Image

ക്യാപ്‌ടന്‍ രാജു: മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ അരങ്ങൊഴിയുമ്പോള്‍

Published on 17 September, 2018
ക്യാപ്‌ടന്‍ രാജു: മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ അരങ്ങൊഴിയുമ്പോള്‍


പത്തനംതിട്ട:  പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്‌ത്‌ മധു നായകനായ രതിലയത്തില്‍ വില്ലനായിട്ടായിരുന്നു ക്യാപ്‌ടന്‍ രാജുവിന്റെ സിനിമയിലെ അരങ്ങേറ്റം. സ്‌ത്രീകളെ ബലാല്‍സംഗം ചെയ്‌ത കൊല്ലുന്ന ക്രൂരനായ സൈക്കോപ്പാത്ത്‌ ആയിരുന്നു രതിലയത്തിലെ വേഷം.
 ജോഷിയുടെ രക്തത്തിലായിരുന്നു രണ്ടാമത്തെ വില്ലന്‍വേഷം. ഐവി ശശിയുടെ ആവനാഴിയിലെ സത്യരാജിലൂടെ ക്യാപ്‌ടന്‍ രാജു വീണ്ടും മലയാളികളെ ഞെട്ടിച്ചു. ടി ദാമോദരന്റെ തിരക്കഥയില്‍ ഒരുങ്ങിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം അതിരാത്രത്തിലൂടെ നായക പ്രാധാന്യമുള്ള വേഷത്തിലും ക്യാപ്‌ടന്‍ രാജു തിളങ്ങി. പി പത്മരാജന്റെ ഈ തണുത്ത വെളുപ്പാന്‍ കാലത്തിലും നായക തുല്യമായ വേഷമാണ്‌ ചെയ്‌തത്‌.
രാജുവിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ ഒരുക്കിയ വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്‍. നായകനായ ചന്തുവിനൊപ്പം പ്രാധാന്യം അരിങ്ങോടര്‍ക്ക്‌ കിട്ടി. ഈ വേഷം മമ്മൂട്ടിക്കൊപ്പം മല്‍സരിച്ച്‌ ചെയ്‌ത്‌ വിജയിപ്പിക്കാനും ക്യാപ്‌ടനായി.

കൊടുംവില്ലനില്‍ നിന്ന്‌ സ്വഭാവ നടനിലേക്കുള്ള പരിണാമമായിരുന്നു അത്‌. കോട്ടയം പുഷ്‌നാഥിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചുവന്ന അങ്കി എന്ന ചിത്രം പുറത്തിറങ്ങിയില്ല. പക്ഷേ, സാത്താന്‍ ആവേശിച്ച പുരോഹിതനായി അഭിനയിച്ച്‌ ജീവിക്കുകയായിരുന്നു രാജു അതില്‍. കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്‌ത ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മ്മയില്‍ വില്ലനായ പുരോഹിതനായി മാറി. ജോഷി സംവിധാനം ചെയ്‌ത്‌ സത്യരാജ്‌ നായകനായ എയര്‍പോര്‍ട്ട്‌ലെ പ്രധാന വില്ലനായിരുന്നു ക്യാപ്‌ടന്‍ രാജു.
 ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പാട്‌ ചിത്രങ്ങളില്‍ രാജു നായക വേഷവും ചെയ്‌തിരുന്നു. വില്ലനും നായകനുമായി തിളങ്ങി നില്‍ക്കുന്നതിനിടെയാണ്‌ സത്യന്‍ അന്തിക്കാട്‌ശ്രീനിവാസന്‍ ടീമിന്റെ നാടോടിക്കാറ്റില്‍ പവനായി എന്ന വില്ലനായി ക്യാപ്‌ടന്‍ രാജു എത്തിയത്‌.

 ആ സിനിമയില്‍ ക്യാപ്‌ടന്‍ അഭിനയിച്ചത്‌ വില്ലനായിട്ടായിരുന്നു, പക്ഷേ, പടം കണ്ടവര്‍ പവനായിയെ ഓര്‍ത്തു ചിരിച്ചു. മലപ്പുറം കത്തി, മെഷിന്‍ ഗണ്ണ്‌, ഒലക്കേടെ മൂട്‌...അവസാനം പവനായി ശവമായി എന്നത്‌ മലയാളത്തിലെ ഒരു പ്രയോഗമായിമാറി.

പവനായി എന്ന കഥാപാത്രത്തെ അടര്‍ത്തിയെടുത്ത്‌ ക്യാപ്‌ടന്‍ സിനിമ സംവിധാനം ചെയ്‌തെങ്കിലും പുറത്ത്‌ ഇറങ്ങിയില്ല. പവനായിയുടെ അതേ കോസ്റ്റിയൂമുകള്‍ ഇട്ട്‌ ക്യാപ്‌ടന്‍ അഭിനയിച്ച മറ്റൊരു ചിത്രമായിരുന്നു സിഐഡി മൂസ. കാര്‍ട്ടൂണ്‍ കോമഡിയായ ആ ചിത്രത്തില്‍ ദിലിപിന്റെ അമ്മാവനായ െ്രെപവറ്റ്‌ ഡിറ്റക്ടീവിന്റെ വേഷമാണ്‌ ക്യാപ്‌ടന്‍ ചെയ്‌തത്‌. മോഹന്‍ലാലിനൊപ്പം അഗ്‌നിദേവനിലും മികച്ച വേഷം ചെയ്യാന്‍ ക്യാപ്‌ടന്‌ കഴിഞ്ഞു.

സംവിധായകന്‍ വിനയനൊപ്പം ഒരു പിടി ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ അമ്മയില്‍ നിന്ന്‌ വിലക്കും നേരിടേണ്ടി വന്നു. അവസാനം മാപ്പെഴുതി നല്‍കിയാണ്‌ അമ്മയില്‍ തിരികെ കയറാന്‍ കഴിഞ്ഞത്‌.

ഓമല്ലുര്‍ ഗവ എല്‍പി സ്‌കൂള്‍, ഓമല്ലൂര്‍ എന്‍എസ്‌എസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ എന്നിവടങ്ങളിലായിരുന്നു സ്‌കൂള്‍ പഠനം. പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജില്‍ നിന്ന്‌ സുവോളജിയില്‍ ഡിഗ്രി കരസ്ഥമാക്കി. വോളിബോള്‍ താരം കൂടിയായിരുന്നു ക്യാപ്‌റ്റന്‍ രാജു. ഡിഗ്രിക്ക്‌ ശേഷമാണ്‌ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നത്‌. 21ാമത്തെ വയസില്‍ ഓഫീസര്‍ ആയി. പിന്നീട്‌ ക്യാപ്‌റ്റന്‍ ആകുന്നതും. ഗ്ലൂക്കോസ്‌ കമ്‌ബനിയുടെ മാര്‍ക്കറ്റിങ്‌ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ആര്‍മിയില്‍ നിന്ന്‌ റിട്ടയര്‍ ചെയ്‌തതിന്‌ ശേഷമാണ്‌ ബോംബെയിലെ പ്രതിഭാ തിയേറ്റഴ്‌സില്‍ ചേരുന്നത്‌. അവിടെ നിന്നാണ്‌ സിനിമയിലേക്ക്‌ എത്തിത്‌. ജീവന്‍ ടിവി യില്‍ എയര്‍ടെല്‍ ചലഞ്ച്‌ ക്വിസ്‌ മാസ്റ്ററായിരുന്നു. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നട ,ഹിന്ദി 493 സിനിമകളില്‍ അഭിനയിച്ചു. ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രമിനെ നായകനാക്കി 1997ല്‍ ഇതാ ഒരു സ്‌നേഹ ഗാഥ എന്ന സിനിമ സംവിധാനം ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക