Image

സമരമല്ലാതെ മറ്റൊരു വഴിയില്ലെന്ന് കന്യാസ്ത്രീകള്‍ക്ക് തോന്നണമെങ്കില്‍

Published on 12 September, 2018
സമരമല്ലാതെ മറ്റൊരു വഴിയില്ലെന്ന് കന്യാസ്ത്രീകള്‍ക്ക് തോന്നണമെങ്കില്‍
Rajeesh Kumar Abhimanyu -FB
ഉപ്പ് തിന്നവരുണ്ടെങ്കില്‍ വെള്ളം കുടിക്കും ലൈനിലുള്ള ന്യായവാദങ്ങളിറക്കുന്നവരോട് സഹതാപമല്ലാതെ മറ്റൊന്നും തോന്നുന്നില്ല..

തന്നെ പീഢിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഒരു സ്ത്രീ പരാതിപ്പെട്ടിട്ട് 80 ദിവസങ്ങള്‍ പിന്നിടുന്നു.. വ്യക്തതയില്ലാത്ത വെറുംപറച്ചിലല്ല.. സമയവും സാഹചര്യവും വിവരിക്കുന്ന മുഴുനീള പരാതിയാണ്.. ശക്തമായ സാക്ഷി മൊഴികളുണ്ട്.. സഭയുടെ ശരിയല്ലാത്ത ഇടപെടലുകളുടെ സാഹചര്യ തെളിവുകളുമുണ്ട്..

സമരമല്ലാതെ മറ്റൊരു വഴിയില്ലെന്ന് കന്യാസ്ത്രീകള്‍ക്ക് തോന്നണമെങ്കില്‍ അത്രമേല്‍ ആശയറ്റിരിക്കണം.. അവരാരും സമരം ചെയ്ത് ശീലിച്ചവരല്ല.. മറുവാക്കു പറയാനുള്ള ത്രാണിപോലും ചെറുപ്പത്തിലേ കരിച്ചുകളയപ്പെട്ടവരാണ്.. ദൈവഭയത്തിന്റെ കനപ്പെട്ട മറയില്‍ കര്‍തൃത്വം നിഷേധിക്കപ്പെട്ടവരാണ്.. അവരാണ് ഒരാഴ്ചയായി പ്രതിഷേധ ബാനറും പിടിച്ച് തെരുവിലിരിക്കുന്നത്.. അസാധാരണമായൊരു കാഴ്ചയാണത്.. അത്രമേല്‍ ഉള്ളുപൊള്ളിക്കുന്നൊരു വിഷയമാണത്..

മാനം പിച്ചിച്ചീന്തപ്പെട്ട സ്ത്രീയോടാണ് ഉപ്പുതിന്നിട്ടുണ്ടെങ്കിലെന്ന കണ്ടീഷണല്‍ ന്യായം നിരത്തുന്നത്.. വീടുപേക്ഷിച്ച് മഠത്തില്‍ ചേര്‍ന്നവളാണ്.. ഉറ്റരോട് വിടചൊല്ലി സഭയില്‍ വിശ്വാസമര്‍പ്പിച്ചവളാണ് ..അവരാണ് താന്‍ പീഢിപ്പിക്കപ്പെട്ടുവെന്ന് പരാതി പറയുന്നത് ..അതും കത്തോലിക്കാ സഭയുടെ സര്‍വ്വ പിന്തുണയുമുള്ള ഒരാള്‍ക്കെതിരെ.. ശൂന്യതയില്‍നിന്ന് ഇത്തരമൊരു പീഢനപ്പരാതിയുണ്ടാക്കാന്‍ അവര്‍ക്ക് മറ്റെന്ത് ബാഹ്യ പ്രേരണയുണ്ടാകാനാണ്.?

നാളെ ആ പീഢകന്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് കരുതുക., ന്യായവാദക്കാരുടെ ഭാഷയില്‍ വെള്ളംകുടിച്ചുവെന്ന് വയ്ക്കുക.. ഈ ദിവസങ്ങളത്രയും ആ സ്ത്രീ അനുഭവിച്ച മാനസിക വ്യഥയ്ക്ക്, നീതിക്കുവേണ്ടി തെരുവിലിറങ്ങേണ്ടി വന്ന ഗതികേടിന്, പൊതുമധ്യത്തില്‍ നേരിടേണ്ടി വന്ന അപമാനത്തിന് ആരാണ് ഉത്തരം പറയുക.?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക