Image

ഉറുമ്‌ബുകളും ചത്തുവീഴുന്നു; കേരളത്തെ ഭയപ്പെടുത്തി വിചിത്ര പ്രതിഭാസങ്ങള്‍: അമ്പരന്ന്‌ ശാസ്‌ത്രലോകം

Published on 14 September, 2018
 ഉറുമ്‌ബുകളും ചത്തുവീഴുന്നു; കേരളത്തെ ഭയപ്പെടുത്തി വിചിത്ര പ്രതിഭാസങ്ങള്‍:  അമ്പരന്ന്‌ ശാസ്‌ത്രലോകം
കോഴിക്കോട്‌: പ്രളയക്കെടുതികളില്‍ നിന്നും കരകയറുന്ന കേരളത്തെ ഭയപ്പെടുത്തി വിചിത്ര പ്രതിഭാസങ്ങള്‍.  വെള്ളം കയറിയ ഇടങ്ങളിലെല്ലാം ഇപ്പോള്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്‌. ഇതിനിടയിലാണ്‌ ഭൂമി വിണ്ടു കീറുന്നതും, നിരങ്ങി നീങ്ങുന്നതടക്കമുള്ള പ്രതിഭാസങ്ങള്‍ പല സ്ഥലങ്ങളെയും വാസയോഗ്യമല്ലാതാക്കുന്നത്‌.

സംസ്ഥാനത്ത്‌ വരാനിരിക്കുന്നത്‌ വലിയ വരള്‍ച്ചയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. മണ്ണിരകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്‌ ഇതിന്‌ തെളിവാണെന്ന്‌ സംശയമുണ്ട്‌. മണ്ണിരകള്‍ക്ക്‌ ശേഷം ഉറുമ്പുകളും കൂട്ടത്തോടെ ചത്ത്‌ വീഴുന്നതില്‍ അമ്പരന്നിരിക്കുകയാണ്‌ ശാസ്‌ത്രലോകം.


കോഴിക്കോട്‌ നഗരത്തിനടുത്താണ്‌ ഉറുമ്പുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന അപൂര്‍വ്വ പ്രതിഭാസം കണ്ടത്‌. നീറുകള്‍ അഥവാ പുളിയുറുമ്പ്‌ വിഭാഗത്തില്‍പെട്ട ഉറുമ്പുകളാണ്‌ കൂട്ടത്തോടെ ചാകുന്നത്‌.


പ്രളയശേഷം സംസ്ഥാനത്ത്‌ അന്തരീക്ഷ താപനില  കൂടിയതാണ്‌ ഉറുമ്പുകള്‍ ചാകുന്നതിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

ചൂടിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ജീവികളായ ഉറുമ്പുകള്‍ഇതിലും കാഠിന്യമേറിയ ചൂടിലും  ഇങ്ങനെ കൂട്ടത്തോടെ ചത്തുവീഴുന്നത്‌ ശ്രദ്ധയില്‍പെട്ടിട്ടില്ല. അതുകൊണ്ട്‌ തന്നെ പ്രളയശേഷം സംഭവിച്ച മറ്റെന്തിങ്കിലും പ്രതിഭാസമാണോ ഇതിന്‌ പിന്നിലെന്ന്‌ സംശയിക്കുന്നുണ്ട്‌. സംഭവത്തെക്കുറിച്ച്‌ ശാസ്‌ത്രീയമായ പഠനം വേണമെന്നാണ്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്‌.


സംസ്ഥാനത്ത്‌ വിവിധയിടങ്ങളില്‍ മണ്ണിരകള്‍ കൂട്ടത്തോടെ മണ്ണിന്‌ പുറത്തേയ്‌ക്ക്‌ വന്ന്‌ ചത്തൊടുങ്ങുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്‌. ചൂട്‌ കൂടി മണ്ണിലെ ജലാംശം നഷ്ടപ്പെട്ടതാകാം ഇതിന്‌ കാരണമെന്നാണ്‌ നിഗമനം. വരാനിരിക്കുന്ന കൊടും വരള്‍ച്ചയുടെ സൂചനയാണിതെന്നും പറയപ്പെടുന്നു.


ഭൂമി ചുട്ട്‌ പഴുക്കുന്ന പ്രതിഭാസവും പലയിടങ്ങളിലും കണ്ട്‌ വരുന്നുണ്ട്‌. പകല്‍ സമയങ്ങളില്‍ ചൂട്‌ കൂടുകയും രാത്രി സമയങ്ങളില്‍ വല്ലാതെ ചൂട്‌ കുറയുന്നതായും കണ്ട്‌ വരുന്നുണ്ട്‌. പ്രളയശേഷം മണ്ണിന്റെ ഘടനയില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ്‌ കരുതുന്നത്‌.

സംസ്ഥാനത്ത്‌ കനത്ത ചൂട്‌ തുടരുമെന്നാണ്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്‌. അതേസമയം അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്‌ക്കും സാധ്യതയുണ്ട്‌.പ്രളയകാലത്ത്‌ നിറഞ്ഞ്‌ കവിഞ്ഞ പുഴകളിലും തോടുകളിലുമെല്ലാം ക്രമാതീതമായി ജലനിരപ്പ്‌ താഴുന്നത്‌ ആശങ്കപരത്തുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക