Image

ആരോപണം ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ രൂപത

Published on 12 September, 2018
ആരോപണം ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ രൂപത
കോട്ടയം: ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ജലന്ധര്‍ രൂപത നേതൃത്വം. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്. ആരോപണം തെളിയുന്നത് വരെ വ്യക്തിപരമായി അപമാനിച്ചും തേജോവധം ചെയ്തുമുള്ള മാധ്യമവിചാരണയില്‍ മിതത്വം വേണമെന്നും ജലന്ധര്‍ രൂപത വക്താവ് ഫാ. പീറ്റര്‍ കാവുംപുറം പ്രസ്താവനയില്‍ പറഞ്ഞു. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ആരോപിക്കുന്നതിനൊപ്പം ആദ്യം പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ് കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചതെന്നും രൂപത നേതൃത്വം അവകാശപ്പെടുന്നു.

തൊട്ടടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ബിഷപ് പങ്കെടുത്തു. കന്യാസ്ത്രീ വളരെ സന്തോഷത്തോടെ ബിഷപ്പിനെ സ്വീകരിച്ചു. ഇതിനുശേഷം ബിഷപ് മുപ്പതോളം തവണ കേരളത്തിലെത്തി.

അപ്പോഴെല്ലാം കന്യാസ്ത്രീ ബിഷപ്പിനൊപ്പം സഞ്ചരിക്കുകയും ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. കന്യാസ്ത്രീ ഏറെ സന്തോഷവതിയായി ചടങ്ങുകളില്‍ പങ്കെടുക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ തെളിവായുണ്ട്. കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നല്‍കിയ ശേഷമാണ് ബിഷപ്പുമായി അകന്നത്. ഇതില്‍ ബിഷപ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ഇതാണ് പരാതിക്ക് പിന്നില്‍.

അതിനിടെ, കന്യാസ്ത്രീക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കുമെന്ന് കാട്ടി മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹവും രംഗത്തെത്തി. ഗൂഢാലോചന നടന്നുവെന്ന് കാണിച്ച് എല്ലാ കന്യാസ്ത്രീകളെയും ഡി.ജി.പിക്ക് മുന്നില്‍ ഹാജരാക്കാനാണ് ഒരുങ്ങുന്നത്.

പീഡനത്തിനിരയായ കന്യാസ്ത്രീയെയും ഇവരെ പിന്തുക്കുന്ന മറ്റ് അഞ്ച് കന്യാസ്ത്രീകളെയും പുറത്താക്കാനും നീക്കമുണ്ട്. ഇതിനായി സഭ നേതൃത്വം കൗണ്‍സില്‍ യോഗം വിളിച്ചു.
കന്യാസ്ത്രീകര്‍ പരസ്യപ്രതിഷേധത്തിനിറങ്ങിയത് സഭ ചട്ടങ്ങള്‍ ലംഘിച്ചാണെന്നും ഇവര്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ താമസിക്കാനുള്ള അവകാശം നഷ്ടമായെന്നും മിഷനറീസ് ഓഫ് ജീസസ് നേതൃത്വം പറയുന്നു. കുറവിലങ്ങാട് മഠത്തിലെ ഇവരുടെ താമസം അവസാനിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ തിരക്കിട്ട നീക്കങ്ങള്‍. എന്നാല്‍, സത്യം വിജയിക്കുമെന്നും നടപടിയെ ഭയക്കുന്നില്ലെന്നും പരാതിക്കാരിയെ പിന്തുണക്കുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു.

സമരത്തോട് സഹകരിക്കരുതെന്ന് കന്യാസ്ത്രീകള്‍ക്ക് നിര്‍ദേശം 

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തോട് സഹകരിക്കരുതെന്ന് സി.എം.സി (കോണ്‍ഗ്രിഗേഷന്‍ ഓഫ് മദര്‍ ഓഫ് കാര്‍മല്‍) സിസ്‌റ്റേഴ്‌സിന് നിര്‍ദേശം. സി.എം.സി സുപ്പീരിയര്‍ ജനറല്‍ സഭയിലെ കന്യാസ്ത്രീകള്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധ ധര്‍ണകളുമായി സഹകരിക്കരുതെന്നും പ്രതികരണങ്ങള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. സമരവുമായി ബന്ധപ്പെട്ട് ധര്‍ണകള്‍, വാട്‌സ്ആപ് സന്ദേശങ്ങള്‍ കൈമാറല്‍, പ്രസ്‌ക്ലബ് മീറ്റിങ്ങുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയില്‍ സി.എം.സി സഭ അംഗങ്ങള്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം.

മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി സഹായ മെത്രാന്‍ 

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ തോമസ് തറയില്‍. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഫ്രാങ്കോയെ അനുകൂലിച്ച് തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയെന്ന് കരുതണമെന്നാണ് പഠിച്ചിട്ടുള്ളത്. എന്നാലിപ്പോള്‍ ഒരു കാര്യം മനസ്സിലായി. കുറ്റാരോപിതന്‍ ഒരു വൈദികനോ കത്തോലിക്ക മെത്രാനോ ആണെങ്കില്‍ നിരപരാധിയെന്ന് തെളിയിക്കുന്നതുവരെ കുറ്റവാളിയെന്ന് കണക്കാക്കപ്പെടും. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നതും കേരള മോഡലിന്റെ പുതിയ സംഭാവനയായി കാണാവുന്നതാണെന്നും തോമസ് തറയില്‍ വ്യക്തമാക്കുന്നു. (Madhyamam) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക