Image

കേരളത്തിലെ പ്രളയമാണ് ഇന്ധന വില ഉയരാന്‍ കാരണം.. ബിജെപി മന്ത്രിയുടെ എമണ്ടന്‍ കണ്ടെത്തല്‍

Published on 11 September, 2018
കേരളത്തിലെ പ്രളയമാണ് ഇന്ധന വില ഉയരാന്‍ കാരണം.. ബിജെപി മന്ത്രിയുടെ എമണ്ടന്‍ കണ്ടെത്തല്‍
ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഇന്ധന വിലവര്‍ധനയ്ക്കാണ് രാജ്യം കഴിഞ്ഞ കുറേ ദിവസങ്ങളായി സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും രാജ്യത്തെ ഇന്ധന വിലയില്‍ അത് പ്രതിഫലിക്കുന്നില്ല. രൂപയുടെ മൂല്യം ഇടിഞ്ഞതും അന്താരാഷ്ട്ര തലത്തില്‍ ഇന്ധന വില ഇടിഞ്ഞപ്പോഴെല്ലാം എക്‌സൈസ് തീരുവ ഉയര്‍ത്തി നിശ്ചയിക്കുകയും ചെയ്ത കേന്ദ്രനടപടിയുമെല്ലാം ഇന്ധന വില റോക്കറ്റ് പോലെ ഉയരാന്‍ കാരണമാണ്. എന്നാല്‍ ഇതൊന്നുമല്ലാത്ത മറ്റൊരു കാരണം രാജസ്ഥാനിലെ ബിജെപി മന്ത്രി കണ്ടെത്തിയിട്ടുണ്ട്. അത് മറ്റാരുമല്ല, നമ്മുടെ കേരളം തന്നെയാണ്!

രാജ്യത്തെ ഇന്ധന വിലവര്‍ധനവിനെ പലതരത്തിലും ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. അണികളും നേതാക്കളുമടക്കം കൊണ്ട് പിടിച്ച് ന്യായീകരിക്കുന്ന തിരക്കിലാണ്. ബിജെപിയുടെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട വിലവര്‍ധനവിനെ വിശദീകരിക്കുന്ന ഗ്രാഫ് ട്രോള്‍ ഗ്രൂപ്പുകളിലാണ് ആളുകളെ ചിരിപ്പിച്ച് കൊണ്ട് വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്.

പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നത് കക്കൂസുകള്‍ പണിയാനാണ് എന്ന് പറഞ്ഞ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുതല്‍ തോമസ് ഐസകാണ് ഇന്ധന വില ഉയരാന്‍ കാരണക്കാരനെന്ന് പറഞ്ഞ എംടി രമേശ് വരെയുള്ളവര്‍ നമുക്ക് മുന്നിലുണ്ട്. രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിലെ മന്ത്രിയായ രാജ്കുമാര്‍ റിന്‍വ അതുക്കും മേലെയാണ്.

പ്രളയത്തില്‍ മുങ്ങി ദുരിതത്തിലായ കേരളത്തെ സഹായിക്കാന്‍ കേന്ദ്രം ദുരിതാശ്വാസത്തിന് പണം നല്‍കിയതാണ് എണ്ണവില ഉയരാനുള്ള കാരണമായി ബിജെപി മന്ത്രി കണ്ടെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ കാര്യങ്ങളെക്കുറിച്ച് തിരിക്കിലാണെന്നും അതുകൊണ്ട് ഇന്ധന വില കുറയ്ക്കാന്‍ ഇടപെടാന്‍ സാധിക്കുന്നില്ലെന്നും മന്ത്രി പറയുന്നു.

വില കൂടുതലാണെങ്കില്‍ ജനങ്ങള്‍ കുറച്ച് ഇന്ധനം മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് പറയാനും മന്ത്രി മടി കാണിച്ചില്ല. ഇന്ധന വില കൂടുകയാണെങ്കിലും ദേശീയതയുടെ പേരില്‍ ജനങ്ങള്‍ക്ക് കുറച്ചൊക്കെ ത്യാഗം സഹിക്കാമെന്നും ഇവിടുത്തെ ജനങ്ങള്‍ക്ക് മറ്റ് രാജ്യക്കാരെ പോലെ രാജ്യസ്‌നേഹം ഇല്ലെന്ന് വരെ രാജ്കുമാര്‍ റിന്‍വ പറഞ്ഞു കളഞ്ഞു.

പ്രളയം പോലുള്ള ദുരന്തങ്ങളുണ്ടായപ്പോള്‍ സര്‍ക്കാര്‍ അതിന് വേണ്ടി വലിയ തോതില്‍ പണം ചെലവഴിച്ചു. എന്നാല്‍ ഇന്ധന വില കൂടിയപ്പോള്‍ അതിന് വേണ്ടി പണം ചെലവാക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ല. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വി്‌ല ഉയര്‍ന്നിരിക്കുകയാണ്. അത് അനുസരിച്ചാണ് രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്നതെന്നും രാജ്കുമാര്‍ റിന്‍വ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധനവ് ഇവിടുത്തെ ആളുകള്‍ക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ട് തന്നെ ആളുകള്‍ തങ്ങളുടെ മറ്റ് ചിലവുകള്‍ കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ഇതിനേക്കാളും വിലക്കൂടുതല്‍ ഉണ്ടായിരുന്നുവെന്നും മന്ത്രി ആരോപിച്ചു. വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും രാജ്കുമാര്‍ റിന്‍വ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാര്‍ ഇന്ധന വിലയില്‍ കുറവ് വരുത്തിയിട്ടുണ്ട്. വാറ്റില്‍ നാല് ശതമാനത്തിന്റെ കുറവ് വരുത്തിയതോടെ ലിറ്ററിന് 2.5 രൂപയുടെ കുറവുണ്ടാവും. വലിയ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് തന്ത്രമായാണ് ഇന്ധന വില കുറയ്ക്കല്‍ വിലയിരുത്തപ്പെടുന്നത്. അതിനിടെയുള്ള മന്ത്രിയുടെ മണ്ടന്‍ പ്രസ്താവനകള്‍ ബിജെപിക്ക് ക്ഷീണമായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക