Image

കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ സൗദി അറേബ്യയില്‍ റിയാദില്‍ നാടക പ്രവര്‍ത്തകര്‍ തുടര്‍പരിപാടികളുമായി ഒരുങ്ങുന്നു.

ദീപക് കലാനി Published on 10 September, 2018
കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ സൗദി അറേബ്യയില്‍ റിയാദില്‍ നാടക പ്രവര്‍ത്തകര്‍ തുടര്‍പരിപാടികളുമായി ഒരുങ്ങുന്നു.
സൗദി അറേബ്യായില്‍ കേരള സംഗീത നാടക  അക്കാദമിയുടെ അഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഏക കലാസമിതിയായ  നാടകം ഡോട്ട് കോം റിയാദ് നാടകവേദി & ചില്‍ഡ്രന്‍ തിയ്യറ്റര്‍  പ്രവര്‍ത്തകരാണ്  പ്രവാസ നാടകലോകത്ത് നിന്ന് പ്രളയബാധിതരെ സഹായിക്കാന്‍  വ്യത്യസ്ഥമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

കേരളത്തിലെ പ്രളയാനുഭവങ്ങളും, ആ പ്രളയകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതുമായ 'പ്രളയകാലം' എന്ന ശീര്‍ഷകത്തില്‍ നാടകങ്ങള്‍  ഒരുക്കിയാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.  മലയാളനാടക രംഗത്തുള്ള എഴുത്തുകാരോടും, കലാകാരന്മാരോടും  'പ്രളയകാലം' എന്ന  ശീര്‍ഷകത്തില്‍ 20 30  മിനിട്ടില്‍ അവതരിപ്പിക്കാന്‍ പറ്റിയ നാടകങ്ങള്‍ എഴുതിത്തന്ന്  സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് രചനകള്‍ കണ്ടെത്തുന്നത്. റിയാദില്‍ നിന്ന് തുടക്കം കുറിക്കുന്ന ഈ പരിപാടിക്ക് ഇവിടെയുള്ള എല്ലാ നാടകപ്രവര്‍ത്തകരുടെയും, കലാകാരന്മാരുടയും, സാംസ്‌കാരിക സംഘടനകളുടെയും സഹായസഹകരണങ്ങള്‍ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. എത്ര കൃതികള്‍ കിട്ടിയാലും പല സന്ദര്‍ഭങ്ങളിലായി സൗദി അറേബ്യായിലെ വിവിധ അരങ്ങുകളില്‍ അവതരിപ്പിക്കപ്പെടും എന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു . ഇതിനോടകം തന്നെ കേരളത്തിനകത്തും,  പുറത്തുമുള്ള നിരവധി നാടകപ്രവര്‍ത്തകര്‍ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ലഭ്യമാകുന്ന സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, ഒപ്പം തിരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ നാടക പ്രവര്‍ത്തകര്‍ക്കും വേണ്ടി നല്‍കപ്പെടും. സെപ്റ്റംബര്‍ 21 ന് നാടകവേദിയുടെ കുടുംബ സംഗമത്തോട് കൂടിയായിരിക്കും റിയാദില്‍ ഈ തുടര്‍പരിപാടിക്ക് തുടക്കം കുറിക്കുന്നത്. 8/9/2018 ന് വെള്ളിയാഴ്ച മലാസില്‍ വെച്ച്  നടന്ന നാടകവേദി ഭാരവാഹികളുടെ യോഗത്തില്‍ വെച്ച് സെക്രട്ടറി ശരത് അശോക് റിപ്പോര്‍ട്ടിങ്ങും,  ദീപക് കലാനി ഭാവി പരിപാടികളും വിശദീകരിച്ചു. നൗഫല്‍ ചെറിയമ്പാടന്‍,  ഹാഷിഖ് വലപ്പാട് എന്നിവര്‍ യോഗത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജെറോം മാത്യു നന്ദി രേഖപ്പെടുത്തി.  ഈ സംരംഭവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 0507069704.  ഈ നമ്പറില്‍ വിളിക്കാവുന്നതാണ്.

ദീപക് കലാനി

നാടകം ഡോട്ട് കോം റിയാദ് നാടകവേദി & ചില്‍ഡ്രന്‍ തിയ്യറ്റര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക