Image

എന്റെ മകള്‍ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു: ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ടിന്റെ വെളിപ്പെടുത്തല്‍

Published on 12 September, 2018
എന്റെ മകള്‍ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു: ആലിയയുടെ അച്ഛന്‍ മഹേഷ് ഭട്ടിന്റെ വെളിപ്പെടുത്തല്‍

ബോളിവുഡില്‍ വിജയക്കൊടി നാട്ടിയ സംവിധായകനും നിര്‍മാതാവുമാണ് മഹേഷ് ഭട്ട്. മകള്‍ ആലിയ സിനിമാനടിയെന്ന നിലയില്‍ രാജ്യത്തിനാകെ പ്രിയപ്പെട്ട താരവുമായിക്കഴിഞ്ഞു. സുഖപ്രദമായ ജീവിതത്തിനിടയിലും കയ്‌പേറിയ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് മഹേഷ് ഭട്ട്. തന്റെ മൂത്തമകള്‍ ഷഹീന്‍ ഭട്ട് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും പതിമൂന്നാം വയസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും മഹേഷ് ഭട്ട് വെളിപ്പെടുത്തി.

തന്റെ പുതിയ ചിത്രമായ ഡാര്‍ക്ക് സൈഡ് ഓഫ് ലൈഫ്, മുംബൈ സിറ്റിയുടെ ട്രെയിലര്‍ ലോഞ്ചിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭട്ട്. വോഗ് മാസികയില്‍ എഴുതിയ ലേഖനത്തിലും മഹേഷ് ഇതേകുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ആത്മഹത്യ ചെയ്ത നടി ജിയാഖാനെ കുറിച്ച് പരമാര്‍ശിക്കുന്ന ഭാഗത്താണ് മഹേഷ് ഭട്ടിന്റെ തുറന്നുപറച്ചില്‍

ആലിയയുടെ മൂത്തസഹോദരി പതിനാറാമത്തെ വയസിലാണ് ക്ലിനിക്കല്‍ ഡിപ്രഷന് അടിമയാണെന്ന് ഞങ്ങള്‍ അറിയുന്നത്. പന്ത്രണ്ട് പതിമൂന്ന് വയസ് ഉളളപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ അവള്‍ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആ ദിനങ്ങള്‍ കഠിനമായിരുന്നു. ഒരു അച്ഛനെന്ന നിലയില്‍ അത്തരമൊരു അവസ്ഥയെ തരണം ചെയ്യുകയെന്നതും ശ്രമകരമായിരുന്നു. അവള്‍ കടന്നു പോയ അതികഠിനമായ അവസ്ഥകളെ കുറിച്ചുളള പുസ്തകം ഒക്ടോബര്‍ പ്രകാശനം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും മഹേഷ് ഭട്ട് പറഞ്ഞു. ജിയാഖാന്‍ നല്ല സിനിമകള്‍ എന്തെങ്കിലുമുണ്ടോയെന്ന് എന്നോട് ആരാഞ്ഞിരുന്നു. അവരെ വെറും കയ്യോടെ പറഞ്ഞയ്ക്കാനേ നിര്‍വാഹമുണ്ടായിരുന്നുളളൂ. അവരോടൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും നടന്നില്ല. അവര്‍ ആത്മഹത്യ ചെയ്തതിനു ശേഷം അവരുടെ വീട് സന്ദര്‍ശിച്ചത് കരള്‍ പറിയുന്ന വേദനയോട് കൂടിയായിരുന്നു മഹേഷ് ഭട്ട് പറഞ്ഞു.

മാനസിക ആരോഗ്യത്തെ കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കുന്നതില്‍ നമുക്കെല്ലാം പങ്കുണ്ട്. വിഷാദരോഗത്തെ കുറിച്ചും രാജ്യത്ത് വര്‍ധിച്ചു വരുന്ന ആത്മഹത്യകളെ കുറിച്ചും സംസാരിക്കുന്നതിനിടെയാണ് മഹേഷ് ഭട്ടിന്റെ തുറന്നുപറച്ചില്‍. ഇന്നത്തെ സമൂഹം നേരിടുന്ന ഏകാന്തത, മാനസിക ആരോഗ്യം എന്നിവയെക്കുറിച്ചാണ് മഹേഷ് ഭട്ടിന്റെ പുതിയ ചിത്രമായ ദി ഡാര്‍ക്ക് സൈഡ് ഓഫ് ലൈഫ്: മുംബൈ സിറ്റി പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക