Image

കരിയിലകള്‍ (കവിത: മഞ്ജുള ശിവദാസ്)

Published on 19 September, 2018
കരിയിലകള്‍ (കവിത: മഞ്ജുള ശിവദാസ്)
മന്ദമാരുത കരസ്പര്‍ശമേറ്റിലകള്‍
നെയ്തു വ്യാമോഹസ്വപ്നങ്ങളോരോന്ന്.

എന്നുമായിളം തെന്നല്‍ തലോടലിന്‍
സൗഖ്യമനുഭവിച്ചൊപ്പം പറന്നിടാം.

ഏറെയല്ലെന്നു തോന്നിടും ദൂരത്തെ
ചന്ദ്രബിംബത്തെയെത്തിപ്പിടിച്ചിടാം.

മിന്നിനില്‍ക്കുന്ന താരകങ്ങള്‍ക്കിടയി
ലനിലനൊപ്പം പറന്നുല്ലസിച്ചിടാം.

ഞെട്ടില്‍ നിന്നുമടര്‍ന്നു വീണപ്പൊഴാ
ണിലകള്‍ കാറ്റിന്‍ കളങ്കമറിഞ്ഞതും,

തന്‍ ഇടം നഷ്ടമാക്കിയിറങ്ങിയ
മൗഢ്യമോര്‍ത്തു പശ്ചാത്തപിക്കുന്നതും.

തായ്മരത്തണലുപേക്ഷിച്ച നാള്‍തൊട്ടു
വിരുതമാരുതന്‍ തട്ടിക്കളിക്കുന്നു.

കാറ്റിനോടു മല്ലിട്ടു തളര്‍ന്നുപോയ്,
മേനിയഴകിന്റെ ഹരിതാഭ മാഞ്ഞുപോയ്.

കരിയിലക്കെന്തു കണ്ണുനീര്‍,കാറ്റിന്റെ
ഗതിവിഗതികള്‍ക്കൊപ്പം ചരിക്കുവോര്‍.

വെയിലുണക്കിയ മേനിയിലങ്ങിങ്ങു
മുറിവുകള്‍ വന്നുണങ്ങാതെയങ്ങിനെ,

ചാറ്റല്‍ മഴയുടെ തുള്ളികള്‍ പോലുമാ
വ്രണിത മേനിയെ പൊള്ളിച്ചിടുന്നപോല്‍.

കാറ്റുകൈവിട്ട കരിയിലകളോരോന്നു
മൂഴിയില്‍ വീണു മണ്ണോടലിഞ്ഞുപോയ്.

വിണ്ണിലെ താരമാകാന്‍ കൊതിച്ചവര്‍
മണ്ണില്‍ മണ്ണായലിഞ്ഞിരിക്കുന്നുപോല്‍.
കരിയിലകള്‍ (കവിത: മഞ്ജുള ശിവദാസ്)
Join WhatsApp News
മഹാകപി വയനാടന്‍ 2018-09-21 11:48:20
കവിത നന്നായിട്ടുണ്ട്
ജോസഫ് നമ്പിമഠം 2018-09-21 15:17:22
വീണപൂവിലൂടെ കുമാരനാശാൻ ജീവിതമെന്ന സത്യത്തെ കവിതയിലാക്കിയതുപോലെ, ഇവിടെയും വീണ ഇലയിലൂടെ എഴുത്തുകാരി ജീവിത സത്യം ഓതുന്നു. (മാതാപിതാക്കന്മാരെ ധിക്കരിച്ചു വീട് വിട്ടു കാമുകനോടൊപ്പം ഇറങ്ങിപ്പുറപ്പെടുന്ന പെൺകുട്ടികളുടെ ജീവിതവും ഈ കവിതയിൽ വായിച്ചെടുക്കാനാകും)     പൂവായാലും, ഇലയായാലും, മനുഷ്യജീവിതമായാലും എല്ലാ ജീവിതവും "ഞെട്ടറ്റാൽ  താഴെ".
"കണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു 
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ" 
എന്ന ആശാൻ കവിതയിലെ 'പൂവിനെ' അനുസ്മരിപ്പിക്കുന്നു ഈ കവിതയിലെ 'ഇല'.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക