Image

കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ ടി.വി.രാജേഷ് എം.എല്‍.എ

Published on 13 September, 2018
 കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ ടി.വി.രാജേഷ് എം.എല്‍.എ

 ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ സി.പി.എം നേതാവ് ടി.വി.രാജേഷ് എം.എല്‍.എ. കന്യാസ്ത്രീകള്‍ക്ക് നീതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മതത്തിന്റെയും വിശ്വാസത്തിന്റെയും മറവില്‍ ഒരു ഉന്നതനും രക്ഷപ്പെടില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രമാദമായ കേസുകള്‍ കേരളം ഇതിന് മുന്‍പും കണ്ടിട്ടുണ്ട്. അവയെല്ലാം മാസങ്ങളോളം ചര്‍ച്ച ചെയ്ത് ഒടുവില്‍ മാഞ്ഞുപോകുന്നതിനും കേരളം സാക്ഷിയായിട്ടുണ്ട്. എന്നാല്‍ 2016 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ കേരളത്തിന്റെ അനുഭവം വ്യത്യസ്തമാണ്. നിയമവിദ്യാര്‍ത്ഥിനി കൊലപാതക കേസ് മുതല്‍ നടിയെ അക്രമിച്ച കേസ് വരെ കേരള സര്‍ക്കാര്‍ കൈക്കൊണ്ട ധീരമായ നിലപാടുകള്‍ ഒരു ഉന്നതനെയും സംരക്ഷിച്ചുകൊണ്ടുള്ളതല്ല എന്ന് കേരളത്തിന് നന്നായി അറിയാം. അന്നും ഇന്നും സര്‍ക്കാര്‍ സ്ത്രീസംരക്ഷണത്തിന് വലിയ പ്രധാന്യം നല്‍കുന്നു.

ഒപ്പമുണ്ട് സര്‍ക്കാര്‍ എന്ന് പറയുന്നത് വെറുതയല്ലെന്ന് രണ്ടര വര്‍ഷം കൊണ്ട് എല്ലാതലത്തിലും കേരളം കണ്ടതാണ്. എല്ലാ പഴുതുകളും അടച്ച്‌, ശക്തമായ തെളിവുകള്‍ ശേഖരിച്ചാണ് ഇതുവരെ കേസുകളില്‍ പോലീസ് നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്. അതുകൊണ്ടാണ് 'ഉന്നതന്‍'മാര്‍ക്കൊന്നും നിയമത്തിന് മുന്നില്‍ രക്ഷയുടെ വാതില്‍ തുറക്കാത്തത്.

കേരളം അത്യഭൂര്‍വ്വമായ ഒരു സമരത്തിന് സാക്ഷ്യം വഹിക്കുകയാണ്. മതത്തെയും വിശ്വാസത്തെയും മറയാക്കി രക്ഷപ്പെടാമെന്ന് ഒരു കുറ്റവാളിയും വ്യാമോഹിക്കേണ്ടതില്ല. അത് ഈ സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍ അനുവദിക്കില്ല. കൃത്യമായ തെളിവ് കണ്ടെത്തുക എന്നത് ഏതൊരു കേസിന്റെയും കെട്ടുറപ്പാണ്. കേസ് അന്വേഷണം എന്നത് വൈകാരികമായ ഒരു സമസ്യയല്ല.

അതീവഗൗരതരമായ പരാതിയാണ് ഉയര്‍ന്നുവന്നത്. അതിന്റെ നിജസ്ഥിതി കണ്ടെത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇത്തരം സംഭവങ്ങളില്‍ എത്ര ഉന്നതന്‍ ആയാലും ശിക്ഷിക്കപ്പെടും എന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തെ ചില സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുതന്നെ ഉറപ്പുപറയാനാകും. കുറ്റവാളികളോട് ഒരു ദാക്ഷിണ്യവും ഉണ്ടാകാന്‍ പോകുന്നില്ല. അത് ആരായാലും, എത്ര ഉന്നതനായാലും.

കൃത്യവും ശക്തവുമായ അന്വേഷണത്തിലൂടെ പോലീസ് ഈ കേസ് വിജയകരമായി പൂര്‍ത്തീകരിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക