുകൊണ്ട് വേഗം വരൂ എന്നവള്‍മാടി വിളിച്ചപ്പോള്‍അയാള്‍ക്കതു കേള്‍ക്കാതിരിക്കാന്‍ ആയില്ല, അവളെ എത്തിപ്പിടിക്കാനായി അയാള്‍ മുന്നോട്ടാഞ്ഞു.
മലയില്‍ പണിയെടുത്തു കൊണ്ടിരുന്ന പണിക്കാരിലൊരാള്‍ ബീഡിവലിക്കാന്‍ തീ ചോദിക്കാനാണ്ഇട്ടീരയുടെ കുടിലില്‍ ആ സമയം എത്തിയത്. മരണവുമായുള്ള ക്രീഡയില്‍ പുളയുന്ന ഇട്ടീരയെകണ്ട അയാള്‍ വിളിച്ചു കൂവി മറ്റുള്ളവരെ വരുത്തി.എല്ലാവരും ചേര്‍ന്ന് കയറു കണ്ടിച്ചു ഇട്ടീരയെ താഴെയിറക്കി. അതോടെ കാളിമറിയുടെ ചാത്തന്മാര്‍ പറഞ്ഞതില്‍ നാട്ടുകാര്‍ക്കെല്ലാം വലിയ വിശ്വാസമായി. അവര്‍ നിസംശയം പറഞ്ഞു “ഇത് സംഗതി അപ്പന്റെ പ്രേതം കൂടിതാണ്.അപ്പനവനോട് വല്യ കാര്യമായിരുന്നു അതോണ്ട് മകനെ കൂട്ടികൊണ്ട് പോകാന്‍ അപ്പന്‍ വന്നേക്കുവ”.
ഇട്ടീരയുടെ ജീവിതത്തിലും പുളിക്കമല എന്ന ഗ്രാമത്തിലും അക്കാലത്ത് നടന്ന ഏറ്റവും വലിയൊരു സംഭവം ഇട്ടീരയുടെ ആത്മഹത്യാശ്രമാണ്. ആത്മഹത്യകളും കൊലപാതകങ്ങളും അക്കാലത്ത് പുളിക്കമല പോലുള്ള കാര്‍ഷിക ഗ്രാമങ്ങളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു വിശേഷമായിരുന്നു. അതുകൊണ്ടുതന്നെ അയല്‍ ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ പോലും പുളിക്കമല നിവാസികളെ കാണുമ്പോള്‍ ഇട്ടീരയുടെ വിശേഷങ്ങള്‍ താല്പര്യപൂര്‍വ്വം അന്വോഷിക്കുമായിരുന്നു.
പ്രേതബാധ ഒഴിപ്പിക്കാന്‍ ആശുപത്രിയില്‍ കൊണ്ടുപോയിട്ട് ഒരു കാര്യവുമില്ലെന്ന് നാട്ടുകാര്‍ തീര്‍ത്തു പറഞ്ഞു. പ്രേതബാധ ഒഴിപ്പിക്കാന്‍ പേരുകേട്ട നമ്പൂരിച്ചന്മാരുണ്ടെന്നും പക്ഷെ അവരെ കൊണ്ടുവന്നു മന്ത്രവാദം നടത്തി ബാധ ഒഴിപ്പിക്കാന്‍ ഇമ്മിണി ചക്രം വേണ്ടി വരുമെന്നും കാളിമറിയ അറിയിച്ചു. മന്ത്രവാദം തന്നെയാണ് ഉചിതമായ വഴിയെന്നു കളംബൂര്‍ കാവിലെ വെളിച്ചപ്പാടും പതിനെട്ടാണ്ട് മലചവിട്ടി തെങ്ങും തൈ നട്ട ഗുരുസ്വാമി നാരായണന്‍ നായരും അഭിപ്രായം പറഞ്ഞതോടെ മന്ത്രവാദക്കാര്യത്തില്‍ നാട്ടുകാര്‍ എല്ലാവരും ഏകാഭിപ്രായമായി. പക്ഷെ ബന്ധുക്കളോ സ്വന്തക്കാരോ ആരുമില്ലാത്ത ഇട്ടീരക്കു വേണ്ടി കാശുമുടക്കാനാരാണുള്ളത്? ഒരു പോംവഴിക്കായി വാര്‍ഡു മെമ്പറോട് ചോദിച്ചപ്പോള്‍ മന്ത്രവാദ ചികിത്സക്ക് പണം അനുവദിക്കാന്‍ പഞ്ചായത്തിന് വകുപ്പില്ലെന്നു പറഞ്ഞു കൈയൊഴിഞ്ഞു.
കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് മൂവാറ്റുപുഴയാറ്റില്‍ ചാടിച്ചത്ത ഒരു പെണ്‍കുട്ടിയുടെ പ്രേതം ഞങ്ങളുടെ അടുത്തുള്ള ശാന്തമ്മ എന്ന സ്ത്രീയുടെ ശരീരത്തില്‍ കയറിക്കൂടി ഒത്തിരി കുഴപ്പങ്ങളുണ്ടാക്കിയിരുന്നു. ആ പ്രേതത്തിനു ഒരു പ്രത്യേകതയുണ്ടായിരുന്നു അതൊരു ‘ഫെമിനിസ്റ്റ്’ പ്രേതമായിരുന്നു. പുരുഷന്മാര്‍ ആരെങ്കിലും ആ വീട്ടിലേക്കു ചെന്നാല്‍ ശാന്തമ്മ പ്രേതബാധയുടെ ലക്ഷണങ്ങള്‍ കാണിക്കും.പിന്നെ വലിയ ബഹളമുണ്ടാക്കി അവരോടു ദൂരെ പോകാന്‍ പറയും. പക്ഷെ സ്ത്രീകളോടു വിരോധമൊന്നു കാണിക്കില്ല.
പ്രേത ബാധയുള്ള ശാന്തമ്മയെ കാണാന്‍ നാട്ടുനടപ്പനുസരിച്ച് ആളുകള്‍ ശാന്തമ്മയുടെ വീട്ടിലേക്കൊഴുകി. സ്ത്രീകള്‍ എല്ലാവരുംതന്നെ അല്പം ഭയപ്പാടോടെ ഇച്ചിരെ മാറിനിന്നു ശാന്തമ്മയെ നോക്കി താടക്ക് കയ്യും കൊടുത്തു കുറച്ചു നേരം നില്‍ക്കും. ചിലര്‍ ശാന്തമ്മയെ പേരെടുത്തു വിളിച്ചു നോക്കും. ചിലരോട് ശാന്തമ്മ സംസാരിക്കും പക്ഷെ ആ സ്വരം ശാന്തമ്മയുടേതല്ലന്ന് എല്ലാവര്‍ക്കും മനസ്സിലായി.ചിലരോട് ശാന്തമ്മ പറഞ്ഞു ഞാന്‍ ശാന്തമ്മയല്ല ‘രുക്മണി’ ആണെന്നൊക്കെ പക്ഷെ ആണുങ്ങള്‍ ആരെങ്കിലും അടുത്തേക്ക് ചെന്നാല്‍ ശാന്തമ്മയുടെ പ്രകൃതംമാറും. ഞാനും വല്യമ്മച്ചിയുടെ കൂടെ ശാന്തമ്മയെ കാണാന്‍ പോയിരുന്നു . അല്പം ഭയപ്പാടോടെ ശാന്തമ്മയെ നോക്കിയബാലനായ എന്നോട് ശാന്തമ്മയിലെ പ്രേതാന്മാവ് ഒരു എതിര്‍പ്പും കാണിച്ചില്ല പകരംആ കണ്ണുകളില്‍ എവിടെയോ ഒരല്പം നനവ് പടര്‍ന്നുവെന്നാണ് തോന്നിയത്. അന്നീ ശാന്തമ്മയുടെ ദേഹത്തില്‍ കൂടിയഫെമിനിസ്റ്റ് പ്രേതത്തെ ഒഴിപ്പിക്കാന്‍ കൊണ്ടുപോയത് മാന്ത്രിക വിദ്യകള്‍ അറിയാവുന്ന സൈമണ്‍ എന്ന വൃദ്ധനായ ഒരു പാതിരിയുടെ അടുത്തേക്കാണ്. അദ്ദേഹം ശാന്തമ്മയുടെ ദേഹത്ത് കൂടിയിരിക്കുന്ന രുക്മണിയെ ഒഴിപ്പിച്ചു. പിന്നീട് ശാന്തമ്മക്ക് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല.
ഇട്ടീരയുടെ കാര്യത്തില്‍ എന്തു ചെയ്യുമെന്ന് നാട്ടുകാര്‍ ആലോചിച്ചു നില്‍ക്കവേയാണ് ഒരു പോംവഴിയായി ശാന്തമ്മയുടെ ബാധ ഒഴിപ്പിച്ച സൈമണ്‍ പാതിരി ഞങ്ങളുടെഅടുത്തുള്ള പള്ളിയില്‍ വികാരിയച്ചനായി സ്ഥലം മാറി വന്നത് . കുറച്ചുപേര്‍ ചെന്നു അച്ചനെക്കണ്ട് കാര്യം പറഞ്ഞു കയ്യോടെ കൂട്ടികൊണ്ട് ഇട്ടീരയുടെ വീട്ടില്‍ എത്തി. വീട്ടില്‍ അപ്രതീക്ഷിതമായി എത്തിയ വൈദികനെ കണ്ട ഇട്ടീര ഈശോ മിശിഹായുടെ നാമത്തില്‍ സ്തുതി ചൊല്ലി. പ്രേതബാധയുടെ ലക്ഷണമൊന്നും ആ സമയം ഇട്ടീരയില്‍ കാണാത്ത അച്ചന്‍ ഇട്ടീരയുടെ തലയില്‍ ‘ഹന്നാന്‍ വെള്ളം’ തളിച്ച് കൈവെച്ചു പ്രാര്‍ത്ഥിച്ചു യാത്രയായി.പ്രേതങ്ങളുടെ പേടിസ്വപ്നമായ മഹാമാന്ത്രികനായ അച്ചന്റെ വരവറിഞ്ഞ പ്രേതം ഇട്ടീരയുടെ ദേഹത്ത് നിന്നിറങ്ങി മാറി നിന്നതാണെന്നാണ് അതിനെക്കുറിച്ച് ആളുകള്‍ പറഞ്ഞത്.
കാലവും നാട്ടുകാരുടെ ജീവിതവും പതിയെ ഇഴഞ്ഞു നീങ്ങി.പതിയെ പതിയെ ഇട്ടീരയുടെ പ്രശ്‌നങ്ങള്‍നാട്ടുകാരുടെ പ്രശ്‌നം അല്ലാതായി മാറി. ചിലര്‍ ഇട്ടീരയെ കാണുമ്പോള്‍ വട്ടനെന്നു അടക്കം പറയുമെങ്കിലും നാട്ടുകാര്‍ എല്ലാവരും തന്നെ ഇട്ടീരയെ പണികള്‍ക്ക് വീണ്ടും വിളിക്കാന്‍ തുടങ്ങി. ഇട്ടീരയുടെ ആത്മഹത്യാശ്രമം ഞങ്ങള്‍ എല്ലാവരും തന്നെ മറന്നുതുടങ്ങി ഇട്ടീരയും അതെല്ലാം ഒരു പേക്കിനാവായി കാണാന്‍ കൊതിച്ചു. ഇടയ്ക്കു വച്ച് തന്നെ ഉപേക്ഷിച്ചു പോയ പാട്ടുകളെ ഓര്‍മ്മിച്ചെടുക്കാന്‍ഇടയ്‌ക്കൊക്കെ അയാള്‍ ശ്രെമിച്ചു നോക്കാറുമുണ്ട്.
പക്ഷെ ഇട്ടീര എന്ന പ്രജ നടത്തിയ ആത്മഹത്യാശ്രമമെന്ന ക്രിമിനല്‍ കുറ്റം നടന്നിട്ട് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമവാഴ്ചയില്‍ കടുകിട വിട്ടുവീഴ്ച ചെയ്യാത്ത സര്‍ക്കാര്‍അക്കാര്യം മറന്നിട്ടില്ലായിരുന്നു. ഒരു ദിവസം ഒരു പോലീസുകാരന്‍ ഇട്ടീരയുടെ വീടന്വോഷിച്ചു വന്നു. ആത്മഹത്യാശ്രമക്കേസില്‍ സമന്‍സ് അയച്ചിട്ടും ജാമ്യമില്ല വാറണ്ട് അയച്ചിട്ടും ഇട്ടീര കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇട്ടീരായുടെ വസ്തുവകകള്‍ കണ്ടുകെട്ടിപിടികിട്ടാ പുള്ളിയായി കോടതി പ്രഖ്യാപിച്ചിരിക്കുന്നുവെന്ന അറിയിപ്പുമായിട്ടാണ് അയാള്‍ മലകയറി എത്തിയത്. തനിക്ക് സമന്‍സോ വാറണ്ടോ ഒന്നും ലഭിച്ചിട്ടില്ലെന്നും താന്‍ ഈ വീട്ടില്‍ തന്നെയാണ് എന്നുംഉണ്ടായിരുന്നതെന്നു ഇട്ടീരയും നാട്ടുകാരും പോലീസുകാരനോട് പറഞ്ഞുവെങ്കിലും എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അത് കോടതിയില്‍ പറഞ്ഞാല്‍ മതിയെന്നും തന്‍റെ കയ്യില്‍ ഉള്ള രേഖകള്‍ പ്രകാരം ഇട്ടീര ഒരു ഒളിച്ചോട്ടക്കാരനായ പിടികിട്ടാപ്പുള്ളി ആണെന്നും ആയതുകൊണ്ട് ഇട്ടീരയെ അറസ്റ്റുചെയ്തു കൊണ്ടുപോവുകയല്ലാതെ വേറെ വഴിയില്ലെന്നും അയാള്‍ തീര്‍ത്തും പറഞ്ഞു.
അന്നാണ് ഇട്ടീരയെ അവസാനമായി കണ്ടത് പിന്നീടു കുറച്ചുകാലം ഏതോ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍യില്‍ ആയിരുന്നുവെന്നുഅവിടെനിന്നും മലബാറില്‍ എവിടെയോയുള്ള ഒരു വൃദ്ധസദനംകാര്‍ കൂട്ടികൊണ്ടുപോയി എന്നൊക്കെ പറഞ്ഞു കേട്ടു.‘എവിടെ നിന്നോ വന്നു ഒരു നാടിന്‍റെ നെഞ്ചില്‍ ആഴത്തില്‍ തന്‍റെ മുദ്ര പതിപ്പിച്ചിട്ടു എങ്ങോ പോയി മറഞ്ഞ ഒരാള്‍’. ഇട്ടീരയെക്കുരിച്ചു പറയാന്‍ അത്രമാത്രം.പക്ഷെ ഓര്‍ക്കുവാന്‍ ഒരുപാട് കാര്യങ്ങളും.
ഒരു സന്ധ്യക്ക് കാളിമറിയ തന്‍റെ ചാത്തന്‍മാരെ അനാഥരാക്കി വിഷം തീണ്ടി മരണപ്പെട്ടു. മരിക്കുന്നതിന് തൊട്ടുടുത്ത നിമിഷം വരെ തന്‍റെ ചാത്തന്മാര്‍ കടിച്ച നാഗത്താനെ വരുത്തി വിഷമിറക്കി തന്നെ രക്ഷിക്കുമെന്ന് കാളിമറിയ വിശ്വസിച്ചു. കാളിമറിയയുടെ മരണത്തോടെ അനാഥരായ അവളുടെ വികൃതികളായ ചാത്തന്‍ കുഞ്ഞുങ്ങള്‍ ചില രാത്രികളില്‍ തീപന്തം പോലെ രൂപം പൂണ്ട് പുളിക്കമലയുടെ ആളൊഴിഞ്ഞ ചരിവിലൂടെ വിശപ്പുകൊണ്ട് കരഞ്ഞു കൂവി നടക്കുന്നത് നാട്ടുകാരായ പലരും കാണാറുണ്ടായിരുന്നു. മലയെല്ലാം തെളിഞ്ഞു വീടുകള്‍ നിറഞ്ഞതോടെ അവറ്റകളും നിവര്‍ത്തിയില്ലാതെ അവിടം വിട്ടു മറ്റിടം തേടി പൊയ്ക്കഴിഞ്ഞു. എങ്കിലും ഇപ്പോഴും ഗ്രാമത്തില്‍ പോകുമ്പോഴൊക്കെ മലമുകളില്‍ നിന്ന് റബര്‍ മരത്തിന്‍റെ ചില്ലകളിളക്കി കടന്നു വരുന്ന കാറ്റില്‍ ഇട്ടീരയുടെ പാട്ടുകളുടെ സംഗീതവും പൊട്ടിച്ചിരികളും ഒരു അലയായി അലിഞ്ഞു ചേര്‍ന്നത് ഞാന്‍ കേള്‍ക്കാറുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക