Image

നീതിതേടിയുള്ള പോരാട്ടത്തില്‍ അങ്ങു മാര്‍ഗ്ഗദീപം: നമ്പി നാരായണനോട് ദിലീപ്

Published on 15 September, 2018
നീതിതേടിയുള്ള പോരാട്ടത്തില്‍ അങ്ങു മാര്‍ഗ്ഗദീപം: നമ്പി നാരായണനോട് ദിലീപ്

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നീതി തേടി നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അദ്ദേഹത്തിന് അനുകൂല വിധി വന്നതില്‍ സന്തോഷം അറിയിച്ച് നടന്‍ ദിലീപ്. 'അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സാര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ്ഗദീപമായി പ്രകാശിക്കും' എന്ന് ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി തേടുന്ന ദിലീപിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

നമ്പി നാരായണന് അനുകൂലമായി കോടതി വിധി വന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് തമിഴ് സൂപ്പര്‍ താരങ്ങളായ സൂര്യയും മാധവനും രംഗത്തെത്തിയിരുന്നു. 'ഒടുവില്‍ നിരപരാധിയാണെന്ന് തെളിഞ്ഞു. ഇതൊരു പുതിയ തുടക്കം, തുടക്കം മാത്രം. നമ്പി നാരായണന്‍ എഫക്ട്' എന്ന് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. ഈ ട്വീറ്റ് പങ്കുവെച്ചു കൊണ്ട് 'ഈ വിധിക്കായി കാത്തിരിക്കുകയായിരുന്നു മാഡി ബ്രോ' എന്ന് സൂര്യ കുറിച്ചു.

തന്നെ ചാരക്കേസില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് 50 ലക്ഷം രൂപ അദ്ദേഹത്തിന് നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ചാരക്കേസ് അന്വേഷിച്ച മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ എസ്പിമാരായ കെകെ ജോഷ്വ, എസ് വിജയന്‍ എന്നിവരില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടതെന്നും അറിയിച്ചു. കേസില്‍ നമ്പി നാരായണനെ മനപ്പൂര്‍വ്വം കുടുക്കിയതാണോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കാനും കോടതി ഉത്തരവിട്ടു. 

കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്‍ മാലി സ്വദേശിയായ മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി എന്നായിരുന്നു ചാരക്കേസ്. കേസ് അന്വേഷിച്ചതിന് പിന്നില്‍ ഗൂഡാലോചന നടന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക