Image

നാശനഷ്ടം സംഭവിച്ചവര്‍ക്ക് ചെറിയ രീതിയില്‍ ആശ്വാസധനം സഹായം നല്‍കണമെങ്കില്‍തന്നെ ആയിരക്കണക്കിനു കോടി രൂപ ആവശ്യമായിവരുമെന്നു റവന്യൂമന്ത്രി

Published on 13 September, 2018
 നാശനഷ്ടം സംഭവിച്ചവര്‍ക്ക് ചെറിയ രീതിയില്‍ ആശ്വാസധനം സഹായം നല്‍കണമെങ്കില്‍തന്നെ ആയിരക്കണക്കിനു കോടി രൂപ ആവശ്യമായിവരുമെന്നു  റവന്യൂമന്ത്രി
 പ്രളയ ദുരന്തം വിതച്ച കേരളത്തിന്റെ പുന:സൃഷ്ടിക്ക് ആവശ്യമായി വരുന്ന പണം വളരെ വലുതാന്നെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നാശനഷ്ടം സംഭവിച്ചവര്‍ക്ക് ചെറിയ രീതിയില്‍ ആശ്വാസധനം സഹായം നല്‍കണമെങ്കില്‍തന്നെ ആയിരക്കണക്കിനു കോടി രൂപ ആവശ്യമായിവരുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിലെ ധനസമാഹരണ യജ്ഞം പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം ലഭിച്ച കണക്കനുസരിച്ച്‌ പ്രളയത്തില്‍ 40,000 വളര്‍ത്തു മൃഗങ്ങള്‍ മാത്രം ചത്തു. പക്ഷി വിഭാഗത്തില്‍പ്പെട്ട കോഴി, താറാവ് ഉള്‍പ്പെടെ ഒന്നര ലക്ഷത്തോളം പക്ഷികള്‍ക്കു നാശമുണ്ടായി. 59,000 ഹെക്ടര്‍ കൃഷി നശിച്ചു. 11,000 വീടുകള്‍ പൂര്‍ണ്ണമായും 1.2 ലക്ഷം വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആയിരക്കണക്കിനു വാഹനങ്ങള്‍ നശിച്ചു. ചെറുകിട വ്യാപാരങ്ങള്‍ തകര്‍ന്നു. ഇപ്പോള്‍ കണക്കാക്കിയതനുസരിച്ച്‌ 40,000 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ഇവര്‍ക്കൊക്കെ ചെറിയ ആശ്വാസധനസഹായം നല്‍കണമെങ്കില്‍തന്നെ ആയിരക്കണക്കനു കോടി രൂപ വേണം. റോഡുകളും പാലങ്ങളും തകര്‍ന്നതു നന്നാക്കുവാനും വേണം വന്‍തുക. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ ലഭിച്ച സഹായങ്ങള്‍ നാടിന്റെ പുനഃസൃഷ്ടിക്ക് പര്യാപ്തമല്ല. ഇപ്പോള്‍ ജില്ലകളില്‍ നടക്കുന്ന ധനസമാഹരണ യജ്ഞത്തില്‍ ഇതുവരെ സഹായം നല്‍കാന്‍ കഴിയാത്തവര്‍ അതൊരു അവസരമായി കാണണം.

ഒന്നും രണ്ടും തവണ സഹായിച്ചവര്‍ നമ്മള്‍ക്കിടയിലുണ്ട്. അവരില്‍ നിന്ന് ഇനിയും സഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
പ്രളയം ബാധിക്കാത്തവര്‍ എന്ന നിലയില്‍ കാസര്‍കോട് ജില്ലക്കാര്‍ ഭാഗ്യവന്മാരാണ്. അതുകൊണ്ടുതന്നെ കാസര്‍കോട് ജില്ലയിലെ സഹോദരങ്ങള്‍ക്ക് ദുരിതം അനുഭവിക്കുന്നവരെ കൂടുതലായി സഹായിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഇവിടെ തുക നല്‍കാന്‍ കഴിയാത്തവര്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ട് എത്തിച്ചാലും മതിയെന്നും എപ്പോള്‍ വേണമെങ്കില്‍ പണം നല്‍കാമെന്നും മന്ത്രി പറഞ്ഞു. എത്ര ചെറിയ തുകയായാലും നല്‍കാന്‍ ആരും മടിക്കരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ധനസമാഹരണ യജ്ഞത്തില്‍ ജില്ലയുടെ ചുമതലയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഗോപാലകൃഷ്ണ ഭട്ട്, ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു, കാഞ്ഞങ്ങാട് ആര്‍ ഡി ഒ സി. ബിജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. രവികുമാര്‍, പി.എം രാമചന്ദ്രന്‍, തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിവിധ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക