Image

പാട്ടുവിലക്കിനെതിരേ മിഠായിതെരുവില്‍ ബാബു ഭായ്‌ ഉച്ചത്തില്‍ പാടി

Published on 14 September, 2018
പാട്ടുവിലക്കിനെതിരേ  മിഠായിതെരുവില്‍ ബാബു ഭായ്‌ ഉച്ചത്തില്‍ പാടി
പതിറ്റാണ്ടുകളായി കോഴിക്കോടിന്റെ തെരുവുകളെ സംഗീതം കൊണ്ട്‌ സമ്പന്നമാക്കി ഉപജീവിക്കുന്ന ബാബു ഭായിക്ക്‌ ഏര്‍പ്പെടുത്തിയ പാട്ടുവിലക്കിനെതിരെ മിഠായിതെരുവ്‌ കിഡ്‌സണ്‍ കോര്‍ണറില്‍ ബഹുജന പ്രതിഷേധം.
സര്‍ഗ്ഗാത്മക ഇടങ്ങളെ തിരിച്ചു പിടിക്കുമെന്നു പാടിയുറപ്പിച്ചാണ്‌ നഗരത്തില്‍  പ്രതിഷേധം അലയടിച്ചത്‌. പാട്ടുപാടിയും ചിത്രം വരച്ചും നിരവധിയാളുകള്‍ പ്രതിഷേധത്തില്‍ കണ്ണി ചേര്‍ന്നു.

മിഠായി തെരുവില്‍ പടുന്നതിന്‌ ബാബു ഭായിക്കെതിരെ കൊണ്ടുവന്ന വിലക്ക്‌ ജില്ലാ ഭരണകൂടം ഇടപെട്ട്‌ നീക്കിയെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിഷയം സജീവമായതിനെ തുടര്‍ന്നാണ്‌ ഈ തെരുവില്‍ ഞങ്ങളും പാടും എന്ന തലക്കെട്ടില്‍ പാട്ടുപ്രതിഷേധം നടന്നത്‌.
പ്രതിഷേധ പരിപാടി സ്വതന്ത്ര്യ സമര സേനാനി തായാട്ടു ബാലന്‍ ഉദ്‌ഘാടനം ചെയ്‌തു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ നിരവധി സര്‍ഗ്ഗാത്മക പ്രതിഷേധങ്ങള്‍ നടന്ന സ്ഥലമാണ്‌ കിഡ്‌സണ്‍ കോര്‍ണറെന്നും സ്വാതന്ത്ര്യാനന്തര കാലത്ത്‌ ഇവിടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തുന്നത്‌ ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പൗര സമൂഹത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏത്‌ നീക്കത്തിനെതിരേയും ശക്തമായ പൊതുജന പ്രതിഷേധം ഉയര്‍ന്നു വരികതന്നെ ചെയ്യും. പൈതൃക തെരുവായി പ്രഖ്യാപിക്കപ്പെട്ട മിഠായി തെരുവില്‍, ഈ തെരുവിന്റെ പൈതൃകം തിരിച്ചറിയാത്ത വികസന പ്രവര്‍ത്തനങ്ങളാണ്‌ നടക്കുന്നത്‌.

അഭിപ്രായ സ്വാതന്ത്ര്യത്തെ തടവിലിട്ട്‌ ജനാധിപത്യ ഭരണം നടത്താമെന്ന്‌ അധികാരികള്‍ തീരുമാനിച്ചാല്‍, ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ആ തീരുമാനങ്ങളെ തിരുത്തുമെന്ന്‌ ചരിത്രം അടിവരയിട്ടിട്ടുള്ളതാണെന്നും തായാട്ട്‌ ബാലന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക