Image

മല്യ രാജ്യം വിടുന്നത്‌ തടയാന്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന നിര്‍ദേശം എസ്‌.ബി.ഐ നിരാകരിച്ചു; ദുഷ്യന്ത്‌ ദവെ

Published on 14 September, 2018
മല്യ രാജ്യം വിടുന്നത്‌ തടയാന്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന  നിര്‍ദേശം എസ്‌.ബി.ഐ നിരാകരിച്ചു;  ദുഷ്യന്ത്‌ ദവെ
ന്യൂദല്‍ഹി: വായ്‌പാ തട്ടിപ്പു കേസില്‍ വിജയ്‌ മല്യ രാജ്യം വിടുന്നത്‌ തടയാന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ നിയമോപദേശം ലഭിച്ചിട്ടും ബാങ്ക്‌ അത്‌ ചെവിക്കൊണ്ടില്ലെന്ന്‌ റിപ്പോര്‍ട്ട്‌. മല്യ നാടുവിടുന്നതിന്‌ നാലുദിവസം മുമ്പാണ്‌ എസ്‌.ബി.ഐയ്‌ക്ക്‌ ഇത്തരമൊരു നിയമോപദേശം ലഭിച്ചത്‌.

2016 ഫെബ്രുവരി 28 ഞായറാഴ്‌ച എസ്‌.ബി.ഐ മാനേജ്‌മെന്റിലെ ഉന്നതനുമായി നടത്തിയ യോഗത്തിലാണ്‌ താന്‍ ഇത്തരമൊരു നിയമോപദേശം നല്‍കിയതെന്ന്‌ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ദുഷ്യന്ത്‌ ദവെ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ടു ചെയ്യുന്നു. മല്യ ഇന്ത്യ വിടുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു.

`മല്യ രാജ്യം വിടുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ ഒരു ഉത്തരവ്‌ നേടാന്‍ 2016 ഫെബ്രുവരി 29ന്‌ സുപ്രീം കോടതിയെ സമീപിക്കാന്‍ എസ്‌.ബി.ഐയ്‌ക്ക്‌ നിര്‍ദേശം നല്‍കി. ഈ യോഗത്തെക്കുറിച്ചും യോഗത്തില്‍ നല്‍കിയ നിയമോപദേശത്തെക്കുറിച്ചും എസ്‌.ബി.ഐ ചെയര്‍പേഴ്‌സണും സര്‍ക്കാറിലെ മറ്റ്‌ ഉന്നതര്‍ക്കും അറിയാം. എന്നിട്ടും അതിന്മേല്‍ യാതൊരു നടപടിയുമുണ്ടായില്ല.' എന്നും അദ്ദേഹം പറയുന്നു.

എസ്‌.ബി.ഐയിലെ നാല്‌ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ബാങ്കിന്റെ നിയമോപദേഷ്ടാക്കളും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തിരുന്നു. ' മല്യ രാജ്യം വിടുന്നത്‌ തടഞ്ഞുകൊണ്ട്‌ ഒരു ഉത്തരവ്‌ നേടുന്നതിന്‌ തിങ്കളാഴ്‌ച രാവിലെ കാണാമെന്ന്‌ സമ്മതിച്ചിരുന്നു. പിറ്റേന്ന്‌ രാവിലെ 10 മണിക്ക്‌ കാണാമെന്ന്‌ സമ്മതിച്ചാണ്‌ പിരിഞ്ഞത്‌. എന്നാല്‍ എസ്‌.ബി.ഐ ഉദ്യോഗസ്ഥര്‍ വന്നില്ല.' ദവെ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക