Image

ഓസുപാസില്‍ കന്നിയാത്ര പിഴച്ചു; തിരുവില്വാമല പുനര്‍ജനി നൂഴ്ന്ന് ശാപമോക്ഷം (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍- 27:ഫ്രാന്‍സിസ് തടത്തില്‍)

Published on 17 September, 2018
ഓസുപാസില്‍ കന്നിയാത്ര പിഴച്ചു; തിരുവില്വാമല പുനര്‍ജനി നൂഴ്ന്ന് ശാപമോക്ഷം (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍- 27:ഫ്രാന്‍സിസ് തടത്തില്‍)

അദ്ധ്യായം 27

ഏറെ സ്വപ്‌നം കണ്ട് കാത്തിരുന്നു കിട്ടിയ ഓസ് ബസ് പാസ് പിറ്റേന്നു തന്നെ നദിയില്‍ വലിച്ചെറിഞ്ഞ് ശുദ്ധികലശം നടത്തിയ ഒരു വലിയ അനുഭവകഥയാണിത്. ഏതാണ്ട് 22 വര്‍ഷം മുമ്പ് കേവലം ട്രെയിനിയായിരുന്ന ഞാന്‍ ഏറെ കഷ്ടപ്പെട്ട് സ്വകാര്യ ബസില്‍ സൗജന്യയാത്ര ചെയ്യുന്നതിനുള്ള ഒരു ബസ് പാസ് സംഘടിപ്പിച്ചു. തൃശൂര്‍ ജില്ലാ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലയിലെ പത്രപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചിരുന്ന ബസ് പാസ് ഉണ്ടെങ്കില്‍ ജില്ലയിലുടനീളം സൗജന്യമായി സ്വകാര്യബസുകളില്‍ യാത്ര ചെയ്യാം. പ്രസ്ക്ലബ്ബില്‍ അംഗമല്ലാത്തതിനാല്‍ എനിക്ക് ഈ പാസ് കിട്ടാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ഒടുവില്‍ അസോസിയേഷന്‍ നേതാക്കന്മാരെ സ്വാധീനിച്ച് ഒരു പാസ് ഞാനും ഒപ്പിച്ചു.

ബസ് പാസ് കിട്ടിയതിന്റെ പിറ്റേന്ന് തന്നെ തിരുവില്വാമല എന്ന സ്ഥലത്തുപോകാന്‍ ഒരു ചുമതല(അശൈഴിാലിേേ) കിട്ടി. മലയാള സാഹിത്യത്തില്‍ ആക്ഷേപ ഹാസ്യ വിഭാഗത്തില്‍ ഏറെ പ്രഗല്‍ഭനായിരുന്ന വി.കെ. എന്നിനെ ഇന്റര്‍വ്യൂ ചെയ്ത് സണ്ടേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിക്കാനായിരുന്നു യാത്ര, തിരുവില്വാമലയാണ് തൃശൂര്‍ നഗരത്തില്‍ നിന്ന് ജില്ലക്കുള്ളില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് ട്രിപ്പ്. ഏതാണ്ട് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബസ് യാത്രയ്ക്കായി ആദ്യത്തെ ബസില്‍ തന്നെ കയറിപ്പറ്റി. വടക്കേസ്റ്റാന്‍ഡില്‍ നിന്ന് ബസില്‍ കയറുമ്പോള്‍ സമയം ഏഴുമണി. ബസില്‍ ആദ്യ യാത്രക്കാരനായി എത്തിയ എന്നോട് എവിടേക്കാണെന്ന് കയിറയപാടെ കണ്ടക്ടര്‍ ചോദിച്ചു. തിരുവില്ലാമലക്കാണെന്നു പറഞ്ഞപ്പോള്‍ കണ്ടക്ടറുടെ മുഖത്ത് ഒരു സംതൃപ്തിയുടെ പുഞ്ചിരിതൂകി. കണി മോശമില്ലാ! അയാള്‍ ചിന്തിച്ചിരിക്കെ പത്തു പതിനഞ്ച് മിനിറ്റിനുള്ളില്‍ ബസ് യാത്രക്കാരെക്കൊണ്ട് നിറഞ്ഞു. ഭൂരിഭാഗം യാത്രക്കാരും അടുത്തടുത്ത സ്‌റ്റോപ്പുകളില്‍ ഇറങ്ങാനുള്ളവരായതിനാല്‍ അവര്‍ക്ക് തിരക്കിട്ട് ടിക്കറ്റ് നല്‍കുകയും എന്റെയടുത്ത് എത്തിയപ്പോള്‍ ഒരക്ഷരം മിണ്ടാതെ പുഞ്ചിരി തൂകി അടുത്ത ആളുടെ അടുത്തേക്ക് നീങ്ങി.

എന്തൊരു നല്ല മനുഷ്യന്‍! എന്നെ കണ്ടാല്‍ പത്രക്കാരനാണെന്ന് ഇയാള്‍ക്കെങ്ങനെ മനസിലായി എന്ന് ആലോചിച്ചുകൊണ്ട് ഞാനിരുന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബസിലെ ആദ്യത്തെ തിരക്കൊക്കെ ഒന്നു കുറഞ്ഞു. സീറ്റുകളില്‍ ഇരിക്കാനുള്ള യാത്രക്കാര്‍ മാത്രം. ഇനിയും ഒന്നര മണിക്കൂര്‍ യാത്രയുണ്ട്. ഇതിനിടെ കണ്ടക്ടര്‍ എന്റെ സമീപമെത്തി 12 രൂപയുടെ ടിക്കറ്റ് മുറിച്ച് നല്‍കി. കന്നി ഓസു യാത്രയുടെ ഗമയില്‍ ബസ് പാസ് എടുത്തുനീട്ടി പറഞ്ഞു "പാസ്". ഏതോ വിചിത്ര സാധനം കണ്ടപോലെ കണ്ടക്ടര്‍ നെറ്റി ചുളിച്ചു.

'എന്തൂട്ടാദ്', .. ഓസുപാസില്‍ മുന്‍ പരിചയമില്ലാത്ത ഞാന്‍ ആദ്യം ഒന്നു പരുങ്ങിയെങ്കിലും ധൈര്യസമേതം പറഞ്ഞു.

'സൗജന്യ യാത്രയ്ക്കുള്ള പാസ്'. 'ആരുടെ പാസ്, എന്തൂട്ടാ ചേട്ടാ പറയുന്നേ?/?. പാസോ? ഇത് ലോംഗ് റൂട്ട് ബസാണ്. പാസും ഓസും ഒന്നും ഇതില്‍ പറ്റില്ല.' കണ്ടക്ടര്‍ അലറി വിളിച്ചു പറഞ്ഞു. ബസില്‍ അവശേഷിച്ചിരുന്ന യാത്രക്കാര്‍ ഒന്നടങ്കം എന്നെ നോക്കാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു. 'ഹേ മിസ്റ്റര്‍. നിങ്ങളുടെ ഉടമ ഉള്‍പ്പെടെ അംഗങ്ങളായുള്ള ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പത്രക്കാര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ അനുവദിച്ചു തന്നിട്ടുള്ള പാസാണിത്. പിന്നെന്താ പറ്റില്ലെന്നു പറയുന്നത്.'. കണ്ടക്ടറുടെ മറുപടി എന്നെ ആകെ അപമാനിതനാക്കി. ഈ ബസ് ഓണേഴ്‌സ് അസോസിയേഷനിലൊന്നും ഞങ്ങള്‍ പങ്കാളികളല്ല. മാസം 20,000 രൂപ ടാക്‌സ് അടച്ചാണ് ട്രിപ്പ് ഓടിക്കുന്നത്. രാവിലെ തന്നെ നിങ്ങളെപ്പോലെ 10 ഓസുകാര്‍ കയറിയാല്‍ കളക്ഷന്‍ കുറയാന്‍ വേറെ കാരണമൊന്നും നോക്കണ്ട. അതും തിരുവില്വാമല തിരുവില്വാമല വരെ! രാവിലെ ഓരോ മാരണങ്ങള്‍ കയറി വരും. ഓസാനായിട്ട് അതും മുന്‍സീറ്റില്‍ തന്നെ ഇരുന്നുകൊണ്ട്.' അയാള്‍ ഉറക്കെ പിറുപിറുത്തു.

സദ്യക്കു വിളിച്ച് ഇല ഇട്ടിട്ട് ഊണില്ല.' എന്നു പറഞ്ഞ അനുഭവം പോലെയായി. എനിക്ക് കണ്ടക്ടറോടും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളോടും കൊല്ലാനുള്ള കലിപ്പു തോന്നി. ഉടന്‍ തന്നെ പേഴ്‌സ് തുറന്ന് നൂറിന്റെ നോട്ട് എടുത്ത് കണ്ടക്ടര്‍ക്ക് നേരെ നീട്ടി. അയാള്‍ എല്ലാവരും കേള്‍ക്കാന്‍ വേണ്ടി വീണ്ടും അലറി വിളിച്ചു പറഞ്ഞു. 'സാറു കാശ് തരണ്ട സാറെ. രാവിലെ തന്നെ ഓസു യാത്ര ചെയ്യാന്‍ പുറപ്പെട്ടിറങ്ങിയതല്ലെ. കാശു വാങ്ങിയാല്‍ നിങ്ങള്‍ ഒന്നുകില്‍ എഴുതി നാറ്റിക്കും അല്ലെങ്കില്‍ മുതലാളിയെ വിളിച്ച് എന്റെ പണി തെറിപ്പിക്കും. സാറിന്റെ കാശ് എന്റെ ശമ്പളത്തില്‍ നിന്ന് എടുത്തോളാം. അയാള്‍ വിടാന്‍ തയാറാകാതെ ആക്രോശിച്ചുകൊണ്ടിരിന്നു.'

ശെടാഇയാള്‍ പൈസയൊട്ടു വാങ്ങുകയുമില്ല തൊണ്ടകീറി പൊളിച്ചുകൊണ്ട് അധിക്ഷേപിക്കല്‍ തുടരുകയും ചെയ്യുന്നു. കുറെനേരം അതുമിതും പറഞ്ഞുകൊണ്ട് ബസിനകത്ത് തലങ്ങും വിലങ്ങും നടന്നശേഷം അയാള്‍ പിറകിലെ സീറ്റിലിരുന്നുകൊണ്ട് എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടക്ക് മുമ്പില്‍ വരുമ്പോള്‍ എന്നെ 'ആക്കാനായി' യാത്ര സുഖല്ല്യേ, എന്ന് അന്വേഷിച്ചുകൊണ്ടിരുന്നു.

എന്റെ ഉള്ളം അപമാനഭാരത്താല്‍ പുകഞ്ഞുകൊണ്ടിരുന്നു. ഇടക്കെവിടെയെങ്കിലും ഇറങ്ങിയാല്‍ അടുത്ത ബസ് എപ്പോഴാണ് ലഭിക്കുക എന്ന കാര്യത്തില്‍ യാതൊരു നിശ്ചയവുമില്ല. മനഃസാന്നിധ്യം വെടിയാതെ ഒന്നരമണിക്കൂര്‍ കൂടി ബസില്‍ പിടിച്ചിരുന്നു. അങ്ങനെ, തിരുവില്വാമല എത്തുന്നതിനു മുമ്പു നിളാ നദി(ഭാരതപ്പുഴ)യുടെ പാലത്തില്‍ കയറി. എന്റെ ഉള്ളില്‍ പുകഞ്ഞു വന്ന ദേഷ്യം ആളിക്കത്തി. ബസ് പാലത്തിന്റെ ഒത്ത നടുക്ക് എത്തിയപ്പോള്‍ പോക്കറ്റില്‍ കിടന്ന ലാമിനേറ്റ് ചെയ്ത ബസ് പാസ് എടുത്ത് നിളാ നദിയുടെ ഒത്ത നടുവിലേക്ക് ഒറ്റ ഏറ്. ഇതാ കിടക്കുന്നു നിന്റെ സൗജന്യം. നിളയുടെ ഓളങ്ങള്‍ക്കിടയില്‍ ആ ബസ് പാസും ഒഴുകി മറയുന്നത് കണ്ണെത്തും ദൂരം നോക്കിക്കണ്ടു.

ഇതിനിടെ ബസ് തിരുവില്വാമല ബസ് സ്‌റ്റോപ്പിലെത്തി.

എല്ലാവരും ഇറങ്ങണമെന്നു കണ്ടക്ടര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിന്നു.എന്റെ അടുത്തെത്തിയപ്പോള്‍ 'ഹെയ് ഓസ് പാസ്, ഇറങ്ങണം സാര്‍. സ്ഥലമെത്തി' വീണ്ടും അയാളുടെ വക കുത്തല്‍ തുടര്‍ന്നു. എന്നാല്‍ ഒസുപാസ്സ് വലിച്ചെറിഞ്ഞപ്പോള്‍ ഉണ്ടായ നിര്‍വൃതിയില്‍ അയാളുടെ ചൊറിച്ചില്‍ എന്നെ ഒട്ടും അലോസരപ്പെടുത്തിയില്ല. ്അയാളുടെ അടുത്ത് എത്തിയശേഷം ഞാന്‍ ചോദിച്ചു. 'തനിക്കെന്താ വേണ്ടെ? പണം തന്നാല്‍ വാങ്ങില്ല. മുതലാളിയോടു പരാതി പറയാന്‍ നിര്‍ബന്ധിക്കുകയാണോ?' പറഞ്ഞാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ തെറിക്കട്ടെ സാര്‍. റിട്ടേണ്‍ ട്രിപ്പ് രണ്ടര മണിക്കാണ് ഓസാന്‍ ഉണ്ടാവുമോ ആവോ' അയാള്‍ വീണ്ടും ചൊറീച്ചില്‍ കൂടി..റിട്ടേണ്‍ ഏതായാലും തന്റെ ബസില്‍ ആവില്ല. ആണെങ്കില്‍ തന്നെ കാണിക്കാന്‍ എന്റെ കയ്യില്‍ പാസില്ല. തന്റെ വൃത്തിക്കെട്ട വര്‍ത്തമാനം കാരണം എന്റെ 'ബസ് പാസ്' ഞാന്‍ ഭാരതപ്പുഴയിലേക്ക് വലിച്ചെറിഞ്ഞുവെന്നുകൂടി പറഞ്ഞപ്പോള്‍ അയാള്‍ വര്‍ത്തമാനം നിറുത്തി.

അങ്ങനെ എന്റെ സൗജന്യസ്വകാര്യ ബസ് യാത്രയുടെ കന്നിദിവസം തന്നെ അതിന്റെ അന്ത്യവും കുറിച്ചു.

1996ല്‍ വി.കെ.എന്നിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹവുമായി ഒരു അഭിമുഖം നടത്താന്‍ ദീപിക സണ്ടേ സപ്ലിമെന്റിന്റെ ചുമതലയുള്ള ജോര്‍ജ് ജോസഫ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നായിരുന്നു ഈ യാത്ര നടത്തേണ്ടി വന്നത്. അന്ന് കേവലം പത്രപ്രവര്‍ത്തക ട്രെയിനിയായിരുന്ന എനിക്ക് ലഭിച്ചിരുന്നത് കേവലം 1750 രൂപയാണ്. ഈ തുക കൊണ്ട് ചെലവു കഴിയണമെങ്കില്‍ ഞെരുങ്ങിജീവിക്കണം. ഒരു ബസ് പാസ് കിട്ടിയാല്‍ ആ പൈസ കൂടി ടി.എ/ ഡി.എയില്‍ എഴുതി എടുക്കാം. എല്ലാം ഒരു നിമിഷത്തെ ആവേശത്തിന്റെ പേരില്‍ പുഴയിലൊഴുക്കകിയതിന്റെ 'വലിയവില' പിന്നീടങ്ങോട്ടുള്ള ജീവിതയാത്രയില്‍ നല്‍കേണ്ടി വന്നു. ഏതായാലും ആറുമാസത്തിനുള്ളില്‍ ജോലിയില്‍ സ്ഥിരപ്പെട്ടപ്പോള്‍ ശമ്പളം രണ്ടിരട്ടി വര്‍ധിക്കുകയും തുടര്‍ന്ന് ഒരു ബൈക്കു വാങ്ങാന്‍ ഇടയാവുകയും ചെയ്തപ്പോള്‍ ബസ് യാത്ര പിന്നെ വളരെ വിരളമായേ നടത്തേണ്ടിവന്നുള്ളു.

സ്വകാര്യ ബസ് പാസ് നഷ്ടപ്പെട്ടെങ്കിലും കെ.എസ്.ആ്ര്!.ടി.സി. ബസ് സൗജന്യ പാസ് ലഭിച്ചത് ഒരു വലിയ അനുഗ്രഹമായി മാറി. ജോലിയില്‍ സ്ഥിരപ്പെട്ടയുടന്‍ തന്നെ തൃശൂര്‍ പ്രസ് ക്ലബ് അംഗമായി. റിപ്പോര്‍ട്ടര്‍ തസ്തിയില്‍ ആയതിനാല്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രസ് അക്രഡിറ്റേഷന്‍ ലഭിച്ചു. അക്രഡിറ്റേഷന്‍ കാര്‍ഡിനൊപ്പം കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യാനുള്ള ഒരു ബസ് പാസും ലഭിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഡീലക്‌സ് ബസ് ഉള്‍പ്പെടെ ഏതു ബസിലും യാത്ര ചെയ്യാം. കെ.എസ്.ആര്‍.ടി.സി.യില്‍ യാത്ര ചെയ്യുമ്പോള്‍ ബസ് പാസ് കാട്ടിയാല്‍ കണ്ടക്ടര്‍മാര്‍ക്ക് ബഹുമാനം കൂടുതലാണ്. ഒന്നാമത് ട്രിപ്പ് അവസാനിക്കും വരെ കണ്ടക്ടര്‍ക്ക് കൂട്ടായി യാത്ര ചെയ്യാം. കാരണം യാത്ര പലപ്പോഴും സൂപ്പര്‍ ഡീലക്‌സ് ബസിലായതിനാല്‍ മൂന്നോ നാലോ യാത്രക്കാര്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഇതിന്റെ ഗുണം ഞാന്‍ ഏറ്റവും ഉപയോഗിച്ചത് തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോഴാണ്. തമ്പാനൂരില്‍ നിന്ന് കോഴിക്കോടിനു പോകുന്ന വെളുപ്പിന് ഒരു മണിക്കുള്ള സൂപ്പര്‍ ഡീലക്‌സ് ബസിലെ വെള്ളിയാഴ്ച ദിവസങ്ങളിലെ സ്ഥിരം യാത്രക്കാരനായിരുന്നു ഞാന്‍. തിങ്കളാഴ്ച രാത്രി കോഴിക്കോട്ടു നിന്നും തിരിച്ചുള്ള ബസിലും സ്ഥിരമായി യാത്ര ചെയ്തത് ഒരു വര്‍ഷത്തിലേറെയാണ്. എല്ലാ ഓഫ് ദിവസങ്ങളിലും വീട്ടില്‍ പോയില്ലെങ്കിലും എറണാകുളത്തോ തൃശൂരോ മുടങ്ങാതെ പോകുന്നത് ശീലമാക്കി.അതിനു മൂല്യം കണക്കാക്കിയാല്‍ പതിനായിരക്കണക്കിനു രൂപ വരും.

ട്രെയിനില്‍ ത്രീ ടയര്‍ എ സി യില്‍ യാത്ര ചെയ്യാന്‍ നാലില്‍ ഒന്ന് തുകയും മതി.വലിയ പണക്കാര്‍ക്കൊപ്പം എ സി യില്‍ യാത്ര ചെയ്യുമ്പോള്‍ പലരും കരുതിയത് ഞാനും ഏതോ വി.ഐ.പി ആണെന്നായിരുന്നു. ഒരിക്കല്‍ ത്രീ ടയര്‍ എ സി യില്‍ കോഴിക്കോടുനിന്നും എറണാകുളത്തിനു യാത്ര ചെയുമ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരുന്നത് നടന്‍ ജഗദീഷ് ആയിരുന്നു. എന്നെ കണ്ട് സാധാരണ സഹ യാത്രികനെ അഭിസംബോധന ചെയുന്ന പോലെ ഹലോ പറഞ്ഞു. ഞാന്‍ തിരിച്ചു ഹലോ പറഞ്ഞുകൊണ്ട് വായനയില്‍ മുഴുകി. യഥാര്‍ത്ഥത്തില്‍ ഞാന്‍ ജഗദിഷിന്റെ പ്രതികരണം എന്തെന്ന് പരീക്ഷിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം പതിവ് ശൈലിയില്‍ അദ്ദേഹം പ്രതികരിച്ചു " എക്‌സ്ക്യൂസ് മി എന്നെ അറിയില്ലേ?" ഞാന്‍ പുസ്തകത്തില്‍ നിന്ന് മുഖം തിരിക്കാതെ അറിയാമെന്നു തലയാട്ടി.എന്റെ ജാഡ കണ്ടപ്പോള്‍ ജഗദീഷ് വിചാരിച്ചു ഞാന്‍ മറ്റേതോ വി ഐ പി ആണെന്ന്. ഞാന്‍ വെറും ഒരു പത്രപ്രവര്‍ത്തകന്‍ ആണെന്നു പറഞ്ഞപ്പോള്‍ അയാള്‍ വാചാലനായി.അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ചില പത്രപ്രവര്‍ത്തകരായ ആര്‍. ശ്രീകണ്ഠന്‍ നായര്‍, വേണുക്കുറുപ്പ് സാര്‍, സെബാസ്റ്റ്യന്‍ പോള്‍ സാര്‍ എന്നിവര്‍ എന്റെ ഗുരുക്കന്മാരായിരുന്നു. ജഗദീഷ് അറിയുന്നുണ്ടോ ഓസ്‌യാത്രയുടെ ത്രില്ലിലുള്ള ജാഡയായിരുന്നു എന്റേതെന്ന്.

അക്രഡിറ്റേഷനും കെ.എസ്.ആര്‍.ടി.സി. ബസ് പാസും ആദ്യമായി ലഭിച്ചപ്പോള്‍ രസകരമായ മറ്റൊരു യാത്ര അനുഭവവും എനിക്കുണ്ട്. പാസ് കിട്ടിയ അന്ന് ജോലികഴിഞ്ഞ് രാത്രി മെയിന്‍ ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ പ്രസിലെ കൂട്ടുകാര്‍ പറഞ്ഞു. 'എടാ, ഈ പാസ് വര്‍ക്ക് ചെയ്യുമോ എന്ന് പരീക്ഷിച്ച് നോക്ക്' ഉടന്‍ തന്നെ ഞാന്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ എത്തി ആദ്യം പുറപ്പെടാനിരുന്ന ബസില്‍ ചാടി കയറി. ബസില്‍ കയറിയ ഉടന്‍ തൊട്ടടുത്ത യാത്രക്കാരനോട് ആ ബസ് എവിടേക്കു പോകുകയാണെന്ന് അന്വേഷിച്ചു. ബസ് കൊട്ടാരക്കരക്കുള്ളതാണെന്ന് അറിയിച്ചു. കൊട്ടാരക്കര ഏതു ജില്ലയിലാണെന്നു പോലും അറിയാത്ത ഞാന്‍ ഉള്ളില്‍ അല്‍പ്പം ഭയപ്പാടോടെ സീറ്റില്‍ അമര്‍ന്നിരുന്നു. കണ്ടക്ടര്‍ എവിടേക്കാണ് എന്നു ചോദിച്ചപ്പോള്‍ ബസ് പാസ് കാണിച്ചു. അയാള്‍ ബസ് പാസ് വാങ്ങി കൈയ്യില്‍ വച്ചു. ഞാന്‍ പ റഞ്ഞു. എറണാകുളം. ഇത് കോട്ടയം വഴിയാണ് പോകുന്നത് അങ്കമാലിയില്‍ ഇറങ്ങിക്കോളൂ.' കണ്ടക്ടര്‍ പറഞ്ഞു.


എനിക്കൊരു പിടിയും കിട്ടിയില്ല. കണ്ടക്ടര്‍ ആണെങ്കില്‍ പാസ് ബാഗില്‍ വച്ച് അടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ പോയി. എല്ലാവര്‍ക്കും ടിക്കറ്റ് നല്‍കിയ ശേഷം ബസ് പാസില്‍ നിന്ന് എന്തോ കുറിച്ചെടുത്ത ശേഷം പാസ് തിരിച്ചു തന്നു. 'ആദ്യ യാത്ര ആയിരിക്കും അല്ലെ?' എന്റെ പരിഭ്രമം അത്രക്കായിരുന്നതുകൊണ്ട് അദ്ദേഹം ഊഹിച്ചതാകാമെന്നു കരുതി ബസ് പാസ് തുറന്നു പരിശോധിച്ചപ്പോള്‍ പാസ് ലഭിച്ച ദിവസം അതില്‍ രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടാണ് അയാള്‍ പറഞ്ഞതെന്നു മനസിലായി. ബസ് അങ്കമാലിയില്‍ എത്തിയപ്പോള്‍ ഭക്ഷണത്തിനായി ഹോട്ടലിന്റെ മുമ്പില്‍ പാര്‍ക്കു ചെയ്തു. എല്ലാവരും ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ എന്റെ പോക്കറ്റ് പരിശോധിച്ചു. ആകെയുള്ളത് 10 രൂപയും ഒരു ബസ് പാസും. ഹോട്ടലില്‍ കയറി ഒരു ചായ മാത്രം കുടിച്ചു. ആദ്യം കണ്ട ബസില്‍ കയറി തൃശൂര്‍ക്ക് മടക്കയാത്ര. ഇത്തവണ കണ്ടക്ടര്‍ക്ക് ബസ് പാസ് നല്‍കിയപ്പോള്‍ ഇരുത്തം വന്ന ഒരു ഓസുപാസുകാരന്റെ ഗമയോടെ തന്നെ ഇരുന്നു. തിരിച്ചു തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ഞാന്‍ ബാക്കി വന്ന എട്ടര രൂപയ്ക്ക സഫയറില്‍ നിന്ന് പൊറോട്ടയും മുട്ടക്കറിയും വയറുനിറയെ കഴിച്ചു. അങ്ങനെ വെറും പത്തുരൂപ കൈവശം വച്ച് കന്നിയാത്ര നടത്തിയതില്‍ സായൂജ്യമടഞ്ഞ് ഞാന്‍ ഓഫീസിലെത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് അവിശ്വസനീയമായി തോന്നി. കാരണം രാത്രി എട്ടുമണിക്കു പോയ ഞാന്‍ 12 മണി ആയപ്പോഴേക്കും മടങ്ങി എത്തിയിരുന്നു.


സ്വകാര്യ ബസ് യാത്ര നടത്തിയ പോലെ ആയിരുന്നില്ല കെ. എസ ആര്‍. ടി. ബസ് യാത്ര. അവിടെ പലപ്പോഴും കണ്ടക്റ്റര്‍മാരുമായി നല്ല സൗഹൃദത്തിലായിരുന്നു. പലപ്പോഴും കെ. എസ ആര്‍. ടി .സി സംബന്ധമായ വാര്‍ത്തകളുടെ നല്ല ഉറവിടങ്ങള്‍ നല്ല സുഹൃത്തുക്കളായ കണ്ടക്റ്റര്‍മാരായിരുന്നു. സൂപ്പര്‍ ഡീലക്‌സ് പലപ്പോഴും യാത്രക്കാരുടെ എണ്ണത്തില്‍ ഭൂരിഭാഗവും എന്നെപ്പോലുള്ള ഓസ്‌പേസുകാരായിരുന്നു. പോലീസുകാര്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ചില ഉന്നത രാഷ്ട്രീയക്കാര്‍, കൂടാതെ കെ.എസ്. ആര്‍.ടി.സി യുടെ വലിയ ഉദ്യോഗസ്ഥരുടെയും സ്ഥിരം ഓസ് യാത്രക്കു മാത്രമായി ഓടുന്ന വണ്ടിയാണ് ഇത്തരം ബസുകള്‍ എന്ന് തോന്നിയിട്ടുണ്ട്. യാത്രക്കൂലി കൂടുതലായതിനാല്‍ സാധാരണക്കാര്‍ ഇത്തരം ബസുകളില്‍ യാത്ര ചെയ്യാറില്ല. 30 പേര്‍ക്ക് ഇരിക്കാവുന്ന പുഷ് ബാക്ക് സീറ്റുകള്‍ ഉള്ള ഈ ബസുകളില്‍ സാധാരണ 10 യാത്രക്കാരില്‍ കൂടുതല്‍ ഉണ്ടാകാറില്ല. അതില്‍ ഏഴ് പേരെങ്കിലും ഓസ് യാത്രക്കാരായിരിക്കും. പിന്നെങ്ങിനെ നന്നാവാനാണ് ഇ കെ.എസ. ആര്‍. ടി. സിയെന്നു ധപലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്. ഒരിക്കല്‍ അസിക്രെഡിറ്റേഷന്‍ കിട്ടി ഡെസ്കിലേക്കു ( സബ് എഡിറ്റര്‍ ആയി ) മാറിയാല്‍ ബസ് പാസ് സറണ്ടര്‍ ചെയ്യണമെന്നാണ്. എന്നാല്‍ ഒരിക്കല്‍ കിട്ടുന്ന സൗഭാഗ്യം തിരികെ കൊടുത്താല്‍ പിന്നെ ഒരിക്കലും കിട്ടുകയില്ലെന്നു കരുതി പലരും സറണ്ടരര്‍ ചെയ്യാറേയില്ല. അത് തന്നെയാണ് മറ്റു വിന്‍ഹാഗക്കാരുടെയും കാര്യം. ' കാട്ടിലെ തടി, തേവരുടെ ആന, വിളിയെടാ വലീ ' ഇതാണ് കെ. എസ് . ആര്‍. ടി. സി. യുടെ കാര്യമെന്ന് ഒരു സ്വയം കുറ്റസമ്മതം നടത്തുകയാണ്.

തിരുവില്വാമല എനിക്ക് നല്‍കിയ മറ്റൊരു അനുഭവം എന്റെ പത്രപ്രവര്‍ത്തക ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവമായിരുന്നു. ഇതേ യാത്ര നല്‍കിയ ഈ അനുഭവ കഥ അടുത്ത അധ്യായത്തില്‍.
ഓസുപാസില്‍ കന്നിയാത്ര പിഴച്ചു; തിരുവില്വാമല പുനര്‍ജനി നൂഴ്ന്ന് ശാപമോക്ഷം (നിലയ്ക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍- 27:ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക