Image

സമാധാനം ആഗ്രഹിച്ചാല്‍ മാത്രം പോരാ (വാല്‍ക്കണ്ണാടി- കോരസണ്‍)

Published on 11 September, 2018
സമാധാനം ആഗ്രഹിച്ചാല്‍ മാത്രം പോരാ (വാല്‍ക്കണ്ണാടി- കോരസണ്‍)
പാതാളത്തിലേക്കു ചവിട്ടി താഴ്ത്തപ്പെട്ടതിനു ശേഷം മഹാബലിയെക്കുറിച്ചു മഹാഭാരതത്തില്‍ ഒരു കഥയുണ്ട്. ഏറെ പ്രസക്തവും ചിന്താദ്യോപകവുമാണ് മഹാബലിയും ദേവേന്ദ്രനും തമ്മിലുള്ള സംഭാഷണം. മാറ്റുരക്കാനാവാത്ത കാലത്തിന്റെ ഗതിവിധികള്‍ തുറന്ന മനസ്സോടെ സ്വീകരിച്ചാല്‍ ഭൂമിയിലെ നൈമിഷികമായ ജീവിതത്തിനു സ്വാന്തനവും സമ്പൂര്‍ണ്ണതയും ഉള്‍കരുത്തും നല്‍കുന്നതാണ് മഹാബലിയുടെ സന്ദേശം.
മഹാബലിയുടെ അഭാവത്തില്‍ അമരാധിപത്യം നേടിയ ദേവേന്ദ്രന്‍ ബ്രഹ്മാവിനെ സമീപിച്ചു മഹാബലി എവിടെ ഉണ്ട് എന്ന് അന്വേഷിക്കുന്നു. നിന്ദയും പരിഹാസവും കലര്‍ത്തിയ പരുഷമായ ഇന്ദ്രന്റെ ചേദ്യത്തിനു ബ്രഹ്മദേവന്‍ പറഞ്ഞു, നിന്റെ ചോദ്യത്തിലെ ഗര്‍വ്വ് ഞാന്‍ കാണുന്നു, എന്നാലും ചോദിച്ചതുകൊണ്ടു ഉത്തരം പറയുകയാണ്, മഹാനായ ബലി ഒരു മൃഗമായി ജനിച്ചു ശൂന്യ ഗൃഹത്തില്‍ കഴിയുന്നുണ്ട്, കണ്ടെത്തിയാല്‍ മാന്യമായി പെരുമാറുക.

ബഹുദൂരം സഞ്ചരിച്ചു ഒരു ശൂന്യസ്ഥലത്തു ഒരു കഴുതയുടെ രൂപത്തില്‍ നില്‍ക്കുന്ന മഹാബലിയെ ഇന്ദ്രന്‍ കാണുന്നു. സ്വര്‍ഗ്ഗസിംഹാസനത്തില്‍ വാണരുളിയിരുന്ന മഹാബലിയാണോ എന്റെ മുന്നില്‍ ഒരു മരക്കഴുതയായി നില്‍ക്കുന്നത് ? നല്ല യോഗം !! ഇയാളുടെ ധൈര്യവും പരാക്രമവും ഇപ്പോള്‍ എവിടെ ? നിന്റെ മുന്നില്‍ ആയിരകണക്കിന് ദേവസ്ത്രീകള്‍ പൂക്കൂടയുമായി നിര്‍ത്തം വച്ചിരുന്നില്ലേ ? പോയ കാലത്തെക്കുറിച്ചു നിനക്ക് ദുഖമുണ്ടോ ? ബ്രഹ്മദേവന്‍ നിനക്ക് സമ്മാനിച്ച പവിഴ മാലയും വെണ്‍കൊറ്റകുടയും എവിടെ?

മഹാബലി മനസ്സുകൊണ്ട് ചിരിക്കുക ആയിരുന്നു. ഇശ്വരാനുന്‍ഗ്രഹം കൊണ്ട് നീ പ്രതാപവാനായി , കാലദോഷം കൊണ്ട് ഞാന്‍ ഈ നിലയിലുമായി.ബുദ്ധിയുള്ളവരാരും നിന്നെപ്പോലെ അഹങ്കരിക്കാറില്ല. ജ്ഞാനികളാരും കാലദോഷത്തില്‍ ദുഖിക്കയില്ല. ഐശര്യമുണ്ടാകുമ്പോള്‍ അഹങ്കരിക്കാറുമില്ല. ഇന്ദ്രാ, കാലത്തിനു എന്നും ഒരേ മട്ടില്‍ നിലനില്‍ക്കാനാവില്ല. ഇന്ന് ഐശര്യമെങ്കില്‍ നാളെ ദാരിദ്ര്യമായിരിക്കും, ദോഷം മാറി നന്മയും വരും, ദുഖത്തിന് പിറകില്‍ സുഖം ഉണ്ടാവും, എല്ലാത്തിനും അവസാനമുണ്ട്. കാലത്തിന്റെ ധര്‍മ്മമാണ് ഇത്. ഞാനും കലാധര്‍മ്മത്തിനു വിധേയനായി എന്ന് മാത്രം.

ജ്ഞാനം സിദ്ധിച്ചവനെ പാപം തീണ്ടുകയില്ല , സ്വാത്തികനു ഹൃദയശുദ്ധി ലഭിക്കുന്നു. അവനു ധനത്തിലോ സുഖത്തിലോ മോഹമില്ല. അവന്‍ ആരെയും ദ്വേഷിക്കയോ അടുപ്പിക്കയോ ചെയ്യില്ല. ഒരാളെ വധിക്കുമ്പോള്‍ അയാളുടെ ശരീരം മാത്രമേ നശിക്കുന്നുള്ളു. എല്ലാത്തിന്റെയും പിറകില്‍ ഒരു ശക്തിയുണ്ട്. അല്ലാതെ നീയോ ഞാനോ അല്ല ഇതൊക്കെ ചെയ്യുന്നത്. കാലത്തിനു രാജാവെന്നോ പ്രജയെന്നോ , സുന്ദരനെന്നോ വിരൂപനെന്നോ വത്യാസമില്ല. കാലത്തിന്റെ തടുക്കപെടാനാവാത്ത ശക്തിയെപ്പറ്റി അറിഞ്ഞിരുന്നെങ്കില്‍ നീ അഹങ്കരിക്കില്ലായിരുന്നു. എന്റെ പ്രതാപം നഷ്ടപ്പെട്ടതില്‍ എനിക്ക് ദുഖമില്ല. എല്ലാവര്‍ക്കും കാലഗതിയില്‍ ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകും. അഹങ്കാരം വിട്ടു ശാന്തനാകുക.

ചെറിയ അംശങ്ങള്‍ ചേര്‍ന്നാണ് ആയുസ്സു നീളുന്നത് . പുഴവക്കിലെ മരം പിഴുതു ഒഴുകിപോകുന്നപോലെ ചില ജീവിതങ്ങള്‍ വേര്‍പ്പെടുന്നത് കാണുന്നില്ലേ?. ധനവും പ്രതാപവും പദവിയും നശിക്കും. എല്ലാം മാറ്റങ്ങള്‍ക്കു വിധേയമാകും. കുറേ നാള്‍ മുന്നുള്ള നിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. കാലത്തിന്റെ രൂപഭാവത്തെ മനസ്സിലാക്കിയാല്‍ മനസ്സ് ശാന്തമാകും.

മഹാനായ ബലി , താങ്കളുടെ മുന്നില്‍ ഞാന്‍ കാണിച്ച ഗര്‍വ്വ് എന്നെ എത്ര ചെറിയവനാക്കി എന്നു ഞാന്‍ മനസിലാക്കുന്നു, ദേവേന്ദ്രന്‍ പറഞ്ഞു. സ്വാത്തികനും വിജ്ഞാനിയുമായ അങ്ങയുടെ ഹൃദയം ഈശ്വര ചൈയ്തന്യമുള്ളതായിരിക്കുന്നു.നിര്‍വൈരവും ശാന്തവുമായ അങ്ങയുടെ അറിവിന്റെ മുന്നില്‍ ഞാന്‍ ഒന്നുമല്ല. എന്റെ ബുദ്ധി തെളിയിച്ചതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ദേവേന്ദ്രന്‍ യാത്രപറഞ്ഞു പോയി.

ജീവിതത്തില്‍ സമാധാനം ആഗ്രഹിച്ചാല്‍ മാത്രം പോരാ കണ്ടെത്തുകതന്നെ വേണം. സത്യത്തിന്റെ ചമല്‍ക്കാരത്തില്‍ നിത്യമായ സമാധാന രേഖകള്‍ അവിടവിടെയായി മറഞ്ഞു കിടപ്പുണ്ട്. ഒരു അന്വേഷണത്തിലൂടെ ദേവേന്ദ്രനു അത് മനസ്സിലായി , മഹാബലിക്കു സത്യം നേരത്തെ ബോധ്യപ്പെട്ടിരുന്നു.

ഇതേ സത്യ രേഖകള്‍ ബൈബിളിലിലെ ഗലാത്യ ലേഖനത്തില്‍ കാണാം. ആത്മാവിനെ അനുസരിച്ചു നടപ്പിന്‍. ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു.... ജഡത്തിന്റെ പ്രവര്‍ത്തികള്‍ ദുര്‍നടപ്പു, ക്രോധം, ശാഠ്യം, ഭിന്നത, അസൂയ, മുതലായവ. ആത്മാവിന്റെ ഫലം സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ ഒക്കെയാണ്... നാം അന്യോന്യം പോരിന് വിളിച്ചും അസൂയ്യപ്പെട്ടും വൃഥാഭിമാനികള്‍ ആകരുത്.... താന്‍ അല്‍പ്പനായിരിക്കെ മഹാന്‍ ആകുന്നു എന്നു ഒരുത്തന്‍ നിരൂപിച്ചാല്‍ തന്നത്താന്‍ വഞ്ചിക്കുന്നു. കാലസന്ധ്യയിലെ ക്രൂശിന്റെ ചൂടടയാളം ശരീരത്തില്‍ വഹിക്കുവാന്‍ നാം ഒരുങ്ങണം എന്ന അറിവുണ്ടായാല്‍ എത്ര കാലദോഷത്തിലും സമാധാന രേഖകള്‍ തെളിവായി വരും,പൗലോസ് അപ്പോസ്‌തോലന്‍ ഗലാത്യ സഭയോട് പറയുകയാണ് .

സമ ദുഃഖ സുഖ സ്വസ്ഥ
സമലോഷ്ടാശ്മ കാഞ്ചന
തുല്യപ്രിയാപ്രിയോ ധീരാഃ
തുല്യനിന്ദാത്മ സംസ്തുതി

നോവലിസ്റ്റും ശാസ്ത്രജ്ഞനുമായ ശ്രീ.സി. രാധാകൃഷ്ണന്‍ തന്റെ ഗീതാദര്‍ശനം എന്ന ഭഗവത്ഗീതയുടെ ആധുനിക വായനയില്‍ ഇങ്ങനെ വിവരിക്കുന്നു.

'(ആരാണോ) സ്വസ്വരൂപമായ ആത്മാവില്‍ സ്വസ്ഥനായി സ്ഥിതിചെയ്ത് , സുഖ ദുഖങ്ങളില്‍ സമചിത്തനായി , കല്ലും മണ്ണാങ്കട്ടയും കനകവും ഒരുപോലെയെന്നു മനസ്സിലാക്കി , പ്രിയാപ്രിയങ്ങളെയും നിന്ദാസ്തുതികളെയും തുല്യമായിക്കണ്ട് , ധീരനായി വര്‍ത്തിക്കുന്നത് (അവന്‍ ഗുണാതീതനാണ് ). പുകഴ്ത്തിയാലും ഇകഴ്ത്തിയാലും ഇഷ്ട്ടം പറഞ്ഞാലും കഷ്ടം പറഞ്ഞാലും ഗുണാതീതന്റെ പ്രതികരണം ഒരുപോലെയിരിക്കും.
കുരിശില്‍ത്തറക്കാന്‍ ചാട്ടയടിച്ചു നടത്തികൊണ്ടുപോകുമ്പോഴും അല്പംപോലും അധൈര്യം ഉണ്ടാവില്ല. കാരണം , അദ്ദേഹം തന്റെ യഥാര്‍ത്ഥസ്വരൂപം തിരിച്ചറിഞ്ഞു , അതുമായി താതാത്മ്യം പ്രാപിച്ച് സ്ഥിതി ചെയ്യുന്നു. ആ സ്വരൂപത്തെ ആര്‍ക്കും നിന്ദിക്കാനോ വേദനിപ്പിക്കാനോ കഴിയില്ലല്ലോ'. ഗുണത്രയവിഭാഗയോഗം ഗീതാദര്‍ശനം.
Join WhatsApp News
Vayanakkaran 2018-09-12 11:37:06
എന്താണു പ്രതിപാദ്യ വിഷയം എന്ന് മനസ്സിലായില്ല.
Benny Francis 2018-09-12 16:35:17
മനസ്സന്തോഷത്തിൽ ദ്രവ്യ സമ്പത്തിന്റെ നിരര്ഥകതയെകുറിച്ചു ഓണത്തിന്റെ പശ്ചാത്തലത്തിൽ ദിവ്യഗ്രന് ത്ഥ ങ്ങളുടെ അകമ്പടിയോടെയുള്ള കുറിപ്പ് അസ്സലായി. ഭാഷയുടെ മനോഹാരിതയും വായനക്ക് ഉത്തേജനമേകി. എഴുത്തുകാരന് അഭിനന്ദനങ്ങൾ . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക