Image

സച്ചിന്റെ ഓഹരി വാങ്ങിയത്‌ ചിരഞ്‌ജീവിയും സംഘവും

Published on 16 September, 2018
സച്ചിന്റെ ഓഹരി വാങ്ങിയത്‌   ചിരഞ്‌ജീവിയും സംഘവും


കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥതയില്‍ നിന്ന്‌ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പിന്‍മാറിയത്‌ ആരാധകരെ നിരാശയിലാഴ്‌ത്തിയിരിക്കുകയാണ്‌. അതേസമയം, ഓഹരികള്‍ ആരാണ്‌ വാങ്ങിയതെന്ന്‌ വ്യക്തമാക്കിയിരുന്നില്ല.

സച്ചിന്റെ ഓഹരികള്‍ ടീമിനു പുറത്തുനിന്നുളള ഗ്രൂപ്പുകള്‍ വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ ബ്ലാസ്റ്റേഴ്‌സ്‌ മാനേജ്‌മെന്റ്‌ നിഷേധിച്ചു. ഓഹരികള്‍ ലുലു ഗ്രൂപ്പ്‌ വാങ്ങിയെന്നതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന്‌ ബ്ലാസ്റ്റേഴ്‌സ്‌ മാനേജ്‌മെന്റ്‌ അറിയിച്ചു.

സച്ചിന്റെ കൈവശമിരുന്ന 20 ശതമാനം ഓഹരി ടീമിന്റെ മറ്റ്‌ ഉടമകളായ ഐക്വസ്റ്റ്‌ ഗ്രൂപ്പ്‌, ചിരഞ്‌ജീവി, അല്ലു അരവിന്ദ്‌ എന്നിവരാണ്‌്‌ ഏറ്റെടുത്തത്‌. ഇതോടെ മാസ്റ്റര്‍ ബ്ലാസ്റ്ററും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ബന്ധം പൂര്‍ണമായി അവസാനിച്ചു.

2014ല്‍ ഐഎസ്‌എല്‍ ആദ്യ സീസണ്‍ മുതല്‍ സഹ ഉടമ എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായുണ്ടായിരുന്ന ബന്ധമാണ്‌ സച്ചിന്‍ അവസാനിപ്പിച്ചത്‌. ബ്ലാസ്റ്റേഴ്‌സില്‍ 40 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരുന്ന സച്ചിന്‍ നേരത്തേ 20 ശതമാനം ഓഹരികള്‍ കൈമാറിയിരുന്നു.

സച്ചിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ടീമുടമകള്‍ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നുവെന്ന്‌ വിശദീകരിച്ച കേരള ബ്ലാസ്റ്റേഴ്‌സ്‌ മാനേജ്‌മെന്റ്‌, സച്ചിന്റെ പിന്മാറ്റത്തിനുപിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.

സച്ചിന്റെ പിന്തുണയ്‌ക്കും സംഭാവനകള്‍ക്കും കേരള ബ്ലാസ്റ്റേഴ്‌സ്‌ മാനേജ്‌മെന്റ്‌ നന്ദി അറിയിച്ചു. സച്ചിന്‍ എന്നും മഞ്ഞപ്പടയുടെ ഭാഗമായിരിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ്‌ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക